സ്വർണനഗരം കണ്ടൊരു യാത്ര, കൊളോണിയലിസവും കൊളംബിയയും
Mail This Article
ഏറെ കൗതുകത്തോടെയും ആശങ്കയോടെയും ആണ് ലാറ്റിൻ അമേരിക്കൻ സന്ദർശനം ആരംഭിച്ചത്. ഉയർന്ന കുറ്റകൃത്യങ്ങളുടെ കണക്കും മയക്കുമരുന്ന് കാർട്ടലുകളുടെ തലസ്ഥാനം എന്നും ആഭ്യന്തര കലഹങ്ങളുടെ ഈറ്റില്ലം എന്നും കുപ്രസിദ്ധി നേടിയ ലാറ്റിൻ അമേരിക്കയിലേക്കു വെറുതെ വന്നു കയറാൻ പറ്റില്ലല്ലോ. കൊളംബിയയുടെ തലസ്ഥാനം ആയ ബൊഗോട്ടയിൽ ഒരു ഉച്ചയ്ക്കു വന്നിറങ്ങുമ്പോളും ആ ആശങ്ക നെഞ്ചിടിപ്പ് കൂട്ടികൊണ്ടേയിരുന്നു. ജർമനിയിൽ സുഹൃത്തായിരുന്ന പിലാർ ആണ് ഇന്നാട്ടുകാരി എന്ന് പറയാവുന്ന ഏക പരിചയം (അവർ വളരെ കാലമായി യൂറോപ്പിലാണ്). അവരുടെ ഉപദേശം വളരെ സൂക്ഷ്മതയോടെ യാത്ര ചെയ്യണം എന്നതായിരുന്നു. പതിനെട്ടു മണിക്കൂർ വേണം ചിലെയിലേക്കുള്ള വിമാനം കയറാൻ. കയ്യിലുള്ള അമേരിക്കൻ വീസ ഉപയോഗിച്ച്, കൊളംബിയ സന്ദർശിക്കാൻ തീരുമാനമെടുത്തു. വിമാനത്താവളത്തിനു പുറത്തു കടന്നപ്പോൾ ഇംഗ്ലീഷ് എന്നത് ഒരു രാജ്യാന്തര ഭാഷ അല്ല എന്നു തോന്നിപ്പോയത്. സ്പാനിഷ് ഭാഷ മാത്രമേ എങ്ങും സംസാരിക്കുന്നുള്ളു, എഴുതിയിട്ടുള്ളു. അറിയാവുന്ന ലാറ്റിൻ പ്രയോഗിച്ചു, എഴുത്തു മനസ്സിലാക്കി. പക്ഷേ സംസാരം ലവലേശം മനസ്സിലാകില്ല. വൈഫൈ സൗകര്യവും ഇന്നാട്ടിൽ വലിയതോതിൽ ഇല്ല. എങ്ങനെ തലസ്ഥാനനഗരത്തിലേക്കു പോകണം എന്നറിയാതെ കുഴങ്ങിപോയ എനിക്ക് സഹായമായി ആന്ദ്രേയസ് എന്ന എയർപോർട്ട് ഉദ്യാഗസ്ഥൻ രക്ഷക്കെത്തി. ജെസ്യൂട്ടിട് സ്ഥാപനത്തിൽ പഠിച്ച കാരണം ഇംഗ്ലീഷ് അറിയാമെന്നു പറഞ്ഞപ്പോൾ ഞാൻ എന്റെ മദ്രാസിലെ ജെസ്യൂട്ടിട് പഠനകാലത്തെപ്പറ്റി പറഞ്ഞു. പറഞ്ഞറിയിക്കാൻ പറ്റാത്ത സ്നേഹവായ്പോടെ എനിക്ക് ബസ് പറഞ്ഞു തന്നു എന്നു മാത്രമല്ല, അതിന്റെ ടിക്കറ്റ് കൂടെ എടുത്ത്, നാഷണൽ മ്യൂസിയത്തിലേക്ക് എത്തിച്ചു.
നാഷണൽ മ്യൂസിയത്തിൽ പുസ്തകത്തിൽ കണ്ടു പഠിച്ച കോളുമ്ബുസിന്റെ പര്യടനത്തിനു മുൻപുള്ള ജനവിഭാഗത്തിന്റെ സംസ്കാരവും ചരിത്രവും കുറെ പഠിക്കാൻ പറ്റി. സ്പാനിഷ് അധിനിവേശകലവും സ്വാതന്ത്ര്യവും ആഭ്യന്തര കലാപവും ഒക്കെ അടങ്ങുന്ന കൊളംബിയയുടെ ചരിത്ര മുഹൂർത്തങ്ങളിലേക്ക് ഉള്ള പ്രയാണമായിരുന്നു അത്. അവിടെ നിന്ന് കൊളംബിയയുടെ അതിപ്രശസ്‌തമായ സ്വർണ മ്യൂസിയത്തിലേക്കാണ് പോയത്. കൊളംബസിന്റെ പര്യവേക്ഷണത്തിനു മുൻപ് അവിടെ അധിവസിച്ചിരുന്ന സമൂഹം സ്വർണത്തെ ഒരു ദൈവികലോഹം ആയി പരിഗണിച്ചിരുന്നു. സ്വർണനഗരം ആയ എൽഡോറാഡോ തേടി വൈദേശികർ നടത്തിയ പര്യവേക്ഷണങ്ങൾ പ്രശസ്‌തമാണല്ലോ. അതിന്റെ പരിച്ഛേദം ആണ് തലസ്ഥാനനഗരമായ ബൊഗോട്ടയിൽ ഒരുക്കിയിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉരുപ്പടികൾ സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം. ഒരു പക്ഷെ തിരുവനന്തപുരത്തെ ക്ഷേത്രത്തിലെ അമൂല്യസമ്പത്തിന്റെ ചരിത്രം ഭാവിതലമുറക്ക് ഇതുപോലൊരു മ്യൂസിയം സാധ്യമാക്കിയാൽ മനസ്സിലാക്കാൻ സാധിക്കും. ഒരു വർഷം ഏതാണ്ട് അഞ്ചുലക്ഷം ജനങ്ങൾ കൊളംബിയയിൽ കാണാൻ എത്തുന്നുണ്ടെങ്കിൽ, ഇന്ത്യയിൽ അതിന്റെ അളവ് അതിലും എത്രയോ വലുതായിരിക്കും. ക്ഷേത്രപരിപാലനത്തിനും പൈതൃകസംരക്ഷണത്തിനും വേറെ സമ്പത്ത് തേടേണ്ടതില്ല എന്നതായിരിക്കും വേറൊരു ആശ്വാസം.
അവിടെ നിന്ന് നഗരഹൃദയം ആയ പ്ലാസ ഡി ബൊളിവർ ആയിരുന്നു അടുത്ത ലക്ഷ്യം. കൊളമ്പിയയുടെ പ്രധാന ചത്വരമായ ഇവിടെയാണ് ദൈനംദിന സാമൂഹിക രാഷ്ട്രീയ ജീവിതത്തിന്റെ പ്രകമ്പനങ്ങൾ ഏറെ ഉള്ളത്. സർകസും സമരങ്ങളും കച്ചവടക്കാരും സഞ്ചാരികളെ കയറ്റാനായി അണിയിച്ചൊരുക്കിയ ലാമകളും (തെക്കേ അമേരിക്കയിൽ കാണുന്ന ഒട്ടകസദൃശമായ ജീവി, മാംസത്തിനും യാത്രവശ്യത്തിനും പരിപാലിക്കുന്നു), ഒക്കെയായി ബഹളമയമായിരുന്നു ആ ചത്വരം. അതിന്റെ നാലുവശവും ചേരുന്നതാണ് കൊളംബിയയുടെ ഹൃദയം. വടക്കുഭാഗത്ത് സുപ്രീംകോടതിയും തെക്കുഭാഗത്ത് കോൺഗ്രസ്സും കിഴക്കുവശത്ത് കത്തീദ്രൽപ്പള്ളിയും പടിഞ്ഞാറുവശത്ത് ചരിത്ര-സാംസ്‌കാരിക കേന്ദ്രമായ ലീവെൻ കൊട്ടാരവും ചേരുന്നതാണ് പ്ലാസ ഡി ബൊളിവർ. ഇവിടുത്തെ പ്രധാന ഭക്ഷണങ്ങളിലൊന്നായ ആരെപ്പ (ചോളമാവുകൊണ്ടുണ്ടാക്കുന്ന കട്ടിയുള്ള അപ്പം) മധുരമുള്ള ക്രീമിനൊപ്പം കഴിച്ചുകൊണ്ട്, ഞാൻ അടുത്ത ലക്ഷ്യസ്ഥാനമായ സാന്റാണ്ടേ പ്ലാസയിലേക്ക് നടന്നു. സൈമൺ ബൊളിവറിനൊപ്പം തോളോടുതോൾ ചേർന്നു സ്പാനിഷ് അധിനിവേശത്തിനെതിരെ പോരാടിയ രാഷ്ട്രതന്ത്രജ്ഞനും പിന്നീട് 1830കളിൽ പഴയ ന്യൂ ഗ്രാനഡയുടെ പ്രസിഡന്റുമായിരുന്നു ഫ്രാൻസിസോ ഡി പോള സാന്റണ്ടേ. 1557 ലെ സ്പാനിഷ് അധിനിവേശകാലത്ത് പണികഴിപ്പിച്ച സെയിന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ പോയി. അവിടെ നടന്നുകൊണ്ടിരുന്ന പ്രാർഥനകൾക്കു ശേഷം, ഞാൻ 1623 ൽ പൂർത്തിയാക്കിയ സ്വർണാലംകൃതമായ ബറോഖ് നിർമിതിയിലെ അൾത്താര കണ്ടു അദ്ഭുതപ്പെട്ടുപോയി.
എങ്ങും കോപ്പ അമേരിക്കയുടെ പ്രകമ്പനങ്ങൾ ആണ്, എല്ലാ പ്രധാന ജംഗ്ഷനിലും റേഡിയോ കമന്ററി കേൾക്കുന്നുണ്ടായിരുന്നു. ഒരോ പ്രധാന നീക്കങ്ങളും ജോലിയുടെ ഇടയിലും ശ്രദ്ധിക്കുന്ന ജനങ്ങൾ, ഓരോ ഗോളും മതിമറന്നു ആഘോഷിച്ചു. ഗോളുകൾ വെടിശബ്ദങ്ങളും വിസിലടികൾക്കു ഇടയിലും പെട്ട്, ഒരു നഗരമാകെ സ്റ്റേഡിയം ആയ പ്രതീതി ആയിരുന്നു അപ്പോൾ. ഫ്രാങ്ക്‌വ എന്നൊരു മനുഷ്യൻ അദ്ദേഹത്തിന്റെ ഇഷ്ട ടീമിന് ഗോൾ നേടിയപ്പോൾ കാപ്പി മിത്തായി നൽകി പൊട്ടിച്ചിരിച്ചു കടന്നുപോയതും വേറിട്ട ഒരു അനുഭവം ആയി.
നഗരത്തിന്റെ പ്രധാന ഭാഗങ്ങൾ ഒക്കെ പൂർത്തിയാക്കുമ്പോൾ, ഞാൻ പെസോയിലേക്ക് വിനിമയം നടത്തി മാറ്റിയിരുന്നതൊക്കെ ചെലവായതേയില്ല. ഒരു സൂപ്പർ മാർക്കറ്റിൽ കയറി, ഒരു ജൂസും രാത്രിയിലേക്കു കഴിക്കാനുള്ളതും വാങ്ങി എയർ പോർട്ടിലേക്കു പോകാം എന്നു വിചാരിച്ച് ബസ് സ്റ്റേഷനിലേക്കു നടന്നപ്പോളാണ്, ഇവിടെ യാത്ര ചെയ്യാൻ കാർഡ് വേണം എന്ന് മനസ്സിലായത്. ആന്ദ്രേയസ് ഉച്ചക്ക് എന്നെ കൊണ്ടു പോയതു കാരണം എനിക്ക് അത് അറിയില്ലായിരുന്നു. കൗണ്ടറിൽ സ്പാനിഷ് അല്ലാതെ വേറെ ഭാഷ വഴങ്ങുകയും ഇല്ല. ആ സമയം അന്ന എന്നുപേരുള്ള ഒരു സ്ത്രീ അവിടെ ഉണ്ടായിരുന്നു. ഞാൻ പറയുന്നത് എന്തെന്നു മനസ്സിലാക്കാൻ ഇന്റർനെറ്റ് ഓൺ ചെയ്ത് അവരുടെ ഫോൺ എനിക്കു തന്നു. വിമാനത്താവളത്തിലേക്കു പോകാനാണ് എന്നു പറഞ്ഞപ്പോൾ, അവരുടെ വകയായി എനിക്ക് ഒരു ട്രാവൽ കാർഡ് എടുത്തു തന്നു. എത്ര നിർബന്ധിച്ചിട്ടും അവരാ പണം വാങ്ങിയില്ല എന്നു മാത്രമല്ല, അവർ സൂപ്പർ മാർക്കറ്റിൽ നിന്നു വാങ്ങിയ ഭക്ഷണപ്പൊതി എനിക്ക് അടുത്ത ദിവസത്തേക്കും മറ്റും ആവശ്യം വരുമെന്ന് പറഞ്ഞു നൽകി. അവിടെയും മതിയാകാതെ അവർ എന്നെ എം 86 എന്ന ബസിൽ കയറ്റി, കൂടെ യാത്ര ചെയ്തു വിമാനത്താവളത്തിൽ എത്തിച്ചു. മാതൃസഹജമായ അന്നയുടെ വാത്സല്യം എന്നെ അത്രത്തോളം വികാരാധീനനാക്കി. മാതൃത്വത്തിനു ഭാഷ ആവശ്യം ഇല്ല എന്ന് സ്വതസിദ്ധമായ കാരുണ്യത്തോടെ അന്ന തെളിയിച്ചു. ഇപ്പൊ ബൊഗോട്ടയിലെ എൽ ഡോറാഡോ വിമാനത്താവളത്തിലിരുന്നു ഇത് കുറിക്കുമ്പോൾ, കൊളംബിയയും ബൊഗോട്ടയും, ഇവിടുത്തെ നല്ലവരായ ജനങ്ങളും മനസ്സിൽ ഒരു കുളിരായി നിലനിൽക്കുന്നു. ഞാൻ എന്ത് പ്രതീക്ഷിച്ചു ഇങ്ങോട്ടു വന്നോ, അതൊക്കെ അസ്ഥാനത്താണെന്ന് ഉറപ്പിച്ചിരിക്കുന്നു ഇവിടെ ഞാൻ കണ്ടുമുട്ടിയ മനുഷ്യർ.
തദ്ദേശീയരായ മുയിസ്ക ജനത വിശ്വസിച്ചിരുന്ന പോലെ സ്വർണമടക്കം എല്ലാം വ്യക്തിസ്വത്ത് എന്ന ഇടുങ്ങിയ ചിന്തക്കപ്പുറം പ്രതേക അർഥതലങ്ങൾ ഉള്ള പ്രതീകങ്ങൾ ആയാണ് അവർ കണ്ടത്. സ്വർണാഭരണവിഭൂഷിതനായി, ശരീരത്തിൽ സ്വർണപ്പൊടി വിഭൂതിയാക്കി ഗ്വാട്ടവിറ്റ തടാകത്തിൽ മുങ്ങി ആ സ്വർണം കഴുകിക്കളയുമ്പോൾ ആയിരുന്നു അവരുടെ ഭരണാധികാരി പരിപാവനമായ സ്വർണസൂര്യനിൽ നിന്ന് മനുഷ്യനായി അവതരിച്ചിരുന്നത്. ഒന്നും കൈവശം വയ്ക്കാതെ ഉപേക്ഷിക്കാൻ ധൈര്യമുണ്ടായിരുന്ന സമത്വ സുന്ദരലോകത്തേയ്ക്കല്ലേ കോളനിവത്കരണം നടത്തി കപടതയുടെയും കുറ്റകൃത്യങ്ങളുടെയും നാടെന്നു മുദ്രകുത്തിയതെന്നു ഓർത്തുപോയി. അവർ തേടിയ എൽ ഡോറാഡോ ഈ ജനങ്ങളുടെ ഹൃദയശുദ്ധി അല്ലായിരുന്നോ?
മദ്രാസ് ഐഐടിയിലെ സീനിയർ റിസർച് ഫെല്ലോയാണ് ലേഖകൻ ജല- പാരിസ്ഥിതിക ചരിത്രത്തിൽ ഗവേഷണം നടത്തുന്നു.