പനാഥെനിക് സ്റ്റേഡിയം: ആധുനിക ഒളിമ്പിക്സിന്റെ ദീപശിഖ തെളിഞ്ഞ മാർബിൾ വിസ്മയം
Mail This Article
ഇനി ഒളിമ്പിക്സിന്റെ ആവേശകരമായ ദിനങ്ങള്‍, ലോകം ഒരുമിക്കുന്നു പാരിസില്‍ - കൂടുതല്‍ വേഗത്തിനായും ഉയരത്തിനായും ശക്തിക്കായും!. ആധുനിക ഒളിംപിക്സിന്റെ ദീപശിഖ തെളിഞ്ഞ ആതൻസിലെ പനാഥെനിക് സ്റ്റേഡിയം ലോക കായിക ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള ഒരിടമാണ്. 1896 ൽ ആദ്യത്തെ ഒളിംപിക്സിന്റെ ഉദ്ഘാടനം നടന്നത് ഇവിടെയാണ്, അതിനും 2000 വർഷങ്ങൾക്കു മുൻപേ കായിക വിനോദങ്ങൾക്കായി നിർമിച്ചതാണ് ഈ കൂറ്റൻ കളിസ്ഥലം. ഗ്രീസിന്റെ തലസ്ഥാനമായ ആതൻസിലെ പനാഥെനിക് സ്റ്റേഡിയം (Panathenaic Stadium) സന്ദർശിച്ചതിന്റെ വിശേഷങ്ങളിലേക്ക്.
3 ദിവസത്തെ സന്ദർശനത്തിനായി ആണ് ഗ്രീസിൽ എത്തിയിരിക്കുന്നത്. രണ്ടാമത്തെ ദിവസം രാവിലെ താമസിച്ചിരുന്ന ഇബിസ് സ്റ്റൈൽ റൂട്ട്സ് ഹോട്ടലിൽ നിന്ന് രണ്ട് കിലോമീറ്ററോളം നടന്ന് പാനാഥെനിക് സ്റ്റേഡിയത്തിന് സമീപം എത്തി. ഇതിന്റെ ഒളിമ്പിക് പൈതൃകം ധാരാളം കായിക പ്രേമികളായ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനാൽ നല്ല തിരക്കുണ്ട് കവാടത്തില്‍. സ്റ്റേഡിയത്തിന്റെ ചരിത്രവും കായികപരമായുള്ള പ്രാധാന്യത്തെകുറിച്ചും ഞാൻ മുന്‍പ് കുറെയൊക്കെ വായിച്ച് മനസ്സിലാക്കിയിട്ടുണ്ട്. പൂർണ്ണമായും മാർബിളിൽ നിർമ്മിച്ച സ്റ്റേഡിയത്തിന്റെ മുന്നിൽ നിൽക്കുമ്പോൾ മനസ്സിൽ കായിക മത്സരങ്ങളുടെ ചരിത്രത്തിലേക്കുള്ള ഒരു എത്തിനോട്ടമാണ് സാധ്യമാകുന്നത്. ‘കുതിര ലാട’ത്തിന്റെ ആകൃതിയിലുള്ള സ്റ്റേഡിയത്തിൽ 1896 ലെ ആദ്യത്തെ ആധുനിക ഒളിംപിക്സിന്റെ ഉദ്ഘാടനചടങ്ങ് വീക്ഷിക്കാൻ 80,000 കാണികൾ ഇവിടെ എത്തിയത് കായികരംഗത്തെ ഗ്രീസിന്റെ മികവും കായിക താരങ്ങളോടുള്ള സൗഹൃദവും ബഹുമാനവും എത്രത്തോളമായിരുന്നു എന്നു സങ്കൽപ്പിക്കാൻ കഴിയും. പിന്നീട് 2004 ൽ ഒളിമ്പിക്സ് ഗ്രീസിലേക്ക് മടങ്ങിയെത്തിയപ്പോൾ അതിന്റെ ഉദ്ഘാടനത്തിന് വേദിയാകുവാനും ഈ സ്റ്റേഡിയത്തിന് കഴിഞ്ഞു. 2004 ലെ ആതൻസ് ഒളിമ്പിക്സിൽ അമ്പെയ്ത്ത് മത്സരത്തിന് ആതിഥേയത്വം വഹിച്ച ഒളിപിക്സ് വേദിയായി ഇവിടം വീണ്ടും മാറി, കൂടാതെ അന്നത്തെ ഒളിമ്പിക് മാരത്തൻ ഫിനിഷിംഗ് പോയിന്റും ഇവിടെയായിരുന്നു.
സ്റ്റേഡിയത്തിന്റെ യഥാർത്ഥ ചരിത്രം ആരംഭിക്കുന്നത് ബിസി 330 ൽ ആണ്!. ഇന്ന് നമ്മൾ കാണുന്ന ഇതേ രൂപത്തിലുള്ള ചുണ്ണാമ്പുകല്ല് സ്റ്റേഡിയം നിർമ്മിച്ചത് ആതൻസിലെ രാഷ്ട്രതന്ത്രജ്ഞനായ ലൈക്കൂർഗോസ് ആണ്. അന്ന് തുടക്കം കുറിച്ച പാനാഥെനിക് ഗെയിംസ്, അഥീന ദേവിയുടെ ബഹുമാനാർത്ഥം ഓരോ നാല് വർഷത്തിലും ആഘോഷിക്കുന്ന ഒരു മതപരവും കായികപരവുമായ ഉത്സവമായിരുന്നു. എ.ഡി. 144-ഓടെ ആതൻസിന്റെ അഭ്യുദയകാംക്ഷിയായ ഹെറോഡെസ് ആറ്റിക്കസ് ഇത് പുനർനിർമ്മിച്ച് ആതൻസിന്‍റെ പ്രധാന സ്മാരകമാക്കുകയും ചെയ്തു. BC രണ്ടാം നൂറ്റാണ്ടിൽ ആതൻസിലെ റോമൻ അധിനിവേശത്തിൽ ഹാഡ്രിയൻ ചക്രവർത്തിയുടെ കാലത്ത് ഗ്ലാഡിയേറ്റർ യുദ്ധങ്ങളും മനുഷ്യനും മൃഗങ്ങളുമായി മത്സരിച്ചിരുന്നതും വീക്ഷിക്കുന്നതിനായി ഇതേ സ്റ്റേഡിയത്തിൽ 50,000 ത്തിൽ പരം കാണികൾ എത്തിയിരുന്നു എന്നത് ഒരു പക്ഷേ ഇന്ന് സങ്കൽപ്പിക്കാൻ പോലും പ്രയാസമാണ്. പിന്നീട് AD നാലാം നൂറ്റാണ്ടിനു ശേഷം ഇവിടം പല കാരണങ്ങളാൽ ഉപയോഗശൂന്യമായി. ഗ്രീസിന്റെ നീണ്ട അധിനിവേശ ചരിത്രത്തിൽ നിരവധി പരിവർത്തനങ്ങൾക്ക് ശേഷം ഒടുവിൽ 1896 ലെ ആദ്യത്തെ ആധുനിക ഒളിംപിക് ഗെയിംസിന്റെ വേദിയായി ഇവിടം മാറുകയാണുണ്ടായത്. 1894 ജൂൺ 23-ന് പാരിസിൽ നടന്ന കോൺഗ്രസിൽ ആധുനിക ഗെയിംസിന്റെ ആതിഥേയ വേദിയായി ആതൻസ് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു. അതിന് പ്രധാന കാരണം പുരാതന ഒളിമ്പിക് ഗെയിംസിന്റെ ജന്മസ്ഥലം ഗ്രീസ് ആയിരുന്നു എന്നതായിരുന്നു. 1896-ലെ ആദ്യത്തെ ഒളിമ്പിക് ഗെയിംസ് നടത്തുന്നതിനായി സ്റ്റേഡിയം പുതുക്കി പണിയുകയുണ്ടായി. അന്നത്തെ ഗ്രീസ് പ്രസിഡന്റ് ആയിരുന്ന ജോർജ് ഒന്നാമന്റെ നിർദ്ദേശത്തിൽ ജോർജ്ജ് അവെറോഫ് എന്ന ഈജിപ്ത് ആസ്ഥാനമായുള്ള ഗ്രീക്ക് വ്യവസായി ഇതിന്റെ പുനരുദ്ധാരണത്തിനുള്ള പണം നൽകുകയും ചെയ്തു (ഇദ്ദേഹത്തിന്റെ മാര്‍ബിള്‍ പ്രതിമ സ്റ്റേഡിയത്തിന്റെ കവാടത്തില്‍ കണ്ടിരുന്നു). അങ്ങനെ ലോകത്തിലെ ഏക മാർബിൾ സ്റ്റേഡിയമായ ‘കല്ലിമർമാരോ’ (മനോഹരമായ മാർബിൾ എന്നർത്ഥം) എന്ന വിളിപ്പേരുള്ള പനാഥെനിക് സ്റ്റേഡിയം പുനർരൂപീകൃതമായി.
ഐഒസി (IOC) അംഗങ്ങളായ 14 രാജ്യങ്ങൾ പങ്കെടുത്ത ആദ്യത്തെ ആധുനിക ഒളിമ്പിക്സില്‍ 241 പുരുഷ അത്‌ലറ്റുകൾ വിവിധ ഗെയിമുകളിൽ പങ്കെടുത്തു. ഏപ്രിൽ 6-ന് പനഥെനൈക് സ്റ്റേഡിയത്തിൽ ഉദ്ഘാടന ചടങ്ങുകൾ നടന്നു. ഗ്രീസ് രാജാവ് ജോർജ് ഒന്നാമൻ ഗെയിംസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അത്‌ലറ്റിക്‌സും ജിംനാസ്റ്റിക്സും വെയിറ്റ് ലിഫ്റ്റിങ്ങും ഗുസ്തിയും നടന്ന പനഥെനിക് സ്റ്റേഡിയമായിരുന്നു പ്രധാന വേദി.
ടിക്കറ്റ് എടുത്ത് ഞാന്‍ സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിച്ചു. 10 യൂറോയാണ് പ്രവേശന ഫീസ്. സ്റ്റേഡിയത്തിന്റെ ചരിത്രവും വിവരണങ്ങളും പറഞ്ഞുതരുന്ന ഓഡിയോ ഗൈഡ് ടിക്കറ്റിന്റെ കൂടെ കിട്ടിയിട്ടുണ്ട്. ഇരിപ്പിടങ്ങൾ എല്ലാം വെള്ള മാർബിളിൽ തീർത്തിരിക്കുന്നു. സ്റ്റേഡിയത്തിന്റെ ഗാലറിയിലൂടെ ഞാൻ നടന്നു. ഇവിടുത്തെ ചരിത്രങ്ങളെല്ലാം ഓഡിയോയിലൂടെ വിശദീകരിക്കുന്നുണ്ടായിരുന്നു. എൺപതിനായിരത്തിലധികം ആളുകൾക്ക് ഇരിക്കുവാനുള്ള സൗകര്യം ഇവിടെയുണ്ട്. മദ്ധ്യത്തിലായുള്ള വിഐപികൾക്കായി നിർമ്മിച്ചിരിക്കുന്ന മാർബിൾ കസേരയിൽ അല്പസമയം ഇരുന്നു, ഫോട്ടോകള്‍ എടുത്തു. പിന്നീട് പടികൾ കയറി സ്റ്റേഡിയത്തിന്റെ ഏറ്റവും മുകളിലത്തെ ഗാലറിയിൽ എത്തി. ഒളിംപിക്സിന്‍റെ ചിഹ്നമായ 5 വളയങ്ങളുടെ ഒരു വലിയ ലോഗോ അവിടെ കാണാം. പടികൾ ഇറങ്ങി വീണ്ടും താഴെയെത്തി. സ്റ്റേഡിയം സൈറ്റിലെ ഖനനത്തിൽ കണ്ടെത്തിയ റോമൻ കാലഘട്ടത്തിലെ രണ്ട് വശങ്ങളുള്ള ഹെർമസിന്‍റെ രണ്ട് പ്രതിമകൾ അവിടെ കാണാം.
അവിടെയുള്ള ഗാലറിയുടെ അടിയിലൂടെയുള്ള തുരംഗം വഴി പോയാൽ എത്തുന്നത് ഒളിമ്പിക് മ്യൂസിയത്തിൽ ആണ്. ഇവിടെ ഈ സ്റ്റേഡിയത്തിന്റെ ചരിത്രം വിശദീകരിക്കുന്ന പല വസ്തുക്കളും കണ്ടു. ഇതുവരെ നടന്ന ഒളിമ്പിക്സുകളുടെ ദീപശിഖകൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. അവിടുത്തെ സുവനീർ ഷോപ്പിൽ ഒളിമ്പിക്സ് മെഡലുകളും ഒലിവ് ഇല കൊണ്ടുള്ള കിരീടവും മറ്റും വാങ്ങാൻ ലഭിക്കും. തിരികെ തുരങ്കപാതയിലൂടെ വീണ്ടും മൈതാനത്തിൽ എത്തി. മഴ പെയ്താൽ കളിസ്ഥലത്തിൽ വെള്ളം കെട്ടിനിൽക്കാത്ത തരത്തിലുള്ള നിർമ്മാണരീതിയും ഉള്ളിലേക്കു കടന്ന് വരുന്ന കാണികൾ ഇരിക്കുന്നവരുടെ കാഴ്ചയ്ക്ക് തടസ്സമാകാത്ത തരത്തിലുള്ള ഇരിപ്പിടങ്ങളുടെ ക്രമീകരണവും എല്ലാം അദ്ഭുതപ്പെടുത്തുന്നതു തന്നെ. ഓഡിയോ ഗൈഡിലൂടെ ഇതെല്ലാം പറയുന്നുണ്ടായിരുന്നു. ഇതുവരെ നടന്ന എല്ലാ ഒളിംപിക്സ് മത്സരങ്ങളുടെ വർഷവും വേദിയും അവിടെ ഒരു വശത്തായുള്ള ബോർഡിൽ ആലേഖനം ചെയ്തിട്ടുള്ളത് കണ്ടു. ‘സ്റ്റേഡിയം’ എന്ന വാക്ക് പുരാതന ഗ്രീസില്‍ നീളത്തിന്റെ അളവിന് ഉപയോഗിച്ചിരുന്ന വാക്കില്‍ നിന്നാണ് വന്നത്, ഒരു ‘സ്റ്റേഷൻ’ എന്നാൽ ഏകദേശം 185 മീറ്ററും ട്രാക്കിന്റെ നീളത്തിന് തുല്യവുമാണ്. ചുറ്റുമുള്ള പാർക്കും അനുബന്ധ പ്രദേശങ്ങളും സ്റ്റേഡിയത്തിലെ ട്രാക്കും ഒരു ജോഗിംഗ് വേദിയായി ഇപ്പോഴും ഉപയോഗിക്കപ്പെടുന്നു. ചരിത്രത്തിന്റെ ഓർമ്മക്കുവേണ്ടിയാകണം ഇവിടം സന്ദർശിക്കുന്ന പലരും ട്രാക്കിലൂടെ ഒരു റൗണ്ട് ഓടുന്നത് ശ്രദ്ധയിൽ പെട്ടു. ഞാനും വെറുതെ നിന്നില്ല, അവിടെ പരിചയപ്പെട്ട ഒരു റൊണാൾഡോ ആരാധകനായ കുട്ടിയുടെ കൂടെ ഒന്ന് ഓടുകയും വിക്ടറി സ്റ്റാൻഡിൽ കയറി നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു.
പനാഥെനിക് സ്റ്റേഡിയത്തില്‍ സാംസ്കാരിക, കായിക, ആചാരപരമായ പരിപാടികൾ ഇന്നും നടക്കുന്നുണ്ട്. എല്ലാ വർഷവും നടക്കുന്ന പ്രശസ്തമായ ആതൻസ് മാരത്തണിന്റെ ഫിനിഷിംഗ് ലൈൻ ഈ സ്റ്റേഡിയത്തിലാണ്. പനാഥെനിക് സ്റ്റേഡിയത്തിന്റെ യഥാർത്ഥ സൗന്ദര്യം, അത് ഇപ്പോഴും ആതൻസുകാരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് എന്നതാണ്. എല്ലാ ഒളിമ്പിക് ഗെയിംസ് വർഷത്തിലും ഒളിമ്പിക് ജ്വാല പുരാതന ഒളിമ്പിയയിൽ നിന്ന് ഗ്രീസിനെ ചുറ്റി സഞ്ചരിച്ച് ആതിഥേയ രാജ്യത്തിന് ഔദ്യോഗിക കൈമാറ്റ ചടങ്ങിനായി പനാഥെനിക് സ്റ്റേഡിയത്തിൽ എത്തും. പിന്നീട് മറ്റ് രാജ്യങ്ങളിലേക്ക് ആ ദീപശിഖ പ്രയാണം ഇവിടെ നിന്നാണ് ആരംഭിക്കുന്നത്. കുറച്ച് സമയം കൂടി അവിടെ നിന്നതിനു ശേഷം സ്റ്റേഡിയത്തോട് യാത്ര പറഞ്ഞ് പുറത്തേക്ക് ഇറങ്ങി. ചരിത്രാന്വേഷികളുടെ പറുദീസയായ ഗ്രീസിലെ മറ്റ് കാഴ്ചകളിലേക്കു നടന്നു. ഒളിംപ്യൻ സിയൂസിന്റെ ക്ഷേത്രം സ്റ്റേഡിയത്തിൽ നിന്ന് നടക്കാവുന്ന ദൂരത്തിലാണ്, ഇനി അവിടേക്ക്.
ആതൻസിലെ പനാഥെനിക് സ്റ്റേഡിയത്തിലെ ടൂർ ആധുനിക ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കുകയും പുരാതന കാലത്ത് കായിക, സാംസ്കാരിക പരിപാടികൾ നടത്തുകയും ചെയ്തതിന്റെ ആകർഷകമായ ചരിത്രത്താൽ നിറഞ്ഞിരിക്കുന്നു. ചരിത്രപരമായ ഒരു നിർമ്മിതി എന്നതിലുപരി സാംസ്‌കാരികമായി ഔന്നിത്യത്തിൽ നിന്ന ഒരു രാജ്യം കായിക വിനോദത്തിനു നൽകിയ പ്രാധാന്യത്തിന്റെ സ്മാരകം ആണിത്. 2020 ലെ ടോക്കിയോ ഒളിംപിക്സിന്റെ ദീപശിഖാ കൈമാറൽ ചടങ്ങിലേക്ക് കോവിഡ് കാരണം പൊതുജനങ്ങൾക്കു പ്രവേശനം ഇല്ലായിരുന്നു. എന്നാൽ പാരിസ് 2024 ഒളിമ്പിക്സിന്റെ ദീപശിഖ കൈമാറൽ ചടങ്ങ് അതിഗംഭീരമായാണ് ആഘോഷിക്കപ്പെട്ടത്. മടങ്ങുമ്പോള്‍ ഒളിംപിക് കായിക മത്സരങ്ങൾ പിറന്ന നാടും അതിന്റെ പ്രധാന വേദിയും കണ്ടതിന്റെ ആവേശമായിരുന്നു മനസ്സ് നിറയെ.