ADVERTISEMENT

ഹാ ലോങ്ങ് ബേ, വിയറ്റ്നാമിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ വളരെ പ്രാധാന്യമുണ്ട് ഈ കടൽത്തീരത്തിനും ഇവിടുത്തെ കാഴ്ചകൾക്കും. ഏതൊരു സൗന്ദര്യാസ്വാദകനും കണ്ണിമചിമ്മാതെ കണ്ടു നിൽക്കുന്ന ഉദയാസ്തമക്കാഴ്ചകളുടെ മനോഹാരിതയും ഉൾക്കടലിലൂടെയുള്ള യാത്രയും ചുറ്റിലും മലനിരകളും പച്ചപ്പിന്റെ സൗന്ദര്യവും എന്നുവേണ്ട ആരുടെ ഹൃദയത്തിലും പ്രണയം നിറയ്ക്കുന്ന കാഴ്ചകൾ. ആ മാന്ത്രിക സൗന്ദര്യത്തിൽ  മതിമറന്നിരിക്കുകയാണ് മലയാള, തമിഴ് സിനിമകളിലൂടെ സുപരിചിതയായ റേബ മോണിക്ക ജോൺ. വിയറ്റ്നാമിലെ ഹാ ലോങ്ങ് ഉൾക്കടലിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യം മുഴുവൻ വെളിവാക്കുന്ന യാത്രാചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. 

മരതക പച്ചയിലുള്ള ജലത്തിന്റെ നിറം തന്നെയാണ് ഹാ ലോങ്ങിലെ  പ്രധാനാകർഷണം. ആ ജലത്തിലൂടെ കപ്പലിലുള്ള യാത്രയിൽ കാണുവാൻ കഴിയും പാറക്കെട്ടുകളിൽ നൂറ്റാണ്ടുകൾ മുമ്പുള്ള പ്രകൃതിദത്തമായ ഗുഹാമുഖങ്ങൾ. അദ്ഭുതവും കൗതുകവും ഒരുപോലെ ജനിപ്പിക്കും ആ കാഴ്ച. ഹാ ലോങ്ങിലെത്തുന്ന സഞ്ചാരികൾക്ക് സ്വപ്നസമാനമാണ് ഇവിടുത്തെ അസ്തമയ കാഴ്ചകൾ. കപ്പൽ ഡക്കിലെ യാത്രയിൽ, കയ്യെത്തും ദൂരെ, ചെഞ്ചുവപ്പിൽ സൂര്യൻ കടലിൽ മറയും. ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട കാഴ്ച തന്നെയാണിതെന്നാണ് ഇവിടെയെത്തുന്ന സന്ദർശകർ ഏകസ്വരത്തിൽ പറയുന്നത്. 

Ha Long Bay. Image Credit: reba_john/instagram
Ha Long Bay. Image Credit: reba_john/instagram

യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽ ഇടം ലഭിച്ച സ്ഥലമെന്ന പ്രത്യേകത മാത്രമല്ല ഹാ ലോങ്ങിനുള്ളത്. മൽസ്യബന്ധനം കുലത്തൊഴിലായി സ്വീകരിച്ച ധാരാളം സമൂഹങ്ങളും അവരുടെ ഗ്രാമങ്ങളും ഇവിടെ കാണുവാൻ കഴിയും. നൂറ്റാണ്ടുകളായി അവരുടെ ഉപജീവനമാർഗമാണത്. ഒരു ബോട്ട് യാത്ര തിരഞ്ഞെടുത്താൽ ആ ഗ്രാമക്കാഴ്ചകൾ ആസ്വദിക്കുവാൻ കഴിയും. 

Ha Long Bay. Image Credit: reba_john/instagram
Ha Long Bay. Image Credit: reba_john/instagram

കയാക്കിങ്  ചെയ്യാൻ താല്പര്യമുള്ളവർക്ക് അതിനുള്ള സൗകര്യങ്ങളും ഹാ ലോങ്ങിലുണ്ട്. ആ തീരത്തിന്റെ സൗന്ദര്യവും മനോഹാരിതയുമെല്ലാം ആസ്വദിക്കാൻ ഇതിലും മികച്ച മറ്റൊരു വഴിയില്ല. സൂര്യാസ്തമയത്തിനു തൊട്ടുമുമ്പുള്ള സമയമാണ് കയാക്കിങ്ങിനു ഏറെ അനുയോജ്യം. ശാന്തമായ തീരവും മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകളുമൊക്കെ അടുത്തു കാണാം. ക്യാൻവാസിൽ പകർത്തിയ ഒരു ചിത്രത്തോളം സുന്ദരമാണ് ആ കാഴ്ച. 

Ha Long Bay. Image Credit: reba_john/instagram
Ha Long Bay. Image Credit: reba_john/instagram

നിരവധി പാറക്കെട്ടുകൾ ഹാ ലോങ്ങിനു ചുറ്റുമുണ്ട്. ചുണ്ണാമ്പുകല്ലുകളും അതിനുള്ളിൽ പ്രകൃതി ഒരുക്കിയ ഗുഹകൾ അതിശയിപ്പിക്കുന്ന ഒരു കാഴ്ച തന്നെയാണ്. മഴയും ജലവും കാലങ്ങൾ കൊണ്ട് ഒരുക്കിയെടുത്ത ഈ ചെറുഗുഹകളിലേക്ക് ഒരു കാൽനട യാത്ര നടത്താം. ഗുഹയുടെ അകകാഴ്ചകൾ ഏതൊരു സന്ദർശകനിലും വിസ്മയമുണർത്തും. ചിലതിനുൾവശം വിശാലമാണെങ്കിൽ ചിലതു ഒരാൾക്ക് ഞെങ്ങി ഞെരുങ്ങി കടന്നു പോകാൻ കഴിയുന്നതരത്തിലുള്ളതായിരിക്കും. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഈ മലമുകളിലേക്കും യാത്രകൾ നടത്താവുന്നതാണ്. 

സെപ്‌റ്റംബർ മുതൽ നവംബർ വരെയുള്ള സമയമാണ് ഹാ ലോങ്ങ് സന്ദർശിക്കാൻ ഏറ്റവും ഉചിതമായ സമയം. ഡിസംബർ മുതൽ മാർച്ച് വരെയുള്ള സമയത്ത് യാത്ര ഒഴിവാക്കാം. അതുപോലെ തന്നെ ജൂൺ-ആഗസ്ത് മാസങ്ങളിൽ അപ്രതീക്ഷിതമായി മഴ പെയ്യാനിടയുള്ളതു കൊണ്ട് ആ സമയവും ഇവിടം സന്ദർശനത്തിനായി തിരഞ്ഞെടുക്കാതിരിക്കുന്നതാണ് ഉത്തമം. ഏപ്രിൽ, മേയ് മാസങ്ങളിൽ തെളിഞ്ഞ ആകാശവും വേനൽക്കാലവുമായതു കൊണ്ടുതന്നെ ധാരാളം സഞ്ചാരികൾ എത്തുന്ന ഒരു സമയം കൂടിയാണിത്. 

English Summary:

Reba Monica John's Ha Long Bay Photos Will Ignite Your Wanderlust.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com