ADVERTISEMENT

ജനനം കൊണ്ട് കര്‍ണ്ണാടകക്കാരിയാണെങ്കിലും തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി സിനിമകളിലെല്ലാം ഒരിടക്ക് സ്ഥിരം സാന്നിധ്യമായിരുന്ന ആളാണ്‌ റായ് ലക്ഷ്മി. തമിഴ് ചിത്രമായ 'കർക്ക കസദര'യിലൂടെ വന്ന് മലയാളത്തിലെ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും വരെ നായികയായി പെട്ടെന്നുതന്നെ റായ് ലക്ഷ്മി ജനപ്രിയ നടിയായി മാറി. റോക്ക് ആൻഡ് റോള്‍, ചട്ടമ്പിനാട്, 2 ഹരിഹർ നഗർ,  ഇൻ ഗോസ്റ്റ് ഹൗസ് ഇൻ തുടങ്ങിയ മലയാളചിത്രങ്ങളിലെല്ലാം ലക്ഷ്മിയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. ഇപ്പോള്‍ കൂടുതലും മോഡലിങ്ങിലാണ് റായ്  ലക്ഷ്മി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ നടി ഇടയ്ക്കിടെ യാത്രാചിത്രങ്ങള്‍ പങ്കിടാറുണ്ട്. ഈയിടെ ഫ്രാന്‍സിലും സ്വിറ്റ്സര്‍ലന്‍ഡിൽ നിന്നുമുള്ള ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ഫ്രാന്‍സിലെയും സ്വിറ്റ്സര്‍ലന്‍ഡിലെയും പ്രശസ്തമായ പല സ്ഥലങ്ങളും ഈ ചിത്രങ്ങളില്‍ കാണാം.


Image Credit: iamraailaxmi/instagram
Image Credit: iamraailaxmi/instagram

ഫ്രാൻസിന്റെ കിഴക്കൻ മലയോര പ്രദേശത്ത് ഇറ്റലിയുടെയും സ്വിറ്റ്സർലന്റിന്റെയും അതിർത്തിയിലുള്ള ഒരു കൊച്ചു പട്ടണമാണ് ഷമൊനി. 'യൂറോപ്പിന്‍റെ മേൽക്കൂര' എന്നറിയപ്പെടുന്ന മോണ്ട് ബ്ലാങ്ക് പർ‍വ്വതം ഇവിടെയാണ്.  സ്കീയിംഗ്, പർ‍വ്വതാരോഹണം, പാരാഗ്ലൈഡിങ്ങ് തുടങ്ങി ഒട്ടനവധി സാഹസിക വിനോദങ്ങൾക്കു പേരു കേട്ട സ്ഥലമാണിത്. 

ഫ്രാൻസിലെ ഏറ്റവും പഴക്കം ചെന്ന സ്കീ റിസോർട്ടുകളിൽ ഒന്നാണിത്.  ശീതകാല സ്പോർട്സ് റിസോർട്ട് ആയാണ് ഈ പട്ടണം അറിയപ്പെടുന്നതു തന്നെ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കേബിൾ കാറുകളിലൊന്ന് ഇവിടെ പ്രവര്‍ത്തിക്കുന്നു. പട്ടണത്തെ 3842 മീറ്റർ ഉയരമുള്ള ഐഗില്ലെ ഡു മിഡി കൊടുമുടിയുമായി ബന്ധിപ്പിക്കുന്നതാണ് ഈ കേബിള്‍ കാര്‍. 

Image Credit: iamraailaxmi/instagram
Image Credit: iamraailaxmi/instagram

ഫ്രാന്‍സിലെ മറ്റൊരു ടൂറിസ്റ്റ് നഗരമായ ഈവിയനില്‍ നിന്നുള്ളതാണ് അടുത്ത ചിത്രം. കിഴക്കൻ ഫ്രാൻസില്‍, ജനീവ തടാകത്തിന്റെ തെക്കൻ തീരത്ത്, സ്വിറ്റ്സർലൻഡിന്റെ അതിർത്തിയിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ഒരു സ്പാ നഗരമായാണ് ഇവിടം സഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. 

പച്ച നിറഞ്ഞ ചെറുകുന്നുകളും തടാകതീരവും കുലീനമായ വീടുകളും ആഡംബര വില്ലകളുമെല്ലാം നിറഞ്ഞ നഗരം കാലങ്ങളായി സെലിബ്രിറ്റികളുടെ പ്രിയ വെക്കേഷന്‍ സ്പോട്ടായി തുടരുന്നു. ഇന്ത്യയില്‍ നിന്നുള്ള ആഗാ ഖാൻ മൂന്നാമൻ, കപൂർത്തല മഹാരാജാവ് എന്നിവരടക്കം ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ഭരണകര്‍ത്താക്കളും രാജാക്കന്മാരും ഈ നഗരത്തിലെത്തിയിട്ടുണ്ട്. 

പതിനെട്ടാം നൂറ്റാണ്ടില്‍ പ്രകൃതിദത്ത നീരുറവകള്‍ കണ്ടെത്തിയതോടെയാണ്‌ ഈവിയന്‍റെ വളര്‍ച്ച ആരംഭിക്കുന്നത്. ഇവിടുത്തെ ജലത്തിന് രോഗശാന്തിഗുണങ്ങള്‍ ഉണ്ടെന്ന് കരുതപ്പെടുന്നു. നഗരത്തിലെ പ്രസിദ്ധമായ ഈവിയൻ തെർമൽ സ്പായും നിരവധി ആഡംബര ഹോട്ടലുകളും ഇത്തരം സ്പാ ചികിത്സകൾ നല്‍കുന്നുണ്ട്.

ഈവിയന്‍റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന കച്ചാറ്റ് സ്പ്രിങ്ങിൽ നിന്നുള്ള, ശുദ്ധവും ധാതുസമ്പുവുമായ വെള്ളം നേരിട്ട് കുപ്പിയിലാക്കി വിൽക്കുന്നുണ്ട്. സഞ്ചാരികൾക്ക് ഉറവിടത്തിൽ നിന്ന് നേരിട്ട് സൗജന്യമായി ഈ വെള്ളം കുടിക്കുകയും ചെയ്യാം. 

പതിമൂന്നാം നൂറ്റാണ്ടിലെ ഗോതിക് ഘടനയായ ചർച്ച് ഓഫ് ഔർ ലേഡി ഓഫ് അസംപ്ഷൻ പോലെയുള്ള ആകർഷകമായ ചാപ്പലുകളുടെയും പള്ളികളുടെയും ആസ്ഥാനം കൂടിയാണ് ഇവിടം. അതേപോലെ, യൂറോപ്പിലെ ഏറ്റവും വലിയ തീം കാസിനോകളിലൊന്നായ കാസിനോ ഡി ഈവിയന്‍ ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്. 

സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവ നഗരത്തില്‍ നിന്നുള്ള ചിത്രങ്ങളും ലക്ഷ്മി പങ്കുവച്ചു. സ്വിറ്റ്സര്‍ലന്‍ഡിലെ രണ്ടാമത്തെ വലിയ നഗരമാണ് ജനീവ. കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയായ റെഡ്ക്രോസിന്‍റെ ആസ്ഥാനം ഇവിടെയാണ്. കൂടാതെ പല രാജ്യാന്തര സംഘടനകളുടെയും കാര്യായലയങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു. വൃത്തിയുടെയും സുരക്ഷയുടെയും കാര്യത്തിൽ മുന്നിട്ടു നില്‍ക്കുന്ന ജനീവ നഗരം, 2019 ൽ ലോകത്തിലെ ഏറ്റവും താമസയോഗ്യമായ പത്ത് നഗരങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ പ്രാധാന്യമുള്ള എണ്‍പതിലധികം സ്വിസ് പൈതൃക സൈറ്റുകള്‍ ജനീവയിലുണ്ട്.

English Summary:

Raai Laxmi Explores the Beauty of Europe: From Chamonix's Charm to Evian's Luxury

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com