ADVERTISEMENT

മലയാളികൾ ഒരിക്കലും മറക്കാത്ത നോക്കെത്താദൂരത്തു കണ്ണുംനട്ട് എന്ന ചിത്രവും അതിലെ ഗേളിയെന്ന കഥാപാത്രവും അനശ്വരമാക്കിയ താരമാണ് നദിയ മൊയ്‌തു. ഒരിടവേളക്ക് ശേഷം സിനിമയിൽ സജീവമായ താരം പിന്നീട് തമിഴിലും മലയാളത്തിലുമടക്കം നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുകയും ചെയ്തു. തിരക്കുകളിൽ നിന്നുമൊഴിഞ്ഞു ഒരു യാത്രയുടെ ലഹരിയിലാണ് മലയാളികളുടെ പ്രിയപ്പെട്ട ഗേളി. സഞ്ചാരികളുടെ സ്വപ്ന രാജ്യമായ സ്വിറ്റ്‌സർലൻഡിലേക്കാണ് താരത്തിന്റെ യാത്ര. രാജ്യത്തിലെ ഏറ്റവും വലിയ നഗരമായ സൂറിച്ചിൽ നിന്നുമുള്ള നിരവധി ചിത്രങ്ങളാണ് നദിയ മൊയ്‌തു സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. ട്രാവൽ ഡയറീസ് എന്നാണ് ചിത്രങ്ങൾക്ക് ക്യാപ്ഷൻ. ഹൈക്കിങ്ങും പാരാഗ്ലൈഡിങ്ങുമൊക്കെ ചെയ്യുന്ന, യാത്രയെ അതിന്റെ പൂർണതയിൽ ആസ്വദിക്കുന്ന താരത്തെ ചിത്രങ്ങളിലും വിഡിയോയിലും കാണുവാൻ കഴിയും. 80 കളിലെ താരസുന്ദരിക്കു പ്രായമൊട്ടുമേശിയിട്ടില്ലെന്നാണ് ചിത്രങ്ങൾക്കു താഴെ ആരാധകർ കുറിച്ചിരിക്കുന്നത്.

Image Credit: simply.nadiya/instagram
Image Credit: simply.nadiya/instagram

ആല്‍പ്‌സ് പർവ്വത നിരകളോട് ചേര്‍ന്നുള്ള ഭൂമിശാസ്ത്രപരമായ സ്ഥാനം തന്നെയാണ് സ്വിറ്റ്‌സര്‍ലൻഡിനെ മലകയറ്റക്കാരുടെ സ്വര്‍ഗീയ ഭൂമിയാക്കുന്നത്. സ്വിസ് ആല്‍പ്‌സ് എന്നു വിളിക്കുന്ന ഈ പ്രദേശത്ത് നിരവധി ഹൈക്കിങ്ങ് റൂട്ടുകളാണുള്ളത്. മഞ്ഞു പുതച്ച മലനിരകളും ഇടതൂര്‍ന്ന പൈന്‍ മരക്കാടുകളും നീലാകാശത്തെ പ്രതിഫലിപ്പിക്കുന്ന അരുവികളുമെല്ലാം ഓരോ മലകയറ്റങ്ങളേയും സവിശേഷമാക്കുന്നു. ലഭ്യമായ പ്രകൃതി വിഭവങ്ങളെ നല്ല രീതിയില്‍ പരിപാലിക്കുന്നുവെന്നതാണ് സ്വിറ്റ്‌സര്‍ലൻഡിന്റെ പ്രധാന മേന്മ. ഹൈക്കിങ്ങ് റൂട്ടുകളും മികച്ച രീതിയില്‍ പരിപാലിക്കപ്പെടുന്നുണ്ട്.

Image Credit: simply.nadiya/instagram
Image Credit: simply.nadiya/instagram

സ്വിറ്റ്‌സര്‍ലൻഡ് യാത്രയിൽ ഒരിക്കലും നഷ്ടപ്പെടുത്തരുതാത്ത ഒന്നാണ് ആ നാടിന്റെ മനോഹരമായ കാഴ്ചകൾ കാണുവാൻ സഹായിക്കുന്ന ട്രെയിൻ യാത്ര. ആ നാടിന്റെ സൗന്ദര്യവും ആൽപ്സ് മലനിരകളും സ്വർഗമെന്നു വിശേഷിപ്പിക്കാൻ കഴിയുന്ന താഴ്​വരകളും തുടങ്ങി കണ്ണിനിമ്പമേകുന്ന നിരവധി കാഴ്ചകൾ ഈ യാത്രയിൽ അതിഥികളെ തേടിയെത്തും. സ്വിറ്റ്‌സര്‍ലൻഡിന്റെ ഏറ്റവും മനോഹരമായ കാഴ്ചകള്‍ ശാന്തമായി അറിയാന്‍ ട്രെയിന്‍ യാത്രയോളം യോജിച്ച മറ്റൊന്നില്ല.  യാത്രയ്ക്കു തയാറെടുക്കുമ്പോൾ മനസ്സിൽ വയ്‌ക്കേണ്ടേ ഒരു കാര്യം കൃത്യസമയം പാലിക്കുക എന്നതു മാത്രമാണ്. അല്ലാത്ത പക്ഷം മോഹിപ്പിക്കുന്ന കാഴ്ചകൾ നഷ്ടപ്പെടാനിടയുണ്ട്. 

നദിയ മൊയ്തുവിന്റെ യാത്രയിൽ ഇടം പിടിച്ച സ്വിറ്റ്‌സർലൻഡിലെ ഒരു ഗ്രാമമാണ് ഗ്രിന്‍ഡെല്‍വാല്‍ഡ്. താരം പാരാഗ്ലൈഡിങ് ചെയ്യുന്നത് ആ ഗ്രാമത്തിലാണ്. സമുദ്രനിരപ്പിൽ നിന്നും 1,034 മീറ്റർ ഉയരത്തിലാണ് ഗ്രിന്‍ഡെല്‍വാല്‍ഡ് സ്ഥിതി ചെയ്യുന്നത്. ധാരാളം സന്ദർശകർ എത്തുന്ന ഇവിടം നിരവധി ഹോളിവുഡ് സിനിമകളിലും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. മുത്തശ്ശിക്കഥകളില്‍ നിന്നും നേരിട്ട് ഇറങ്ങി വന്നതുപോലെ മനോഹരമായ ഗ്രാമമാണിത്. അതിരിട്ടു കൊണ്ട് ആൽപ്സ് മലനിരകൾ കൂടി ചേരുമ്പോൾ സ്വപ്നസമാനമായ കാഴ്ചകളാണ് ഗ്രിന്‍ഡെല്‍വാല്‍ഡ് അതിഥികളായി എത്തുന്നവർക്ക് സമ്മാനിക്കുക. 

കലയ്ക്ക് സ്വിസുകാര്‍ വലിയ ബഹുമാനം കൊടുക്കുന്നതുകൊണ്ടുതന്നെ അവരുടെ ആര്‍ട്ട് ഗാലറികളും കാണേണ്ടതു തന്നെയാണ്. തനത് കലാസൃഷ്ടികളേക്കാള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാസൃഷ്ടികളുടെ ഏറ്റവും സുന്ദരമായ പ്രദര്‍ശന ശാലകളാണ് സ്വിറ്റ്‌സര്‍ലൻഡ് നിര്‍മിച്ചിരിക്കുന്നത്.

സ്വിറ്റ്‌സർലൻഡിന്റെ ഭക്ഷണത്തിലുമുണ്ട് ഏറെ പ്രത്യേകതകൾ. ചീസും മിൽക്ക് ചോക്ലേറ്റുകളും മാത്രമല്ലാതെ തനതു വിഭവങ്ങളും ഇവിടെ നിന്നും ആസ്വദിക്കാവുന്നതാണ്. ഭക്ഷണം അതിഥികൾക്കായി തയാറാക്കുന്നതിൽ മാത്രമല്ല, അത് വിളമ്പുന്നതിലും ഏറെ പ്രത്യേകതകൾ ഇന്നാട്ടുകാർ കാത്തുസൂക്ഷിക്കുന്നു. ഫ്രഞ്ച്, ഇറ്റാലിയൻ, ജർമൻ വിഭവങ്ങൾക്ക് തങ്ങളുടെ രുചിക്കൂട്ടുകൾ കൂടി ചേർത്തുള്ള വിഭവങ്ങളും ഇവിടെ നിന്നും ആസ്വദിക്കാവുന്നതാണ്. ലോകത്തു തന്നെ ഏറ്റവും വിപുലമായും വ്യത്യസ്തമായും  ചീസ് നിര്‍മിക്കുന്നത് സ്വിറ്റ്‌സര്‍ലൻഡുകാരാണ്. പ്രതിവര്‍ഷം 1.89 ലക്ഷം ടണ്‍ ചീസാണ് ഇവര്‍ ഉൽപാദിപ്പിക്കുന്നത്. ചീസിൽ മാത്രം 475 വ്യത്യസ്ത ഇനങ്ങള്‍ ഇവിടെയുണ്ട്.1875 ല്‍ ഡാനിയേല്‍ പീറ്റര്‍ എന്ന സ്വിറ്റ്‌സര്‍ലണ്ടുകാരനാണ് മില്‍ക് ചോക്ലേറ്റിന്റെ രുചിക്കൂട്ട് കണ്ടെത്തിയത്. ഇതിനായി ഏഴ് വര്‍ഷവും ആയിരക്കണക്കിന് മണിക്കൂറുകളും ചെലവിടേണ്ടി വന്നു. ഇന്ന് സ്വിറ്റ്‌സര്‍ലൻഡിന്റെ മുക്കിലും മൂലയിലും രുചികരമായ മില്‍ക്ക് ചോക്ലേറ്റുകള്‍ വില്‍ക്കുന്ന കടകളുണ്ട്. 

ഫൊട്ടോഗ്രാഫർമാരെ മോഹിപ്പിക്കുന്ന രാജ്യമാണ് സ്വിറ്റ്‌സര്‍ലൻഡ് എവിടെ തിരിഞ്ഞാലും മനോഹരമായ പ്രകൃതി ദൃശ്യങ്ങളാല്‍ സമ്പന്നമായ രാജ്യം. ആല്‍പ്‌സും തെളിനീരൊഴുകുന്ന അരുവികളും പച്ച പുല്‍മേടുകളും കളിവീടുകളെപോലെ മനോഹരമായ നിര്‍മിതികളുമെല്ലാം സ്വിറ്റ്‌സര്‍ലണ്ടിലെ തെളിഞ്ഞ കാലാവസ്ഥയില്‍ മനോഹര ചിത്രങ്ങളായി മാറും. ആ ചിത്രങ്ങൾ പകർത്തി കാണുമ്പോൾ അവയ്ക്കു ഭാവനയെക്കാൾ സൗന്ദര്യം കൈവരും. 

English Summary:

Nadiya Moidu's Swiss Escapade: A Journey Through Picturesque Landscapes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com