ആ സൗന്ദര്യത്തിൽ മയങ്ങിപ്പോയി, ഈ യാത്ര മറക്കാനാകില്ല: റിമി ടോമി
Mail This Article
ഓരോ ദേശങ്ങളിലെയും ആകർഷകമായ കാഴ്ചകളും വ്യത്യസ്തമായ സംസ്കാരത്തിൽ അലിഞ്ഞു ചേർന്ന മനുഷ്യരും തനതു വിഭവങ്ങളുമൊക്കെയാണ് ഭൂരിപക്ഷം പേർക്കും യാത്രകൾ അത്രയധികം പ്രിയപ്പെട്ടതാക്കുന്നത്. അത്തരമൊരു യാത്ര സമ്മാനിച്ച സന്തോഷം നിറഞ്ഞു നിൽക്കുന്നുണ്ട് മലയാളത്തിന്റെ പ്രിയ ഗായിക റിമി ടോമി പങ്കുവച്ച ചിത്രങ്ങളിൽ. സിംഗപ്പൂരിൽ നിന്നുമുള്ളതാണ് റിമിയുടെ അവധിക്കാല ചിത്രങ്ങൾ. ആ നാട്ടിലെ മനോഹര കാഴ്ചകൾ ആസ്വദിക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ അവയെല്ലാം പങ്കിടുകയും ചെയ്തിട്ടുണ്ട് പ്രിയ ഗായിക. സിംഗപ്പൂരിന്റെ സൗന്ദര്യത്തിൽ താൻ വീണുപോയെന്നും എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം ഈ രാജ്യത്തിനുണ്ട് എന്നും അർത്ഥമാക്കുന്ന കുറിപ്പും റിമി ചിത്രങ്ങൾക്കു നൽകിയിരിക്കുന്നത്.
കാഴ്ചകൾ കൊണ്ടു വിസ്മയിപ്പിക്കുന്ന രാജ്യമാണ് സിംഗപ്പൂർ. ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ ഇവിടെ ഇന്ത്യ, ചൈന, തുടങ്ങിയ രാജ്യങ്ങളുടെ മാത്രമല്ലാതെ പാശ്ചാത്യ രാജ്യങ്ങളുടെയും സംസ്കാരങ്ങൾ സംഗമിക്കുന്നതായി കാണാം. വൈവിധ്യമാർന്നതും വിസ്മയിപ്പിക്കുന്നതുമായ കാഴ്ചകളാണ് ഈ രാജ്യത്തേക്ക് സന്ദർശകരെ കൂടുതലായി അടുപ്പിക്കുന്നത്.
റിമി ടോമിയുടെ യാത്രയിൽ ഇടം പിടിച്ച സിംഗപ്പൂരിലെ പ്രധാന കാഴ്ചകളിൽ ഒന്നാണ് മെർലിയോൺ പാർക്ക്. കാഴ്ചയുടെ വിസ്മയങ്ങൾ ചെപ്പിലൊളിപ്പിച്ച മനുഷ്യ നിർമിത ദ്വീപാണ് സെന്റോസ. സിംഗപ്പൂർ സിറ്റിയിൽ നിന്ന് റോഡ് മാർഗമോ, കേബിൾ കാർ വഴിയോ, ഷട്ടിൽ ബസ് സർവീസ് ഉപയോഗിച്ചോ, മാസ് റാപിഡ് ട്രാൻസിറ്റ് (MRT) വഴിയോ സെന്റോസ ദ്വീപിലേക്ക് പോകാം. മെട്രോ ട്രെയിൻ സർവീസിനെയാണ് അവിടെ എംആർടി എന്നു വിളിക്കുന്നത്. ദ്വീപ് മുഴുവനും മോണോ റെയിൽ സംവിധാനത്തിൽ ചുറ്റാം എന്നതിനാൽ ടാക്സി എടുക്കേണ്ടി വരില്ല. ദ്വീപിനകത്ത് മോണോ റെയിൽ/ ഷട്ടിൽ ബസ് യാത്ര സൗജന്യമാണ്. സിംഗപ്പൂരിന്റെ ദേശീയ ചിഹ്നമായ മെർലിയോൺ പ്രതിമ സെന്റോസയിലാണ് ഉള്ളത്. യൂണിവേഴ്സൽ സ്റ്റുഡിയോസ് തീം പാർക്ക്, സെന്റോസയുടെ ആകാശക്കാഴ്ച സമ്മാനിക്കുന്ന ടൈഗർ സ്കൈ ടവർ, വിങ്സ് ഓഫ് ടൈം ഷേ, ദ് ലൂജ് ആൻഡ് സ്കൈ റൈഡ്, മാഡം തുസാർഡ്സ് വാക്സ് മ്യൂസിയം. അണ്ടർ ഗ്രൗണ്ട് സീ അക്വേറിയം തുടങ്ങി നിരവധി കാഴ്ചകളുടെ കേന്ദ്രമാണ് സെന്റോസ.
സിംഗപ്പൂരിലെ ഏറ്റവും പ്രശസ്തമായ ചൈന ടൗൺ, ചൈനയുടെ ഒരു മിനിയേച്ചർ രൂപമാണ്. സന്ദർശകരുടെ തിരക്ക് ഏറെ അനുഭവപ്പെടുന്ന ഇവിടെയെത്തിയാൽ തനതു ചൈനീസ് ഭക്ഷണം രുചിക്കാമെന്നു മാത്രമല്ല, ആ നാട്ടിലെ സംസ്കാരത്തെക്കുറിച്ചും കൂടുതലറിയാം. രാജ്യത്തിന്റെ പൈതൃകം പേറുന്ന ക്ഷേത്രങ്ങൾ, കടകൾ, വീടുകൾ എന്നിവ ഇവിടെയെത്തിയാൽ കാണുവാൻ കഴിയും. സിംഗപ്പൂരിലെത്തുന്ന വിനോദ സഞ്ചാരികളിൽ ഏറെ പേരും സന്ദർശിക്കുന്ന ഒരിടമാണ് ചൈന ടൗൺ. ചൈന മാത്രമല്ല, ഇന്ത്യയുടെ ചെറുരൂപമെന്നു വിശേഷിപ്പിക്കാൻ കഴിയുന്ന ലിറ്റിൽ ഇന്ത്യയും ഈ രാജ്യത്തുണ്ട്. ഇന്ത്യയിൽ നിന്നുമെത്തി ആ രാജ്യത്തു താമസമാക്കിയവരിൽ ഭൂരിപക്ഷം പേരും താമസിക്കുന്നയിടമാണിത്. അതുകൊണ്ടു തന്നെ ഇവിടെയെത്തിയാൽ നമ്മുടെ രാജ്യത്തിന്റെ വേറൊരു പതിപ്പെന്നു തോന്നിയാൽ അദ്ഭുതപ്പെടാനില്ല.
ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിൽ ഒന്നാണ് സിംഗപ്പൂരിലെ ജുവൽ ചാംഗി. വിനോദവും ഷോപ്പിങ്ങും അതിനൊപ്പം തന്നെ വിസ്മയിപ്പിക്കുന്ന കാഴ്ചകളും ഈ വിമാനത്താവളത്തിലെത്തിയാൽ ആസ്വദിക്കാം.ഇവിടുത്തെ പ്രധാനാകർഷണം ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇൻഡോർ വാട്ടർ ഫൗണ്ടെയ്ൻ ആണ്. 40 മീറ്ററാണ് ഇതിന്റെ ഉയരം. അതിനു ചുറ്റുമായി ഒരു വനവും സജ്ജീകരിച്ചിട്ടുണ്ട്. ആ മനോഹര കാഴ്ചയും റിമി ടോമി പങ്കുവച്ച ചിത്രങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഉദ്യാനങ്ങൾ, ഭക്ഷണശാലകൾ തുടങ്ങി 14,61000 ചതുരശ്ര കിലോമീറ്ററിലാണ് ഈ വിമാനത്താവളം. ദിവസവും മൂന്നു ലക്ഷത്തോളം സന്ദർശകർ ഇവിടെയെത്തുന്നുണ്ട്.
സിംഗപ്പൂരിലെ മറ്റൊരു അദ്ഭുതമാണ് ഗാർഡൻസ് ബൈ ദി ബേ. 260 ഏക്കറിലാണിത്. ഈ പാർക്കിൽ പ്രധാനമായും മൂന്നു ഉദ്യാനങ്ങളാണുള്ളത്. ബേ സൗത്, ബേ ഈസ്റ്റ്, ബേ സെൻട്രൽ എന്നിങ്ങനെയാണിത്. നഗരത്തിനു പച്ചപ്പിന്റെ കാന്തി നൽകുക എന്നതാണ് ഈ ഉദ്യാനങ്ങൾക്കു പുറകിലെ ലക്ഷ്യം. സിംഗപ്പൂർ യാത്രയിൽ മറക്കാതെ സന്ദർശിക്കേണ്ടയിടങ്ങളിൽ ഒന്നാണിത്. അത്രയധികം വൈവിധ്യമാർന്ന സസ്യങ്ങളുടെ കൂട്ടം ഇവിടെയെത്തിയാൽ ആസ്വദിക്കാം. റിമിയുടെ യാത്രാചിത്രങ്ങളിൽ സിംഗപ്പൂരിലെ ഏറ്റവും പ്രശസ്തമായ ഈ പാർക്കും ഇവിടുത്തെ കാഴ്ചകളും കാണുവാൻ കഴിയും.