ADVERTISEMENT

ലക്ഷ്യത്തെക്കാൾ വലുത് യാത്രയാണ് എന്നു വിശ്വസിക്കുന്നവർക്കായി അയർലൻഡിലെ ഡബ്ലിനിൽ 2007-2009  വർഷത്തിലെ യാത്രയിൽ കണ്ട കാഴ്ചകൾ.

1. ഹൗത്ത്

മൂടൽ മഞ്ഞു മൂടിയ ഒരു ദിനം. വാഹനം കുന്ന് കയറുമ്പോൾ ഡബ്ലിൻ ഉൾക്കടൽ ദൂരെ കാണാം. മത്സ്യ ബന്ധന ഗ്രാമമായ ഹൗത്തിൽ ഇറങ്ങി തീരക്കാറ്റേറ്റ് അലസനായി നടന്നു. പരമ്പരാഗത രീയിലുള്ള മരവീടുകൾ, നന്നേ ചെറിയ ഭക്ഷ്യശാലകൾ. ഫിഷ് ആൻഡ് ചിപ്സ് അന്നു മുതൽ ഇഷ്ട വിഭവം. ഹൗത്ത്-ബ്രേ ട്രെയിൻ യാത്ര നയനാന്ദകരം. കടലും കരയും മേളിക്കുന്ന ഭൂമികയിൽ നീണ്ടു കിടക്കുന്ന റെയിൽ പാത. അയർലൻഡിലെ തീവണ്ടി യാത്രകൾ ഹരമായി. ഡബ്ളിന്റെ തെക്കുദിക്കിലേക്കു പാളങ്ങൾ നീണ്ടു പോകുമ്പോൾ, തിരകൾ തീരത്ത് രചിക്കുന്ന ശിൽപ്പവേലകൾ കാണാം. എതിർവശത്ത് ഹരിതമലകൾ, നീലാകാശം. വാനിൽ ജെറ്റ് വിമാനങ്ങൾ കോറിയിട്ടു പരസ്പരം ഖണ്ഡിക്കുന്ന രേഖകൾ. ഈ പാതയിൽ സഞ്ചരിച്ച ബ്രിട്ടീഷ് നടൻ മൈക്കൽ പേലിൻ ഒരു ട്രാവലോഗ് അവതരിപ്പിച്ചിട്ടുണ്ട്. കുടുംബ വേരുകൾ തേടി വടക്കൻ അയർലൻഡിലെ ഡെറിയിൽ നിന്ന് തെക്കൻ അയർലൻഡിലെ കെറിയിലേക്ക് ഗൃഹാതുരത്വം ഉണർത്തുന്ന ഒരു യാത്ര.

Daffodils in Spring
Daffodils in Spring
Golf course at Enniskerry village
Golf course at Enniskerry village

2.  മാലഹൈഡ്

മറ്റൊരു ദിനം, പുതിയൊരു യാത്ര. നഗരത്തിനു പുറത്തെ കാസിൽ. എട്ട് നൂറ്റാണ്ട് പഴക്കമുള്ള ഈ കോട്ട-കൊട്ടാരം ബാല്യത്തിൽ വായിച്ച മുത്തശ്ശിക്കഥകളെ ഓർമിപ്പിച്ചു. ആദ്യമായാണ് ഒരു കോട്ട-കൊട്ടാരം നേരിട്ട് കാണുന്നത്. ചുറ്റും ചേതോഹരമായ പുൽത്തകിടിയും പൂന്തോട്ടവുമുണ്ട്. കോഫി ഷോപ്പിൽ നിന്നും എക്സ്പ്രസോ നുകർന്ന്, ഉറപ്പുള്ള മരത്തിൽ പണിത അകത്തളത്തിലൂടെ നടന്നു. ഏതാനും സഞ്ചാരികളുണ്ട്, പക്ഷേ ഞാൻ പലപ്പോഴും ഏകാന്തനായി. ഗ്രാന്റ് ചേംബർ, മീറ്റിങ് റൂം, കിടപ്പറകൾ, ഊണുമുറി, നിഴൽ വീണ ഇടനാഴികൾ. പര്യടനം തീർന്ന് കാസിലിലെ പൂർവ്വവാസികളുടെ ഫോട്ടോ ഗാലറി കണ്ടപ്പോഴാണ് ഒരു വിവരമറിഞ്ഞത്. പ്രേതബാധ കലശലാണെന്ന് നാട്ടുകാർ വിശ്വസിക്കുന്ന ഒരിടമാണിത്. ഒന്നും രണ്ടുമല്ല, അഞ്ച് പ്രേതങ്ങൾ! കോട്ടകൾക്ക് ഒട്ടേറെ ഇരുണ്ട കഥകൾ പറയാനുണ്ട്. അധികാരം, പണം, ചതി, കൊല. സമയത്തിന്റെ മണൽത്തരികളിൽ എഴുതിയ ചോര മണക്കുന്ന ചരിത്രം.

Harp artists, Grafton street, Dublin
Harp artists, Grafton street, Dublin

3. ഡൺലേറി (Dun Laoghaire)

നഗരത്തിൽ നിന്ന് പത്ത് കിലോമീറ്റർ അകലെയുള്ള ഒരു തീരദേശ പട്ടണം. മത്സ്യബന്ധനം ഉപജീവനമാക്കിയ തദ്ദേശീയ ജനത. സന്ദർശകർക്കായി ജലവിനോദങ്ങൾ, ക്രൂസ്, യോട്ടിങ്. ഇവിടെ നിന്നും ഇംഗ്ളണ്ട്, വെയിൽസ്, മാൻ ഓഫ് ഐൽ പ്രദേശത്തേക്ക് ഫെറി സർവീസുണ്ട്. പഴമയുടെ സ്പർശമുള്ള മനോഹരമായ തെരുവുകളിലൂടെ നടക്കുമ്പോൾ, ബിയർ ഗാർഡനുകളിൽ സമുദ്രവിഭവങ്ങൾ രുചിച്ച് സംഭാഷണത്തിൽ മുഴുകിയവരെ കാണാം. ഗ്രീഷ്മകാലത്ത് ലോക സാംസ്കാരിക ഉൽസവത്തിന്റെ വേദിയാണ് ഇവിടം. നാനാജാതി മനുഷ്യരെ കണ്ട്, പല രുചികൾ നുകർന്ന് ഉൽസവ വീഥിയിലൂടെ ഞാൻ അലഞ്ഞിട്ടുണ്ട്. വേദിയുടെ മുന്നിലെ വിശാലമായ മൈതാനത്ത് ചടുലമായ പാശ്ചാത്യ സംഗീതത്തിന് കാതോർത്ത് യുവാക്കളോടൊപ്പം ആവേശം കൊണ്ടിട്ടുണ്ട്. തെരുവുകളിൽ നിറയുന്ന വിചിത്രമായ സംഗീത ഉപകരണങ്ങളുടെ വൈവിധ്യത്തിൽ അദ്ഭുതം കൂറിയിട്ടുണ്ട്.

Horse carriage near Georgian architecture, Dublin
Horse carriage near Georgian architecture, Dublin
On the top of Bray head - A mountain in Bray town.
On the top of Bray head - A mountain in Bray town.

4. പവർസ്കോട്ട്

മറ്റൊരു വേനൽപ്പകലിൽ, ഡബ്ലിനിൽ നിന്നും ഇരുപത്തഞ്ച് കിലോമീറ്റർ അകലെ വിക്ക്ലോ കൗണ്ടിയിൽ ഉയർന്ന പ്രദേശമായ എന്നിസ്കെരിയിൽ വഴിയിറമ്പിലൂടെ നടക്കുകയാണ് ഞാൻ. മരങ്ങൾ അതിരിടുന്ന ഇടവഴികൾ, വൃക്ഷത്തലപ്പുകളുടെ താഴെ ഒരു ശ്മശാനം. മുന്നോട്ടു പോകുമ്പോൾ ദൂരെ ഹരിതമലകളും താഴ്വരയും കാണാം. ആകാശനീലിമയ്ക്കു താഴെ വിശാലമായ ഗോൾഫ് കോഴ്സിൽ കളിയിൽ മുഴുകിയവരുണ്ട്. പാത അവസാനിക്കുന്നത് പവർസ്കോർട്ട് കാസിലിന്റെ മുന്നിൽ. പതിമൂന്നാം നൂറ്റാണ്ടിൽ നിർമിച്ച് പതിനെട്ടാം നൂറ്റാണ്ടിൽ പുതുക്കി പണിത രമ്യഹർമ്യം. നാൽപ്പത്തേഴ് ഏക്കർ വിസ്തൃതിയുള്ള പുരയിടത്തിന്റെ നടുവിലാണ് കൊട്ടാരം.  ഈ സ്വപ്നഗേഹം വർഷങ്ങളോളം രാജാക്കന്മാരുടേയും പ്രഭുക്കന്മാരുടേയും കൈമുതലായിരുന്നു.

View from the peak of Bray Head
View from the peak of Bray Head
A walkway in the Wicklow mountains, near Bray.
A walkway in the Wicklow mountains, near Bray.
Dun Laoghaire - A seaside town
Dun Laoghaire - A seaside town

ശരീരം അടിമുടി മറയ്ക്കുന്ന പടച്ചട്ടയണിഞ്ഞ ഒരു രൂപം കൺമുന്നിൽ. കാഴ്ചവസ്തുവായി അസാമാന്യ വലിപ്പമുള്ള ഒരു ചഷകം. കൺസർവേറ്ററിയിലും പുറത്തും ബഹുവർണമുള്ള പനിനീർ പുഷ്പങ്ങൾ. തുറസ്സിൽ പ്രകൃതിശക്തികളുമായി പോരിലേർപ്പെട്ട ഒരു യോദ്ധാവിന്റെ ശിൽപം. വിദൂരതയിലേക്ക് കണ്ണുനട്ട്, ദീപമേന്തിയ മാലാഖ. പടിക്കെട്ടിറങ്ങി അതിമനോഹരമായി ചിട്ടപ്പെടുത്തിയ കൊട്ടാര വളപ്പിൽ കടന്നു. നിശ്ചലമായ ഒരു തടാകത്തിന്റെ കവാടത്തിൽ കാവൽ നിൽക്കുന്ന ചിറകുള്ള രണ്ടു വെള്ളക്കുതിരകൾ. തെല്ലകലെ ജാപ്പനീസ്‌ ഗാർഡൻ. ഉദയസൂര്യന്റെ നാടിന്റെ സൗന്ദര്യ അഭിരുചിയും തത്വചിന്തയും ലളിത മനോഹരമായി ആവിഷ്കരിച്ച പച്ചത്തുരുത്ത്. കൃത്രിമത്വവും അമിത അലങ്കാരവും ഒഴിവാക്കി പ്രകൃതിയുടെ സ്വച്ഛതയും സ്വാഭാവികയും നിലനിർത്തുന്നു. ബുദ്ധമത ചിഹ്നങ്ങൾ നിറഞ്ഞ. സാൻഡ് ഗാർഡനിൽ ജലത്തിന്റെ ചാക്രിക പ്രഭാവം. അവിടെ ആയിരിക്കുമ്പോൾ മനസ്സ് തരളവും ശാന്തവുമാകും. ചിന്തയുടെ ഒഴുക്കിനെ തടഞ്ഞ് സ്വന്തം തനിമയേയും പ്രഭാവത്തേയും അറിയും. തോട്ടത്തിൽ കിന്നാരം ചൊല്ലുന്ന പ്രണയികൾ, പ്രായഭേദമെന്യേ മന്ദം നടക്കുന്ന സഞ്ചാരികൾ. ഞാൻ കാഴ്ച ഗോപുരത്തിൽ കയറി പരിസരം നിരീക്ഷിച്ചു. ഏതോ മുത്തശ്ശിക്കഥയെ ഓർമിക്കുന്ന ഭൂമിക. താഴെയിറങ്ങി വർണപുഷ്പങ്ങൾ വിരിഞ്ഞു നിൽക്കുന്ന പാതയിലൂടെ തിരിച്ചു നടന്നു.

Powerscourt Gardens
Powerscourt Gardens
Sandycove beach and the James Joyce tower
Sandycove beach and the James Joyce tower

5. ബ്രേ

ഡബ്ളിനിൽ നിന്ന് ഇരുപത് കിലോമീറ്റർ അകലെയുള്ള കടലോര പട്ടണം. തെല്ലകലെ മലയടിവാരത്തുള്ള ഒരു വീട്ടിലാണ് ഞാൻ സഹോദരിയുടെ കുടുംബത്തോടൊപ്പം വാസം. നാൽപത് വർഷം പഴക്കമുള്ള ഇരുനില വീട്. മഞ്ഞുകാലത്ത് തണുത്തു മരവിക്കുന്ന, പഴഞ്ചൻ നെരിപ്പോടുള്ള ആ ഭവനത്തിന്റെ രണ്ടാം നിലയിൽ ഞാൻ കൂടാരമടിച്ചു. മലയാളി കുടുംബങ്ങൾ ഒത്തുചേരുന്ന സൗഹൃദ വേളകൾക്കു ശേഷം, മുറിയിലെ ഏകാന്തതയെ പുൽകി. അർധരാത്രി പിന്നിടുന്ന വേളയിൽ സിനമ കണ്ട് സംഗീതം ശ്രവിച്ച ശേഷം പുതപ്പിനടിയിൽ നുഴഞ്ഞു കയറി ഗാഢമായി ഉറങ്ങി.

പ്രഭാതങ്ങളിൽ നീണ്ട നടത്തം പതിവായി. അനന്തരം ബ്രേ പട്ടണത്തിൽ നിന്ന് ഡബ്ളിൻ നഗരം ലക്ഷ്യമാക്കി പോകുന്ന ബസിൽ കയറും. ഒരിക്കലും മടുക്കാത്ത കാഴ്ചകളിൽ കണ്ണുനട്ടിരിക്കും. അല്ലാത്തപ്പോൾ ബാഗിൽ സൂക്ഷിക്കുന്ന പുസ്തകത്തിൽ മുഖം പൂഴ്ത്തും. ഒഴിവുദിനങ്ങളിൽ ബ്രേ പട്ടണത്തിൽ അനുഭവിക്കാൻ ഏറെയുണ്ട്. തീരദേശ സുഖവാസ കേന്ദ്രം എന്ന നിലയിൽ നിന്ന് എല്ലാ സൗകര്യങ്ങളുമുള്ള ടൗൺഷിപ്പായി വളർന്ന പ്രദേശമാണിത്. പഴയതും പുതിയതുമായ വാസഗേഹങ്ങൾ, ആരാമത്തിലെ പനിനീർ പൂക്കൾ. തെരുവിൽ സംഗീതഞ്ജർ. പബ്ബിൽ നിന്നും പുറത്തു വന്നു പരക്കുന്ന വറുത്ത ഉരുളക്കിഴങ്ങിന്റെ ഗന്ധം, അകത്ത് മദ്യകലാസ്വാദകരുടെ ആരവം. പാതയോരത്ത് അൾസ്റ്റർ ബാങ്ക്, അലൈഡ് ഐറിഷ് ബാങ്ക്. യൂറോ-രൂപ വിനിമയ നിരക്ക് കൂടുമ്പോൾ മലയാളികളുടെ തിരക്ക് കൂടും. നാട്ടിലേക്ക് പണം പോസ്റ്റ് ഓഫീസ് വഴിയും അയക്കാം. ബ്രേയിലെ ആൻപോസ്റ്റ് സന്ദർശനം എന്നിൽ ആഹ്ളാദമുണ്ടാക്കും. ഞാനതു വഴി പണം മാത്രമല്ല, ഹൃദയത്തിൽ ചാലിച്ച കത്തുകളും ആശംസാ കാർഡുകളും, ചോക്കലേറ്റും, പുസ്തങ്ങളും, ഡിവിഡികളും കേരളത്തിലേക്ക് അയച്ചിട്ടുണ്ട്. ആൻപോസ്റ്റിൽ ജോലി ചെയ്യുന്ന വനിതകൾ എന്റെ പരിചയക്കാരായി. ഞാൻ ചെന്നുകയറുമ്പോൾ അവർ പുഞ്ചിരിക്കും. 

പോസ്റ്റ് ഓഫീസിനടുത്തുള്ള ലൈബ്രറിയിൽ ഞാൻ നിത്യസന്ദർശകൻ. മുതിർന്നവർക്കുള്ള ഗ്രന്ഥങ്ങൾ മാത്രമല്ല, കുട്ടികളുടെ വർണ്ണ പുസ്തകങ്ങളും ഞാൻ വായിക്കും. ഈ മരതക ദ്വീപിന്റെ കെൽറ്റിക്-നോർഡിക്ക്- വൈക്കിങ്- നോർമൻ-ആംഗ്ളോ- സാക്സൺ പാരമ്പര്യത്തിൽ കമ്പം കയറിയത് അങ്ങനെ. ക്ളാസിക് സിനിമകൾ, ജാസ്, കൺട്രി മ്യൂസിക്, ഇൻസ്റ്റ്രുമെന്റൽ മ്യൂസിക് - എന്റെ കൗതുകത്തിന് അതിരില്ല. ടെസ്കോ-ഡൺസ്, സൂപ്പർ ക്വിൻ-സൂപ്പർ മാർക്കറ്റുകൾ, ഡൺസ് ടെക്സ്റ്റൈൽ ഷോപ്പ്, ഡുബ്രേ ബുക്ക് ഷോപ്പ്, ഡിവിഡി ഷോപ്പ്, കെ എഫ് സി/മക്ഡൊണാൾഡ്സ്, ശനിയാഴ്ചകളിലെ ഫാർമേഴ്‌സ് മാർക്കറ്റ്, ഗാർഡ (പൊലീസ്) സ്റ്റേഷൻ. പ്രെഷ്യസ് ബ്ളഡ് ചർച്ച്, പട്ടണ കവാടത്തിലെ കിഴക്കനേഷ്യൻ റസ്റ്ററന്റ് -  അവ ഈ പട്ടണത്തിൽ എന്റെ ലക്ഷ്യസ്ഥാനങ്ങളായി.

ഇംഗ്ളീഷ് തീരദേശ പട്ടണമാണ് ബ്രൈട്ടൻ. അയർലൻഡിന്റെ ബ്രൈട്ടൻ എന്ന രീതിയിൽ രൂപകൽപ്പന ചെയ്ത റിസോർട്ട് ടൗണാണ് ബ്രേ. ഡബ്ളിൻ നഗരവാസികളുടെ ഹൈഡൗട്ട്. വിക്ടോറിയൻ പ്രൊമനേഡിലും, തീരത്തെ കെട്ടിടങ്ങളുടെ പുറംകാഴ്ചയിലും കഴിഞ്ഞ കാലത്തിന്റെ അനുരണനങ്ങൾ കാണാം. നീണ്ട നടപ്പാതയിലൂടെ ഏറെ ദൂരം നടന്നിട്ടുണ്ട്. വേനലിലും ശൈത്യത്തിലും അത് മിശ്ര വികാരങ്ങൾ ഉണർത്തുന്നു. സൂര്യൻ  പ്രകാശിച്ച് നീളുന്ന പകലിൽ ആളുകൾ തിങ്ങിനിറയും, എങ്ങും ഉല്ലാസം, വേനലിന്റെ ഉൽസവം. ഫെറിസ് വീൽ, ഐംസ്ക്രീം വിൽപനക്കാർ, കുട്ടികളുടെ കളിചിരി. സായന്തനങ്ങളിൽ പാശ്ചാത്യ സംഗീതലഹരി. യുവതീയുവാക്കളുടെ ആഘോഷം, സദാചാര പൊലീസിന്റെ ശല്യമില്ലാതെ ആനന്ദം.

പോയകാലത്തിന്റെ വിഷാദം പേറുന്ന ഹോട്ടലുകളും പബ്ബുകളും അപ്പോൾ ഉണരും. ചഷകത്തിൽ നുരയുന്ന ലഹരി, നീണ്ടു പോകുന്ന രാവ്. ആദ്യമായി സൽസ നൃത്തം കണ്ടത് അവിടെയാണ്. ബ്രസീലിന്റെ സാംബ നൃത്തത്തോട് സാമ്യം. അൽപ വസ്ത്ര ധാരികളായ യുവതികളായ നർത്തകർ. വസ്ത്രമല്ല, ചുവടുകളാണ് ശ്രദ്ധാകേന്ദ്രം.

സമ്മർ ഫെസ്റ്റിവലിൽ ബോബ് മാർലിയേയും ബോണോയേയും അനുകരിച്ച് പാടുന്ന ഗായകർ വിരുന്നു വരും. അന്തരീക്ഷത്തെ ത്രസിപ്പിക്കുന്ന റെഗ്ഗെ, വെസ്റ്റേൺ. ഒരു പകലിന്റെ അന്ത്യത്തിൽ തീരത്ത് പാൻ പൈപ്പ് വായിക്കുന്ന നേറ്റീവ് അമേരിക്കൻ ഗായകനെ കണ്ടു. ആ നാദവീചികളിൽ ഞാൻ അനുരക്തനായി, ആത്മാവിനെ തൊടുന്ന സംഗീതമാധുര്യം. പ്രകൃതിയുടെ പാരസ്പര്യത്തെ, അനുവാചകന് നഷ്ടമായ ആദിമവിശുദ്ധിയെ ഓർമിപ്പിച്ച നാദവീചികൾ. സമയബോധമില്ലാതെ അവിടെ ലയിച്ചു നിന്നു. പാട്ട് തീർന്നപ്പോൾ പതിനഞ്ച് ഡോളർ നൽകി ഗായകന്റെ ആൽബം വാങ്ങാൻ അർധമനസ്സ്. അന്ന് ശൈശവ ദശയിലുള്ള യൂട്യൂബിൽ കാണുമല്ലോ. പിന്നീട് ഓൺലൈനിൽ പരതിയെങ്കിലും നിരാശനായി. പാൻഫ്ലൂട്ട് സംഗീതമുണ്ട്, പക്ഷേ എന്നെ കുരുക്കിയ ആ സംഗീത ശകലങ്ങളില്ല. നഷ്ടബോധം തോന്നി. അയാൾ ഇനി കാണാനാകാത്ത വിധം മറഞ്ഞു പോയിരിക്കുന്നു! 

രണ്ടാഴ്ച കടന്നു പോയി. ഓഗസ്റ്റിൽ ഡൺലേറിയിൽ ലോക സാംസ്കാരിക ഉൽസവം. ഞാൻ തയ്യാർ. രണ്ടാഴ്ച വേനലവധിയുണ്ട്, പെയ്ഡ് വെക്കേഷൻ. ഡൺലേറിയുടെ നിരത്തിൽ സമുറായി യോദ്ധാക്കളെ പിന്നിട്ടു നടന്നു നീങ്ങുമ്പോൾ പരിചിതമായ ആ ശബ്ദം കേട്ടു, വായുവിൽ അതേ നാദം. പിന്തുടർന്ന് പോയപ്പോൾ തെരുവോരത്ത് ആ ഗായകൻ. പ്രകൃതി അയാളെ എന്റെ മുന്നിൽ വീണ്ടും കൊണ്ടു വന്നു നിർത്തി, അതേ നാദമാധുര്യം. ഇത്തവണ സിഡി വാങ്ങാൻ മടിച്ചില്ല. പതിനാറ് വർഷമിപ്പുറം ആ ഈണങ്ങൾ എന്റെ കൂടെയുണ്ട്, ഇപ്പോഴും കേൾക്കാറുണ്ട്. അതെന്നെ പ്രപഞ്ചവുമായി ബന്ധിപ്പിക്കുന്നു, പ്രകാശമണച്ച് കാതോർത്ത് ഒരു സമാന്തര ലോകത്ത് പ്രവേശിക്കുന്നു. അന്ന് ആ ആദിവാസി ഗായകനെ വംശീയമായി അധിക്ഷേപിക്കുന്ന മദ്യപനായ ഒരു വെള്ളക്കാരനെയും കണ്ടു, പക്ഷേ കലാകാരൻ അതൊന്നും ശ്രദ്ധിക്കാതെ ആലാപനം തുടർന്നു. സംതൃപ്തി നേടി അയാളോട് വിടപറഞ്ഞ് ഞാൻ നടന്നു. തെരുവിൽ ബ്രസീലിന്റെ സാംബാ താളം മുഴങ്ങുന്നു, വർണവേഷമണിഞ്ഞ് ഒരു നർത്തകി.

ബ്രേ പട്ടണത്തിലെ കടലോരത്ത് ഒരു അക്വേറിയമുണ്ട് (സ്റ്റിംഗ് റേ, ജെല്ലി ഫിഷ്, പിരാന, ഡോൾഫിൻ). രണ്ടു മണിക്കൂർ ചെലവഴിക്കാൻ ഉത്തമം. ശീതകാലത്ത് തീരവും നടപ്പാതയും വിജനമായിരിക്കും. കാലിൽ അരിച്ചു കയറുന്ന തണുപ്പ്, കടൽജലം പൂജ്യം ഡിഗ്രിയിൽ. പുതുവർഷ ദിനത്തിൽ സ്വിമ്മിങ് ചലഞ്ചിൽ ബിക്കിനിധാരികൾ ബോയ്ഫ്രണ്ടിനൊപ്പം ഇറങ്ങും. നീളം കുറഞ്ഞ പകലിലെ തീരഗമനത്തിൽ കടൽകാക്കകളുടെ കിന്നാരം. മണലിൽ ലക്ഷണമൊത്ത വെള്ളാരം കല്ലുകൾ. സാഗരം ശാന്തം, അതിന് നീലനിറം. നടന്നു വന്ന ജീവിതവഴിയെ അപ്പോൾ ഞാൻ ഓർക്കും. ഈ കര അനുഗ്രഹം തന്നെ, പക്ഷേ ഇനിയുമേറെ മുന്നോട്ടു പോകാനുണ്ട്. തോളിൽ ഭാരമുള്ള മാറാപ്പുകൾ, മുന്നിൽ ഉറപ്പില്ലാത്ത വഴി. ഈ നടത്തം നല്ലതാണ്, മനസ്സിന്റെ ഭാരം കുറയും, ചിന്തകൾക്ക് തെളിമ വരും. തീരത്തിനപ്പുറം ബ്രിട്ടൻ, കടലിലൂടെ തെക്കുകിഴക്ക് നീങ്ങിയാൽ സ്പെയിൻ, പോർച്ചുഗൽ, ജിബ്രാൾട്ടർ, ആഫ്രിക്ക. സ്വപ്നങ്ങൾക്ക് പരിധിയില്ല. തൽക്കാലം ഭാവനയിൽ പോയി വരാം.

തീരത്തിനു തെക്ക് ഒരു മലയുണ്ട് - ബ്രേ ഹെഡ്. വിക്ക്ലോ മലനിരകളുടെ കിഴക്കൻ കണ്ണി, 241 മീറ്റർ ഉയരം. ഒരു ഞായറാഴ്ച ഉച്ച കഴിഞ്ഞ്, സുഹൃത്തിനോപ്പം മല കയറി. കാട്ടുപൂക്കളുടെ സുഗന്ധം നിറഞ്ഞ നടപ്പാതയിലൂടെ, ഇടതൂർന്ന് വളരുന്ന കുറ്റിച്ചെടികളെ വകഞ്ഞു മാറ്റി കിതച്ചും ആഴത്തിൽ ശ്വസിച്ചും ഉന്നതിയിലേക്ക്. കാട്ടിൽ ജീവൻ വെടിഞ്ഞ് ശിൽപരൂപം പോലെയുള്ള മരത്തടികൾ, അവ പുതുതലമുറയിലെ മരങ്ങളുടെ ആരോഗ്യത്തെ പോഷിപ്പിക്കുന്നു. കഠിനമായ കയറ്റം തീർന്ന് നെറുകയിലെത്തി. നെറുക കാണുമ്പോഴുള്ള ആനന്ദം വഴിയിൽ പിണഞ്ഞ തോൽവിയെ, കാത്തിരിപ്പിന്റെ വേദനയെ നിർവീര്യമാക്കും . നിസ്സഹായത നിറഞ്ഞ ദിനരാത്രങ്ങളിലെ നിരാശ മുഴുവൻ ആ നിമിഷം അലിഞ്ഞില്ലാതാകും. മുകളിൽ നിന്നാൽ തീരത്തിന്റെയും, അതിനെ അതിരിടുന്ന നിർമ്മിതികളുടേയും, അതിരു ഭേദിക്കുന്ന പട്ടണത്തിന്റേയും സമ്മോഹനമായ ഒരു ദൃശ്യം, അതിനപ്പുറം ദൂരെ വിക്ക്ലോ മലനിരകൾ. എതിർവശത്തു താഴെ സൗന്ദര്യം തുളുമ്പുന്ന നീലക്കടൽ, തലയുയർത്തിയ ശിലാ ദ്വീപുകൾ. മലയുടെ അപ്പുറം ഗ്രേസ്റ്റോൺസിനെ തേടി തുരങ്കത്തിൽ മറയുന്ന ഒരു തീവണ്ടി. 

Military museum, Dublin
Military museum, Dublin

ഒരു നേപ്പാളി പർവ്വതാരോഹകനുണുണ്ട് - നിർമൽ പുർജ. എണ്ണായിരം മീറ്ററിലധികം ഉയരമുള്ള പതിന്നാല് പർവതങ്ങൾ ഏഴ് മാസത്തിനുള്ളിൽ കീഴടക്കി! എവറസ്റ്റ് ഉൾപ്പെടെ. യൂറോപ്യൻ സാഹസികരുടെ നേട്ടങ്ങൾക്ക് പിന്നിൽ ഉയരങ്ങളിൽ അതിജീവനം സാധ്യമാക്കുന്ന നേപ്പാളി ഷെർപ്പകളുണ്ട്. പക്ഷേ ടെൻസിംഗ് നോർഗേക്കു ശേഷം അവരുടെ പേരുകൾ അധികമൊന്നും നാം കേട്ടില്ല. അതിനൊരു അറുതി വരുത്തി ഷെർപ്പകളുടെ അഭിമാനം വീണ്ടെടുക്കാൻ ഇംഗ്ലണ്ടിൽ സ്ഥിര താമസമാക്കിയ നിർമൽ ഇറങ്ങുന്നു. വർഷം 2019. ബ്രിട്ടീഷ് ആർമിയിൽ സേവനം ചെയ്തിട്ടുള്ള അയാൾ ഒരു സാഹസിക സംഘം രൂപീകരിച്ചു. ഭ്രാന്തമെന്ന് ലോകം മുദ്ര കുത്തിയ ലക്ഷ്യം നേടി അയാൾ പുറപ്പെട്ടു. അവസാന പർവതം കാൽക്കീഴിൽ അമരുമ്പോൾ ഏഴു മാസം തികഞ്ഞിരുന്നില്ല. പർവതാരോഹണം ഒരു രൂപകമാണ്. കൊടുമുടി കയറാത്തവരായി ആരുണ്ട്‌? ശീതക്കാറ്റും ഹിമപാതവും മനസ്സിനെ ഉലയ്ക്കുമെന്ന് നിശ്ചയം. ഉറച്ച ലക്ഷ്യം ഉള്ളവർക്ക് അതിജീവനം സാധ്യമാകും.

6. ഗ്രേസ്റ്റോൺസ്

ബ്രേ പട്ടണതീരത്തെ മലനിരകളെ മുറിച്ചു നീങ്ങുന്ന പാളത്തിലൂടെ കടലിന്റെ നീലിമ കണ്ട ഹ്രസ്വമായ ഒരു തീവണ്ടി യാത്ര കഴിഞ്ഞ്, ഗ്രേസ്റ്റോൺസ് പട്ടണത്തിൽ ഇറങ്ങി. എതിർ വശത്തെ പ്ളാറ്റ്ഫോമിലൂടെ പുറത്തു കടക്കണം. മേൽപ്പാലമുണ്ട്, പക്ഷേ അൽപം ദൂരെയാണ്. കുറുക്കുവഴിയാണ് കണ്ണിൽ പെട്ടത് - പാളം മുറിച്ചു കടന്നു. പ്ളാറ്റ്ഫോമിൽ പിടിച്ചു കയറുമ്പോൾ ഒരു റെയിൽവേ ഗാർഡിന്റെ പിടി വീണു. എന്റെ സാഹസം അയാൾ കാണുന്നുണ്ടായിരുന്നു. "എന്തു ധൈര്യത്തിലാണ് പാളം കുറുകെ കടന്നത്? ട്രെയിനിന് ശബ്ദം കുറവാണ്, വളവ് തിരിഞ്ഞു വരുന്നത് കാണാൻ പറ്റില്ല." പറഞ്ഞു തീർന്നതും ഒരു ട്രെയിൻ കടന്നു പോയി! "കനത്ത പിഴ ഈടാക്കും" - അയാൾ ഗൗരവത്തിൽ. സഹപ്രവർത്തകന്റെ വിളിയിൽ അയാളുടെ ശ്രദ്ധ മാറിയപ്പോൾ ഞാൻ മെല്ലെ പിന്തിരിഞ്ഞു. നാട്ടിൽ എത്രയോ തവണ പാളങ്ങൾ മുറിച്ചു കടന്നിരിക്കുന്നു? പക്ഷേ യൂറോപ്പിലെ സ്ഥിതി വ്യത്യസ്തമാണ്. സുരക്ഷക്ക് അതീവ പ്രാധാന്യമാണ് അവർ നൽകുന്നത്. ഇന്ത്യയിലെ സുരക്ഷാരഹിത നിത്യാഭ്യാസം പാശ്ചാത്യന് ഞെട്ടലുണ്ടാക്കും. പക്ഷേ മറ്റനേകം മേഖലകളിൽ അവർ നമ്മേക്കാൾ സാഹസികരാണ്. വ്യക്തിപരതയ്ക്കും സ്വാതന്ത്ര്യത്തിനും പ്രാധാന്യം നൽകിയാണ് അവർ കുട്ടികളെ വളർത്തുന്നത്. കുഞ്ഞായിരിക്കുമ്പോൾ തന്നെ മറ്റൊരു മുറിയിൽ കിടത്തി ഉറക്കുന്നതു മുതൽ പരിശീലനം തുടങ്ങുന്നു.

7. സാൻഡികവ്

മറ്റൊരിക്കൽ, വാസസ്ഥലമായ ബ്രേ പട്ടണത്തിൽ നിന്നും മെട്രോ ട്രെയിനിൽ ഒരു യാത്ര പോയി. എന്നൊരു ബീച്ച്. സമുദ്രജലം ഉരുട്ടിയെടുത്ത വെള്ളാരംകല്ലിലും പഞ്ചാര മണലിലും ചവിട്ടി ജയിംസ് ജോയ്സ് ടവർ തേടി ഞാൻ നടന്നു. ഐറിഷ് സാഹിത്യത്തിലെ മറ്റൊരു അതികായന്റെ സ്മാരകം, ജോയ്സ് പ്രേമികളുടെ തീർത്ഥാടന കേന്ദ്രം. ഇവിടെ ആറു രാത്രികളിലായി തന്റെ ഏറ്റവും പ്രശസ്തമായ നോവലിന്റെ (Ulysses, 1922) തുടക്കത്തിലെ രംഗങ്ങൾ ജോയ്സ് എഴുതി. ശീതകാലമായതിനാൽ മ്യൂസിയം തുറന്നിട്ടില്ല. വേനലിലും ശൈത്യത്തിലും രണ്ടു തരം പ്രവർത്തന സമയമാണ്. ചില കേന്ദ്രങ്ങൾ തണുപ്പുകാലത്ത് അടഞ്ഞു കിടക്കും, ചിലത് ആ ഋതുവിലേ തുറക്കൂ.

ബർണാഡ് ഷായുടെ ഭവനം തേടി ഒരിക്കൽ പോയെങ്കിലും ഇതേ കാരണത്താൽ പ്രവേശനം സാധ്യമായില്ല. ജയിംസ് ജോയ്സിനെ തേടിയുള്ള ആദ്യയാത്രയിലെ ഇച്ഛാഭംഗമാണോ കാരണം എന്നറിയില്ല, ഞാൻ ഒരിക്കലും അദ്ദേഹത്തെ വായിച്ചില്ല. ശാലകളിൽ ജോയ്സിന്റെ പുസ്തകങ്ങൾ (Ulysses, Dubliners) പലവുരു നേർക്കുനേർ വന്നു, പക്ഷേ വാങ്ങിയില്ല. ജോയ്സ് അയർലൻഡിന്റെ പ്രിയനായി നിലനിൽക്കുന്നു, പക്ഷേ ആ കൃതികൾ വായിക്കാൻ കഠിനമെന്ന് വിദേശികൾ പറയുന്നു. യൂളീസസിന് ഇപ്പോഴും ആരാധകരുണ്ട്, പക്ഷേ എന്റെ അഭിരുചി വ്യത്യസ്തമാണെങ്കിൽ ഞാനത് ഒരിക്കലും വായിക്കില്ല. വായന, സിനിമ, കല, യാത്ര - അവ തികച്ചും വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്, ആരേയും ബോധ്യപ്പെടുത്തേണ്ടതില്ല, ആൾക്കൂട്ടത്തെ പിൻചെല്ലേണ്ടതുമില്ല.

A church in Wicklow
A church in Wicklow

8. വിക്ക്ലോ (Wicklow)

ഒരു സാഹിത്യകൃതിയുടെ ചുവടു പിടിച്ച്, വിക്ക്ലോ കൗണ്ടിയുടെ ആസ്ഥാനത്തേക്ക് ഒരു തീവണ്ടി യാത്ര. പൗലോ കോയ്ലോയുടെ നോവൽ 'ബ്രിദ'യിൽ ഡബ്ലിനിൽ നിന്ന് ദൂരെയുള്ള വിക്ക്ലോയിലെ വനാന്തരത്തിൽ മാന്ത്രിക ശക്തിയുള്ള താപസനെ തേടി പോകുന്ന ഒരു പെൺകുട്ടിയുണ്ട്. പ്രണയവും അദ്ഭുതവും വിരഹവും ചേർന്ന ആഖ്യാനം. തീവണ്ടിയാത്രയിൽ ഇരുവശവും ഞാൻ വിശാലമായ ഹരിത സമതലം കാണുന്നു. ദൂരെ മലനിരകൾ. യാത്രയ്ക്കൊടുവിൽ പട്ടണത്തിൽ അലഞ്ഞു. ഒരു ജയിലും പള്ളിയും കണ്ടു. വീടുകളുടെ സവിശേഷമായ രൂപം കൗതുകമുണർത്തി. കെൽറ്റുകളുടെ സ്മരണ നിറഞ്ഞ ഉൾനാടുകൾ തേടാതെ മടങ്ങി. ഇവിടെ ലക്ഷ്യത്തേക്കാൾ വലുത് യാത്രയാണ്.

English Summary:

Discover Ireland: Top Scenic and Historic Spots Around Dublin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com