ഫിലിപ്പീൻസിലെ ഏഴു സുന്ദരദിനങ്ങൾ, സൊനാക്ഷി സിന്‍ഹയുടെ യാത്ര
Mail This Article
ഏഴു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇക്കഴിഞ്ഞ ജൂണ്‍ 23 നാണ് ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹയും സഹീര്‍ ഇഖ്ബാലും മുംബൈയില്‍ വച്ച് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം ഈ താരജോഡികള്‍ ഏഴു ദിവസത്തെ അവധിക്കാലം ആഘോഷിക്കാന്‍ തിരഞ്ഞെടുത്തത് ഫിലിപ്പീന്‍സാണ്. കിഴക്കിന്റെ മുത്ത് എന്നറിയപ്പെടുന്ന ഫിലിപ്പീന്‍സ് സഞ്ചാരികളുടെ പറുദീസയാണ്. അമ്പരപ്പിക്കുന്ന സൗന്ദര്യമുള്ള തീരങ്ങളുള്ള നാടാണിത്.
ഏഴായിരത്തോളം ദ്വീപുകള്‍ അടങ്ങിയ ദ്വീപ സമൂഹമാണ് ഫിലിപ്പീന്‍സ്. തെളിഞ്ഞ വെള്ളവും പഞ്ചസാര മണല്‍ തീരങ്ങളും സമുദ്രത്തിലെ ജൈവ വൈവിധ്യവും വാട്ടര്‍സ്പോര്‍ട്ട് സൗകര്യങ്ങളുമെല്ലാം ഫിലിപ്പീന്‍സിലേക്കു സഞ്ചാരികളെ ആകര്‍ഷിക്കുന്നു. പ്രണയജോഡികള്‍ക്ക് അനുയോജ്യമായ ഹണിമൂണ്‍ സ്പോട്ടുകള്‍ നിരവധിയുണ്ട് ഇവിടെ. ഫിലിപ്പീന്‍സിലെ പ്രസിദ്ധമായ അഞ്ച് ബീച്ചുകള്‍ പരിചയപ്പെടാം.
വൈറ്റ് ബീച്ച്, ബോറകേ
ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ പ്രണയ തീരങ്ങളിലൊന്നാണ് ഇത് അറിയപ്പെടുന്നത്. തൂവെള്ള മണലും തെളിഞ്ഞ വെള്ളവും അതിമനോഹരമായ സായാഹ്നങ്ങളും വൈറ്റ് ബീച്ചിലേക്കു സഞ്ചാരികളെ ആകര്‍ഷിക്കുന്നു. പ്രധാനമായും മൂന്നു ഭാഗങ്ങളാണ് വൈറ്റ് ബീച്ചിലുള്ളത്. ഓരോന്നിനും സവിശേഷമായ പ്രത്യേകതകളുമുണ്ട്. രാത്രി ജീവിതത്തിനും വാട്ടര്സ്പോര്ടിനും പ്രസിദ്ധമാണ് സ്റ്റേഷന് 2. സ്റ്റേഷന് 1 ൽ മസാജിങ് പോലുള്ള ഉല്ലാസങ്ങള്‍ക്കു പറ്റിയ ഇടം.
എല്‍ നിഡോ പലാവന്‍
പലാവനിന്റെ വടക്കു ഭാഗത്താണ് എല്‍ നിഡോ സ്ഥിതി ചെയ്യുന്നത്. ചുണ്ണാമ്പുകല്‍ തീരങ്ങളും പവിഴപ്പുറ്റുകളും തെളിഞ്ഞ നീല ജലത്തിനും പ്രസിദ്ധമാണിവിടം. നാക്പാന് ബീച്ച്, സെവന് കമാന്‍ഡോസ് ബീച്ച് എന്നിവയെല്ലാം കിഴുക്കാം തൂക്കായ മലഞ്ചെരിവിനോടു ചേര്‍ന്നുള്ളതാണ്. സ്നോര്കലിങ് പോലുള്ളവയുടെ സഹായത്തില്‍ പവിഴപ്പുറ്റിലെ ജീവിതവും നേരിട്ടു കാണാനാവും.
വൈറ്റ് ഐലന്‍ഡ്, കാമിഗ്വിന്
കാമിഗ്വിനിന്റെ തീരത്തോടു ചേര്‍ന്നുള്ള വെള്ള മണല്‍ പ്രദേശമാണ് വൈറ്റ് ഐലന്‍ഡ്. ഈ ആള്‍പ്പാര്‍പ്പില്ലാത്ത ദ്വീപ് പേരു പോലെ തന്നെ വെള്ള മണലിനും മനോഹരമായ വെള്ളത്തിനും പേരുകേട്ടതാണ്. സണ്‍ബാത്തിങ്, നീന്തല്‍ എന്നിവയ്ക്കു പറ്റിയ ഇടം. പവിഴപ്പുറ്റുകള്‍ക്കിടയിലേക്ക് ഊളിയിട്ട് ഇന്നു വരെ കാണാത്ത മനോഹര ജീവികളേയും മറ്റും നേരിട്ടു കണ്ട് ആസ്വദിക്കാനാവും.
സിയാര്ഗോസ് ജനറല്‍ ലൂണ ബീച്ച്
സര്‍ഫിങ്ങിന് ഏറ്റവും അനുയോജ്യമായ പ്രദേശമാണിത്. വൃത്തിയുള്ള തീരവും തെളിഞ്ഞ വെള്ളവും സര്‍ഫിങ് ഏറ്റവും സുന്ദരമായ അനുഭവമാക്കി മാറ്റുകയും ചെയ്യും. സര്‍ഫിങ് താല്പര്യമില്ലാത്തവര്ക്കു പ്രശാന്ത സുന്ദരമായ തീരമായും ഇതു മാറും. ഫിലിപ്പീന്‍സിന്റെ പ്രാദേശിക സംസ്ക്കാരവും ഭക്ഷണവുമെല്ലാം നേരിട്ടറിയാനും ഇവിടെ സാധിക്കും.
കാമിഗ്വിന് കതിബാവാസന്‍ ഫാള്‍സ് ബീച്ച്
ഫിലിപ്പീന്‍സിലെ കമിഗ്വിന്‍ ദ്വീപിലാണ് പ്രസിദ്ധമായ കതിബാവാസന്‍ വെള്ളച്ചാട്ടമുള്ളത്. ഈ വെള്ളച്ചാട്ടത്തോടു ചേര്‍ന്നതാണ് കതിബാവാസന്‍ ഫാള്‍സ് ബീച്ച്. മഴക്കാടുകളും ബീച്ചും കൂടിച്ചേരുന്ന അപൂര്‍വ സുന്ദര പ്രദേശമാണിത്. കാടിന്റെ പച്ചപ്പ് വെള്ള മണല്‍ തീരം വഴി നീല സമുദ്രത്തിലേക്കു ലയിച്ചു ചേരുന്നു. അടുത്തുള്ള വെള്ളച്ചാട്ടങ്ങളും പ്രകൃതി തയാറാക്കിയ നീന്തല്‍കുളങ്ങളും വെള്ളമണല്‍ തീരങ്ങളുമെല്ലാം ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു.