ADVERTISEMENT

ആരേയും മോഹിപ്പിക്കുന്ന കാഴ്ചകളുടെ പറുദീസയെന്നു അവകാശപ്പെടാൻ കഴിയുന്ന ഒരു രാജ്യത്താണ് അവതാരകനും നടനുമായ ജീവയും ഭാര്യ അപർണ തോമസും. തുർക്കിയും അവിടുത്തെ മായിക കാഴ്ചകളുമാണ് ഇരുവരുടെയും ഹൃദയം കവർന്നിരിക്കുന്നത്. മനോഹരമായ ചിത്രങ്ങളും വിസ്മയം ജനിപ്പിക്കുന്ന ആ രാജ്യത്തെ കാഴ്ചകളുടെ വിഡിയോയുമൊക്കെ ജീവയും അപർണയും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇസ്താംബുളിലെ കപ്പഡോഷ്യയിൽ നിന്നുമുള്ള ഹോട്ട് എയർ ബലൂണിലെ യാത്രയും മ്യൂസിയ കാഴ്ചകളും ഓഫ് റോഡ് റൈഡുമൊക്കെ അതിൽ ഇടംപിടിച്ചിട്ടുണ്ട്. തുർക്കിയിലെ അതിപ്രശസ്തമായ സാൻ സെബാസ്റ്റ്യൻ ചീസ് കേക്കും പല തരത്തിലുള്ള രുചികളുമൊക്കെ ആസ്വദിക്കുന്നതിന്റെ ചിത്രങ്ങളും ജീവയുടെയും അപർണയുടെയും സമൂഹമാധ്യമ പേജുകളിൽ കാണാം.

Image Credit: aparnathomas/instagram
Image Credit: aparnathomas/instagram

ഇസ്താംബുൾ നഗരത്തിൽ നിന്നും 300 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന പുരാതന നഗരമാണ് കപ്പഡോഷ്യ. ഭൂമിശാസ്ത്രപരവും ചരിത്രപരവും സാംസ്കാരികവുമായി സവിശേഷതകള്‍ നിറഞ്ഞ നിരവധി പ്രദേശങ്ങളുള്ള കപ്പഡോഷ്യ തുര്‍ക്കിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. വിചിത്രാകൃതിയുള്ള പാറക്കെട്ടുകൾക്കും അതിശയകരമായ ഹോട്ട് എയർ ബലൂണിങ് അവസരങ്ങൾക്കും പേരുകേട്ട കപ്പഡോഷ്യയില്‍ പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ നിരവധി അദ്ഭുതങ്ങളുണ്ട്‌. 

aparna-jeeva-01
Image Credit: aparnathomas/instagram

നൂറ്റാണ്ടുകൾക്കു മുൻപ് അഗ്നിപർവതങ്ങൾ പൊട്ടിയൊഴുകിയ ലാവ ഉറച്ച് എങ്ങും മലനിരകളായി മാറിയത് ഇവിടുത്തെ പ്രധാന കാഴ്ചയാണ്. ആധുനിക മനുഷ്യൻ ഈ  മലകൾ തുരന്ന് വീടുകളും റസ്റ്റോറന്റുകളും ഷോപ്പിങ്ങ് മാളുകളും പണിതുയർത്തിയ, അത്യധ്വാനത്തിന്റെ കാഴ്ചകൾ ഇവിടെയെത്തിയാൽ കാണാം. പ്രാചീനകാലത്ത് ഈ പ്രദേശത്ത് വൈവിധ്യമാർന്ന സംസ്‌കാരങ്ങൾ നിലനിന്നിരുന്നു എന്നതിന് തെളിവുകൾ കിട്ടിയിട്ടുണ്ട്.

നെവാഹിർ, കെയ്‌സേരി, അക്സാരെ, നിഡെ എന്നിങ്ങനെയുള്ള നാല് നഗരങ്ങളിലാണ്  ടൂറിസം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. പ്രധാനനഗരമായ കെയ്‌സേരിക്കടുത്ത് നിന്നും അങ്കാറ, ഇസ്താംബുൾ തുടങ്ങിയ നഗരങ്ങളിലേക്ക് വിമാന, റെയിൽ സർവീസുകളുള്ളതിനാല്‍ സഞ്ചാരികള്‍ക്ക് ഇവിടേക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടേണ്ടതില്ല.

ആർഗോപ്പ്, ഗെറീം, ഇഹ്‌ലാര വാലി, സെലിം, ഗുസെലിയുർട്ട്, ഉച്ചിസാർ, അവാനോസ്, സെൽ‌വെ എന്നിവയാണ് കപ്പഡോഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട പട്ടണങ്ങള്‍. ഡെറിൻകുയു, കെയ്‌മക്ലി, ഗാസീമീർ, ഓസ്‌കോനാക് എന്നീ ഭൂഗര്‍ഭ നഗരങ്ങളും ഏറ്റവും കൂടുതല്‍ സന്ദർശകരെത്തുന്നയിടങ്ങളാണ്. ആർഗപ്പ്, ഗെറീം, ഗുസെലിയുർട്ട്, ഉച്ചിസാര്‍ എന്നിവിടങ്ങളിലാണ് ചരിത്രപ്രാധാന്യമുള്ള മാളികകളും വിനോദസഞ്ചാരികള്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ള ഗുഹാവീടുകളുമുള്ളത്.

aparna-jeeva-03
Image Credit: aparnathomas/instagram

കപ്പഡോഷ്യയിൽ ഏറെ ജനപ്രിയമായ ഒരു സാഹസിക വിനോദമാണ്‌ ഹോട്ട് എയർ ബലൂണിങ്. പിക്കപ്പ്, പ്രഭാതഭക്ഷണം, സവാരി, ഷാംപെയ്ൻ, താമസിക്കുന്ന ഹോട്ടലിലേക്കുള്ള ഡ്രോപ്പ് എന്നിവ ഉള്‍പ്പെടെയുള്ള പാക്കേജ് ആണിത്. ഗെറീമാണ് ഇതിനേറ്റവും പ്രശസ്തം. ഇഹ്‌ലാര വാലി, മൊണാസ്ട്രി വാലി (ഗുസെലിയുർട്ട്), ആർഗപ്പ്, ഗെറീം എന്നിവിടങ്ങളിൽ ട്രെക്കിംഗിനുള്ള സൗകര്യവുമുണ്ട്.

സ്വപ്നതുല്യമായ ഉദയാസ്തമയ കാഴ്ചകളാണ് ഇവിടത്തെ മറ്റൊരു മായികാനുഭവം. രാവിലെ നാലരയോടെ തന്നെ സൂര്യനുദിക്കും. ഓറഞ്ച് നിറത്തില്‍ നിന്നും സ്വര്‍ണ വര്‍ണത്തിലേക്ക് സൂര്യന്‍ നിറം മാറുമ്പോഴേക്കും അവക്കിടയില്‍ നൂറുകണക്കിന് ഹോട്ട് എയര്‍ ബലൂണുകള്‍ ഉയര്‍ന്നുപൊങ്ങുന്ന കാഴ്ച വാക്കുകൾക്ക് വിവരിക്കാൻ കഴിയുന്നതിനുമപ്പുറം മനോഹരമാണ്.

തടാകങ്ങളിലും അരുവികളിലും രൂപംകൊണ്ട അവശിഷ്ട പാറകളും ഏകദേശം 9 മുതൽ 3 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് പുരാതന അഗ്നിപർവതങ്ങളിൽ നിന്ന് പൊട്ടിത്തെറിച്ച ഇഗ്നിബ്രൈറ്റ് നിക്ഷേപങ്ങളും കപ്പഡോഷ്യ മേഖലയിലെങ്ങും കാണാം. ഗെറീമിനടുത്തുള്ള പാറകൾ വര്‍ഷങ്ങളായി തുടരുന്ന മണ്ണൊലിപ്പ് മൂലം മിനാരങ്ങളും തൂണുകളും പോലുള്ള രൂപങ്ങളായി മാറിയത് കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ്. ഒരു ചിമ്മിനി പോലെ തോന്നുന്ന ഇവയ്ക്ക് 'ഫെയറി ചിമ്മിനീസ്' എന്നാണു ടൂറിസ്റ്റ് ഡിക്‌ഷണറിയിലെ പേര്.

കപ്പഡോഷ്യ മേഖലയുടെ ഹൃദയഭാഗത്തുള്ള ഗ്രാമങ്ങളിലെ ആളുകൾ ലാവ നിക്ഷേപം മൂലമുണ്ടായ മൃദുവായ പാറകള്‍ തുരന്നു വീടുകളും പള്ളികളും മൊണാസ്ട്രികളും കൊത്തിയെടുത്തതും കാണാം. ഇവയില്‍ ചിലവയില്‍ ഇന്നും ആള്‍ത്താമസമുണ്ട്. ചിലതൊക്കെ ഹോട്ടലുകളായി മാറ്റിയിട്ടുണ്ട്. ചില ഗുഹകള്‍ക്കുള്ളില്‍ ഹോസ്റ്റലുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഗുഹകള്‍ക്കുള്ളില്‍ ഇപ്പോഴും തണുപ്പ് നിലനില്‍ക്കുന്നതിനാല്‍ ഒരു പ്രകൃതിദത്ത എയർ കണ്ടീഷണർ പോലെയാണ് സഞ്ചാരികള്‍ക്ക് അനുഭവപ്പെടുക.

റോമൻ കാലഘട്ടത്തിലായിരുന്നു ഗെറീമില്‍ ആദ്യമായി ജനങ്ങള്‍ താമസിക്കാന്‍ തുടങ്ങിയത്. ഗെറീമിലെ യൂസുഫ് കോ, ഒർതഹാൻ, ഡർമസ് കദിർ, ബെസിർഹെയ്ൻ പള്ളികളും ഉസുന്ദെരെ, ബാൽഡെരെ, സെമി വാലി എന്നിവിടങ്ങളിൽ പാറകളിൽ കൊത്തിയെടുത്ത വീടുകളും പള്ളികളും ഇന്നും ആ ചരിത്രത്തിന്‍റെ ബാക്കിപത്രമായി അവശേഷിക്കുന്നു.

എ.ഡി 300–1200 കാലഘട്ടത്തില്‍ ഗെറീം ഒരു സന്യാസ കേന്ദ്രമായി മാറി. കപ്പഡോഷ്യയിലെ സന്യാസ സമൂഹങ്ങളില്‍ പെടുന്ന ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്ഥലമാണ് ഗെറീം ഓപ്പൺ എയർ മ്യൂസിയം. മധ്യ തുർക്കിയിലെ തന്നെ ഏറ്റവും പ്രശസ്തമായ സൈറ്റുകളിൽ ഒന്നാണ് ഇത്. ഒൻപതാം നൂറ്റാണ്ട് മുതൽ പതിനൊന്നാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തില്‍ നിര്‍മ്മിച്ചതും കൊത്തുപണികളുള്ളതുമായ 30-ലധികം പള്ളികളും ചാപ്പലുകളും ഈ സമുച്ചയത്തിലുണ്ട്.

ഇവ കൂടാതെ, ഉച്ചിസാർ കോട്ട, ത്രീ സിസ്റ്റർ റോക്ക് പനോരമ പോയിന്റ്, റെഡ് വാലി, റോസ് വാലി, ഇഹ്‌ലാര വാലി, പീജ്യന്‍ വാലി തുടങ്ങിയവയും സഞ്ചാരികള്‍ സ്ഥിരം സന്ദര്‍ശിക്കുന്ന സ്ഥലങ്ങളാണ്. ഹൈക്കിങ്, മൗണ്ടെയ്‌ൻ ബൈക്കിങ്, കുതിരസവാരി, ചരിത്ര ടൂറുകൾ, കൾച്ചർ ടൂറുകൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വിനോദങ്ങളും ഇവിടെയുണ്ട്.

English Summary:

Jeeva and Aparna Showcase Stunning Views of Turkey on Social Media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com