ADVERTISEMENT

നടൻ കൃഷ്‌ണകുമാറിന്റെയും കുടുംബത്തിന്റെയും ഇത്തവണത്തെ ഓണം അതിമധുരം നിറഞ്ഞതായിരുന്നു. മകൾ ദിയയുടെ വിവാഹാഘോഷങ്ങളുടെ ആരവങ്ങൾ അടങ്ങുമ്പോഴേയ്ക്കും ഒരുമിച്ചൊരു യാത്രയുടെ ത്രില്ലിൽ ആണ് കുടുംബം. ബാലിയിലേക്കാണ് മക്കൾക്കും ഭാര്യ സിന്ധുവിനുമൊപ്പം കൃഷ്ണ കുമാറിന്റെ യാത്ര. ''ഗേൾസ് ഇൻ ബാലി'' എന്ന കുറിപ്പോടെയാണ് താരം യാത്രാചിത്രം പങ്കുവച്ചിരിക്കുന്നത്. ബാലിയുടെ രുചി വൈവിധ്യങ്ങൾ ആസ്വദിക്കുന്നതിനു മുന്നോടിയായി എടുത്തതാണ് ചിത്രം. അഹാനയും ദിയയും ഇഷാനിയും ഹൻസികയും അമ്മ സിന്ധുവുമാണ് ചിത്രത്തിലുള്ളത്. ‘‘ഫാമിലി മൊത്തത്തിൽ ഹണിമൂൺ ആഘോഷിക്കാൻ പോയ ഒരു മിഥുനം മൂവി വൈബെ’’ന്നാണ് ചിത്രത്തിനു താഴെ ആരാധകർ കുറിച്ചത്.

കേരളത്തിന്റെ പച്ചപ്പിനെ പകർത്തി വച്ചിരിക്കുന്നത് പോലെ തോന്നും ബാലിയിലെത്തിയാൽ. അത്രയേറെ സാമ്യമുണ്ട് രണ്ടു ദേശങ്ങളും തമ്മിൽ. ഇന്തൊനീഷ്യൻ ദ്വീപ് സമൂഹത്തിലെ ഏറ്റവും സുന്ദരമായ ദ്വീപുകളിൽ ഒന്നാണ് ബാലി. ശാന്തമായ കടൽത്തീരങ്ങൾ, കണ്ണെത്താദൂരം വരെ വ്യാപിച്ചു കിടക്കുന്ന നെൽപ്പാടങ്ങൾ, തടാകങ്ങൾ, വെള്ളച്ചാട്ടങ്ങൾ, അഗ്നിപർവ്വതങ്ങൾ, ക്ഷേത്രങ്ങൾ എന്നുവേണ്ട ഏതൊരു സഞ്ചാരിയുടെയും മനസ്സു നിറയ്ക്കും ഇവിടുത്തെ കാഴ്ചകൾ. ഇന്ത്യയിൽ നിന്നുമുള്ള സഞ്ചാരികൾക്കു അധികം ചെലവില്ലാതെ പോയിവരാമെന്നതും മനസ്സ് നിറയ്ക്കുന്ന കാഴ്ചകൾ ആസ്വദിക്കാമെന്നതും ബാലി യാത്ര രാജ്യത്തെ സഞ്ചാരികൾക്കു പ്രിയമുള്ളതാക്കുന്നു.

ബാലിനീസ് ഭാഷയില്‍, 'കടലിലെ കര' എന്നാണ് തനഹ് ലോട്ട് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഡെൻപസാറിന് ഏകദേശം 20 കിലോമീറ്റർ വടക്ക് പടിഞ്ഞാറായി, തബനാനിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം, വര്‍ഷങ്ങളായി സമുദ്രത്തിന്‍റെ വേലിയേറ്റം കൊണ്ടു രൂപപ്പെട്ട ഒരു വലിയ പാറക്കൂട്ടത്തിനു മുകളിലായാണ് നിര്‍മിച്ചിട്ടുള്ളത്. ഈ ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂർത്തി ദേവ ബരുണ അല്ലെങ്കിൽ ഭട്ടാര സെഗരയാണ്. ബാലിനീസ് തീരത്തിനു ചുറ്റുമുള്ള ഏഴ് കടൽ ക്ഷേത്രങ്ങളിൽ ഒന്നാണിത്. പതിനാറാം നൂറ്റാണ്ടില്‍, ബാലിയിലെ ഒരു ശൈവ സന്യാസിയും സഞ്ചാരിയുമായിരുന്ന ദാംഗ്യാങ് നിരാർഥയാണ് ഈ ക്ഷേത്രം സ്ഥാപിച്ചതെന്നു കരുതപ്പെടുന്നു. തെക്കൻ തീരത്തുകൂടെയുള്ള തന്‍റെ യാത്രയ്ക്കിടയിൽ ഈ മനോഹരപ്രദേശം കണ്ട അദ്ദേഹം, കടൽ ദൈവങ്ങളെ ആരാധിക്കാനുള്ള ഒരു പുണ്യസ്ഥലമായി ഇവിടം തിരഞ്ഞെടുത്തു എന്നു പുരാണം പറയുന്നു. ദ്വീപിന്‍റെ അടിത്തട്ടിൽ വസിക്കുന്ന വിഷമുള്ള കടൽപ്പാമ്പുകൾ ക്ഷേത്രത്തെ ദുരാത്മാക്കളിൽ നിന്നും നുഴഞ്ഞുകയറ്റക്കാരിൽ നിന്നും സംരക്ഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടേക്കുള്ള പ്രവേശനം സൗജന്യമല്ല. വിനോദസഞ്ചാരികള്‍ക്കുള്ള ഒട്ടേറെ ഭക്ഷണശാലകളും ഇവിടെയുണ്ട്.

ബാലിയിലെ പ്രധാനപ്പെട്ട ശൈവക്ഷേത്രങ്ങളിൽ ഒന്നാണ് ബെരാതൻ ക്ഷേത്രം. ബാലിയിലെ ഒരു പർവത തടാക റിസോർട്ട് പ്രദേശമായ ബെഡുഗുലില്‍, ബ്രട്ടൻ തടാകത്തിന്‍റെ തീരത്താണ് ഈ ക്ഷേത്ര സമുച്ചയം. 1633 ൽ പണികഴിപ്പിച്ച ക്ഷേത്രം ബാലിനീസ് ജലം, തടാകം, നദി ദേവതയായ ദേവി ദാനു എന്നിവര്‍ക്കായി സമർപ്പിച്ചിരിക്കുന്നു. കൂടാതെ ഒരു ബുദ്ധ ആരാധനാലയവും ഇതിനുള്ളിലായി കാണുവാൻ കഴിയും.

സമൃദ്ധമായ വനങ്ങളും പാടങ്ങളും പച്ചപ്പും നിറഞ്ഞ പ്രദേശമാണ് തെഗല്ലലംഗ് റൈസ് ഫീൽഡ്സ്. തട്ടുതട്ടായി കൃഷിചെയ്ത നെല്‍പ്പാടങ്ങള്‍ കണ്ണിനു വിരുന്നൊരുക്കുന്നു. പെജെങ്, കാംപുഹാൻ, തെഗല്ലലംഗ് എന്നിങ്ങനെ മൂന്നു പ്രദേശങ്ങളിലാണ് ഇവിടെ ടെറസ് കൃഷി കാണുന്നത്. യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളില്‍ ഒന്നായി തെഗല്ലലംഗ് പട്ടികപ്പെടുത്തിയിട്ടുണ്ട്.

ബാലിയുടെ സാംസ്‌കാരിക ഹൃദയമെന്നു അറിയപ്പെടുന്നയിടമാണ് ഉബുദ്. ധാരാളം വയലുകളും കുന്നുകളും കാണുവാൻ കഴിയും ഇവിടെയെത്തിയാൽ. ഉബുദിലെ പ്രശസ്തമായ രാജകൊട്ടാരമാണ് പുരി സരെൻ അഗുങ്. ഇവിടുത്തെ അവസാനത്തെ രാജാവായിരുന്ന ജെഡെ അഗുങ് സുഖാവതിയുടെ കൊട്ടാരമായിരുന്നു ഇത്. ഇപ്പോഴും ഇതിന്റെ ഉടമസ്ഥാവകാശം രാജകുടുംബത്തിന്റെ കൈകളിൽ തന്നെയാണ്. വിശേഷാവസരങ്ങളിൽ നൃത്തങ്ങളും ആഘോഷങ്ങളും കൊട്ടാരമുറ്റത്തു നടത്തപ്പെടാറുണ്ട്. ബാലിയിലെ മറ്റു പ്രദേശങ്ങൾ പോലെത്തന്നെ ഇവിടെയും നിരവധി ക്ഷേത്രങ്ങൾ കാണുവാൻ കഴിയും. ഗോവ ഗജ എന്നറിയപ്പെടുന്ന എലിഫന്റ് ഗുഹ, ഗുനുങ് കവ്വി ക്ഷേത്രം എന്നിവയാണ് ഉബുദിലെ മറ്റുപ്രധാന കാഴ്ചകൾ. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ ചെണ്ട എന്നറിയപ്പെടുന്ന മൂൺ ഓഫ് പേജെങ് കാണാനായി ഈ നഗരത്തിലെത്തുന്ന സഞ്ചാരികൾ നിരവധിയാണ്. ധാരാളം റിസോർട്ടുകൾ, സ്പാ, കച്ചവട സ്ഥാപനങ്ങൾ, മ്യൂസിയങ്ങൾ, മൃഗശാലകൾ എന്നിവയും സന്ദർശകർക്കായി ഇവിടെയുണ്ട്.

ഉബുദിലെ മറ്റൊരു ആകർഷണമാണ് മങ്കി ഫോറസ്റ്റ്. കുരങ്ങന്മാർ മാത്രമല്ലാതെ വൈവിധ്യമാർന്ന സസ്യങ്ങളും വൃക്ഷങ്ങളും ഇവിടെ കാണുവാൻ കഴിയും. 186 ലധികം വൈവിധ്യമാർന്ന സസ്യജാലങ്ങൾ ഇവിടെയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ആയിരത്തിമുന്നൂറോളം നീണ്ട വാലുള്ള മക്കാക്ക് കുരങ്ങുകൾ ഇവിടെ അധിവസിക്കുന്നുണ്ട്. എല്ലാ മാസവും പതിനായിരത്തിനു മുകളിൽ സന്ദർശകരാണ് മങ്കി ഫോറെസ്റ്റിൽ എത്തുന്നത്. മൂന്നു ക്ഷേത്രങ്ങളും ഇവിടെ കാണുവാൻ കഴിയും.

കാഴ്ചകൾ മാത്രമല്ലാതെ, അതിഥികളായി എത്തുന്നവർക്ക് ആസ്വദിക്കാനായി നിരവധി വിനോദങ്ങളുമായി കാത്തിരിക്കുന്നയിടമാണ് കുട്ട, സെമിനിയാക് ബീച്ചുകൾ. പെംഗ്ലിപുരാൻ പോലുള്ള പരമ്പരാഗത ഗ്രാമങ്ങൾ ആധികാരികമായ ബാലിനീസ് അനുഭവം നല്‍കും. തടാകത്തിൻ്റെ അതിമനോഹരമായ കാഴ്ചകള്‍ നിറഞ്ഞ സജീവ അഗ്നിപർവതമായ മൗണ്ട് ബത്തൂരിൻ്റെ ആസ്ഥാനം കൂടിയാണ് ഈ ദ്വീപ്.

വര്‍ഷം മുഴുവനും പോയി വരാവുന്ന സ്ഥലമാണെങ്കിലും ഏപ്രിൽ മുതൽ ഒക്ടോബർ വരെയാണ് ബാലി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഈ സമയത്ത് വിമാനനിരക്കും ഹോട്ടല്‍ നിരക്കും വളരെ കുറവായിരിക്കും. കൂടാതെ ബീച്ചുകളും ക്ഷേത്രങ്ങളും പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന ആളുകളുടെ തിരക്കും കുറവായിരിക്കും.

English Summary:

Girls Trip Goals: Krishna Kumar's Family Explores the Magic of Bali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com