പുസ്തകങ്ങളുടെ കാന്തിക പ്രഭാവം തേടി സന്ദർശകർ ഇവിടെത്തുന്നു
Mail This Article
കാലം 2007-2009. ഒരു വിദ്യാർഥിയായി അയർലൻഡിൽ ഇറങ്ങി ഒരാഴ്ചയ്ക്കുള്ളിൽ സഞ്ചാരം തുടങ്ങി. ബ്രേ എന്ന തീരദേശ പട്ടണത്തിൽ നിന്നും ദിവസേന ഇരുപത് കിലോമീറ്റർ ദൂരം സഞ്ചരിച്ച് ഡബ്ലിൻ നഗരത്തിൽ പഠിക്കാൻ പോകുന്നതിന് പുറമേയാണിത്. ഞാൻ സന്ദർശിക്കുന്ന ആദ്യത്തെ വിദേശരാജ്യം. പിറന്നു വീണ കുഞ്ഞിനെ പോലെ കാണുന്നതെല്ലാം കൗതുകം, പുതിയ കരയിൽ മറുപിറവി. ഒരു ദിവസം സിറ്റി സൈറ്റ് സീയിംഗ് കമ്പനിയുടെ ബസിൽ കയറി. എല്ലാ പ്രമുഖ യൂറോപ്യൻ നഗരങ്ങളിലും ഇത്തരം മുകൾ ഭാഗം തുറന്ന വാഹനങ്ങൾ ഉണ്ട്. ഹോപ്പ് ഓൺ ഹോപ്പ് ഓഫ്. മുകൾത്തട്ടിലിരുന്ന് കാണുന്ന കാഴ്ചക്കു പുറമേ ഇഷ്ടപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിൽ ഇറങ്ങാം, ചുറ്റിയടിച്ച ശേഷം അടുത്ത ബസിൽ കയറാം. അന്ന് ഞാൻ ഇറങ്ങിക്കയറിയില്ല. ഇപ്പോൾ ഒരു വിഹഗ വീക്ഷണം, വിശദമായി പിന്നീട്. സെയിന്റ് പാട്രിക്ക് കത്തീഡ്രൽ, ഒക്കോണൽ സ്ക്വയർ, ലിഫി നദി, കൊളോണിയൽ പോസ്റ്റ് ഓഫീസ്, ട്രിനിറ്റി കോളേജ്, ഗിന്നസ് ബ്രൂവറി - ദൃശ്യങ്ങൾ ഒന്നൊന്നായി പിന്നോട്ട് പാഞ്ഞു കൊണ്ടിരുന്നു. പിന്നീടുള്ള രണ്ടു വർഷം പല സമയത്തായി കണ്ട നഗരക്കാഴ്ചകളിൽ ചിലത് ഇവിടെ സമാഹരിക്കാം.
1. വർഷം 2007
ശരത്കാലത്തിന്റെ അന്ത്യം. നവംബറിൽ തണുപ്പ് തുടങ്ങി, പകലിന്റെ നിളം കുറഞ്ഞു. നാലരയോടെ സൂര്യൻ അസ്തമിക്കും, വെളുക്കുന്നത് രാവിലെ ഏഴരയ്ക്ക്. നഗരം എനിക്ക് അപരിചിതമാണ്. പ്രകാശം കുറയുമ്പോൾ പരിഭ്രമമുണ്ട്. ദിനരാത്രങ്ങൾ തുല്യമായ ദേശത്തു നിന്ന് പടിഞ്ഞാറിന്റെ ശീതലോകത്തേക്കുള്ള മാറ്റവുമായി പതിയെ പൊരുത്തപ്പെട്ടു. ഡബ്ളിൻ നഗരത്തിലെ ആദ്യരാവുകൾ അൽപം ഭയം കലർന്ന, മധുരമുള്ള ഓർമയാണ്. നഗരവാസികളുടെ വസ്ത്രധാരണം, പബ്ബ് സംസ്കാരം നിഴലും വെളിച്ചവും ഇടകലരുന്ന ശിൽപഭംഗിയുള്ള ബാങ്ക് കെട്ടിടങ്ങൾ, തെരുവിലേക്കു തുറന്ന പണജാലകം (ATM), ഗതാഗത താളം മുറിച്ച് ആർത്തനാദം മുഴക്കി പായുന്ന ആംബുലൻസ്. വായുവിൽ നിറയുന്ന ബർഗറിന്റെ ഗന്ധം. തെരുവിൽ സന്ധ്യയോട് വിടപറയുന്ന ഗായകർ. മനസ്സിൽ നഷ്ടബോധമായി നാടും വീടും. അങ്ങകലെ ബ്രേ എന്ന തീരദേശ പട്ടണത്തിൽ, എന്നെ കാത്തിരിക്കുന്ന മറ്റൊരു വീട്. പഠനം കഴിഞ്ഞ് ജോലിയുള്ള ദിവസം നഗരത്തിരക്കിലൂടെ നടന്നു പോകും. ലിഫി നദിയിൽ വിചിത്രാകാരമുള്ള ബോട്ടുകൾ. നിരത്തിൽ മഞ്ഞയും നീലയും നിറമുള്ള ഇരുനില ബസുകൾ.
2. വർഷം 2008, ഒരു വേനൽപ്പകൽ
കെല്ലുകളുടെ മഹത്തായ പുസ്തകം തേടി വരുന്ന സഞ്ചാരികളുടെ ഒരു സംഘത്തിൽ ഞാനുമുണ്ട്. ഡബ്ലിൻ യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനമായ ട്രിനിറ്റി കോളജിൽ ഒരു നടപ്പു സഞ്ചാരം. ഇവിടുത്തെ ഒരു വിദ്യാർഥിനിയാണ് ഞങ്ങളുടെ ഗൈഡ്. 'ക്ഷമിക്കണം, ഞങ്ങൾ ഐറിഷുകാർ വേഗത്തിൽ സംസാരിക്കും.' - അവൾ വിവരണം തുടങ്ങി. 1592-ൽ ഒന്നാം എലിസബത്ത് രാജ്ഞിയാണ് ഈ സർവ്വകലാശാല സ്ഥാപിച്ചത്. അയർലൻഡിലെ ഏറ്റവും പഴയത്. ബ്രിട്ടിഷ്-ഐറിഷ് പ്രദേശത്തെ ആറ് പുരാതന കലാശാലകളിൽ ഒന്ന്. ഓക്സഫഡിന്റേയും കേംബ്രിജിന്റേയും മാതൃകയിൽ ട്രിനിറ്റിയും വിഭാവന ചെയ്തു. യൂറോപ്പിലെ ഒന്നാംകിട വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിരയിൽ സ്ഥാനം. ഞങ്ങൾ നടത്തം തുടർന്നു. ശിൽപചാരുതയുള്ള മന്ദിരങ്ങളുടെ ഇടയിൽ തുറസ്സായ ഇടങ്ങൾ, തണൽമരങ്ങൾ. രാജ്യത്തെ ഏറ്റവും വലിയ ഗവേഷണ ഗ്രന്ഥശാലയാണ് കൺമുന്നിൽ. അമ്പത് ലക്ഷം പുസ്തങ്ങൾ, അതിൽ മുപ്പതിനായിരം കയ്യെഴുത്തു പ്രതികൾ. പഴയ ഗ്രന്ഥശാല ഒരു വാസ്തുശിൽപ വിസ്മയമാണ്. അകത്തളത്തിൽ നടവഴിയുടെ ഇരുവശത്തുമുള്ള കൂറ്റൻ വോൾട്ടുകളിൽ പഴമയുടെ ഗന്ധവുമായി വിരാജിക്കുന്ന പുസ്തക ഭീമന്മാർ. ഞങ്ങൾ ഭൂതകാലത്തിലേക്ക് നീളുന്ന ഒരു റാബിറ്റ് ഹോളിൽ വീണത് പോലെ. ട്രിനിറ്റി ലൈബ്രറിയിലെ ഏറ്റവും വലിയ ആകർഷണമാണ് പന്ത്രണ്ട് നൂറ്റാണ്ട് പഴക്കമുള്ള ബുക്ക് ഓഫ് കെൽസ്. വർഷത്തിൽ ആറു ലക്ഷം സന്ദർശകർ. ആ ഗ്രന്ഥത്താളുകളുടെ കാന്തിക പ്രഭാവത്തിന്റെ കാരണം തേടി ഞാൻ നടന്നു.
3. ക്രൈസ്റ്റ് ചർച്ച് കത്തിഡ്രൽ
ആംഗ്ളിക്കൻ സഭയുടെ ഡബ്ലിൻ രൂപതാ ആസ്ഥാനം. 'കത്തീഡ്ര' എന്നാൽ ഗ്രീക്ക്/ലാറ്റിൻ ഭാഷകളിൽ ഇരിപ്പിടം എന്നർത്ഥം. ഈ പ്രദേശം സ്കാൻഡിനേവിയയിലെ നാവിക ഗോത്രമായ വൈക്കിങ്ങുകളുടെ കേന്ദ്രമായിരുന്നു. പതിനൊന്നാം നൂറ്റാണ്ടിൽ, ഒരു വൈക്കിങ് രാജാവ് ഈ ദേവാലയം സ്ഥാപിച്ചു. പിന്നീട് പല നൂറ്റാണ്ടുകളിലായി പുതിയ അവകാശികൾ പുതുക്കി പണിതു. പതിനാറാം നൂറ്റാണ്ടിലെ ക്രിസ്ത്യൻ റിഫർമേഷനു ശേഷം രാജാധികാരത്തിലൂടെ ആംഗ്ളിക്കൻ ആസ്ഥാനമായി. നഗരത്തിൽ വിശുദ്ധ പാട്രിക്കിന്റെ പേരിൽ മറ്റൊരു മെഡീവൽ കത്തീഡ്രലുമുണ്ട്; അത് കത്തോലിക്ക സഭയുടെ നിയന്ത്രണത്തിൽ. കഴിഞ്ഞ കാലത്ത് ഈ രണ്ടു സ്ഥാപനങ്ങൾക്കിടയിൽ തർക്കങ്ങളും കലഹങ്ങളും നടന്നിട്ടുണ്ട്, ഇപ്പോൾ സ്ഥിതി ശാന്തം. രണ്ട് മഹദ് ദേവാലയങ്ങൾ മധ്യകാല വാസ്തുവിദ്യയുടെ കേദാരങ്ങളായി നിലകൊള്ളുന്നു. ക്രൈസ്റ്റ് ചർച്ച് ഡബ്ലിൻ കൗണ്ടിയിലെ ഏറ്റവും സമ്പന്നമായ മതസ്ഥാപനമാണ്. ഭൂമിയായി മാത്രം പതിനായിരം ഏക്കർ സ്വന്തം. ഉൾഭാഗത്ത് ഗോഥിക് ശിൽപ്പകലയുടെ മാസ്മരികത കാണാം. അരണ്ട വെളിച്ചത്തിൽ തെളിയുന്ന ബാപ്റ്റിസ്ട്രിയും സക്രാരിയും. കൂറ്റൻ കമാനങ്ങളുടെ താഴെയുള്ള നടത്തം, കാലത്തിനു പിന്നിലേക്കുള്ള ചുവടുവയ്പ്. ഉന്നതങ്ങളിൽ നിന്ന് ചിതറി വീഴുന്ന വെളിച്ചം വർണാഭമായ ജാലകങ്ങളിലൂടെ കടന്ന്
സുന്ദരമായ ദൃശ്യമൊരുക്കുന്നു. അന്തരീക്ഷം ഭക്തിസാന്ദ്രമാക്കുകയാണ് ഈ കലാസൃഷ്ടിയുടെ ലക്ഷ്യം.
4. നൈറ്റ് പബ്ബ് ക്രൗൾ
സഞ്ചാരികൾക്കായി നഗരപരിധിയിലുള്ള ഏതാനും പബ്ബുകൾ കയറിയിറങ്ങുന്ന വോക്കിങ് ടൂർ. പബ്ബ് അഥവാ പബ്ലിക് ഹൗസ് ഒരു മദ്യപാന കേന്ദ്രം മാത്രമല്ല. ഒഴിച്ചു വച്ച മദ്യത്തിനും വിളമ്പിയ ഭക്ഷണത്തിനും ചുറ്റും സൗഹൃദങ്ങൾ പൂക്കുന്ന, ഗൗരവമുള്ള ചർച്ചകൾ സംഭവിക്കുന്ന ഇടം. എഴുത്തുകാരും സംഗീജ്ഞരും മേളിക്കുന്ന സാംസ്കാരിക കേന്ദ്രം. പഴയ പബ്ബുകളിൽ കൺട്രി മ്യൂസിക് പതിവാണ്. പുതിയ സ്പോർട്സ് ബാറുകളിൽ ചടുലമായ പാശ്ചാത്യ സംഗീതം. കറുത്തു കുറുകിയ കയ്പുനീരാണ് ഈ പബ്ബുകളിലെ ജനപ്രിയ ദ്രാവകം. ഗ്വിന്നസ് ബിയർ! അയർലൻഡിന്റെ ദേശീയ പാനീയം. ലോകത്തിലെ ഏറ്റവും ലാഭകരമായ ആൽക്കഹോൾ ബ്രാൻഡുകളിൽ ഒന്ന്. രണ്ടര നൂറ്റാണ്ട് ചരിത്രമുണ്ട് ഈ ലഹരിക്ക്. ഗ്വിന്നസിന്റെ ആദ്യ ബ്രൂവറി സ്ഥാപിച്ച സെയിന്റ് ജെയിംസ് ഗേറ്റ് ഇപ്പോൾ സഞ്ചാരികളുടെ പ്രിയ ലക്ഷ്യമാണ്. 2008-ൽ പ്രധാന ബ്ര്യൂവറി നഗരത്തിനു പുറത്തേക്ക് മാറ്റാനുള്ള തീരുമാനത്തിൽ പൊതുജന രോഷമുണ്ടായി. ഗ്വിന്നസ് ഒരു വികാരമാണ്. നഗരസഭ ഇടപെട്ട് ആ നീക്കം തടഞ്ഞു. 2008-ലെ പുതുവർഷ തലേന്ന് ഒരു ബാർബർ എന്നോടു പറഞ്ഞു - ഇന്ന് രാത്രി പത്തിരുപത് കാൻ ഗ്വിന്നസ് അകത്താക്കും! വിശേഷ രുചിഭേങ്ങളിൽ (Stout, draught) പുറത്തിറങ്ങുന്ന ഈ ബിയറിന്റെ പ്രധാന ചേരുവ ബാർലിയാണ്. ഇതെന്റെ പ്രിയ പാനീയമല്ല, ഈ കയ്പുകഷായത്തിന്റെ മാന്ത്രികത എന്തെന്ന് ഇതുവരെ മനസ്സിലായില്ല.
5. ഫീനിക്സ് പാർക്ക്
നഗര കേന്ദ്രത്തിൽ നിന്ന് തെല്ലകലെ വിശാലമായ ഫീനിക്സ് പാർക്ക്. യൂറോപ്പിലേയും അമേരിക്കയിലേയും കിഴക്കനേഷ്യയിലേയും നഗരങ്ങളിൽ ഇത്തരം പച്ചത്തുരുത്തുകൾ സാധാരണം. ചിലത് പുതിയതെങ്കിൽ മറ്റു ചിലതിന് നൂറ്റാണ്ടുകൾ പഴക്കം. നഗരാസൂത്രകർ അവയുടെ സ്ഥാനം ഒരിക്കലും അവഗണിച്ചില്ല. നഗരത്തിന്റെ ശ്വാസകോശമാണ് വൃക്ഷലതാദികൾ നിറഞ്ഞ ഈ ഭൂവിടങ്ങൾ. നഗരപരിധിക്കുള്ളിലും പുറത്തും അവയുണ്ട്. ആരോഗ്യമുള്ള മനസ്സും ശരീരവും പരമപ്രധാനമാണ്. ഇവിടെ പാർക്ക് എന്നാൽ പൂക്കൾ നിറഞ്ഞ ഉദ്യാനം മാത്രമല്ല.
മഴ പെയ്യുന്ന ഒരു പകലിൽ, ഫീനിക്സ് പാർക്കിലെ മൃഗശാലയിൽ. ഇത്രയും വലിപ്പമുള്ള, ഇത്ര കേമമായി രൂപകൽപ്പന ചെയ്ത മൃഗഗേഹം കാണുന്നത് ഇതാദ്യം. ഏഷ്യൻ കാട്, ഒറാംഗ് ഉട്ടാൻ, കാസിരംഗ ട്രെയിൽ, ആഫ്രിക്കൻ സമതലം, ആർക്ടിക് സർക്കിൾ, സൗത്ത് അമേരിക്കൻ ഹൗസ് എന്നിങ്ങനെ വിവിധ മേഖലകൾ. ആഫ്രിക്കൻ സീബ്രകളും ഏഷ്യൻ ആനകളും തിമിർത്തു നടക്കുന്നു. പെൻഗ്വിനുകളുടെ മന്ദഗമനവും ഫ്ളെമിംഗോ നൃത്തവും സന്ദർശകരെ ആനന്ദിപ്പിക്കുന്നു. ഈറനണിഞ്ഞ ഈ ദിവസം പച്ചപ്പിന് അനുയോജ്യമാണ്. നടക്കുമ്പോൾ ഉള്ള് തണുക്കുന്നു.
വേനലിലെ നീളമുള്ള പകൽ ആശ്വാസമാണ്. സൂര്യാസ്തമയം (രാത്രി!) പത്തു മണിക്ക്. മങ്ങിയ പ്രകാശം പതിനൊന്ന് വരെ കാണും ഒമ്പത് കഴിയുമ്പോൾ സുന്ദരസന്ധ്യ. മറ്റൊരു ദിവസം ഞാൻ നഗരത്തിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെ ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശിച്ചു. ഇരുന്നൂറ് വർഷം മുമ്പ് സ്ഥാപിതമായ മറ്റൊരു ഹരിതഭൂവ്. പ്രവേശനം സൗജന്യം. ഇവിടെ രണ്ടായിരം തരം സസ്യങ്ങളുണ്ട്. ഉണക്കി സൂക്ഷിക്കുന്ന അനേകലക്ഷം സസ്യജനുസ്സുകളും. ഇതൊരു ഹോർട്ടികൾച്ചർ ഗവേഷണ കേന്ദ്രമാണ്. സുതാര്യമായ ചില്ലുചുവരുള്ള ഗ്രീൻഹൗസ്. എങ്ങും ഹരിത സമൃദ്ധി. പ്രായമേറിയ വൃക്ഷങ്ങൾക്കു താഴെ പുല്ലിനിടയിൽ വെണ്മയുള്ള കുഞ്ഞുപൂക്കൾ. സ്വച്ഛമായൊഴുകുന്ന ഒരു അരുവിയുടെ തീരത്ത് ചിന്തയെ മറികടന്ന് സ്വാസ്ഥ്യം നേടിയ ഗ്രീക്ക് ചിന്തകൻ സോക്രട്ടീസിന്റെ പ്രതിമ.
6. ലിഫി നദി
നദീതടങ്ങളിൽ സംസ്കാരങ്ങൾ ഉത്ഭവിക്കുന്നു. കൃഷിയും ജലഗതാഗതവും മൽസ്യബന്ധനവും ഭവനനിർമാണവും അവയുടെ ചാരെ പുലരും. നദികൾ മനുഷ്യനെ വളർത്തും. ഏതൊരു പ്രമുഖ യൂറോപ്യൻ നഗരത്തിലും രക്തധമനി പോലൊരു സാംസ്കാരിക വാഹിനിയുണ്ട്. ലണ്ടന് തെംസ്, പാരിസിന് സെയിൻ, റോമിന് ടൈബർ, ബുഡപെസ്റ്റിന് ഡാന്യൂബ്, ബെർലിന് സ്പ്രീ, സെയിന്റ് പീറ്റേഴ്സ്ബർഗിന് നേവ, മോസ്കോയിൽ മോസ്ക്വാ. നഗരഗമനത്തിന്റെ അന്ത്യത്തിൽ ഞാൻ ലിഫി നദിയുടെ തീരത്തിരിക്കും. പലരൂപത്തിലുളള ജലവാഹനങ്ങൾ എന്നെ കടന്നു പോകും. കടലിൽ നിന്ന് കരയിൽ വരുന്ന സീഗളുകൾ അലസമായി പറക്കുന്നുണ്ടാകും.
നഗരത്തിന്റെ ജീവദായിനായ ലിഫി ഡബ്ലിൻ ഉൾക്കടലിൽ ലയിച്ച്, അറ്റ്ലാന്റിക് സമുദ്രത്തെ തേടുന്നു. 132 കിലോമീറ്റർ നീളം. ഉദ്ഭവം വടക്കൻ വിക്ക്ലോ മലനിരകളിൽ. വിക്ക്ലോ, കിൽഡയർ, ഡബ്ലിൻ കൗണ്ടികളെ സ്പർശിക്കുന്ന ഈ നദി ജനപഥങ്ങൾക്ക് ജീവനോപാദിയും അവരുടെ വിനോദ കേന്ദ്രവുമാണ്. ജീവൻ എന്നാണ് ലിഫി എന്ന പേരിനർത്ഥം. രണ്ടാം നൂറ്റാണ്ടിൽ ടോളമിയുടെ ഭൂപടത്തിൽ ലിഫിയുണ്ട്. വൈക്കിങ് കപ്പലുകൾ ഡബ്ലിൻ നഗരത്തെ തേടിവന്നത് ഈ നദിയിലൂടെ. ഡബ്ലിൻ നഗരത്തിൽ നദിക്കു കുറുകെ വാഹനങ്ങൾ കടന്നു പോകുന്ന അനേകം പാലങ്ങളുണ്ട്. സിറ്റി സെന്ററിലെ ഒക്കോണൽ ബ്രിജ് അതിൽ പ്രമുഖം. പാലം കടന്നാൽ ആകാശത്തെ തൊടാനായുന്ന സ്പൈർ. കാണാം - കൂർത്ത മുനയുള്ള ഒരു ശിൽപം. ബ്രിട്ടീഷ് സാമ്രാജ്യ ശക്തികൾക്കെതിരെ പൊരുതിയ ഐറിഷ് വിപ്ളവകാരികളുടെ രക്തം അവിടെ വീണിരിക്കുന്നു. നടപ്പാത മാത്രമുള്ള പാലങ്ങളും ലിഫിക്ക് മുകളിലുണ്ട്. അവയുടെ കലാചാതുര്യം ശ്രദ്ധേയം. അതിൽ രണ്ടെണ്ണം രൂപകൽപ്പന ചെയ്തത് വിശ്രുത സ്പാനിഷ് വാസ്തുശിൽപി സാന്റിയാഗോ കലട്രാവ.
7. ഡബ്ലിൻ കാസിൽ
വർഷം 1200 മുതലുള്ള എട്ട് നൂറ്റാണ്ടുകൾ ഈ കോട്ട-കൊട്ടാരം ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അധികാര കേന്ദ്രമായിരുന്നു. ബ്രിട്ടന്റെ പ്രതിനിധിയായ വൈസ്രോയ് ഈ കൽക്കെട്ടിനുള്ളിൽ വാണരുളി. വൈക്കിങ്ങുകളുടെ കാൽപ്പാടുകൾ പതിഞ്ഞ പരിസരത്ത്, എണ്ണൂറ് വർഷം മുൻപ് ഇംഗ്ലീഷ് കിങ് ജോൺ കൊട്ടാര നിർമാണം ആരംഭിച്ചു. വൈക്കിങ് നിർമ്മിതിയുടെ അവശിഷ്ടങ്ങൾ ഇപ്പോഴുമുണ്ട്. നൂറ്റാണ്ടുകളിലൂടെ കോട്ടയിലും കൊട്ടാരത്തിലും മെഡീവൽ, എലിസബത്തൻ, വിക്ടോറിയൻ മുദ്രകൾ പതിഞ്ഞു. പത്തൊമ്പതാം നൂറ്റാണ്ടിൽ ഗോഥിക് മുദ്രയുള്ള ഒരു ചാപ്പൽ കാസിലിന്റെ ഭാഗമായി. എന്റെ കോളേജിന്റെ തൊട്ടടുത്തുള്ള ഈ കോട്ടവളപ്പിൽ ഞാൻ പതിവ് സന്ദർശകനായി. വിശാലമായ നടുമുറ്റം നോക്കി ഏറെ നേരമിരിക്കും. കാലപ്രവാഹത്തിലൂടെ ഒട്ടേറേ പ്രഗത്ഭർ നടന്നു മറഞ്ഞയിടം. ബഞ്ചമിൻ ഫ്രാങ്ക്ളിൻ, വെല്ലിംഗ്ടൺ പ്രഭു, വിക്ടോറിയ രാജ്ഞി, ചാൾസ് ഡിക്കൻസ്, ചാൾസ് ഡി ഗൗൾ, നെൽസൺ മണ്ടേല, എലിസബത്ത് രാജ്ഞി. വിശിഷ്ടാഥിതികൾക്കു ചേർന്ന വിധം കാസിൽ ഓരോ തവണയും അണിഞ്ഞൊരുങ്ങി. ഡ്രാക്കുളയുടെ പിതാവ് ബ്രാം സ്റ്റോക്കർ പന്ത്രണ്ട് വർഷം ഇവിടെ ജോലി ചെയ്തിരുന്നു. ദിനംപ്രതി ഒട്ടേറെ സന്ദർശകർ. ഒരു ദിവസം അവരിൽ ഒരാളായി ഞാൻ കൊട്ടാരത്തിന്റെ ഉള്ളകത്തെ പ്രൗഢി നേരിൽ കണ്ടു. പുറത്ത് ഒരു തോട്ടമുണ്ട് (Dubh Linn). ഈ ഐറിഷ് ഗേലിക് വാക്കിന്റെ അർഥം കറുത്ത കുളം. ഇവിടെയാണ് ഡബ്ലിൻ നഗരം ഉയർന്നു വന്നത്. വൈക്കിങ് നാവികർ ആദ്യമെത്തുമ്പോൾ കറുത്തു കലങ്ങിയ കുളമായിരുന്നു ഇവിടം.
8. ജോർജിയൻ, ഡബ്ലിൻ
ഒരു കാലഘട്ടമാണ് ജോർജിയൻ. 1714-ൽ ജോർജ് ഒന്നാമൻ രാജാവിൽ തുടങ്ങി 1830-ൽ ജോർജ് നാലാമൻ രാജാവിൽ അവസാനിച്ച കാലം. മെഡീവൽ പീരിയഡിലെ ഇടുങ്ങിയ തെരുവുകളും കെട്ടിടങ്ങളും പൊളിച്ചു മാറ്റി, നഗരം ആധുനികമായ സമയം. അന്ന് നിർമിച്ച, ഇപ്പോഴും നിലനിൽക്കുന്ന കെട്ടിടങ്ങൾ 'ജോർജിയൻ ആർക്കിടെക്ചർ' എന്ന പേരിൽ അറിയപ്പെടുന്നു. ഒന്നിലധികം വാസ്തു വിദ്യാരീതികളുടെ സമന്വയമാണ് ജോർജിയൻ. അതിൽ പ്രധാനമാണ് പലേഡിയൻ രീതി. പതിനാറാം നൂറ്റാണ്ടിലെ വാസ്തുശിൽപി ആൻഡ്രേയ പലാഡിയോ അവതരിപ്പിച്ച ആ രീതിയിൽ റോമൻ സ്വാധീനവും സമിതിയും ക്ലാസിക്കൽ സ്പർശവും പ്രകടമാണ്. ഡബ്ളിനിൽ ജോർജിയൻ രീതി പ്രചാരം നേടുന്നതിനു മുമ്പ്, വീടുകളുടേയും വ്യാപാര സ്ഥാപനങ്ങളുടേയും പിൻഭാഗം ലിഫി നദിയിലേക്കു തിരിഞ്ഞതായിരുന്നു. മാലിന്യം വന്നടിഞ്ഞ് നദി നശിക്കാൻ തുടങ്ങി. നദി അഴുക്കുചാലല്ല എന്ന് തിരിച്ചറിഞ്ഞ ഭരണാധികാരികൾ നഗരപദ്ധതി മാറ്റിയെഴുതി. കെട്ടിടങ്ങൾ നദിയെ അഭിമുഖീകരിച്ചു മാത്രമേ ഇനി നിർമിക്കാവൂ. ആസൂത്രകർ കെട്ടിടത്തിനും നദിക്കും ഇടയിൽ തെരുവുകൾ മെനഞ്ഞു. ക്വേ (Quay) എന്ന് പേര്. പുഴയൊഴുകുന്ന ഏതൊരു പാശ്ചാത്യ നഗരത്തിലും അവയുണ്ട്, പുഴയങ്ങനെ നഗരത്തിന്റെ ധമനിയാകുന്നു.
ജോർജിയൻ പ്രൗഡിയുള്ള ഒട്ടേറെ നിർമിതികൾ നഗരത്തിൽ കാണാം. പാർലമെന്റ് മന്ദിരം, ജനറൽ പോസ്റ്റ് ഓഫീസ്, ഗ്വിന്നസ് സ്റ്റോർ ഹൗസ്, ഡബ്ലിൻ കാസിൽ. ഫീനിക്സ് പാർക്കിലേയും ഒക്കോണൽ സ്ട്രീറ്റിലേയും സ്മാരകങ്ങൾ - ആ നിര നീളുന്നു. ചില മന്ദിരങ്ങളുടെ ചെങ്കല്ലു നിറമുള്ള ചുവരിൽ പടർന്നു കയറിയ ചെടികളുണ്ട്. മനോഹരമായ കമാനമുള്ള, ഉയരം കൂടിയ വെളുത്ത വാതിലുകൾ. ഷെർലക് ഹോംസിന്റേയും ജോൺ വാട്സന്റേയും വാടകവീടു പോലെ ചതുരരൂപത്തിൽ ചേർന്നു നിൽക്കുന്ന അപാർട്മെന്റുകൾ, ഓഫീസ് മുറികൾ. ഉയർത്തി വയ്ക്കാവുന്ന ചില്ലുപാളിയുള്ള ജനലുകൾ. ബേക്കർ സ്ട്രീറ്റിനെ ഓർമിപ്പിക്കുന്ന ജോർജിയൻ തെരുവുകൾ തേടി ഞാൻ നടന്നിട്ടുണ്ട്. അത്തരം ഓഫീസ് മുറികളിൽ കയറുമ്പോൾ ആ ലണ്ടൻ ഡിറ്റക്ടീവിന്റെ സ്മൃതിയുണരും.
ഞാൻ ഡബ്ലിനിൽ ഭാവന ചെയ്ത നഗരം ലണ്ടനാണ്. ഹാൻസം കാബുകൾ ഓടുന്ന, മൂടൽമഞ്ഞിൽ ഗ്യാസ് വിളക്കുകൾ തെളിയുന്ന നഗരത്തിന്റെ അധോതലത്തിലേക്ക് യാത്ര ചെയ്യുന്ന രണ്ട് വിക്ടോറിയൻ മാന്യന്മാർ. ലിഫി നദി തെംസ് നദിയാകുന്നു. ഡബ്ലിൻ സെൻട്രൽ സ്റ്റേഷൻ ചാറിങ് ക്രോസ് ട്രെയിൻ സ്റ്റേഷനാകുന്നു. കല്ലുപാകിയ തെരുവിൽ ശബ്ദമുയർത്തി കുതിരവണ്ടികൾ പായുന്നു. നഗരത്തിനു പുറത്തെ പുൽമേട്ടിലും ചതുപ്പിലും മാൻഷൻ ഹൗസിലും അപകടം പതിയിരിക്കുന്നു. കുറ്റവാളി ശേഷിപ്പിച്ച നിസ്സാരമായ തുമ്പിൽ നിരീക്ഷണ പാടവത്തിലൂടെ കയറിപ്പിടിച്ച്, ധിഷണയിലൂടെ വേട്ടയാടുന്ന അപസർപ്പകൻ. ഭൂതകാലത്തിന്റെ നിഴൽ വീണ ഈ തെരുവുകളും ഗേഹങ്ങളും അയാളെ ഓർമിപ്പിക്കുന്നു, വായിച്ചു വളർന്ന ദിനങ്ങളെ തിരിച്ചു കൊണ്ടു വരുന്നു. ആർതർ കോനൻ ഡോയലിനു ശേഷം മറ്റനേകം പേർ ആ ശൈലിയെ അനുകരിച്ച്, കഥകൾ എഴുതി. ശ്രദ്ധേയമായ കലാസൃഷ്ടികളുടെ അനുകരണങ്ങളെ പസ്റ്റീഷ് (Pastiche) എന്നാണ് പറയുക. അതുപോലെ ജോർജിയൻ ശൈലിക്കും അനുകരണമുണ്ട്. എൺപതുകളിൽ ഡബ്ലിനിലെ ലീസൺ സ്ട്രീറ്റിൽ നിർമിച്ച പസ്റ്റീഷ് നിർമ്മിതികളാണ് നിയോ ജോർജിയൻ.
9. നാഷനൽ മ്യൂസിയം
കോളിൻസ് മിലിട്ടറി ബാരക്കിലാണ് അയർലൻഡിന്റെ ദേശീയ മ്യൂസിയം. വേനലിൽ ഒരു ദിവസം ട്രാമിൽ ഹ്രസ്വമായ യാത്ര. സ്മിത്ത് ഫീൽഡ് സ്റ്റേഷനിൽ ഇറങ്ങി. ലാവൻഡർ പൂത്ത തോട്ടത്തിനു പിന്നീലുള്ള പഴയ മിലിട്ടറി ബാരക്കിലെ കെട്ടിടങ്ങൾക്കു തണുത്ത ഭാവം. മിലിട്ടറി മ്യൂസിയം പതിനാറാം നൂറ്റാണ്ടു മുതലുള്ള ഐറിഷ് സേനാചരിതം അറിയിക്കുന്നു. കോളിൻസ് ബാരക്ക് ഇരുന്നൂറ് വർഷത്തോളം കരസേനയുടെ ആസ്ഥാനമായിരുന്നു. ഗ്രാനൈറ്റ് പാകിയ ഉയരമുള്ള കെട്ടിടസഞ്ചയം യുദ്ധത്തേയും മരണത്തേയും ഓർമിപ്പിക്കും. നഗര കലാപം അടിച്ചമർത്താനുള്ള പടകൾ ഇവിടെ നിന്ന് പുറപ്പെട്ടിരുന്നു. ഐറിഷ് സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നിർണായക സംഭവം, 1916-ലെ ഈസ്റ്റർ റൈസിംഗ്, ഒതുക്കാനുള്ള ബ്രിട്ടീഷ് സേനാ നീക്കം ഇവിടെയാണ് തുടങ്ങിയത്. ഈസ്റ്റർ ദിനത്തിൽ ഐറിഷ് സിറ്റിസൺ ആർമി ജനറൽ പോസ്റ്റ് ഓഫീസ് കയ്യേറി. അവർ ചാവേറുകൾ, ആയുധധാരികൾ. കോളിൻസ് ബാരക്കിൽ നിന്ന് മരണദൂതരായി ബ്രിട്ടീഷ് പട്ടാളം എത്തിയതോടെ പോർമുഖം തുറന്നു. ഉഥാനത്തിരുന്നാൾ മരണത്തിന്റെ അരങ്ങായി. രാജ്യം സ്വാതന്ത്ര്യത്തിലേക്ക് ഉയിർക്കുമോ? ചോരയൊഴുകുമെന്ന് നിശ്ചയം.
10. ജനറൽ പോസ്റ്റ് ഓഫീസ്
ഡബ്ളിൻ നഗരത്തിൽ ജോർജിയൻ ശൈലിയിലുള്ള മനോഹര നിർമ്മിതി. മുൻഭാഗത്ത് ശിൽപഭദ്രതയുള്ള കൂറ്റൻ തൂണുകൾ. വിശാലമായ ഉൾഭാഗം ഒരു അദ്ഭുതം തന്നെ! ഇത്രയും വലിയ പോസ്റ്റ് ഓഫീസ് ഇതാദ്യമായി കാണുകയാണ്. ഇത് ഐറിഷ് പോസ്റ്റൽ സർവീസിന്റെ ആസ്ഥാനമാകുന്നു. 1916-ലെ ഈസ്റ്റർ റൈസിംഗിന്റെ രംഗവേദി. ഐറിഷ് സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുപ്രധാനമായ ഒരേട്. ഈസ്റ്റർ ദിനത്തിൽ ഐറിഷ് സിറ്റിസൺ ആർമി ജനറൽ പോസ്റ്റ് ഓഫീസ് കയ്യേറി. ആയുധധാരികളായ ആ ചാവേറുകൾക്ക് ജനപിന്തുണയുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യ വിരുദ്ധ വികാരം തെരുവിൽ അലയടിക്കുന്നു. കലാപം അടിച്ചമർത്താനുള്ള ബ്രിട്ടീഷ് പട കോളിൻസ് ബാരക്കിൽ നിന്ന് പുറപ്പെട്ടു. അഞ്ചു ദിവസം നീണ്ട പോരിനു ശേഷം വിപ്ളവകാരികൾ കീഴടങ്ങി. ഇരുഭാഗത്തും ആൾനാശമുണ്ടായി. പതിനാറ് ഐറിഷ് പോരാളികളികളെ ശത്രുക്കൾ തൂക്കിലേറ്റി. പോരാട്ടം തുടർന്നു, അഞ്ചു വർഷത്തിനു ശേഷം ബ്രിട്ടൻ വഴങ്ങി.
ദ്വീപിനെ രണ്ടായി വിഭജിച്ചു; കത്തോലിക്ക ഭൂരിപക്ഷമുള്ള തെക്കുഭാഗത്ത് ഐറിഷ് ഫ്രീ സ്റ്റേറ്റ് നിലവിൽ വന്നു. 1937-ൽ റിപ്പബ്ലിക് ഓഫ് അയർലൻഡ് എന്ന രാജ്യം രൂപം കൊണ്ടു.
11. ക്രിസ്മസ്
ബാല്യത്തിന്റെ വീണ്ടെടുപ്പ്. മനസ്സിൽ മയിൽപ്പീലി പോലെ സൂക്ഷിച്ചിരുന്ന മഞ്ഞുവീഴുന്ന ഗ്രാമ്യദൃശ്യമുള്ള കാർഡുകൾ ഇപ്പോൾ ജീവനാർന്നു നിൽക്കും. തെരുവിൽ വർണ്ണവിളക്കുകൾ. പാർട്ടികൾ നവംബറിലേ തുടങ്ങും. കച്ചവടക്കാർക്ക് ആവേശം, യൂറോപ്യൻ വിപണിയിൽ നവോന്മേഷം. നഗരചത്വരങ്ങളിലും ഷോപ്പിങ് മാളുകളിലും കൂറ്റൻ ക്രിസ്മസ് മരങ്ങൾ. വീടുകളിൽ അലങ്കരിക്കുന്നത് യഥാർത്ഥ ഫിർ മരങ്ങൾ - അവ വനപ്രദേശത്തു നിന്നും വെട്ടിയെടുത്ത് വിൽക്കാൻ പ്രത്യേക അനുമതിയുണ്ട്. വായുവിൽ അലകളായി ക്ളാസിക് ഗാനങ്ങൾ. സാന്റായും എൽഫുകളും റെയിൻഡിയറും ഫെയറികളും മാലാഖമാരും തെരുവിനെ മാസ്മരിക വലയത്തിലാക്കുന്നു. 'I'm dreaming of a white chrismas' എന്നു പാടുന്ന ഗായകർ. 'Let it snow, let it snow' എന്നു മറുപടി പറയുന്ന ഞാൻ. അനശ്വര ഗാനങ്ങളും യൂൾടൈഡ് സിനിമകളും ഞാൻ ശേഖരിക്കും (Silent night holy night, Away in a manger, Joy to the world). രാവിൽ പോളാർ എക്സ്പ്രസിൽ ഒരു യാത്ര പോകും. പകൽനേരത്ത് ഷോപ്പിങ് ഇടനാഴികളിലും തണുത്തുറഞ്ഞ തെരുവുകളിലും അലഞ്ഞു നടക്കും (ആ ഷെൽഫിൽ കാണുന്നത് ഒരു എൽഫ് അല്ലേ?). നഗരത്തിലേയും പട്ടണത്തിലേയും ബുക്ക് ഷോപ്പുകളും ലൈബ്രറികളും ക്രിസ്മസ് വായനക്കായി ഒരുങ്ങും. മഞ്ഞു പെയ്യുന്ന ലണ്ടനിൽ ഡിക്കൻസിന്റെ ക്രിസ്മസ് കാരൾ. ജിം കാരിയുടെ ആനിമേഷൻ ത്രീഡിയിൽ ആ മഞ്ഞ് തിയറ്ററിൽ പെയ്യും.
ഞാൻ നാട്ടിലേക്ക് കത്തുകളും സമ്മാനങ്ങളും ചോക്കലേറ്റ് ബോക്സുകളും അയയ്ക്കും. വീട്ടിലെ നെരിപ്പോടിൽ ചെന്തീ തെളിയും. ഒരു ബാല്യകാല സ്വപ്നത്തിന്റെ നിറവേറൽ. നെരിപ്പോടിന് ചിമ്മിനിയുണ്ട്. ക്രിസ്മസ് രാവിൽ ഉത്തരധ്രുവത്തിൽ നിന്നും പുറപ്പെടുന്ന സാന്റാ പുകക്കുഴലിലൂടെ അകത്തു കയറി, നെരിപ്പോടിനരികിൽ അലങ്കരിച്ച ക്രിസ്മസ് മരത്തിനു കീഴെയുള്ള കാലുറയിൽ സമ്മാനം നിക്ഷേപിക്കും. മഞ്ഞണിഞ്ഞ ഈ രാവിൽ ഇതിനകം സുഖസുഷുപ്തിയിൽ ആണ്ടുപോയ കുട്ടികൾ പുലർവേളയിൽ അവ കണ്ടു വിസ്മയിക്കും. രാവിൽ മലയാളി കാരൾ സംഘത്തിന്റെ വരവിനു ശേഷം ഷാംപെയിൻ ബോട്ടിൽ പൊട്ടിച്ച് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുന്നു. ആരവം തീർത്തു പ്രകാശമണച്ച്, ക്രിസ്മസ് മരത്തിലെ വിളക്കുകളുടെ അരണ്ട വെളിച്ചത്തിൽ, ചുവന്ന വൈൻ നുകർന്ന് ക്രിസ്മസ് ഈണത്തിന് കാതോർക്കും (Chestnut roasting in an open fire...). അപ്പോൾ ഞാൻ കുട്ടിക്കാലത്തെ, നാടിനെ, വീടിനെ ഓർക്കും.