കടലിനെ സ്നേഹിക്കൂ...അബുദാബിയിൽ തിരകൾക്കൊപ്പം ആഹ്ളാദത്തിമിർപ്പിൽ ശ്രിയ ശരൺ
Mail This Article
എത്ര കണ്ടാലും അടുത്തറിഞ്ഞാലും കടൽ എപ്പോഴും ഒരു വിസ്മയ കാഴ്ച തന്നെയാണ്. തൊട്ടും തലോടിയും ചിലപ്പോൾ ആർത്തലച്ചുമൊക്കെ മനുഷ്യന്റെ മാനസികാവസ്ഥ പോലെ കടലിനും പല ഭാവങ്ങളാണ്. മകളുമൊരുമിച്ച് കടൽ കാഴ്ചകൾ ആസ്വദിക്കുകയാണ് തെന്നിന്ത്യൻ താരം ശ്രിയ ശരൺ. മകളെ കൈകളിൽ എടുത്ത്, ഏറെ ആഹ്‌ളാദത്തോടെ തിരകളുടെ വരവനുസരിച്ച് ഓടിക്കളിക്കുന്ന താരത്തെ വിഡിയോയിൽ കാണുവാൻ കഴിയും. കടലിനെ സ്നേഹിക്കൂ എന്നർത്ഥമാക്കുന്ന വരികൾ കുറിച്ച് കൊണ്ടാണ് ശ്രിയ തന്റെ യാത്രാചിത്രങ്ങളും വിഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. അബുദാബിയിലെ യാസ് ദ്വീപിൽ നിന്നുമുള്ളതാണ് ചിത്രങ്ങൾ. ഭർത്താവും മകളുമൊരുമിച്ചാണ് തെന്നിന്ത്യൻ താരസുന്ദരിയുടെ യാത്ര.
യു എ ഇ യിലെ അബുദാബിയിലാണ് യാസ് ദ്വീപുകളുടെ സ്ഥാനം. ആ രാജ്യത്തെ ഏറ്റവും വലിയ വിനോദ സഞ്ചാര പദ്ധതികളിൽ ഒന്നാണിത്. 2009 ലെ ഫോർമുല വൺ ഗ്രാൻഡ് പ്രിക്‌സിനു ആതിഥേയത്വം വഹിച്ച യാസ് മറീന സിർക്യൂട്ട് ഈ ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ റോളർ കോസ്റ്ററായ ഫോർമുല റോസ ഇവിടുത്തെ ഫെറാരി വേൾഡ് പാർക്കിലാണുള്ളത്. 2009 നവംബറിൽ വേൾഡ് ട്രാവൽ അവാർഡിൽ ലോകത്തെ പ്രമുഖ വിനോദസഞ്ചാര പദ്ധതിയായി യാസ് ദ്വീപിനെ തിരഞ്ഞെടുത്തിരുന്നു. വിവിധങ്ങളായ വിനോദങ്ങളും കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന കാഴ്ചകളും അതിനൊപ്പം തന്നെ ഷോപ്പിങ് പ്രിയർക്കു അതിനുള്ള സൗകര്യങ്ങളും എല്ലാമുൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു ഫുൾ പാക്കഡ് പാക്കേജാണ് യാസ് ദ്വീപുകൾ. 2006 ലാണ് വിനോദത്തിനായി ദ്വീപ് വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചത്.
2010 ലാണ് ദ്വീപിലെ പ്രധാനാകർഷണമായ ഫെറാറി വേൾഡ് സന്ദർശകർക്കായി തുറന്നത്. മേൽസൂചിപ്പിച്ചതുപോലെ ലോകത്തിലെ ഏറ്റവും വേഗമേറിയ റോളർ കോസ്റ്റർ ഈ പാർക്കിലാണ്. മണിക്കൂറിൽ 240 കിലോമീറ്ററാണ് ഇതിന്റെ വേഗം. ലോകത്തിലെ ഏറ്റവും മികച്ച ഇരുപതു വാട്ടർപാർക്കുകളിൽ ഒന്നാണ് ഈ ദ്വീപിലെ യാസ് വാട്ടർ വേൾഡ്. കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി വിനോദങ്ങൾ ഈ വാട്ടർ പാർക്കിൽ ഒരുക്കിയിട്ടുണ്ട്. ഇവിടുത്തെ മറ്റൊരു പ്രധാന കാഴ്ചയാണ് വാർണർ ബ്രോസ്. വേൾഡ്. ആറു തീമിലാണ് ഇവിടം ഒരുക്കിയിട്ടുള്ളത്. ഗോഥം സിറ്റി, മെട്രോപോളിസ്, കാർട്ടൂൺ ജംഗ്ഷൻ, ബെഡ്‌റോക്ക്, ഡൈനാമിറ്റ് ഗൽച്ച്, വാർണർ ബ്രോസ്. പ്ലാസ എന്നിങ്ങനെയാണത്. ഗോഥം, മെട്രോപോളിസ് എന്നിവിടങ്ങൾ സജ്ജീകരിക്കരിച്ചിരിക്കുന്നത് സൂപ്പർ ഹീറോസായ സൂപ്പർമാൻ, ബാറ്റ്മാൻ തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ്. കാർട്ടൂൺ ജംഗ്ഷനിലും ഡൈനാമിറ്റ് ഗൽച്ചിലും കോമിക് സൂപ്പർ താരങ്ങളെ കാണുവാൻ കഴിയും കൂടെ വണ്ടർ വുമൺ, ലൂണി ട്യൂൺസ്, ഹന്ന ബാർബറ തുടങ്ങിയവരുമുണ്ട്. വാർണർ ബ്രോസ് പ്ലാസയിൽ ഹോളിവുഡിന്റെ കഴിഞ്ഞ കാല ചരിത്രം കാണുവാൻ കഴിയും. 2018 ജൂലൈയിലാണ് ഈ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നത്. ലോകത്തിലെ മൂന്നാമത്തെ വാർണർ ബ്രോസ് തീം പാർക്കാണിത്.
സീ വേൾഡ് അബുദാബി എന്ന പേരിലുള്ള മറൈൻ ലൈഫ് തീം പാർക്കാണ് യാസ് ദ്വീപിലെ മറ്റൊരു കാഴ്ച. നൂറ്റമ്പതോളം വിവിധയിനങ്ങളിൽ ഉൾപ്പെട്ട കടൽ ജീവികളെ ഇവിടെ കാണുവാൻ കഴിയും. വിനോദങ്ങളുൾപ്പെടെ പല തീമുകളായാണ് ഇവിടെയുമെല്ലാം സജ്ജീകരിച്ചിരിക്കുന്നത്. ഉഷ്‌ണമേഖലയിൽ കാണപ്പെടുന്ന ജീവിവർഗങ്ങൾ, ആർട്ടിക്കിലും അന്റാർട്ടിക്കിലുമുള്ളവ എന്നിങ്ങനെ പല കാലാവസ്ഥകളിൽ ജീവിക്കുന്ന ജീവിവർഗങ്ങൾ ഇവിടെയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ക്ലൈമ്പിങ് വോൾ യാസ് ദ്വീപിലാണ്. 43 മീറ്ററാണ് ഇതിന്റെ ഉയരം. ലോകത്തിലെ ഏറ്റവും വീതിയേറിയ, പത്തുമീറ്ററുള്ള വെർട്ടിക്കൽ വിൻഡ് ടണലും ക്ലൈമ്പ് അബുദാബിയിലെ സവിശേഷ കാഴ്ചയാണ്. യാസ് ദ്വീപിലെ വിനോദങ്ങൾ ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. കായിക പ്രേമികൾക്കായി യാസ് മറീന സർക്യൂട്ട്, സൈക്ലിംഗ് റേസിങ്ങുകൾ, ഗോൾഫ് കോഴ്സസ് തുടങ്ങിയവയും ഇവിടുത്തെ പ്രത്യേകതകളാണ്.
സന്ദർശകരിൽ ഏറെ പേരും അധികസമയം ചെലവിടുന്ന ഒരിടമാണ് ദ്വീപിലെ ബീച്ച്. കണ്ടലുകൾ നിറഞ്ഞയിടമായതുകൊണ്ടുതന്നെ ഇവിടേയ്ക്ക് കണ്ടൽ ടൂറുകൾ ദിവസവും നടക്കാറുണ്ട്. നൗകഥ അഡ്വെഞ്ചർ കമ്പനിക്കാണ് ഈ ടൂറിന്റെ ചുമതല. കണ്ടലിന്റെ മനോഹാരിത ആസ്വദിക്കണമെന്നുള്ളവർക്കു ഈ യാത്രയിൽ പങ്കുചേരാവുന്നതാണ്. യാസ് കടൽത്തീരത്തോടു ചേർന്ന് ലൈവ് മ്യൂസിക് കോൺസെർട്ടുകൾക്കായി ഒരു വേദിയുണ്ട്. ലോകപ്രശസ്തരായ നിരവധി സംഗീതജ്ഞർ ഇവിടെ പരിപാടികൾ അവതരിപ്പിക്കാനായി എത്തിയിട്ടുണ്ട്. മഡോണയും ഷക്കീറയും ബിയോൺസുമൊക്കെ അതിലുൾപ്പെടും.
അബുദാബിയിലെ ഏറ്റവും വലിയ ഷോപ്പിങ് മാളുകളിൽ ഒന്ന് സ്ഥിതി ചെയ്യുന്നത് ഈ ദ്വീപിലാണ്. ഷോപ്പിങ് പ്രിയർക്കു സംതൃപ്തി നൽകുന്ന തരത്തിലാണിത് സജ്ജീകരിച്ചിരിക്കുന്നത്. യാസ് ദ്വീപിൽ സന്ദർശനത്തിന് എത്തുന്നവർക്ക് ആഡംബരപൂർണമായ താമസമൊരുക്കുന്ന നിരവധി ഹോട്ടലുകളും ഇവിടെയുണ്ട്.