ഇതാണ് എന്റെ ഏറ്റവും വലിയ സന്തോഷം, ചിത്രങ്ങളുമായി അനുമോൾ
Mail This Article
കേരളത്തിന്റെ ഭൂപ്രകൃതിയോടു സമാനമാണ് ബാലി. തെങ്ങുകളും നെൽപ്പാടങ്ങളും വനങ്ങളും എന്നുവേണ്ട പച്ചപ്പിന്റെ ഒരു ആഘോഷം തന്നെ കാണുവാൻ കഴിയുന്ന ദ്വീപ്. ഇവ മാത്രമല്ല, ആ നാടിൻറെ അഴകിന് മാറ്റുകൂട്ടുന്നതിനായി ധാരാളം തടാകങ്ങളും കടലും വെള്ളച്ചാട്ടങ്ങളും അഗ്നിപർവതങ്ങളും പോലുള്ള വിസ്മയ കാഴ്ചകൾ ധാരാളമുണ്ട് ബാലിയിൽ. മനസ്സിനെ കീഴടക്കുന്ന ഈ മനോഹര നാടും കാഴ്ചകളും സ്വന്തമായുള്ള ആ നാട് ഒരിക്കലെങ്കിലും സന്ദർശിക്കണമെന്നു യാത്രാപ്രിയർക്കു തോന്നിപോകുന്നതിൽ അദ്ഭുതമില്ല. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന സിനിമാതാരം അനുമോളും ബാലിയുടെ സൗന്ദര്യം ആസ്വദിക്കുന്നതിന്റെ തിരക്കിലാണ്. ബാലിയിൽ നിന്നുമുള്ള നിരവധി ചിത്രങ്ങൾ താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. അതിൽ എടുത്തു പറയേണ്ടയൊന്ന്, ഗരുഡ വിഷ്ണു കെൻകാനയാണ്. എന്താണ് ഈ ശില്പത്തിന്റെ പ്രത്യേകതകൾ എന്നറിയേണ്ടേ?
ബാലിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഗരുഡ വിഷ്ണു കെൻകാന കൾചറൽ പാർക്ക്. ബന്ദുങ്ങിലെ ഉൻഗാസയിലാണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. ഗരുഡ വിഷ്ണു കെൻകാന കൾചറൽ പാർക്കിലാണ് 121 മീറ്റർ ഉയരമുള്ള ശിൽപം കാണുവാൻ കഴിയുക. ഇന്തൊനേഷ്യയിലെ ഏറ്റവും ഉയരമുള്ള ഗരുഡ വിഷ്ണു കെൻകാന പ്രതിമ ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. ഗരുഡൻ വിഷ്ണു ഭഗവാന്റെ വാഹനമാകാൻ സമ്മതിച്ചു കൊണ്ട് അടിമയായിരുന്ന അമ്മയെ മോചിപ്പികാനായി അമൃത് ഉപയോഗിക്കുവാനുള്ള അവകാശം നേടിയെടുത്തു എന്നാണ് കഥ. 2018 ജൂലൈ 31നാണ് ശില്പത്തിന്റെ പണി പൂർത്തീകരിച്ചത്. ന്യൂമാൻ ന്യുവർട്ടയാണ് ഈ ഭീമാകാരമായ ശില്പത്തിന്റെ നിർമാണത്തിനു പുറകിൽ. 28 വർഷം കൊണ്ടാണ് ഇതിന്റെ പണിപൂർത്തീകരിച്ചത്. അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബേർട്ടിയേക്കാളും ഏകദേശം 30 മീറ്റർ ഉയരമുള്ള ശില്പമാണിത്. 21 നിലകളുള്ള കെട്ടിടത്തിന്റെ ഉയരവും 4000 ടൺ ഭാരവുമുണ്ട്. സ്റ്റെയിൻലെസ് സ്റ്റീലിലാണ് ഫ്രെയിം. ചെമ്പും പിച്ചളയും ഷീറ്റുകൾ ഉപയോഗിച്ചാണ് ശിൽപം നിർമിച്ചിരിക്കുന്നത്.
ഗരുഡ വിഷ്ണു കെൻകാന കൾചറൽ പാർക്ക് മാത്രമല്ല, വേറെയും നിരവധി കാഴ്ചകൾ ബാലിയിലെത്തിയാൽ ആസ്വദിക്കാവുന്നതാണ്. ധാരാളം ക്ഷേത്രങ്ങൾ ഈ മണ്ണിലുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടതാണ് തനഹ് ലോട്ട്. ബാലിനീസ് ഭാഷയിൽ തനഹ് ലോട്ട് എന്നതിന് അർഥം കടലിലെ കര എന്നാണ്. ഡെൻപസാറിന് ഏകദേശം 20 കിലോമീറ്റർ വടക്ക് പടിഞ്ഞാറായി, തബനാനിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം, വര്‍ഷങ്ങളായി സമുദ്രത്തിന്‍റെ വേലിയേറ്റം കൊണ്ടു രൂപപ്പെട്ട ഒരു വലിയ പാറക്കൂട്ടത്തിനു മുകളിലായാണ് നിര്‍മിച്ചിട്ടുള്ളത്. ഈ ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂർത്തി ദേവ ബരുണ അല്ലെങ്കിൽ ഭട്ടാര സെഗരയാണ്. ബാലിനീസ് തീരത്തിനു ചുറ്റുമുള്ള ഏഴ് കടൽ ക്ഷേത്രങ്ങളിൽ ഒന്നാണിത്. പതിനാറാം നൂറ്റാണ്ടില്‍, ബാലിയിലെ ഒരു ശൈവ സന്യാസിയും സഞ്ചാരിയുമായിരുന്ന ദാംഗ്യാങ് നിരാർഥയാണ് ഈ ക്ഷേത്രം സ്ഥാപിച്ചതെന്നു കരുതപ്പെടുന്നു. തെക്കൻ തീരത്തുകൂടെയുള്ള തന്‍റെ യാത്രയ്ക്കിടയിൽ ഈ മനോഹരപ്രദേശം കണ്ട അദ്ദേഹം, കടൽ ദൈവങ്ങളെ ആരാധിക്കാനുള്ള ഒരു പുണ്യസ്ഥലമായി ഇവിടം തിരഞ്ഞെടുത്തു എന്നു പുരാണം പറയുന്നു. ദ്വീപിന്‍റെ അടിത്തട്ടിൽ വസിക്കുന്ന വിഷമുള്ള കടൽപാമ്പുകൾ ക്ഷേത്രത്തെ ദുരാത്മാക്കളിൽ നിന്നും നുഴഞ്ഞുകയറ്റക്കാരിൽ നിന്നും സംരക്ഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടേക്കുള്ള പ്രവേശനം സൗജന്യമല്ല. വിനോദസഞ്ചാരികള്‍ക്കുള്ള ഒട്ടേറെ ഭക്ഷണശാലകളും ഇവിടെയുണ്ട്.
സമൃദ്ധമായ വനങ്ങളും പാടങ്ങളും പച്ചപ്പും നിറഞ്ഞ പ്രദേശമാണ് തെഗല്ലലംഗ് റൈസ് ഫീൽഡ്സ്. തട്ടുതട്ടായി കൃഷിചെയ്ത നെല്‍പ്പാടങ്ങള്‍ കണ്ണിനു വിരുന്നൊരുക്കുന്നു. പെജെങ്, കാംപുഹാൻ, തെഗല്ലലങ് എന്നിങ്ങനെ മൂന്നു പ്രദേശങ്ങളിലാണ് ഇവിടെ ടെറസ് കൃഷി കാണുന്നത്. യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളില്‍ ഒന്നായി തെഗല്ലലങ് പട്ടികപ്പെടുത്തിയിട്ടുണ്ട്.
ബാലിയുടെ സാംസ്‌കാരിക ഹൃദയമെന്നു അറിയപ്പെടുന്നയിടമാണ് ഉബുദ്. ധാരാളം വയലുകളും കുന്നുകളും കാണുവാൻ കഴിയും ഇവിടെയെത്തിയാൽ. ഉബുദിലെ പ്രശസ്തമായ രാജകൊട്ടാരമാണ് പുരി സരെൻ അഗുങ്. ഇവിടുത്തെ അവസാനത്തെ രാജാവായിരുന്ന ജെഡെ അഗുങ് സുഖാവതിയുടെ കൊട്ടാരമായിരുന്നു ഇത്. ഇപ്പോഴും ഇതിന്റെ ഉടമസ്ഥാവകാശം രാജകുടുംബത്തിന്റെ കൈകളിൽ തന്നെയാണ്. വിശേഷാവസരങ്ങളിൽ നൃത്തങ്ങളും ആഘോഷങ്ങളും കൊട്ടാരമുറ്റത്തു നടത്തപ്പെടാറുണ്ട്. ബാലിയിലെ മറ്റു പ്രദേശങ്ങൾ പോലെത്തന്നെ ഇവിടെയും നിരവധി ക്ഷേത്രങ്ങൾ കാണുവാൻ കഴിയും. ഗോവ ഗജ എന്നറിയപ്പെടുന്ന എലിഫന്റ് ഗുഹ, ഗുനുങ് കവി ക്ഷേത്രം എന്നിവയാണ് ഉബുദിലെ പ്രധാന കാഴ്ചകൾ. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ ചെണ്ട എന്നറിയപ്പെടുന്ന മൂൺ ഓഫ് പേജെങ് കാണാനായി ഈ നഗരത്തിലെത്തുന്ന സഞ്ചാരികൾ നിരവധിയാണ്. ധാരാളം റിസോർട്ടുകൾ, സ്പാ, കച്ചവട സ്ഥാപനങ്ങൾ, മ്യൂസിയങ്ങൾ, മൃഗശാലകൾ എന്നിവയും സന്ദർശകർക്കായി ഇവിടെയുണ്ട്.
ബാലിയിലെ പ്രധാനപ്പെട്ട ശൈവക്ഷേത്രങ്ങളിൽ ഒന്നാണ് ബെരാതൻ ക്ഷേത്രം. ബാലിയിലെ ഒരു പർവത തടാക റിസോർട്ട് പ്രദേശമായ ബെഡുഗുലില്‍, ബ്രട്ടൻ തടാകത്തിന്‍റെ തീരത്താണ് ഈ ക്ഷേത്ര സമുച്ചയം. 1633 ൽ പണികഴിപ്പിച്ച ക്ഷേത്രം നദി ദേവതയായ ദേവി ദാനുവിനായി സമർപ്പിച്ചിരിക്കുന്നു. കൂടാതെ ഒരു ബുദ്ധ ആരാധനാലയവും ഇതിനുള്ളിലായി കാണുവാൻ കഴിയും.
ഉബുദിലെ മറ്റൊരു ആകർഷണമാണ് മങ്കി ഫോറസ്റ്റ്. കുരങ്ങന്മാർ മാത്രമല്ലാതെ വൈവിധ്യമാർന്ന സസ്യങ്ങളും വൃക്ഷങ്ങളും ഇവിടെ കാണുവാൻ കഴിയും. 186 ലധികം വൈവിധ്യമാർന്ന സസ്യജാലങ്ങൾ ഇവിടെയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ആയിരത്തിമുന്നൂറോളം മക്കാക്ക് കുരങ്ങുകൾ ഇവിടെ അധിവസിക്കുന്നുണ്ട്. എല്ലാ മാസവും പതിനായിരത്തിനു മുകളിൽ സന്ദർശകരാണ് മങ്കി ഫോറെസ്റ്റിൽ എത്തുന്നത്. മൂന്നു ക്ഷേത്രങ്ങളും ഇവിടയുണ്ട്.
കാഴ്ചകൾ മാത്രമല്ലാതെ, അതിഥികളായി എത്തുന്നവർക്ക് ആസ്വദിക്കാനായി നിരവധി വിനോദങ്ങളുമായി കാത്തിരിക്കുന്നയിടമാണ് കുട്ട, സെമിനിയാക് ബീച്ചുകൾ. പെംഗ്ലിപുരാൻ പോലുള്ള പരമ്പരാഗത ഗ്രാമങ്ങൾ ആധികാരികമായ ബാലിനീസ് അനുഭവം നല്‍കും. തടാകത്തിന്റെ അതിമനോഹരമായ കാഴ്ചകള്‍ നിറഞ്ഞ സജീവ അഗ്നിപർവതമായ മൗണ്ട് ബത്തൂരിന്റെ ആസ്ഥാനം കൂടിയാണ് ഈ ദ്വീപ്.
വര്‍ഷം മുഴുവനും പോയി വരാവുന്ന സ്ഥലമാണെങ്കിലും ഏപ്രിൽ മുതൽ ഒക്ടോബർ വരെയാണ് ബാലി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഈ സമയത്ത് വിമാനനിരക്കും ഹോട്ടല്‍ നിരക്കും വളരെ കുറവായിരിക്കും. കൂടാതെ ബീച്ചുകളും ക്ഷേത്രങ്ങളും പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന ആളുകളുടെ തിരക്കും കുറവായിരിക്കും.