തിരക്കുകളിൽ നിന്ന് അകന്ന്; സുഹൃത്തുക്കൾക്കൊപ്പം കനിഹയുടെ യാത്ര
Mail This Article
തമിഴിലും തെലുങ്കിലും മാത്രമല്ല മലയാളത്തിനും സുപരിചിതയാണ് കനിഹ. മലയാളത്തിന്റെ ‘ഭാഗ്യദേവത’യായ താരം സുഹൃത്തുക്കൾക്കൊപ്പം ബാങ്കോക്കിന്റെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കുകയാണ്. കൂട്ടുകാരുടെ കൂടെയുള്ള യാത്രകൾ എത്രമാത്രം സന്തോഷം നൽകുമെന്നതിന്റെ സാക്ഷ്യം പോലെ നിരവധി ചിത്രങ്ങളും വിഡിയോകളും കനിഹ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. സുഹൃത്തുക്കൾക്കൊപ്പം ആട്ടവും പാട്ടുമൊക്കെയായി ആ യാത്ര എത്രമാത്രം അവിസ്മരണീയമായ അനുഭവമായെന്നു കാഴ്ചക്കാരനും അനുഭവവേദ്യമാകും. തിരക്കുകളിൽ നിന്ന് അകന്ന്, സ്നേഹത്തെ പുണർന്ന് എന്ന് സൂചിപ്പിക്കുന്ന വരികളിലൂടെയാണ് താരം തന്റെ യാത്രയെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയിൽ നിന്നുമുള്ള നിരവധി സഞ്ചാരികൾ എത്തുന്നയിടമാണ് തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്ക്. എന്നാൽ അവിടെ നിന്നും ഇരുനൂറു കിലോമീറ്ററിലധികം യാത്ര ചെയ്താൽ എത്തിച്ചേരാൻ കഴിയുന്ന കോ സമേഡ് എന്ന ദ്വീപിലെത്തിയാണ് കനിഹയും സുഹൃത്തുക്കളും തങ്ങളുടെ അവധിക്കാലം ആഘോഷിച്ചത്. ബാങ്കോക്കിലേത്തുന്ന നിരവധി വിദേശ സഞ്ചാരികൾ ഈ ദ്വീപിലും എത്തുന്നതു കൊണ്ടുതന്നെ ഇവിടമിപ്പോൾ ഏറെ പ്രശസ്തമാണ്. ഒരു ഡസനോളം ബീച്ചുകളാണ് ദ്വീപിലുള്ളത്. അതിനൊപ്പം തന്നെ തനതു വിഭവങ്ങൾ വിളമ്പുന്ന റസ്റ്ററന്റുകളും ബാറുകളും ഇവിടെ കാണുവാൻ കഴിയും. അതിഥികൾ ധാരാളമായി എത്തുന്നതു കൊണ്ടുതന്നെ താമസത്തിനായി നിരവധി റിസോർട്ടുകളും ഹോട്ടലുകളും ഈ ദ്വീപിലുണ്ട്.
വളരെ മനോഹരവും വൃത്തിയുള്ളതുമാണ് ബീച്ചുകൾ. ശാന്തമായി കുറച്ചു സമയം ചെലവിടണമെന്നുള്ളവർക്കു പഞ്ചാര മണൽ വിരിച്ച ഈ കടപ്പുറങ്ങൾ ഏറെ ആശ്വാസമായിരിക്കും. തെളിഞ്ഞ നീല നിറത്തിലുള്ള ജലം നിറഞ്ഞ കടൽ സന്ദർശകരെ ആരാധകരാക്കി മാറ്റിയാൽ അദ്ഭുതപ്പെടാനില്ല. അത്രയേറെ മനോഹരമാണ്. അസ്തമയ കാഴ്ചകൾ ആസ്വദിക്കാനാണ് ഇവിടെ കൂടുതൽ അതിഥികൾ എത്തിച്ചേരുന്നത്. ആറര കിലോമീറ്റർ മാത്രം വിസ്തീർണമുള്ളതു കൊണ്ടുതന്നെ ദ്വീപിലെ കാഴ്ചകൾ കാണാനായി നടക്കുന്നതാണ് ഉത്തമം. ബൈക്കുകളും വാടകയ്ക്ക് ലഭിക്കും.
കോ സമേഡ് ദ്വീപിലേക്കു പ്രവേശിക്കണമെങ്കിൽ ചെറിയ തുക പ്രവേശന ഫീസ് ആയി നൽകേണ്ടി വരും. തായ്‌ലൻഡ് നാഷണൽ പാർക്കിന്റെ അധീനതയിലാണ് ദ്വീപ്. ധാരാളം വിനോദങ്ങളും ഈ തീരത്തെത്തുന്നവർക്കായി ഒരുക്കിയിട്ടുണ്ട്. വാട്ടർ സ്കീയിങ്, ജെറ്റ് സ്കീയിങ്, ബനാന ബോട്ട് റൈഡ്, വിൻഡ് സർഫിങ്, പാരാസെയ്‌ലിങ് തുടങ്ങിയവ അതിൽ ചിലതു മാത്രം.
ബീച്ചുകൾ മാത്രമല്ല, ദ്വീപിലൊരു ക്ഷേത്രവും സ്ഥിതി ചെയ്യുന്നുണ്ട്. വാറ്റ് കോ സമേഡ് എന്നാണ് ക്ഷേത്രത്തിനു പേര്. ധാരാളം സസ്യങ്ങളും താമര പുഷ്പങ്ങളും അതിമനോഹരമാക്കുന്ന വളരെ ശാന്തമായ അന്തരീക്ഷം ഏതൊരു സഞ്ചാരിയെയും ആകർഷിക്കും. പുഞ്ചിരിയോടെ നിലകൊള്ളുന്ന വലിയൊരു ബുദ്ധ പ്രതിമയാണ് ക്ഷേത്രത്തിലെ പ്രധാന കാഴ്ച.
സീഫുഡ് പ്രിയർക്കു ഈ ദ്വീപ് സ്വർഗതുല്യമായിരിക്കും. മത്സ്യങ്ങൾ കൊണ്ടു തയാറാക്കുന്ന, വ്യത്യസ്തമായ രുചികൾ കൊണ്ടു സമ്പന്നമാണിവിടം. പാശ്ചാത്യ രുചിയിലുള്ള മത്സ്യവിഭവങ്ങൾ വേണമെന്നുള്ളവർക്ക് അത്തരം രുചികളും അതിനൊപ്പം നാടൻ രുചികൾ ആസ്വദിക്കണമെന്നുള്ളവർക്കു അതിനുള്ള സൗകര്യങ്ങളും ഈ ദ്വീപിലുണ്ട്. പല തരത്തിലുള്ള മത്സ്യങ്ങൾ കൂടാതെ കൂന്തൽ, ചെമ്മീൻ, വലിയ കൊഞ്ച് എന്നിവയാണ് ഈ തീരങ്ങളുടെ പ്രധാന സമ്പത്ത്. ഗ്രിൽ ചെയ്തു ലഭിക്കുന്ന കൊഞ്ചിനു രുചിയേറെയാണ്. പലതരത്തിലുള്ള കേക്കുകൾ, ഡെസേർട്ടുകൾ, കോഫികൾ എന്നുവേണ്ട എല്ലാ തരത്തിലുള്ള വിഭവങ്ങളും ഈ ദ്വീപിൽ ലഭിക്കും.
ഒക്ടോബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളാണ് കോ സമേഡ് സന്ദർശിക്കാൻ ഏറ്റവും ഉചിതം. അന്നേരങ്ങളിൽ കടൽ വളരെ ശാന്തമായിരിക്കും. ഓഫ് സീസണിൽ അതായതു മാർച്ച് മുതൽ ഒക്ടോബർ വരെയുള്ള സമയത്തു ദ്വീപിൽ താമസത്തിനുള്ള റൂം നിരക്കുകളും കുറവാണ്.