ഈ നാടിനോട് എനിക്കു പ്രണയമാണ്; സ്കോട്ട്ലൻഡ് വിശേഷങ്ങളുമായി ലക്ഷ്മി നക്ഷത്ര
Mail This Article
യൂറോപ്പിലെ കുളിരും തണുപ്പും ആസ്വദിച്ച് അവതാരക ലക്ഷ്മി നക്ഷത്ര. മനോഹരമായ സ്കോട്ട്ലൻഡ് നഗരത്തിന്‍റെ കാഴ്ചകള്‍ ലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. രാത്രിയിലെ നഗരദൃശ്യങ്ങള്‍ കാണിക്കുന്ന വിഡിയോയും ഇതിലുണ്ട്. വലിപ്പത്തില്‍ ചെറുതാണെങ്കിലും യൂറോപ്പിലെ ഏറ്റവും മനോഹരമായ ഒരു രാജ്യമാണ് സ്കോട്ട്ലൻഡ്. യുണൈറ്റഡ് കിങ്ഡത്തിന്റെ ഭൂവിസ്തൃതിയുടെ ഏകദേശം മൂന്നിലൊന്നു ഭാഗവും ഇത് ഉള്‍ക്കൊള്ളുന്നു. ആധുനികതയും ചരിത്രവും കൈകോര്‍ക്കുന്ന നഗരങ്ങളും കുഞ്ഞു കുഞ്ഞു ദ്വീപുകളും ആകാശം തൊടുന്ന പര്‍വ്വതങ്ങളും മനോഹരമായ താഴ്വരകളും കൊട്ടാരസമാനമായ കെട്ടിടങ്ങളും എല്ലാം ചേര്‍ന്നു കണ്ണിനു വിരുന്നൊരുക്കുന്ന ഈ രാജ്യം ലോകസഞ്ചാരികളുടെ സ്വപ്നലോകമാണ്.
സ്കോട്ട്ലൻഡ് എന്ന രാജ്യത്ത് ഏകദേശം 800 ദ്വീപുകളുണ്ട്. ഇവയില്‍ മിക്കതും ജനവാസമില്ലാത്തതാണ്. ചിലത് ടൂറിസ്റ്റ് ദ്വീപുകളാണ്. ഐൽ ഓഫ് സ്കൈയും ഓർക്ക്‌നിയും ഷെറ്റ്‌ലൻഡുമെല്ലാം വര്‍ഷംതോറും ലക്ഷക്കണക്കിന് സഞ്ചാരികളെ വരവേല്‍ക്കുന്നു.
എവിടെ തിരിഞ്ഞാലും കാണുന്ന കോട്ടകള്‍ സ്കോട്ട്ലൻഡ് എന്ന രാജ്യത്തിന്‍റെ മുഖമുദ്രകളായി നിലകൊള്ളുന്നു. സ്കോട്ട്ലൻഡിൽ 3,000 ലധികം കോട്ടകൾ ഉണ്ട്. പാറക്കെട്ടുകള്‍ക്കു മുകളില്‍ സ്ഥിതിചെയ്യുന്ന എഡിൻബർഗ് കാസിൽ സ്കോട്ട്ലൻഡിന്റെ ദേശീയ പൈതൃകത്തിന്റെ ഭാഗമാണ്.
ഒരു കാലത്ത് സ്കോട്ടിഷ് രാജാക്കന്മാരുടെയും രാജ്ഞികളുടെയും വസതിയായിരുന്ന സ്റ്റിർലിങ് കാസിൽ, മൂന്ന് കടൽത്തീരങ്ങൾ കൂടിച്ചേരുന്ന ഒരു ചെറിയ ദ്വീപില്‍ സ്ഥിതിചെയ്യുന്ന എയിലൻ ഡോണൻ കാസിൽ, നാടോടിക്കഥകളിലെ ലോക്ക് നെസ് മോൺസ്റ്ററിന്‍റെ താമസസ്ഥലമായ ഉർക്ഹാർട്ട് കാസിൽ എന്നിവയും കൂടാതെ, ഡുന്നോട്ടർ കാസിൽ, ബാൽമോറൽ കാസിൽ, ഗ്ലാമിസ് കാസിൽ, ഇൻവെരറേ കാസിൽ, ക്രെയ്‌ഗിവർ കാസിൽ, ബ്ലെയർ കാസിൽ എന്നിവയുമെല്ലാം പ്രസിദ്ധമായ കോട്ടകളാണ്.
ജനപ്രിയ സ്പോര്‍ട്സ് ഇനമായ ഗോൾഫിന്റെ ജന്മസ്ഥലമാണ് ഈ രാജ്യം. സെന്റ് ആൻഡ്രൂസിലെ ഓൾഡ് കോഴ്‌സ് ലോകത്തിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ ഗോൾഫ് കോഴ്‌സുകളിൽ ഒന്നാണ്, ഇത് 15-ാം നൂറ്റാണ്ട് മുതലുള്ളതാണ്. ഞായറാഴ്ചകളില്‍ ഇവിടെ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം.
ലോകഭൂപടത്തില്‍ സ്കോട്ട്ലൻഡിനെ അടയാളപ്പെടുത്തുന്ന മറ്റൊരു കാര്യം സിംഗിൾ മാൾട്ട് വിസ്കിയാണ്. സ്കോട്ട്ലന്റിൻ്റെ വിസ്കി നിർമ്മാണ പാരമ്പര്യം ലോകപ്രശസ്തമാണ്. രാജ്യത്തെ ഓരോ പ്രദേശത്തും കിട്ടുന്ന വിസ്കിക്ക് അതിന്‍റേതായ പ്രത്യേകതകളുണ്ട്.
യുണൈറ്റഡ് കിങ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമായ ഈസ് എ ചുവൽ അലുയിൻ സ്കോട്ട്ലൻഡിലാണ് സ്ഥിതിചെയ്യുന്നത്. ഇതിന് നയാഗ്ര വെള്ളച്ചാട്ടത്തേക്കാൾ നാലിരട്ടി ഉയരമുണ്ട്.
പെർത്ത്‌ഷെയറിന്റെ ഹൃദയഭാഗത്ത് യൂറോപ്പിലെ ഏറ്റവും പഴക്കം ചെന്ന വൃക്ഷമായ ഫോർട്ടിംഗാൽ യൂ സ്ഥിതിചെയ്യുന്നു, ഇതിന് 5,000 വർഷത്തിലധികം പഴക്കമുള്ളതായി കണക്കാക്കപ്പെടുന്നു.
സ്കോട്ട്ലൻഡിന്റെ ദേശീയ മൃഗം യൂണികോൺ ആണ് എന്നതാണ് മറ്റൊരു കൗതുകകരമായ വസ്തുത. നൂറ്റാണ്ടുകളായി സ്കോട്ടിഷ് നാടോടിക്കഥകളിൽ വിശുദ്ധിയുടെയും ശക്തിയുടെയും നിഷ്കളങ്കതയുടെയും പ്രതീകമാണ് യൂണികോണ്‍. പന്ത്രണ്ടാം നൂറ്റാണ്ടിൽ യൂണികോൺ സ്കോട്ട്ലൻഡിൻ്റെ ചിഹ്നങ്ങളില്‍ ഒന്നായി അംഗീകരിക്കപ്പെട്ടു.
ലോകത്തിലെ ഏറ്റവും വേഗമേറിയ ഫ്ലൈറ്റ് യാത്രയാണ് സ്കോട്ട്ലാന്റിലെ മറ്റൊരു ആകര്‍ഷണം. ഓർക്ക്‌നി ദ്വീപസമൂഹത്തിന്റെ ഭാഗമായ വെസ്റ്റ്‌റേ ദ്വീപിനും പാപ്പാ വെസ്‌ട്രേയ്‌ക്കും ഇടയിലുള്ള 1.7 മൈൽ ഫ്ലൈറ്റ് യാത്രയ്ക്ക് 1 മിനിറ്റും 14 സെക്കൻഡും മാത്രമേ എടുക്കൂ. കാറ്റിനു വേഗത കൂടുതലാണെങ്കില്‍ അതിനെക്കാള്‍ വേഗത്തില്‍ എത്തും!
ഓരോ ഋതുവിലും ഓരോ തരം അനുഭവമാണ് സ്കോട്ട്ലൻഡ് എന്ന മനോഹര രാജ്യം സഞ്ചാരികള്‍ക്കു നല്‍കുന്നത്. കാലാവസ്ഥയുടെ വ്യതിയാനങ്ങള്‍ നോക്കിയല്ലാതെ ഇവിടത്തെ ഫെസ്റ്റിവലുകള്‍ക്കും ആളുകള്‍ എത്താറുണ്ട്. ഏപ്രില്‍ മുതല്‍ മേയ് വരെയുള്ള വേനല്‍ത്തുടക്കത്തിലും ആഗസ്റ്റ് അവസാനം മുതല്‍ നവംബര്‍ വരെയുള്ള ശരത്കാലത്തുമാണ് കാലാവസ്ഥ കൊണ്ട് അധികം ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാത്ത സമയം. വന്യജീവി നിരീക്ഷണത്തിനായി ആഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള സമയമാണ് ഏറ്റവും നല്ലത്. മരങ്ങളുടെയും ഇലകളുടെയും നിറം മാറിത്തുടങ്ങുന്ന സമയം കൂടിയാണ് ഇത്.