ADVERTISEMENT

അങ്ങകലെ പാരീസ്  ഒളിമ്പിക്സിനെ വരവേൽക്കാൻ ഒരുങ്ങുന്നു. ഇങ്ങിവിടെ പത്തായിരം കിലോമീറ്റർ അകലെ ( കൃത്യമായി പറഞ്ഞാൽ കോഴിക്കോട്ടുന്ന് 9648 കിലോ മീറ്റർ അകലെ, ഗൂഗിൾ മാപ്പ് പറയുന്നത് 90 ദിവസവും 9 മണിക്കൂറും കൊണ്ട്  എത്താമെന്നാണ്,  എത്ര എളുപ്പം അല്ലേ ) ഞാനൊരു ടൈം മെഷീൻ സെറ്റ് ചെയ്തു നോക്കട്ടെ. 

അഞ്ചുവർഷം മുൻപ് 2019 ലെ ഒക്ടോബർ. ഇൻഡോ- ഫ്രഞ്ച് നോളേജ് സമ്മിറ്റിനു ഫ്രഞ്ച് നഗരമായ ലിയോണിൽ എത്തിയതാണ്. ഫ്രാൻസ് വിടുന്നതിനു മുൻപ് ഐഫൽ ടവറും ലുവർ മ്യൂസിയം കാണാൻ അതിയായ ആഗ്രഹം! അങ്ങനെ ഞങ്ങൾ മൂന്നു പേർ, കരുണാ ശങ്കർ ( ലഖ്നൗവിലെ ഔഷധസസ്യങ്ങളെ കുറിച്ച് പഠിക്കുന്ന സി ഐ എസ് ആർ ലാബിലെ ശാസ്ത്രജ്ഞനാണ് ), സൈനുദ്ദീൻ  ( കൊച്ചി സി ഐ എഫ് ടി യിലേ വകുപ്പ് മേധാവിയാണിപ്പോൾ ) പിന്നെ ഈയുള്ളവനും പാരിസിലെത്തി. ട്രെയിനിലാണ് വന്നത്, ഏകദേശം 700 കിലോമീറ്റർ ദൂരം, അഞ്ചര മണിക്കൂർ കൊണ്ടെത്തി. നല്ല വേഗതയിലായിരുന്നു ട്രെയിൻ ( ഏകദേശം 120 -130 കിലോമീറ്റർ ഒരു മണിക്കൂറിൽ) നമുക്ക് വേണമെങ്കിൽ 'വന്ദേ ഗൗൾ ' എക്സ്പ്രസ് എന്നു വിളിക്കാം. ഈ ഗൗൾ എന്താണെന്നല്ലേ, റോമാ സാമ്രാജ്യ സമയത്ത് ഫ്രാൻസിന്റെ പേരായിരുന്നു ഗൗൾ!

eiffel-tower
ഗുസ്താവ് ഐഫെൽ

ടിക്കറ്റ് നേരത്തെ ഓൺലൈൻ ആയി ബുക്ക് ചെയ്തിരുന്നു. ഐഫൽ ടവറിനുള്ള ടിക്കറ്റും ബുക്ക് ചെയ്തിട്ടുണ്ട്. ടിക്കറ്റിൽ പ്രവേശന സമയം തന്നിട്ടുണ്ട്, അതിനുള്ളിൽ കയറണം. 

പാരിസ് റെയിൽവേ സ്റ്റേഷൻ ഒക്കെ നമ്മുടെ മദ്രാസ് സെൻട്രൽ പോലെ, തിരക്കോട് തിരക്ക്! ഒരു ടാക്സി കിട്ടാൻ പെട്ട പാട്, അയ്യോ പറയേണ്ട. അങ്ങനെ അവസാനം ഒരു ടാസ്‌കി വിളിച്ചു ടവറിന് അടുത്ത് എത്തിയപ്പോഴേക്കും ടിക്കറ്റിൽ പറഞ്ഞ സമയം അതാ കഴിഞ്ഞു. ടവറിൽ കയറാൻ നീണ്ട ക്യു. നോക്കുമ്പോൾ അത് അടുത്ത ടൈം സ്ലോട്ടിനാണ്. സെക്യൂരിറ്റികാരൻ സമ്മതിക്കുന്നേ ഇല്ല, നമ്മുടെ ടൈം കഴിഞ്ഞുവത്രേ. വേണമെങ്കിൽ ചീഫ് സെക്യൂരിറ്റി ഓഫീസറെ കണ്ടു നോക്കാൻ പറഞ്ഞു. ഫ്രഞ്ച് മാത്രം അറിയാവുന്ന അദ്ദേഹത്തിന് നമ്മുടെ ഇംഗ്ലീഷ് മനസ്സിലാകാത്തത് കൊണ്ടാകാം അവസാനം സമ്മതിച്ചു. ' മെർസി' ( താങ്ക്സ് നു പകരം ഫ്രഞ്ച് ഭാഷയിൽ ഉപയോഗിക്കുന്ന പദം) പറഞ്ഞപ്പോൾ ഒരു ചിരിയും സമ്മാനിച്ചു! 

Representative Image. Photo Credit : Frantic00 / iStockPhoto.com
Representative Image. Photo Credit : Frantic00 / iStockPhoto.com

അതാ മഹാ വിസ്മയമായി ഐഫൽ ടവർ മുൻപിൽ. ഉരുക്കിന്റെ ശില്പ ചാരുത! വേണമെങ്കിൽ ലിഫ്റ്റിൽ  പോകാം, അല്ലെങ്കിൽ നടന്നുകയറാം. ഞങ്ങൾ നടന്നു കയറാൻ തീരുമാനിച്ചു. ഫ്രാൻസിൽ പോയി വ്യായാമം ഒക്കെ ആകാം എന്ന് വിചാരിച്ചൊന്നുമല്ല, ലിഫ്റ്റ് കയറണമെങ്കിൽ വീണ്ടും യൂറോ ഇറക്കണം. 35 യൂറോയാണ് ലിഫ്റ്റ് ചാർജ്, നമ്മുടെ 3000 രൂപയിൽ അധികം വരും. നമ്മളീ ചുരുങ്ങിയ സമയത്തേക്ക്  വിദേശത്ത് പോകുന്നവരുടെ ഒരു പ്രശ്നമാണ് ഒരോ ചായ കുടിക്കുമ്പോഴും അതിന് എത്ര ഡോളറായി, അല്ലേൽ എത്ര യൂറോ ആയി, അത് രൂപയായി കൺവേർട്ട് ചെയ്താൽ ഇന്ത്യയിൽ വന്നാൽ ഒരു 15 ചായ കുടിക്കാമായിരുന്നല്ലോ എന്നൊക്കെയുള്ള വൻ ബിസിനസ് ചിന്തകൾ ! 

എന്തായാലും കയറാൻ തുടങ്ങി, ആകെ1665 പടികളാണ്, താഴെ നിന്ന് 675 പടികൾ വരെ മാത്രമേ കേറാൻ കഴിയുള്ളൂ, രണ്ടാം നില വരെ. അതിന് ഏറെ മുകളിലായി ഒരു നില കൂടിയുണ്ട്. 150 വർഷങ്ങൾക്കു മുമ്പ് ഇതേ പോലെ ഉരുക്കിന്റെ അതുല്യ മായാ പ്രപഞ്ചം സൃഷ്ടിച്ച ശില്പിക്ക് പ്രണാമം! ഗുസ്താവ് ഐഫെൽ എന്ന ഫ്രഞ്ച് എൻജിനീയറാണ് ഇത് സൃഷ്ടിച്ചത്. 1887 മുതൽ 89 വരെയുള്ള കാലഘട്ടത്തിലായിരുന്നു നിർമ്മാണം.( ശില്പിയുടെ ചിത്രം ഇതോടൊപ്പം,  ലേഖകനോടുള്ള സാദൃശ്യം യാദൃശ്ചികം മാത്രം!!) 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ നമ്മുടെ ശബരിമല കയറും പോലെ, മലയാറ്റൂർ മലകയറും പോലെ ജീവിതാഭിലാഷം നിറവേറ്റി ടവറേറുന്നു, ഭക്തിയല്ല സന്തോഷമാണ് മുന്നിലെന്നു മാത്രം.

വിശാലമാണ് രണ്ടാം നില-റസ്റ്റോറന്റ്, സുവനീർ ഷോപ്പ് ഒക്കെയായി. ശുഭ്രവസ്ത്രധാരിയായി പാരിസ് നഗരം അങ്ങ് താഴെ. സെൻ നദി വെള്ള സാരിയിലെ  നീല മുന്താണി പോലെ. നൂറാൾ പൊക്കത്തെ മനോഹര കാഴ്ച!!

(ഈ സെൻ നദിയിലാണ് മലിനീകരണ ഭീതി പുല്ലാണെന്നു തെളിയിക്കാൻ പാരീസ് മേയർ മുങ്ങാംകുഴി ഇട്ടത്.  നമ്മുടെ ആമയിഴഞ്ചാൻ തോട്ടിലും കനോലി കനാലിലും ഇതേ പോലെയിറങ്ങാൻ കഴിയുന്ന നല്ല കിനാശ്ശേരി ആണല്ലോ നമ്മുടെയും എത്ര മനോഹരമായ നടക്കാത്ത, അല്ല, വേണമെന്ന് വെച്ചാൽ നടക്കുന്ന സ്വപ്നം ).

300 മീറ്ററാണ് ടവറിന്റെ ആകെ ഉയരം, വേനൽകാലത്ത് 15 സെന്റീമീറ്ററോളം ഉയരം കൂടുന്നതായും പറയുന്നു. ഒരു വലിയ നിറഞ്ഞ ഗുഡ്സ് ട്രെയിനിന്റെ ഭാരമുണ്ട് ടവറിന്, ഏകദേശം 10,000 ടണ്ണിൽ അധികം! 60,000 കിലോഗ്രാം പെയിന്റ് വേണം ടവറു മുഴുവൻ ഒന്നടിക്കാൻ! 

1889 ലെ ലോക മേളയുമായി ബന്ധപ്പെട്ട് താൽക്കാലികമാണ് എന്ന് ഉദ്ദേശത്തോടെ നിർമ്മിച്ചതാണ് ഈ ടവർ. ടവർ പെട്ടെന്ന് പൊളിച്ച് കളയാതിരിക്കാൻ ശില്പി ഒരു റേഡിയോ ആന്റിന അതിനുമുകളിൽ സ്ഥാപിച്ചു. ഇന്നുമതു പ്രവർത്തിക്കുന്നുണ്ട്. ടവറിന് മുകളിൽ ഒരു രഹസ്യമുറി ഉണ്ടത്രേ, ശില്പി ഗുസ്താവും അടുത്ത സുഹൃത്ത് തോമസ് എഡിസണും അവിടെ കൂടാറുണ്ടായിരുന്നത്രേ! രണ്ടാം ലോകമഹായുദ്ധകാലത്ത് ടവർ തകർക്കാൻ ഹിറ്റ്ലർ പദ്ധതി ഇട്ടിരുന്നെങ്കിലും പരാജയപ്പെട്ടു.

സമയം വൈകുന്നേരം ആകുന്നു. ടവറിന്റെ വർണ്ണവിളക്കുകൾ കൺ തുറക്കുന്നു. 20,000ൽ അധികം വിളക്കുകൾ ഉണ്ട് ടവറിൽ ആകെ. താഴെ നിന്ന് നോക്കുമ്പോൾ ആകാശത്തേക്കുള്ള ചിത്രവിളക്ക് ഗോവണി മാതിരി; ചിരിക്കുന്ന പൂർണ്ണ ചന്ദ്രനിൽ നിന്ന് താഴേക്കിറങ്ങുന്ന വർണ്ണവള്ളി പോലെ ! ആശ്ചര്യം,മനോഹരം !

ഫോട്ടോയൊക്കെ ആവോളം എടുത്തു വച്ച് നോക്കിയപ്പോൾ സമയവും ആവോളം ആയി. അടുത്തുള്ള മെട്രോ സ്റ്റേഷനിൽ നിന്നും ‘ഗാർ ഡു നോർ’ സെൻട്രൽ സ്റ്റേഷനിലേക്ക് ട്രെയിൻ കിട്ടുമെന്ന് ഗൂഗിൾ പറഞ്ഞു, മൂന്നു പേരും ആഞ്ഞു പിടിച്ചു നടന്നു. സമയക്കുറവ് മൂലം മ്യൂസിയം കാണാൻ കഴിയാഞ്ഞതിലുള്ള നഷ്ടബോധം ഐഫൽ ടവർ എപ്പോഴേ മായ്ച്ചിരുന്നു. 

മെട്രോ സ്റ്റേഷൻ ഒക്കെ പഴയതായി തോന്നി, മൂന്നു പേർക്കും കൂടി ബാക്ക് പോക്കറ്റിൽ നിന്നും പേഴ്സ് എടുത്തുതുറന്ന് പൈസ (ഇപ്പോൾ നമുക്ക് 'പൈസ' എന്നത് എല്ലാ കറൻസിക്കു പകരവും ഉപയോഗിക്കാവുന്ന വാക്കായല്ലോ അല്ലേ, അല്ലെങ്കിൽ സോറി, യൂറോ എന്ന് വായിച്ചോളൂ) എടുത്തു ടിക്കറ്റ് വാങ്ങി. പ്ലാസ്റ്റിക് ടോക്കൺ ആണ് ടിക്കറ്റ്. പേഴ്സ് തിരിച്ചു ബാക്ക് പോക്കറ്റിലേക്കും വച്ചു. നമ്മുടെ ഡൽഹി മെട്രോ കൗണ്ടർ പോലെ ടോക്കൺ ഇട്ടു വേണം അകത്തേക്കു കയറാൻ. മറ്റു രണ്ടുപേരുടെയും പുറകെ ഞാനും ക്യുവിലേക്കു കയറി. അപ്പോൾ അതാ ടിടിഇ യെ പോലെ നല്ല കറുത്ത കോട്ടൊക്കെയിട്ട് ഒരാൾ വിളിക്കുന്നു, നല്ല ബോളിവുഡ് അഭിനേതാവിനെ പോലെ ഒരു സുന്ദരൻ. വരൂ ഇതുവഴി പോകാം,  നല്ല ശുദ്ധമായ ഇംഗ്ലീഷിൽ.  ശങ്കിച്ചില്ല, പെട്ടെന്ന് ആ വഴിയിലൂടെ കയറാൻ ശ്രമിച്ചു, അദ്ദേഹം പുറകിൽ നിന്ന് ഓക്കേ ഓക്കേ ദിസ് വേ എന്ന് പറയുന്നുണ്ട്, സ്നേഹത്തോടെ കൈ എന്റെ ജാക്കറ്റിൽ തടവിയാണ് പറയുന്നത്. പെട്ടെന്ന് എന്തോ നഷ്ടപ്പെട്ടതായി തോന്നി. സ്വാഭാവികമായും പോക്കറ്റിലേക്കാണ് കൈ ആദ്യം പോയത്. പേഴ്സ് കാണുന്നില്ല. ജാക്കറ്റിന്റെ ഇന്നർ പോക്കറ്റിലേക്ക് വേഗം കൈ എത്തിച്ചു, പാസ്പോർട്ട് അവിടെത്തന്നെയുണ്ട്. ഫോൺ കയ്യിലും ഉണ്ട്. 

പക്ഷേ പേഴ്സിലാണ് ബാക്കിയെല്ലാം.  ഏകദേശം 300 യൂറോ, ഐഡി കാർഡ്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ( എല്ലാ ബാങ്കുകാരും വളരെയധികം സേവന സന്നദ്ധരായി നിൽക്കുന്നതുകൊണ്ട് എല്ലാതരം കാർഡുകളും രണ്ടും മൂന്നും വച്ച് ഉണ്ട്) തുടങ്ങി ഫോട്ടോഷോപ്പ് ചെയ്തു ടൈയൊക്കെ വെപ്പിച്ച ഫോട്ടോകൾ വരെ എല്ലാം പേഴ്സിനുള്ളിലാണ് 

ഞെട്ടിത്തരിച്ചു പോയി, എന്തു ചെയ്യും, ആരോട് പറയും, എവിടെ പോകും? ഉറപ്പാണ് , എന്റെ പുറകിൽ നിന്ന ആ ടിടിഇ വേഷധാരി തന്നെയാണ് പേഴ്സ് അടിച്ചു മാറ്റിയത്. യാത്രയ്ക്ക് മുമ്പേ തന്നെ  പാരിസ് പോക്കറ്റടിക്കാരുടെ നഗരമാണെന്ന് ആരോ പറഞ്ഞിട്ടുണ്ടായിരുന്നെങ്കിലും ശ്രദ്ധിക്കാത്തത് എന്റെ തെറ്റ്. 

വിപദി ധൈര്യം, ഞാൻ ആ കോട്ടുകാരന്റെ കയ്യിൽ ആഞ്ഞു പിടിച്ചു പറഞ്ഞു. എനിക്കുറപ്പാണ് നിങ്ങളാണ് എന്റെ പേഴ്സ് എടുത്തത്, വേറെ ആരും എന്റെ അടുക്കൽ വന്നിട്ടില്ല. അയാളത് ശക്തമായി നിഷേധിച്ചു. ബ്രദർ ഐ ആം ഫ്രം പാക്കിസ്ഥാൻ, ഞാനല്ല. ഞാൻ നിങ്ങളുടെ സഹോദരനാണ്.  എന്തൊരു സ്നേഹം! 

വീണ്ടും അയാളോട് അപേക്ഷിച്ചു, എന്റെ എല്ലാ ഡോക്യുമെന്റ്സും അതിലാണ്, ദയവായി തിരിച്ചു തരണം. മറ്റു രണ്ടുപേരും ഒന്നും മിണ്ടാനാവാതെ ഇതികർത്തവ്യാ മൂഡാരായി നിൽക്കുകയാണ്. വേറെ ഒന്ന് രണ്ടുപേരൊക്കെ വന്നു നോക്കുന്നുണ്ട്, പക്ഷേ ആരും  ഇടപെടുന്നില്ല. 

എന്റെ നിസഹായ അവസ്ഥയും മുഖഭാവവും കണ്ടു മിക്കവാറും അയാൾക്ക് പാവം തോന്നി കാണും ( പോക്കറ്റ് കാരന്റെ മനസ്സലിയിച്ച വീരൻ..ഇല്ല,  ആത്മപ്രശംസ വേണ്ട ). അയാൾ ഒരു ഇന്ദ്രജാലക്കാരനെ പോലെ കൈകൾ അങ്ങോട്ടുമിങ്ങോട്ടും വായുവിൽ ചലിപ്പിക്കാൻ തുടങ്ങി. ഒന്ന് രണ്ട് മിനിറ്റ് നേരത്തെ അംഗ വിക്ഷേപങ്ങൾക്ക് ശേഷം അയാൾ പറയുകയാണ്. നിങ്ങളുടെ പേഴ്സ് ഇവിടെനിന്ന് രണ്ടാമത്തെ എസ്കലേറ്ററിന്റെ താഴെ കിടക്കുന്നതായി ഞാൻ കാണുന്നു, പോയി എടുത്തുകൊള്ളൂ. 

അൻപതു മീറ്ററോളം മാറിയുള്ള എസ്കലേറ്ററിനു അടുത്തേക്ക് ഞാൻ ഓടി, അതാ അവിടെ നിലത്ത് എന്റെ നീലപേഴ്സ്!! ചാടിയെടുത്തു, തുറന്നു നോക്കി. കറൻസി ഒന്നുമില്ല, എല്ലാം പോയി,  പക്ഷേ കാർഡുകളും മറ്റു ഡോക്യുമെന്റ്സും ഒക്കെ ഭദ്രം. കോട്ടുകാരനും കൂടെ ഒരു വെള്ളക്കാരിയും ദൂരെയ്ക്ക് മാറുന്നു. എന്ത് ചെയ്യാം. പൊലീസൊ സെക്യൂരിറ്റി ഗർഡോ ആരും അടുത്തില്ല. പ്ലാറ്റ്ഫോമിൽ കണ്ട ഒരു കോപ്പിനോട്  ( തെറ്റിദ്ധരിക്കേണ്ട, പൊലീസുകാരനോട്) പറഞ്ഞു. അയാൾക്ക് അതൊന്നും ഒരു പ്രശ്നമായേ തോന്നിയില്ല എന്ന് തോന്നുന്നു. 

ലേറ്റ് ആയാൽ വണ്ടി പോകും, അടുത്തദിവസം പുലർച്ചെയുള്ള ഫ്ലൈറ്റും മിസ്സാകും. അങ്ങനെ ഫ്രാൻസിന്റെ ലോക്കൽ എക്കണോമിക്ക് 30,000 രൂപയോളം സമർപ്പിച്ച് ഞങ്ങൾ അരങ്ങൊഴിഞ്ഞു ! തിരികെ വന്ന് ഫ്രാൻസിലെ പൊലീസ് ഡിപ്പാർട്ട്മെന്റിനും കോടതിക്കും ഒക്കെ കത്തയച്ചു വിഷമം തീർത്തു, മറുപടിയൊന്നും ഇതുവരെ കിട്ടിയില്ലെങ്കിലും!!

നോട്ട്

ഫ്രാൻസിലെയും ഇറ്റലിയിലെയും മറ്റു മിക്ക യൂറോപ്യൻ രാജ്യങ്ങളിലെയും നഗരങ്ങളെക്കാൾ എത്രയോ സുരക്ഷിതമാണ് നമ്മുടെ കൊച്ചിയും കോഴിക്കോടും തിരുവനന്തപുരവും ഒക്കെ. ഹോളിവുഡിലെയും ജെയിംസ് ബോണ്ട് സിനിമകളിലെയും സൂപ്പർ പൊലീസുകാരെക്കാൾ നന്നായി നമ്മുടെ നാട്ടിലെ പാവം കേശു പൊലീസ് ഇടപെടുകയും ചെയ്യും!

English Summary:

Paris Adventure: From Eiffel Tower Glimpses to Pickpocket Encounters.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com