ജെറ്റ് കാറിൽ കടലിലൂടെ! അമ്മയ്ക്കൊപ്പം അഹാനയുടെ അബുദാബി യാത്ര
Mail This Article
പിറന്നാൾ ആഘോഷങ്ങൾ കളറാക്കാനായി അബുദാബി യാത്രയിലാണ് അഹാന കൃഷ്ണ, കൂടെ അമ്മ സിന്ധുവുമുണ്ട്. പ്രിൻസസ് ഗൗണിൽ രാജകുമാരിയെ പോലെ അതിസുന്ദരിയായി അണിഞ്ഞൊരുങ്ങിയായിരുന്നു ജന്മദിനാഘോഷങ്ങൾ. ഇരുപത്തിയൊമ്പതാം പിറന്നാൾ സാഹസികമാക്കാനായി ജെറ്റ് കാറിൽ കടലിൽ ഒരു യാത്രയും നടത്തുന്നുണ്ട് അഹാനയും അമ്മയും. അബുദാബിയിലെ ക്വർയാത് അൽ ബേരിയിലെ പഞ്ച നക്ഷത്ര ഹോട്ടലായ ഷാൻഗ്രി ലാ ഹോട്ടലാണ് ഇത്തവണ താരസുന്ദരിയുടെ ജന്മദിനത്തിന് വേദിയായത്. എട്ട് ദിവസത്തെ യാത്രയായിരുന്നു. സഹോദരിമാരുടെയോ പിതാവിന്റെയോ സാന്നിധ്യമില്ലാതെയിരുന്നെങ്കിലും എല്ലാവർഷത്തെയും പോലെ കേമമായി തന്നെയാണ് ഇത്തവണയും പിറന്നാൾ ആഘോഷിച്ചത്.
അബുദാബി നഗരത്തിന്റെ യുവത്വം തുളുമ്പുന്ന മുഖമാണ് ഷാൻഗ്രി ലാ ഹോട്ടൽ. ഓരോ ചെറുകോണിൽ വരെ ആധുനികതയും ആഡംബരവും ഒരുമിച്ചു ചേർത്തിരിക്കുന്നു. പ്രശസ്തമായ ദുബായ് മാളിൽ നിന്നും നടക്കാനുള്ള ദൂരം മാത്രമേ ഈ ഹോട്ടലിലേക്കുള്ളൂ. വിശാലമായ മുറികളിൽ നിന്നും നോക്കിയാൽ അറബിക്കടലിന്റെ കാഴ്ചകൾ ആസ്വദിക്കാം. അധികം ദൂരയല്ലാതെ ബുർജ് ഖലീഫയും കാണുവാൻ കഴിയും. സ്യൂട്ടുകളടക്കം 302 മുറികളും 126 അപ്പാർട്മെന്റുകളും ഇവിടെയുണ്ട്. ബാറുകളടക്കം ഏഴ് റസ്റ്ററന്റുകളും ഈ ഹോട്ടലിന്റെ എടുത്തു പറയേണ്ട സവിശേഷതയാണ്.
യുഎഇയുടെ തലസ്ഥാനമായ അബുദാബിയിൽ അതിഥികളുടെ കണ്ണിൽ കൗതുകം വിരിയിക്കുന്ന നിരവധി കാഴ്ചകളുണ്ട്. വാസ്തുവൈദഗ്ധ്യത്തിന്റെ വലിയൊരു ഉദാഹരണമായ ഷെയ്ഖ് സയ്ദ് ഗ്രാൻഡ് മോസ്‌ക് ആണ് അതിലെടുത്തു പറയേണ്ടത്. രാജ്യത്തെ ഏറ്റവും വലിയ മുസ്ലിം ദേവാലയങ്ങളിൽ ഒന്നാണിത്. 1994 ൽ ഷെയ്ഖ് സയ്ദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ആണ് ആരാധനാലയത്തിന്റെ നിർമാണം ആരംഭിച്ചത്. 2007 ൽ പണിപൂർത്തിയായി. ഏകദേശം മുപ്പത് ഏക്കറിലാണ് ഈ ദേവാലയം നിലകൊള്ളുന്നത്. മുഗൾ, മൂറിഷ് വാസ്തുവിദ്യാശൈലിയിലാണ് പള്ളിയുടെ നിർമാണം. 40,000 പേർക്ക് ഒരേസമയം പ്രാർത്ഥിക്കാൻ കഴിയും. ഇറാനിയൻ ഡിസൈനർ അലി ഖലീക്കി രൂപകൽപന നടത്തിയ ലോകത്തിലെ തന്നെ ഏറ്റവും വലിയ പരവതാനി ഈ ദേവാലയത്തിലാണ്.,
യുഎഇയിലെ ഏറ്റവും വലിയ കോട്ടകളിൽ ഒന്നാണ് അൽ ഐനിൽ സ്ഥിതി ചെയ്യുന്ന അൽ ജഹിലി കോട്ട. ഉദ്യാനവും വലിയ ഹാളുമടക്കം നിരവധി കാഴ്ചകൾ സന്ദർശകർക്കു ഇവിടെ ആസ്വദിക്കാനുണ്ട്. 1891ലാണ് കോട്ടയുടെ നിർമാണം ആരംഭിച്ചത്. ചതുരാകൃതിയിലുള്ള കോട്ടക്ക് 115 അടി നീളവും 26 അടി ഉയരവുമുണ്ട്. മുകളിൽ ത്രികോണാകൃതിയിലുള്ള ബാൽക്കണിയുണ്ട്. മൂന്നു വാച്ച് ടവറുകളും കോട്ടയ്ക്കുള്ളിൽ കാണാം. 1980 കളിൽ ഡിപാർട്മെന്റ് ഓഫ് ആന്റിക്വിറ്റി ആൻഡ് മ്യൂസിയം കോട്ട പുനരുദ്ധാരണം നടത്തി. 2007-2008 കാലഘട്ടത്തിലും ഗവണ്മെന്റ് കോട്ടയുടെ അറ്റകുറ്റപണികൾ നടത്തി. സന്ദർശകർക്കായി പ്രത്യേക സൗകര്യങ്ങൾ, ഗിഫ്റ്റ് ഷോപ്, കഫേ എന്നിവ ആ സമയത്ത് നിർമിച്ചു. ഇപ്പോഴവിടെ അതിഥികൾക്കായി എക്സിബിഷനുകളും കലാപ്രദർശനങ്ങളും നടത്താറുണ്ട്.
സന്ദർശകർക്ക് അധികം പണമധികം ചെലവഴിക്കാതെ ഒരു ദിവസം ആസ്വദിക്കണമെന്നുണ്ടെങ്കിൽ കോർണിഷ് ബീച്ച് അനുയോജ്യമായ ഒരിടമാണ്. കിലോമീറ്ററുകളോളം നീണ്ടു നിവർന്നു കിടക്കുന്ന മണൽത്തീരങ്ങളും നീല നിറത്തിലുള്ള ജലവും എത്രകണ്ടാലും ചിലപ്പോൾ മതിവരുകയില്ല. സന്ദർശകർക്ക് സൂര്യകിരണങ്ങളേറ്റ് വിശ്രമിക്കാമെന്നു മാത്രമല്ല, കുടുംബങ്ങളായി എത്തുന്നവർക്ക് അവരുടെ സൗകര്യാർത്ഥം ഒരു പ്രത്യേകയിടവും ഈ തീരത്തുണ്ട്.
അൽ ഐനിലെ ജബൽ ഹഫീത്തിലാണ് ഗ്രീൻ മുബസാറ. മരുഭൂമിയിൽ പച്ചപ്പിന്റെ മനോഹാരിത ആസ്വദിക്കണമെന്നുള്ളവരെ ഇവിടുത്തെ കാഴ്ചകൾ തൃപ്തിപ്പെടുത്തും. ചൂട് നീരുറവകളും ഹരിതവർണത്തിനു മുകളിൽ അതിരുകൾ പോലെ ഉയർന്നു നിൽക്കുന്ന മലനിരകളും എന്നുവേണ്ട ഒരുപിടി കാഴ്ചകൾ ഈ പച്ചപ്പിനുള്ളിൽ പ്രകൃതി കാത്തുസൂക്ഷിച്ചിട്ടുണ്ട്. തിരക്കുകളിൽ നിന്നും ഒരിടവേളയെടുക്കണമെന്നുള്ളവർക്കു ഇവിടം ഉചിതമാണ്. കുട്ടികളും കുടുംബവും ഒന്നിച്ച് ശാന്തമായി കുറച്ചു സമയം ചെലവഴിക്കണമെങ്കിലും ഗ്രീൻ മുബസാറയിലെത്താം.
യാത്രകൾക്ക് അല്പം സാഹസികതയുടെ മുഖം നല്കണമെന്നുള്ളവർക്കും ട്രെക്കിങ് പ്രിയർക്കും ഒരുപോലെ പോകാവുന്നയിടമാണ് അബുദാബിയിലെ ഏറ്റവും ഉയരമുള്ള മലമുകളായ ജബൽ ഹഫീത്ത്. 1249 മീറ്ററാണ് മലയുടെ ഉയരം. ഇതിനു മുകളിൽ നിന്നാൽ അൽ ഐൻ നഗരത്തിന്റെ കാഴ്ചകൾ ആസ്വദിക്കാം. മനോഹരമായ ചിത്രങ്ങൾ പകർത്താം. മുകളിലേക്കുള്ള ദൂരം അല്പം കൂടുതലാണെന്നു ചിന്തിച്ചു ആരും പിന്മാറേണ്ട, കാറിലും ജബൽ ഹഫീത്തിലെത്താം.
അബുദാബിയിലെ ഏറ്റവും വലുതും പഴയതുമായ പാർക്കാണ് ഉം അൽ എമറാത്. നിരവധി കാഴ്ചകളാണ് ഇവിടെ അതിഥികൾക്കായുള്ളത്. ബൊട്ടാണിക്കൽ ഗാർഡനും തണൽ ഗൃഹങ്ങളും മൃഗങ്ങളുടെ ഫാമും എന്നുവേണ്ട കൗതുകകരമായ പലതും ഈ പാർക്കിൽ കാണുവാൻ കഴിയും. ഒട്ടകം, ആട്ടിൻകുട്ടികൾ, പശുക്കൾ, കുതിരകൾ എന്നുവേണ്ട മൃഗങ്ങളുടെ ഒരു നീണ്ട നിരയും ഇവിടെയുണ്ട്.
നിരവധി ബീച്ചുകളും അബുദാബിയുടെ സൗന്ദര്യമാണ്. കയ് ബീച്ച്, സദിയത് ബീച്ച് ക്ലബ്, യാസ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന യാസ് ബീച്ച്, അൽ ബതീൻ ബീച്ച് എന്നിവയാണിതിൽ പ്രധാനം. നിരവധി ജലവിനോദങ്ങൾ ഇവിടെയെത്തിയാൽ ആസ്വദിക്കാം. ചില ബീച്ചുകളിൽ പ്രവേശനത്തിനായി ചെറിയൊരു തുക ഫീയായി നൽകേണ്ടി വരും. സ്ത്രീകൾക്കായി അൽ ബതീനിൽ ഒരു സ്വകാര്യ ബീച്ചുണ്ട്. കുട്ടികൾക്കും സ്ത്രീകൾക്കും മാത്രമാണ് ഇവിടെ പ്രവേശനം.