ADVERTISEMENT

ഭൂമിയിലെ ഏറ്റവും ഭയാനകമായ സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒരർത്ഥത്തിൽ നിങ്ങളുടെ ഉള്ളിലെ സഞ്ചാരിയുടെ ധൈര്യത്തെ തെളിയിക്കാൻ കിട്ടുന്ന ഒരവസരമാണ്. ഒറ്റനോട്ടത്തിൽ ഭയപ്പെടുത്തുന്ന പല കാര്യങ്ങളും പലപ്പോഴും പക്ഷേ ഭൂമിയിലെ ഏറ്റവും ആകർഷകവും മനോഹരവുമായ കോണുകളിലേക്കായിരിക്കും നിങ്ങളെ നയിക്കുക. ചില സ്ഥലങ്ങൾ സ്വാഭാവികമായി തന്നെ ഉള്ളതാണെങ്കിൽ ചിലത് മനുഷ്യനിർമ്മിതമാണെങ്കിൽപ്പോലും അങ്ങേയറ്റം ഭീകരമായവയായിരിക്കും. കുറച്ച് സാഹസീകതയും ഒപ്പം ജിജ്ഞാസയും നിറഞ്ഞ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇനി പറയുന്ന സ്ഥലങ്ങൾ ഒന്ന് മനസ്സിൽ കുറിച്ചിട്ടോളു… 

നോർത്ത് യുംഗാസ് റോഡ്, ബൊളീവിയ

ലാപാസിൽ നിന്ന് ബൊളീവിയയിലെ കൊറോയ്‌ക്കോയിലേക്കുള്ള ഈ വഴി അപകടം പിടിച്ചതാണെന്ന് പറഞ്ഞാൽ അത് കുറഞ്ഞുപോകും. കാരണം ഈ വഴി കടന്നുപോകുന്നത് 15,000 അടിയിലധികം ഉയരത്തിൽ ആമസോൺ മഴക്കാടുകൾക്കിടയിലൂടെയാണ്.  12 അടി വീതിയുള്ള നോർത്ത് യംഗാസ് ഒറ്റവരിപ്പാത, 50 മൈൽ നീളമുള്ളതാണ്. മരണ പാതയെന്നാണ് ഇവിടം അറിയപ്പെടുന്നത്. നോർത്ത് യുംഗാസ് റോഡിൽ ഒരു വർഷം ഏകദേശം 200 മുതൽ 300 വരെ മരണങ്ങൾ സംഭവിക്കാറുണ്ടായിരുന്നു. ഇപ്പോൾ അത് ഒരു വാഹന പാതയേക്കാൾ സാഹസിക പർവത ബൈക്ക് യാത്രക്കാരുടെ ലക്ഷ്യസ്ഥാനമായി മാറിയിരിക്കുന്നു.

Hill Crosses. Image Credit: Ana Flasker/shutterstock
Hill Crosses. Image Credit: Ana Flasker/shutterstock

ഹിൽ ഓഫ് ക്രോസസ്, ലിത്വാനിയ

ഒരുവലിയ കുന്നുമുഴുവൻ കുശിരുകളാൽ നിറഞ്ഞിരിക്കുന്നത് കാഴ്ച ഒന്നു സങ്കൽപ്പിച്ചുനോക്കു. ഒരുകാലത്ത് സ്വാതന്ത്ര്യത്തിന്റെയും മരിച്ചുപോയവരെ അനുസ്മരിക്കാനുമുള്ള ഇടമായിരുന്നുവെങ്കിൽ ഇന്ന് ഇവിടം  അറിയപ്പെടുന്നൊരു വിനോദസഞ്ചാരകേന്ദ്രമാണ്. കുരിശുകളാൽ നിറഞ്ഞ ഈ കുന്ന് ശരിക്കുമൊരു ഭീകരാന്തരീക്ഷമാണ് അവിടെ തീർത്തിരിക്കുന്നത്. പതിനാലാം നൂറ്റാണ്ട് മുതൽ വടക്കൻ ലിത്വാനിയയിലെ കുന്നിൽ ആളുകൾ കുരിശുകൾ സ്ഥാപിക്കുന്നു. മധ്യകാലഘട്ടത്തിലുടനീളം, ഈ കുരിശുകൾ യഥാർത്ഥത്തിൽ ലിത്വാനിയൻ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായിരുന്നു. തുടർന്ന്, 1831-ലെ കർഷക പ്രക്ഷോഭത്തിനുശേഷം, മരിച്ച വിമതരെ അനുസ്മരിച്ചു കൊണ്ട് ആളുകൾ ഇവിടേക്കു വീണ്ടും കുരിശുകൾ കൊണ്ടു വന്നു സ്ഥാപിക്കാൻ തുടങ്ങി. 1944 മുതൽ 1991 വരെയുള്ള സോവിയറ്റ് അധിനിവേശകാലത്ത് ഈ കുന്ന്  മൂന്ന് തവണ സോവിയറ്റ് സൈന്യം ബുൾഡോസർ കൊണ്ടു തകർത്തുവെങ്കിലും നാട്ടുകാർ അത് പുനർനിർമിച്ചുകൊണ്ടിരുന്നു. ഇപ്പോൾ  കാറ്റിൽ വിചിത്രമായൊരു മണിനാദം പൊഴിച്ച് പരസ്പരം തിങ്ങിനിറഞ്ഞിരിക്കുന്ന ഒരു ലക്ഷത്തിലധികം കുരിശുകൾ അവിടെയുണ്ടിന്ന്. 

ഹാങ്ങിംഗ് കഫിൻസ്. Image Credit: Matyas Rehak/shutterstock
ഹാങ്ങിംഗ് കഫിൻസ്. Image Credit: Matyas Rehak/shutterstock

ഹാങ്ങിംഗ് കഫിൻസ്, ഫിലിപ്പീൻസ്

ഫിലിപ്പിൻസിലെ സഗഡയിലെത്താൽ മരിച്ചവരെ മരിച്ചവരെ സന്ദർശിക്കണമെങ്കിൽ, ആറടി താഴെയല്ല നോക്കേണ്ടത് പകരം മുകളിലേക്ക് നോക്കണം. ഫിലിപ്പൈൻസിലെ ഈ പ്രദേശത്തെ ആളുകൾ,പാറക്കെട്ടുകളുടെ വശങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ശവപ്പെട്ടികളിൽ അവരുടെ മരിച്ചവരെ സംസ്കരിക്കുന്നതിന് പേരുകേട്ടവരാണ്. ഈ പാരമ്പര്യം ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതാണ്. സ്വന്തമായി ശവപ്പെട്ടി നിർമ്മിച്ചുവയ്ക്കുന്നവരാണ് ഇവർ. അവരുടെ മരണശേഷം അത് കിഴുക്കാംതൂക്കായ മലഞ്ചെരുവിൽ അടുക്കടുക്കായി കെട്ടിത്തൂക്കുന്നു. ഇങ്ങനെ തൂക്കിയിരിക്കുന്ന ശവപ്പെട്ടികളിൽ പലതും നൂറുകണക്കിന് വർഷം പഴക്കമുള്ളവയാണ്. 

Door to Hell

ഡോർ ടു ഹെൽ, തുർക്ക്മെനിസ്ഥാൻ

നരകത്തിലേയ്ക്കുള്ള വാതിൽ കാണാൻ പോയാലോ. തുർക്ക്മെനിസ്ഥാനിലെ ഒരു മരുഭൂമിയുടെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ അസാധാരണ ഗർത്തത്തിൽ  ഒരിക്കലും അണയാത്ത കത്തുന്ന തീയാണ്. 1971-ൽ സോവിയറ്റ് ഡ്രില്ലിങ് റിഗ് അബദ്ധത്തിൽ ഭൂഗർഭ പ്രകൃതിവാതക ഗുഹയിലേക്ക് ഇടിച്ചാണ് ഗേറ്റ്സ് ഓഫ് ഹെൽ ഗർത്തം സൃഷ്ടിക്കപ്പെട്ടത്. "നരകത്തിലേക്കുള്ള വാതിൽ" എന്നാണ് പ്രദേശവാസികൾ 230 അടി വീതിയുള്ള ഗർത്തത്തിന് നൽകിയ പേര്.ഗ്യാസ് നിറഞ്ഞ ആ ഗർത്തം നശിപ്പിക്കാനായിട്ടാണ് സോവിയറ്റ് യൂണിയൻ അതിന് തീയിട്ടത്. എന്നാൽ  പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും അഗ്നികുണ്ഡം ഇപ്പോഴും ശക്തമായി കത്തുന്നത് തുടരുകയാണ്. 

ചർച്ച് ഓഫ് ബോൺസ്. Image Credit: Mikhail Markovskiy/shutterstock
ചർച്ച് ഓഫ് ബോൺസ്. Image Credit: Mikhail Markovskiy/shutterstock

സെഡ്ലെക് ഒസുറി, ചെക്ക് റിപ്പബ്ലിക്ക്

അൾത്താര, വലിയ അലങ്കാര ലൈറ്റുകൾ, മെഴുകുതിരി കാലുകൾ തുടങ്ങി ഒരു ദേവാലയത്തിനകത്തെ എതാണ്ട് എല്ലാ തരത്തിലുമുള്ള അലങ്കാരങ്ങളും നിർമ്മിച്ചിരിക്കുന്നത് മനുഷ്യന്റെ അസ്ഥികൾ കൊണ്ടാണ്. അസ്ഥിക്കൂട പള്ളിയെന്നും ചർച്ച് ഓഫ് ബോൺസ് എന്നുമെല്ലാം പരക്കെ അറിയപ്പെടുന്ന ചെക് റിപ്പബ്ലിക്കിലെ സെഡ്ലെക് ഒസൂറി സന്ദർശിക്കാൻ കുറച്ച് ധൈര്യമൊന്നും പോരാ. ഈ പള്ളിയ്ക്കകത്ത് കയറിയാൽ എവിടെ നോക്കിയാലും അസ്ഥിക്കൂടങ്ങളും തലയോട്ടികളുമാണ്. 1300-കളുടെ തുടക്കത്തിൽ, സെഡ്ലെക് മൊണാസ്ട്രിയിലെ ഒരു മഠാധിപതി ജറുസലേമിൽ നിന്ന് വിശുദ്ധ മണ്ണ് തിരികെ കൊണ്ടുവന്ന് പള്ളിയുടെ സെമിത്തേരിയിൽ വിതറി,ആ പുണ്യഭൂമിയിൽ അടക്കം ചെയ്യാൻ ആഗ്രഹിച്ച് ആയിരങ്ങൾ എത്തിയതോടെ പുതിയ ശവകുടിരങ്ങൾ ഉണ്ടാക്കാൻ പഴയത് വീണ്ടും കുഴിയ്ക്കേണ്ടി വന്നു. അപ്പോൾ കിട്ടിയ പഴയ അസ്ഥിക്കൂടങ്ങൾ എന്തുചെയ്യണമെന്ന് ആർക്കുമറിയില്ലായിരുന്നു. ആരുടേയും അസ്ഥികൾ വേസ്റ്റാക്കി കളയരുതെന്ന് നിർദ്ദേശിച്ച മഠാധിപതി ആ അസ്ഥികൾ നല്ല രീതിയിൽ ഉപയോഗിക്കാൻ തീരുമാനിച്ചു. ഏകദേശം  40,000-ത്തിലധികം മനുഷ്യാവശിഷ്ടങ്ങളുടെ ശേഖരം അങ്ങനെ പള്ളിയ്ക്കകത്ത് പല അലങ്കാരങ്ങളിലൂടെ പ്രതിഫലിക്കാൻ തുടങ്ങി. മനുഷ്യശരീരത്തിൽ കാണപ്പെടുന്ന മിക്കവാറും എല്ലാ അസ്ഥികളും ചേർത്ത് ഉണ്ടാക്കിയ പള്ളിയുടെ കൂറ്റൻ ചാൻഡിലിയറാണ് ഏറ്റവും അതിശയകരമായ കാഴ്ച്ച. 

Dolls room. Image Credit: Radiokafka/shutterstock
Dolls room. Image Credit: Radiokafka/shutterstock

ഹോസ്പിറ്റൽ ഡി ബോണകാസ്, പോർച്ചുഗൽ

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഡോൾ ഹോസ്പിറ്റൽ അതായത് പാവകൾ നന്നാക്കാനും പുനഃസ്ഥാപിക്കാനും കഴിയുന്ന ഒരു സ്ഥലം എന്ന് കണക്കാക്കപ്പെടുന്ന സ്ഥലമാണ് പോർച്ചുഗലിലെ ഹോസ്പിറ്റൽ ഡി ബോണകാസ്. ലിസ്ബണിലെ ഏറ്റവും തിരക്കേറിയ ഷോപ്പിംഗ് തെരുവുകളിലൊന്നിലെ സ്റ്റോർ ഫ്രണ്ടുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ഒരു നിധിയാണ് ഹോസ്പിറ്റൽ ഡി ബോനെകാസ്. ഈ “പാവ ആശുപത്രി" 1830 മുതൽ ഈ നഗരവീഥിയിൽ പ്രവർത്തിക്കുന്നു. എന്നാൽ ഡോൾ ഹോസ്പിറ്റൽ എന്ന സങ്കൽപ്പത്തിൽ അലോസരപ്പെടുത്തുന്ന ചിലതുണ്ട്. പ്ലാസ്റ്റിക് തലകൾ കൊണ്ട് നിറച്ച ക്യാബിനറ്റുകൾ, ഗ്ലാസ് കണ്ണുകൾ നിറച്ച ഡ്രോയറുകൾ, രാത്രിയിൽ ജീവനോടെ വരില്ലെന്ന് പ്രതീക്ഷിക്കുന്ന "രോഗികളായ പാവകൾ നിറഞ്ഞ  കിടക്കകൾ തുടങ്ങി കാണുമ്പോൾ ഭീകരതയും ഒരൽപ്പം പേടിയും നിറയ്ക്കുന്ന കാഴ്ചകളാണ് ഈ ആശുപത്രിയിലുള്ളത്. ലിസ്ബണിലേക്കുള്ള നിങ്ങളുടെ അടുത്ത യാത്രയിൽ ഹോസ്പിറ്റൽ ഡി ബോണെകാസ് തീർച്ചയായും കാണേണ്ടതാണ് കാരണം അന്നബെല്ല പോലെയുള്ള ഹൊറർ മൂവി പ്രിയർക്ക് ഇവിടം ഇഷ്ടമാകും. 

ഹുവാഷാൻ പർവ്വതം. Image Credit:danielcastromaia/shutterstock
ഹുവാഷാൻ പർവ്വതം. Image Credit:danielcastromaia/shutterstock

ഹുവാഷാൻ പർവ്വതം, ചൈന

ലോകത്തിലെ ഏറ്റവും അപകടകരമായ പർവ്വതം എന്ന തലക്കെട്ടുകൾ ഇല്ലാത്ത ഹുവാഷാൻ പർവതത്തിന്റെ ഏതെങ്കിലും ലേഖനമോ വിഡിയോയൊ കണ്ടെത്താൻ പ്രയാസമാണ്. മധ്യ ചൈനയിലെ ഈ ആകർഷണം അതിന്റെ പ്ലാങ്ക് വാക്ക്, പർവ്വതത്തിന്റെ വശത്ത് ഘടിപ്പിച്ചിരിക്കുന്ന 12 ഇഞ്ച് വീതിയുള്ള മരപാത, ഭൂമിയിൽ നിന്ന് മുകളിലേക്ക് പർവ്വതത്തിന്റെ അറ്റം വരെ കൊത്തിയെടുത്തിരിക്കുന്ന ആയിരക്കണക്കിനു പടവുകൾ എന്നിവ കാരണം ഇവിടം ലോകത്തിലെ ഏറ്റവും ഭീകരമായ സ്ഥലങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. കേബിൾ കാറിൽ കയറി പത്തുമിനിറ്റ് കൊണ്ട് മലയുടെ മുകളിലെ ക്ഷേത്രത്തിലെത്താമെങ്കിലും അതിഭീകരമായ ട്രെക്കിങ്ങാണ് പലരും തിരഞ്ഞെടുക്കാറുള്ളത്. ചെങ്കുത്തായ മലയുടെ ഓരം പറ്റി വേണം ഓരോ ചുവടും വയ്ക്കാൻ. താഴേയ്ക്ക് നോക്കാൻ ധൈര്യം കുറച്ചൊന്നും മതിയാകില്ല. പർവതത്തിന്റെ ശിലാമുഖത്ത് ബോൾട്ട് ചെയ്ത് ഉറപ്പിച്ച മരപ്പലകകൾ കൊണ്ടാണ് പാതകൾ നിർമ്മിച്ചിരിക്കുന്നത്. എന്നാൽ പലയിടത്തും ഈ പലകകൾ നശിച്ച് ബാക്കിയുള്ള ചങ്ങലകൾ മാത്രമാണ് അവശേഷിച്ചിരിക്കുന്നത്. ട്രെക്ക് ചെയ്യുന്നവർ ഈ ചങ്ങലകളിലൂടെ വേണം സഞ്ചരിക്കാൻ. 

English Summary:

Travel to the Edge: Discover the World's Most Dangerous and Fascinating Places

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com