ADVERTISEMENT

ദുബായിലെ പ്രശസ്തമായ ഫെരാരി വേൾഡ് തീം പാര്‍ക്കിനു മുന്നില്‍ നിന്നും ചിത്രങ്ങള്‍ പങ്കുവച്ച് നടി മാളവിക മോഹനന്‍. അബുദാബിയിലെ യാസ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഒരു ഇൻഡോർ തീം പാർക്കാണ് ഫെറാരി വേൾഡ്. കേരളത്തില്‍ നിന്നടക്കമുള്ള ഒട്ടേറെ സെലിബ്രിറ്റികള്‍ പാര്‍ക്കില്‍ നിന്നുള്ള ചിത്രങ്ങള്‍ മുന്‍പേ പങ്കുവച്ചിട്ടുണ്ട്. അബുദാബിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ഫെരാരി വേള്‍ഡ്, ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ അമ്യൂസ്‌മെന്‍റ് പാർക്കാണ്. ആവേശകരമായ ഒട്ടേറെ ആകര്‍ഷണങ്ങള്‍ നിറഞ്ഞ പാര്‍ക്ക്, 86,000 ചതുരശ്ര മീറ്ററില്‍ പരന്നുകിടക്കുന്നു. 

Image Credit: malavikamohanan/instagram
Image Credit: malavikamohanan/instagram

2007 നവംബർ 3 ന് തറക്കല്ലിട്ട പാര്‍ക്ക്, മൂന്നുവര്‍ഷത്തെ നിർമാണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം, 2010 നവംബർ 4 നാണ് ഔദ്യോഗികമായി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. 

ഏറ്റവും വേഗമേറിയ റോളർകോസ്റ്റ

ലോകത്തിലെ ഏറ്റവും വേഗതയേറിയ റോളർകോസ്റ്ററായ ഫോർമുല റോസ ഇവിടെയാണ്‌ ഉള്ളത്. ഇറ്റാലിയൻ റേസ്ട്രാക്ക് ഓട്ടോഡ്രോമോ നാസിയോണലെ ഡി മോൻസയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഇതിന്റെ ആകൃതി. ഫോര്‍മുല വണ്‍ റേസിങ് ആധാരമാക്കിയാണ് ഈ റൈഡ് പ്രവര്‍ത്തിക്കുന്നത്.  20,800 എച്ച്‌പി ശേഷിയുള്ള ഒരു ഹൈഡ്രോളിക് ലോഞ്ചര്‍ ഉപയോഗിച്ച്, ഏകദേശം രണ്ട് സെക്കൻഡിനുള്ളിൽ 100 ​​km/h വേഗത കൈവരിക്കും ഈ റൈഡ്. മുമ്പ് നിർമിച്ച മറ്റ് ആക്‌സിലറേറ്റർ കോസ്റ്റർ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി, അബുദാബിയിലെ ചൂടുള്ള കാലാവസ്ഥയെ ചെറുക്കുന്നതിന്, സവിശേഷമായ എയര്‍കണ്ടീഷന്‍ സംവിധാനവും ഇതിനുണ്ട്. 2024 ജനുവരിയിൽ, പാർക്ക് വളരെ അപ്രതീക്ഷിതമായി  ഫോർമുല റോസ  അടച്ചു, വീണ്ടും തുറക്കുന്ന തീയതി എന്നാണെന്ന് പറഞ്ഞിട്ടില്ല.

Image Credit: malavikamohanan/instagram
Image Credit: malavikamohanan/instagram

കഴിഞ്ഞ വര്‍ഷം, ജനുവരിയിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത മിഷൻ ഫെരാരിയാണ് ഇവിടുത്തെ ഏറ്റവും പുതിയ റോളർ കോസ്റ്റർ. ഒരു സിമുലേറ്റഡ് എലിവേറ്ററിൽ, ഭൂമിയിൽ നിന്നു താഴേക്ക് ഇറങ്ങുന്ന മിഥ്യ സൃഷ്ടിക്കുന്നു. ഒരു ലേസർ ഇടനാഴി വഴി, ഒരു പ്രോട്ടോടൈപ്പ് ഫെരാരി സ്പൈ കാറിനടുത്തെത്തുന്നു. ശത്രുക്കളായ വൈപ്പർ ഓർഗനൈസേഷന്‍റെ ആക്രമണം മറികടന്ന്,  ഇറ്റലിയിലെ മരനെല്ലോയിലുള്ള ഫെരാരിയുടെ ഫാക്ടറിയിലേക്ക് വാഹനം എത്തിക്കുക എന്നതാണ് ഈ ത്രില്ലിങ് റൈഡിന്‍റെ തീം. വിര്‍ച്വല്‍ റിയാലിറ്റിയുടെ പരമാവധി സാധ്യതകള്‍ ഉള്‍പ്പെടുത്തി ഒരുക്കിയിരിക്കുന്ന ഈ റോളര്‍ കോസ്റ്റര്‍ യാത്ര വളരെ ആവേശകരമാണ്.

മിഷൻ ഫെരാരിക്ക് 1,777.7 അടി നീളമുണ്ട്, യാത്രയിലുടനീളം പരമാവധി വേഗത 71.9 km/h ആണ്.

ഫെരാരി വേൾഡിലെ മറ്റൊരു സ്റ്റീൽ റോളർ കോസ്റ്ററാണ് ഫ്ലൈയിങ് ഏസസ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നോൺ ഇൻവേർട്ടിങ് ലൂപ്പിന് പേരുകേട്ടതാണ് ഇത്. ഫാമിലി റോളർ കോസ്റ്റർ ആയ ഫോർമുല റോസ ജൂനിയർ, സ്റ്റീൽ ഡ്യുലിങ് റോളർ കോസ്റ്ററായ ഫിയോറാനോ ജിടി ചലഞ്ച്,  2017 ല്‍ തുറന്ന ടർബോ ട്രാക്ക് എന്നിവയാണ് ഇവിടുത്തെ മറ്റു റോളർ കോസ്റ്റര്‍ റൈഡുകള്‍. 

കൂടാതെ, ഇന്ററാക്ടിവ് മോഷൻ സിമുലേറ്ററായ സ്കുഡെരിയ ചലഞ്ച്, ഫെരാരി വേൾഡിന്റെ മേൽക്കൂരയിൽ 90 മിനിറ്റ്  നീളുന്ന 600 മീറ്റർ നടത്തം, ഫ്ലൈയിങ് ഏസസ് റോളർകോസ്റ്ററിലൂടെ സഞ്ചരിക്കുന്ന 400 മീറ്റർ സിപ്​ലൈൻ എന്നിവയും ജനപ്രിയമാണ്. കുട്ടികള്‍ക്കായി, മിനിയേചർ ഫെരാരി F1 റേസർ പൈലറ്റായ ജൂനിയർ ജിപി, ജൂനിയർ പരിശീലന ക്യാംപ്, കളിസ്ഥലവും ആകർഷണങ്ങളും നിറഞ്ഞ നെല്ലോസ് അഡ്വഞ്ചർലാൻഡ്, 4D സിമുലേറ്റർ റൈഡ്, ഇന്ററാക്ടിവ് റൈഡ് എന്നിവയുമുണ്ട്. 

English Summary:

Malavika Mohanan Enjoys a Fun-Filled Day at Ferrari World in Abu Dhabi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com