ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം; കംബോഡിയ യാത്രയിലെ കാഴ്ചകൾ
Mail This Article
ലോകത്ത് ഇന്നുവരെ നിർമിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയതും പ്രശസ്തമായതുമായ അംഗോർ വാട്ട് (Angkor Wat) എന്ന ആരാധനാലയം കാണണം എന്ന ആഗ്രഹം എനിക്കും കുടുംബത്തിനും തോന്നിത്തുടങ്ങിയിട്ടു കുറച്ചു കാലങ്ങളായിരുന്നു. ഒടുവിൽ കഴിഞ്ഞ വർഷം നാട്ടിൽ വരുന്ന സമയത്തു ഞങ്ങളുടെ വിമാനം കംബോഡിയയുടെ ആകാശത്തു കൂടി തിരിച്ചു വിടുവാൻ തീരുമാനിച്ചു.
അങ്ങനെ 2023 നവംബർ 30 നു ഉച്ചക്ക് മൂന്നേമുക്കാൽ മണിക്ക് ഞങ്ങൾ ഓസ്ട്രേലിയയിലെ ഡാർവിനിൽ നിന്നും സിംഗപ്പൂർ എയർലൈൻസിൽ യാത്ര തിരിച്ചു. ഒരു രാത്രിയിലെ സിംഗപ്പൂർ വിമാനത്താവളത്തിലെ താമസത്തിനു ശേഷം പിറ്റേ ദിവസം രാവിലെ 7.40 നുള്ള സിംഗപ്പൂർ എയർലൈൻസിന്റെ തന്നെ വിമാനത്തിൽ കംബോഡിയയുടെ തലസ്ഥാനമായ നോം ഫെൻ (Phnom Penh) രാജ്യാന്തര വിമാനത്താവളത്തിലേക്കു ഞങ്ങൾ പുറപ്പെട്ടു. ഏകദേശം ഒന്നേമുക്കാൽ മണിക്കൂർ യാത്രയ്ക്കു ശേഷം ഞങ്ങളുടെ വിമാനം സുരക്ഷിതമായി നോം ഫെൻ വിമാനത്താവളത്തിൽ ഇറങ്ങി.
അംഗോർ വാട്ടും ചുറ്റുമുള്ള മറ്റു മന്ദിരങ്ങളും മാത്രം കാണാൻ ആണെങ്കിൽ നോം ഫെനിലേക്കു പോകേണ്ടതില്ല. അംഗോർ വാട്ട് സ്ഥിതി ചെയ്യുന്നത് നോം ഫെനിനു വടക്കു പടിഞ്ഞാറു ഏകദേശം 320 കി.മി ദൂരത്തുള്ള (റോഡ് മാർഗം) സിയം റീപ് (Siem Reap) എന്ന സ്ഥലത്താണ്. അവിടേക്കു നേരിട്ട് സിംഗപ്പൂരിൽ നിന്നും മറ്റും വിമാനത്തിൽ പോകാവുന്നതാണ്. നിലവിൽ ഇന്ത്യയിൽ നിന്നും നേരിട്ട് കംബോഡിയയിലേക്കു വിമാനങ്ങൾ ഇല്ല. ബാങ്കോക്, ഹാനോയ്, ക്വാലാലംപൂർ, സിംഗപ്പൂർ എന്നിവിടങ്ങളിൽ പോയി സിയം റീപിലേക്കു പോകാവുന്നതാണ്.
ചെറിയ ശ്രദ്ധക്കുറവ് കൊണ്ടാണ് ഞാൻ നോം ഫെനിലേക്കു ടിക്കറ്റ് എടുത്തത്. പക്ഷെ അത് വൃഥാവിലായില്ല എന്ന് നോം ഫെനിലെ കാഴ്ചകൾ തെളിയിച്ചു. ഇന്ത്യക്കാർക്കും ഓസ്‌ട്രേലിയക്കാർക്കും കംബോഡിയയിൽ പ്രവേശിക്കണമെങ്കിൽ വീസ ആവശ്യമാണ്. വീസ മുൻകൂറായി ഓൺലൈനിൽ (https://www.evisa.gov.kh/) എടുത്തതിനാൽ ഇമിഗ്രേഷൻ നടപടികൾ എളുപ്പത്തിൽ കഴിഞ്ഞു ലഗേജ് ശേഖരിച്ചു ഞങ്ങൾ പുറത്തിറങ്ങി. അത്രയൊന്നും ആധുനികമല്ലാത്ത ഒരു ശരാശരി വിമാനത്താവളവും അവിടുത്തെ അധികാരികളും ഒരു നല്ല ചിത്രമല്ല ഞങ്ങൾക്ക് ആദ്യം നൽകിയത്. മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന ടാക്സി ഞങ്ങൾക്ക് വേണ്ടി വിമാനത്താവളത്തിൽ കാത്തു നിന്നിരുന്നു. ഡ്രൈവർ 'തെറ്റ്' (Thet) എന്റെ പേരെഴുതിയ ബോർഡുമായി അറൈവൽ ഹാളിനു പുറത്തു കാത്തു നിൽപ്പുണ്ടായിരുന്നു.
നേരെ മുറി ബുക്ക് ചെയ്തിരുന്ന ഹോട്ടലിലേക്ക് പോകാനാണ് ടാക്സി ബുക്ക് ചെയ്തതെങ്കിലും ഹോട്ടൽ ചെക്ക്-ഇൻ സമയം ഉച്ചക്ക് രണ്ടു മണി ആയതിനാൽ ഞങ്ങൾ ആദ്യം നോം ഫെനിലെ കാഴ്ചകൾ കാണാം എന്നു തീരുമാനിച്ചു. ചെക്ക്-ഇൻ സമയത്തിനു വളരെ മുൻപ് പോയാൽ റൂം കിട്ടിക്കൊള്ളണമെന്നില്ല. അതു കൊണ്ട് ഡ്രൈവർ പറഞ്ഞ ദേശീയ മ്യൂസിയം, റോയൽ പാലസ് തുടങ്ങിയ ആകർഷണങ്ങൾ കാണാം എന്നു കരുതി. നോം ഫെനിലെ തെരുവുകൾ പൊതുവെ വൃത്തിയുള്ളവയായിരുന്നു. തലസ്ഥാന നഗരി ആയതിനാൽ തന്നെ അത്യാവശ്യം ഗതാഗതക്കുരുക്കുകളും തിരക്കും ഉണ്ടായിരുന്നു. പക്ഷേ എല്ലാ വാഹനങ്ങളും പൊതുവെ വേഗത കുറച്ചും മറ്റുള്ളവരെ കടന്നു പോകാൻ അനുവദിച്ചും പരസ്പര ബഹുമാനത്തോടെയുമാണ് നിരത്തിൽ ഓടുന്നത്. നമ്മുടെ നാട്ടിലെ പോലെ തലങ്ങും വിലങ്ങും ഹോൺ അടിച്ചു ശബ്ദമലിനീകരണം ആരും സൃഷ്ടിക്കുന്നില്ല എന്നത് എടുത്തു പറയേണ്ടതാണ്. ചില തെരുവുകൾ നമ്മുടെ തൃശൂരിനെയും മറ്റും ഓർമിപ്പിച്ചു. പക്ഷേ വൃത്തിയുടെ കാര്യത്തിൽ ഒരു പടി മുന്നിൽ തന്നെയായിരുന്നു അവ എന്നതും എടുത്തു പറയേണ്ടതാണ്. കേരളത്തിന്റെ പകുതി മാത്രമാണ് കംബോഡിയയുടെ ആകെ ജനസംഖ്യ എന്ന യാഥാർഥ്യം മുന്നിലുണ്ടെങ്കിലും വൃത്തിയുടെയും നിരത്തുകളിലെ അച്ചടക്കത്തിന്റെയും കാര്യത്തിൽ നമ്മൾ എന്തു കൊണ്ട് പിറകോട്ടു പോകുന്നു എന്ന ചോദ്യം ഞങ്ങളുടെ മനസ്സിൽ ഉണ്ടായി.
തൊണ്ണൂറ്റിയഞ്ചു ശതമാനം ജനങ്ങളും ബുദ്ധമതവിശ്വാസികളായ കംബോഡിയയിൽ ജനങ്ങൾ അവരുടെ പാരമ്പര്യത്തിലും സംസ്കാരത്തിലും അഭിമാനം കൊള്ളുന്നവരും പരസ്പരം ബഹുമാനം പുലർത്തുന്നവരും ആണ്. കൈകൂപ്പി തൊഴുതാണു അവർ നമ്മെ ആദ്യം അഭിസംബോധന ചെയ്യുക. ഒരു വലിയ ഷോപ്പിങ് മാളിലെ ഫുഡ് കോർട്ടിലെ ക്യാഷ് കൗണ്ടറിൽ ജോലി ചെയ്യുന്ന പെൺകുട്ടി ഓരോ ആളോടും കൈകൂപ്പി തൊഴുതു പണം സ്വീകരിക്കുന്നത് കണ്ടു എനിക്ക് അദ്ഭുതം തോന്നിപ്പോയി. ഇത്തരത്തിൽ നമുക്ക് കൈമോശം വന്ന പല മര്യാദകളും ആചാരവും പരസ്പര ബഹുമാനവും ഇപ്പോൾ നമ്മുടെ നാട്ടിൽ നടക്കുന്ന പല കൊള്ളരുതായ്മകളിലേക്കും ഉള്ള ചൂണ്ടുപലകകളാണ്. എന്തൊക്കെയോ കാരണത്താലും അന്ധമായ ചില അനുകരണത്താലും നമുക്കു പരസ്പരം ബഹുമാനം കാണിക്കാൻ പോലും വയ്യാതായിരിക്കുന്നു എന്നു വേദനയോടെ ഞാൻ ഓർത്തു.
ലോകത്തിലെ അവികസിത രാജ്യങ്ങളിൽ ഒന്നാണെങ്കിലും കംബോഡിയയിലെ നിരത്തുകളിൽ ധാരാളം 'ലെക്സസ്' കാറുകൾ കാണാൻ കഴിഞ്ഞത് എന്നിൽ അദ്ഭുതം ഉളവാക്കി. ഇതിന്റെ കാരണം ഡ്രൈവർ തെറ്റിനോട് ചോദിച്ചപ്പോഴാണ് മനസ്സിലായത്. ഈ ലെക്സസ് കാറുകൾ മുഴുവൻ അമേരിക്കയിൽ നിന്നുമാണ് വരുന്നത്. ഭൂരിഭാഗവും 2010 നു മുൻപ് ഇറങ്ങിയ മോഡലുകളാണ്. അമേരിക്കയിലും കംബോഡിയയിലും നിരത്തിന്റെ വലതു ഭാഗത്തു കൂടി വാഹനം ഓടിക്കുന്നതിനാൽ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് വിഭാഗത്തിലുള്ള ഈ ഉപയോഗിച്ച കാറുകൾ (used cars) ഇറക്കുമതി ചെയ്യുന്നതിനു ബുദ്ധിമുട്ടില്ല. കൂടാതെ കംബോഡിയയിലെ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്ന മധ്യവർഗ്ഗത്തിന്റെ ഒരു ചിഹ്നവുമായി മാറിയിരിക്കുന്നു ഈ ലെക്സസ് കാറുകൾ. ഞങ്ങൾ യാത്ര ചെയ്തതും അത്തരം ഒരു ലെക്സസ് കാറിലായിരുന്നു.
ദേശീയ മ്യൂസിയത്തിലേക്കുള്ള യാത്രയിൽ ആദ്യം എതിരേറ്റത് നിരത്തിന്റെ ഒരു വശത്തായി നിവർന്നു നിൽക്കുന്ന രൂപത്തിൽ ഉള്ള ഗണപതിയുടെ പ്രതിമയാണ്. 'ഗണേശ' എന്നാണ് കംബോഡിയക്കാർ ഗണപതിയെ വിളിക്കുന്നത്. ഏതായാലും ആദ്യം തന്നെ ഗണപതിയെ കണ്ടുള്ള യാത്ര വഴിയിൽ വിഘ്‌നങ്ങൾ ഒന്നും ഇല്ലാതാക്കട്ടെ എന്നു ഞങ്ങൾ പ്രത്യാശിച്ചു. ഗണപതി പ്രതിമ ബുദ്ധമതത്തിനു മുൻപുള്ള കംബോഡിയയുടെ ഭൂതകാലത്തെ പറ്റി ഒരു ചെറിയ ചിത്രം ഞങ്ങളുടെ മനസ്സിൽ കോറിയിടുകയും ചെയ്തു. ദേശീയ മ്യൂസിയം റോയൽ പാലസ് എന്നിവിടങ്ങളിലെ സന്ദർശനം അവിസ്മരണീയമായ പല കാഴ്ചകളും ഞങ്ങൾക്കു സമ്മാനിച്ചു. എടുത്തു പറയേണ്ടത് മ്യൂസിയത്തിൽ കണ്ട, ഹിന്ദു ദൈവങ്ങളായ വിഷ്ണുവിന്റെയും ശിവന്റെയും ബ്രഹ്മാവിന്റെയും മറ്റു പുരാണ കഥാപാത്രങ്ങളുടെയും അസംഖ്യം പ്രതിമകളാണ്. പല പ്രതിമകളും കയ്യും കാലും തലയും ഇല്ലാതെ നശിപ്പിക്കപ്പെട്ടതോ നശിച്ചതോ ആയ രൂപത്തിൽ ആണ്. ബുദ്ധമതത്തിന്റെ പ്രചാരത്തിനു മുൻപ് കംബോഡിയ ഭരിച്ചിരുന്നത് ഹിന്ദു രാജാക്കന്മാരായിരുന്നു എന്നതിലേക്കാണ് ഈ പ്രതിമകൾ വിരൽ ചൂണ്ടുന്നത്. ഇപ്പോൾ ജനങ്ങൾ ഭൂരിഭാഗവും ബുദ്ധമതക്കാർ ആണെങ്കിലും അവർ ഹിന്ദു പാരമ്പര്യവും പുരാണങ്ങളും മറ്റും മറന്നിട്ടില്ല എന്നത് ഒരു യാഥാർഥ്യമാണ്. മ്യൂസിയം സന്ദർശനത്തിനു ശേഷം ഞങ്ങൾ ഹോട്ടലിൽ ചെക്ക്-ഇൻ ചെയ്തു. അതിനു ശേഷം ഉച്ചഭക്ഷണവും കഴിച്ചു റോയൽ പാലസ് സന്ദർശിച്ചു. മനോഹരമായി സൂക്ഷിച്ചിരിക്കുന്ന കൊട്ടാരവും പരിസരവും ക്യാമറകണ്ണുകളിൽ പകർത്തി കുറെ നേരം ഞങ്ങൾ അവിടെ ചുറ്റിക്കറങ്ങി. നോം ഫെന്നിലെ പ്രശസ്തമായ റഷ്യൻ മാർക്കറ്റും വാട്ട് നോം എന്ന ഒരു ബുദ്ധ ആരാധനാലയവും സന്ദർശിച്ചു ഞങ്ങൾ വൈകിട്ടോടെ തിരിച്ചു ഹോട്ടലിലേക്കു പോയി. ‘വാട്ട്’ എന്നാൽ ക്ഷേത്രം എന്നാണ് കംബോഡിയൻ ഭാഷയായ ഖെമേയിൽ (Khmer) അർഥം.
ഡ്രൈവർ 'തെറ്റ്' തെറ്റില്ലാതെ ഇംഗ്ലീഷ് സംസാരിക്കുന്നവനും വളരെ മര്യാദക്കാരനും വിനയാന്വിതനും ആയിരുന്നു. അദ്ദേഹവുമായുള്ള ഒരു ദിവസത്തെ ചങ്ങാത്തം പിറ്റേ ദിവസം സിയം റീപിലേക്കു പോകാൻ അദ്ദേഹത്തെ തന്നെ വിളിച്ചാൽ മതിയായിരുന്നു എന്നു ഞങ്ങൾക്കു തോന്നിപ്പിച്ചു. പക്ഷേ ഞങ്ങൾ പോകാനുള്ള വണ്ടി മുൻകൂറായി പണം അടച്ചു ബുക്ക് ചെയ്തിരുന്നു എന്നതു കൊണ്ടും ബുക്കിങ് റദ്ദു ചെയ്താൽ പണം തിരികെ കിട്ടില്ല എന്നതു കൊണ്ടും തെറ്റിനെ ഞങ്ങൾക്കു കൂടെ കൂട്ടാൻ കഴിഞ്ഞില്ല. അത് വിഷമത്തോടെ ഞങ്ങൾ അദ്ദേഹത്തോട് പറയുകയും തെറ്റില്ലാത്ത ഒരു ടിപ്പ് കൊടുത്തു അദ്ദേഹത്തോട് ഞങ്ങൾ വിട പറയുകയും ചെയ്തു. കംബോഡിയയിൽ അവിടുത്തെ കറൻസിയായ റിയൽ (Riel) കൂടാതെ അമേരിക്കൻ ഡോളറും നിയമവിധേയമായി തന്നെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഒരു അമേരിക്കൻ ഡോളർ 4100 കംബോഡിയൻ റിയലിനു (KHR) തുല്യമാണ്.
രാത്രി താമസിക്കുന്ന ഹോട്ടലിൽ നിന്ന് തന്നെ കംബോഡിയയുടെ ഒരു തനതു ദേശീയ ഭക്ഷണമായി കണക്കാക്കുന്ന മീൻ അമോക് (Fish Amok) ഫ്രൈഡ് റൈസ് എന്നിവ കഴിച്ച് ഞങ്ങൾ ഉറങ്ങാൻ കിടന്നു. ഫിഷ് അമോക് എന്നത് നല്ലവണ്ണം തേങ്ങാപ്പാലും തേങ്ങ അരച്ചതും മുട്ടയും ചേർത്തു കുറുകിയ രൂപത്തിൽ ഉള്ള അധികം എരിവില്ലാത്ത ഒരു മീൻ വിഭവമാണ്. അത് ഞങ്ങൾക്ക് നല്ലപോലെ ഇഷ്ടമായി. ചെറുതെങ്കിലും വൃത്തിയുള്ളതും മനോഹരവുമായ ഒരു ഹോട്ടൽ ആയിരുന്നു ഞങ്ങൾ താമസിച്ചത്. അവിടുത്തെ മരത്തടികൾ കൊണ്ടുള്ള കൊത്തു പണികളും മറ്റും ആകർഷണീയമായിരുന്നു. മുറിയിൽ ഉണ്ടായിരുന്ന തടിയിൽ തീർത്ത നല്ല ഭാരമുള്ള കസേരകളും മറ്റും കംബോഡിയയുടെ ഇപ്പോൾ 45 ശതമാനത്തോളം വരുന്ന വനവിഭവങ്ങളിലേക്കും അവയുടെ ചൂഷണത്തിലേക്കും ഉള്ള സൂചകമായിരുന്നു.
രാവിലെ ഹോട്ടലിൽ നിന്നു തന്നെ സമൃദ്ധമായ പ്രാതൽ കഴിച്ചു ഞങ്ങൾ മുറി ഒഴിഞ്ഞു താഴത്തു റിസപ്ഷനിൽ പോയി ഇരുന്നു. നോം ഫെന്നിൽ നിന്നും അംഗോർ വാട്ട് സ്ഥിതി ചെയ്യുന്ന സിയം റീപിലേക്കു പോകാനുള്ള ആവേശത്തിൽ ആയിരുന്നു ഞങ്ങൾ. മുൻകൂട്ടി ബുക്ക് ചെയ്ത കാർ കൃത്യസമയത്തു തന്നെ വന്നു. ഡ്രൈവർ അധികം സംസാരിക്കാത്ത ഒരു പാവം മനുഷ്യൻ ആയിരുന്നു. ഇംഗ്ലീഷ് പരിജ്ഞാനം കുറവായിരുന്നെങ്കിലും കുറച്ചൊക്കെ കാര്യങ്ങൾ പറഞ്ഞു. അദ്ദേഹം സിയം റീപ് സ്വദേശിയാണ്.
നോം ഫെന്നിൽ നിന്നും സിയം റീപ് വരെയുള്ള 320 കി.മീ ദൂരവും പാതക്കിരുവശവും വീടുകളും ചെറിയ ചെറിയ കടകളും അവക്ക് പുറകിലായി നോക്കെത്താദൂരത്തോളം വയലുകളും താമരക്കുളങ്ങളും കാണാൻ സാധിച്ചു. വഴിനീളെ ഉണ്ടായിരുന്ന ധാരാളം കരിമ്പനയും തെങ്ങും വാഴയും മറ്റും ഏതോ പാലക്കാടൻ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്ന പ്രതീതി ജനിപ്പിച്ചു വീടുകളും കടകളും എല്ലാം തൂണുകളിൽ ഉറപ്പിച്ചു ഭൂതലത്തിൽ നിന്നും ഉയർന്നു നിൽക്കുന്നവയായിരുന്നു (Stilt Houses). അവിടങ്ങളിൽ മഴക്കാലത്ത് ജലനിരപ്പ് ഉയരാറുണ്ട് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. വളരെ പരന്നു കിടക്കുന്ന പ്രദേശങ്ങൾ ആയിരുന്നു സഞ്ചരിച്ച ദൂരം മുഴുവനും എന്നതു മാത്രമാണ് കേരളത്തിന്റെ ഭൂപ്രകൃതിയുമായുള്ള പ്രധാന വ്യത്യാസം. നിരത്തുകൾ കുണ്ടും കുഴിയും ഇല്ലാത്ത സാമാന്യം നല്ല യാത്രാ സുഖം നൽകുന്നവയായിരുന്നു എന്നത് മറ്റൊരു വ്യത്യാസം. വാഹനങ്ങൾ അധികം വേഗതയിൽ പോയിരുന്നില്ല. ഗ്രാമ പ്രദേശങ്ങളിൽ ധാരാളം സ്ത്രീകൾ സ്കൂട്ടർ പോലുള്ള ഇരുചക്ര വാഹനങ്ങൾ ഉപയോഗിച്ചിരുന്നു. റോഡ് നിയമങ്ങൾ ഒന്നും അധികം ആരും പാലിച്ചിരുന്നില്ലെങ്കിലും ആരും അമിത വേഗത്തിലും അപകടകരമായ വിധത്തിലും സഞ്ചരിച്ചിരുന്നില്ല. അതു കൊണ്ട് തന്നെ റോഡ് യാത്ര ആദ്യം കരുതിയിരുന്നത് പോലെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നില്ല.
വഴിയിൽ ഒരിടത്തു നിർത്തി ഞങ്ങൾ ഉച്ചഭക്ഷണം കഴിച്ചു. കോഴി ഇറച്ചിക്കു പുറമെ ധാരാളം മീനും മാട്ടിറച്ചിയും പോർക്ക് വിഭവങ്ങളും പച്ചക്കറികളും കഴിക്കുന്നവരാണ് കംബോഡിയക്കാർ. നമ്മളെ പോലെ തന്നെ അരിഭക്ഷണം തന്നെയാണ് ഇവർക്കു പ്രധാനം. ചോറ് മിക്കവാറും ഏതു വിഭവങ്ങൾ ഓർഡർ ചെയ്താലും അതിന്റെ കൂടെ ഉണ്ടാവും. നമ്മുടെ നാട്ടിൽ നിന്നും പോകുന്നവർക്ക് എല്ലാ ഭക്ഷണവും അവയുടെ ഗന്ധവും ഇഷ്ടപ്പെട്ടു എന്ന് വരില്ല. ഞങ്ങൾ എഗ്ഗ് ഫ്രൈഡ് റൈസും ഉരുളക്കിഴങ്ങു വറുത്തതും കഴിച്ചു വിശപ്പടക്കി. ഏതാണ്ട് അഞ്ചു മണിക്കൂർ യാത്രക്ക് ശേഷം സിയം റീപ്പിൽ ഞങ്ങൾ ബുക്ക് ചെയ്ത എയ്റ്റ് ഫോൾഡ് അർബൻ റിസോർട്ട് (Eightfold Urban Resort) എന്ന ഹോട്ടലിൽ ഉച്ചക്ക് മൂന്നു മണിയോടെ എത്തി. ചെക്ക് ഇൻ ചെയ്തതിനു ശേഷം ഞങ്ങൾ കുറച്ചു നേരം വിശ്രമിച്ചു. വൈകിട്ട് മഴയായതിനാൽ പുറത്തേക്കൊന്നും പോകേണ്ട എന്നു തീരുമാനിച്ചു. രാത്രി ഭക്ഷണം ഹോട്ടലിൽ നിന്നു തന്നെ കഴിച്ചു നേരത്തെ ഉറങ്ങാൻ കിടന്നു. രാവിലെ ഒൻപതു മണിക്ക് അംഗോർ വാട്ടും മറ്റു ക്ഷേത്രങ്ങളും കാണാൻ പോകാനുള്ള വാഹനവും ടൂർ ഗൈഡും എത്താം എന്നു പറഞ്ഞിട്ടുണ്ട്. ഡിസംബറിലെ കാലാവസ്ഥ നമ്മുടെ നാട്ടിലേതിന് സമാനമാണ് കംബോഡിയയിലും. ഹോട്ടലിലെ പതുപതുത്ത മെത്തയിൽ ഞങ്ങൾ സുഖമായി ഉറങ്ങി.
ഹോട്ടലിൽ നിന്നു തന്നെയുള്ള പ്രഭാത ഭക്ഷണത്തിനു ശേഷം രാവിലെ ഞങ്ങൾ തയാറായി താഴത്തു റിസപ്ഷനിൽ കാത്തു നിന്നു. കൃത്യസമയത്തു തന്നെ ഞങ്ങൾക്കുള്ള വാഹനവും ഗൈഡും വന്നു. ടയോട്ടയുടെ ഏതോ ഒരു ഫോർ വീൽ വണ്ടിയിൽ ഞങ്ങൾ 3 പേരും ഡ്രൈവറും ഗൈഡും ആകാംഷയോടു കൂടി ഞങ്ങൾ യാത്ര തുടങ്ങി. ഞങ്ങളുടെ ഗൈഡിന്റെ പേര് പാൽചൻ എന്നും ഡ്രൈവറുടെ പേര് ദീന സോൺ എന്നും ആയിരുന്നു. ഗൈഡ് നന്നായി ഇംഗ്ലീഷ് പറയുന്ന ഒരു ചെറുപ്പക്കാരൻ ആയിരുന്നു. ഡ്രൈവർ ഒരു മിതഭാഷിയും. കുറച്ചു നേരത്തെ സംഭാഷണങ്ങൾ കൊണ്ടു തന്നെ ഞങ്ങൾക്ക് അവരെ നല്ല ഇഷ്ടമായി. അംഗോർ വാട്ടും മറ്റു ക്ഷേത്ര സമുച്ഛയങ്ങളും സന്ദർശിക്കാൻ ഒരു ദിവസത്തെ പാസ്സിന് ഒരാൾക്ക് 37 അമേരിക്കൻ ഡോളറാണ് (ഏകദേശം 3000 ഇന്ത്യൻ രൂപ) കൊടുക്കേണ്ടത്. ടിക്കറ്റുകൾ നഗരത്തിലെ ഒരു ഓഫീസിൽ നിന്നും എടുത്തിട്ട് വേണം നഗരത്തിൽ നിന്നും ഏഴു-എട്ടു കി.മീ ദൂരത്തുള്ള ക്ഷേത്രങ്ങൾ സന്ദർശിക്കാൻ പോകാൻ. വഴിയിൽ ഒന്ന് രണ്ടിടങ്ങളിൽ നമ്മുടെ ടിക്കറ്റ് പരിശോധിക്കും. ടിക്കറ്റ് കളഞ്ഞു പോയാൽ വേറെ ടിക്കറ്റ് എടുക്കുക തന്നെ വേണം. ഓരോരുത്തരുടേയും ഫോട്ടോ പതിച്ച ടിക്കറ്റ് ആയതിനാൽ തന്നെ ഒരാളുടെ ടിക്കറ്റ് വേറെ ആൾക്ക് ഉപയോഗിക്കാൻ കഴിയില്ല.
ആദ്യം പോയത് ‘ബയോൺ’ ക്ഷേത്രത്തിലേക്കാണ്. ബുദ്ധമത വിശ്വാസവുമായി ബന്ധപ്പെട്ടുള്ള ഈ ക്ഷേത്രം ജയവർമാൻ നാലാം രാജാവ് പന്ത്രണ്ടാം നൂറ്റാണ്ടിനൊടുവിലോ പതിമൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ പണികഴിപ്പിച്ചതാണ്. ബയോൺ ക്ഷേത്രത്തിലേക്കുള്ള പ്രവേശനകവാടത്തിനു മുന്നിലായി ഇരുവശത്തും ദേവന്മാരും അസുരന്മാരും അമൃതിനായി പാലാഴി മഥനം നടത്തുന്നതിന്റെ ശില്പങ്ങളാണ്. ഇടതു വശത്തു ദേവന്മാരും വലതു വശത്തു അസുരന്മാരും ആണുള്ളത്. ചിരിക്കുന്ന മുഖവുമായുള്ള ബുദ്ധനെ ഇവിടുത്തെ ക്ഷേത്രത്തിന്റെ വലിയ ചുമരുകളിൽ കാണാം. ചുമരുകൾ അനേകം വലിയ പാറക്കല്ലുകളാലാണ് നിർമിച്ചിട്ടുള്ളത്. അത്തരം അനേകം കല്ലുകൾ കൂടിചേർന്നാണ് ഒരു മുഖം ഉണ്ടാവുന്നത്. അദ്ഭുതത്തോടു കൂടി മാത്രമേ ഈ ചരിത്ര നിർമിതിയെ നമുക്കു നോക്കിക്കാണാനാവൂ. ചരിത്രകഥകൾ പറയുന്ന പല വിധത്തിലുമുള്ള കൊത്തുപണികളും നമുക്കിവിടെ കാണാനാകും. സാൻഡ്‌സ്‌റ്റോൺ (മലയാളത്തിൽ മണൽ കല്ല് എന്നു പറയാം) എന്ന സാമാന്യം ഉറപ്പുള്ള പാറയാണ് ഇവിടുത്തെ ക്ഷേത്രങ്ങൾ നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. വളരെ ദൂരെയുള്ള ഏതോ മലനിരകളിൽ നിന്നും നദിയിലൂടെയും മറ്റും ഏഴെട്ടു നൂറ്റാണ്ടുകൾക്കു മുൻപ് ഇത്തരത്തിൽ ഭാരമേറിയ കല്ലുകൾ എത്തിച്ചു ഇങ്ങനെയൊരു അദ്ഭുത സൃഷ്ടി നിർമിച്ചു എന്നത് ഒരു വിസ്മയം തന്നെയാണ്.
അതിനു ശേഷം ഞങ്ങൾ പോയത് ‘താ പ്രോം’ എന്ന ക്ഷേത്രത്തിലേക്കാണ്. ആഞ്ജലീന ജോളിയുടെ പ്രസിദ്ധമായ ഹോളിവുഡ് ചലച്ചിത്രം ലാറാ ക്രോഫ്ട്: ടൂമ്പ് റെയ്ഡർ (2001) എന്ന ചലച്ചിത്രം ഷൂട്ട് ചെയ്തത് ഇവിടെ വച്ചാണ്. ഈ ചലച്ചിത്രം പുറത്തിറങ്ങിയതിന് ശേഷം ഈ ക്ഷേത്രങ്ങൾക്ക് ലോകമെങ്ങും വളരെ അധികം പ്രചാരം ലഭിച്ചു എന്നതാണ് വസ്തുത. വലിയ വൃക്ഷങ്ങളുടെ വേരുകൾ മേൽകൂരകളെയും ചുമരുകളെയും മറ്റും ചുറ്റിപ്പിണഞ്ഞ രീതിയിൽ ആണ് ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. ധാരാളം ആളുകൾ അവിടെ നിന്ന് ഫോട്ടോ എടുക്കാൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഏകദേശം മുന്നൂറു നാനൂറു വർഷം ആരും തിരിഞ്ഞു നോക്കാതിരുന്നത് കൊണ്ടാണ് ഇത്തരത്തിൽ മരങ്ങളുടെ വേരുകൾ ക്ഷേത്രത്തെ ചുറ്റിപ്പിണഞ്ഞത് എന്ന് ഗൈഡ് ഞങ്ങളോട് പറഞ്ഞു. ഇപ്പോൾ അവ നീക്കം ചെയ്യാനാവാത്ത അവസ്ഥയിലും ആണ്. നീക്കം ചെയ്താൽ ക്ഷേത്രം തന്നെ പൊളിഞ്ഞു വീഴും എന്നതാണ് അവസ്ഥ.
‘താ പ്രോം’ ക്ഷേത്ര പുനരുദ്ധാരണം ഏറ്റെടുത്തിരിക്കുന്നത് ആർക്കിയോളോജിക്കൽ സർവ്വേ ഇന്ത്യ ആണ് എന്ന് അവിടെ സ്ഥാപിച്ചിട്ടുള്ള ഫലകങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു. കുറെ ഭാഗങ്ങൾ അവർ ഇപ്പോൾ തന്നെ പഴയ നിലയിൽ പുനഃസ്ഥാപിച്ചു കഴിഞ്ഞു. തൊട്ടടുത്തുള്ള ‘അംഗോർ തോം’ എന്ന ക്ഷേത്രവും സന്ദർശിച്ചതിനു ശേഷം ഞങ്ങൾ ഉച്ചഭക്ഷണം കഴിക്കാനായി അടുത്തുള്ള ഒരു ഭക്ഷണശാലയിലേക്കു പോയി.
ഉച്ചഭക്ഷണത്തിനു ശേഷമാണ് ഞങ്ങൾ ഏറ്റവും പ്രധാനപ്പെട്ടതും പ്രസിദ്ധമായതുമായ അംഗോർ വാട്ട് ക്ഷേത്രം സന്ദർശിക്കാൻ പോയത്. ക്ഷേത്രത്തിന്റെ പിറകുവശത്തുള്ള കാടുപോലുള്ള ഭാഗത്തുകൂടെയാണ് ഞങ്ങൾ അങ്ങോട്ട് പോയത്. ഇവിടെയുള്ള ക്ഷേത്രങ്ങൾ എല്ലാം തന്നെ ഇപ്പോൾ വനമേഖലയിൽ ആണ്. പണ്ട് ഇവിടം പ്രധാന നഗരമേഖലയായിരുന്നിരിക്കണം. പിന്നീട് ഇവിടം ഉപേക്ഷിക്കപ്പെടുകയും കാട് കയറുകയും ചെയ്തതായിരിക്കണം. ക്ഷേത്രത്തിന്റെ ദൃശ്യം കണ്ണുകളിൽ പതിഞ്ഞതും അവാച്യമായ ഒരു അനുഭൂതി അനുഭവപ്പെട്ടു. നൂറ്റാണ്ടുകൾക്കു മുൻപ് നിർമിക്കപ്പെട്ട ഒരു മനോഹര ക്ഷേത്രം കൺമുൻപിൽ. കാലത്തിന്റെയും കാലാവസ്ഥയുടെയും പോറലുകൾ ക്ഷേത്രച്ചുമരുകളിലും ഗോപുരങ്ങളിലും കാണാമെങ്കിലും ഗതകാലസ്മരണ പേറുന്ന ആ നിർമിതി ആരെയും അമ്പരപ്പിക്കുന്നതാണ്. കുറച്ചു നേരം അത് നോക്കിക്കാണുകയും ഫോട്ടോകൾ എടുക്കുകയും ചെയ്തതിനു ശേഷം ഞങ്ങൾ ക്ഷേത്രത്തിന്റെ ഉള്ളിലേക്ക് കടന്നു.
പന്ത്രണ്ടാം നൂറ്റാണ്ടിൽ സൂര്യവർമൻ രണ്ടാമനാണ് മഹാവിഷ്ണുവിന് വേണ്ടിയുള്ള ഈ ക്ഷേത്രം പണി കഴിപ്പിച്ചത്. ക്ഷേത്രവും ചുറ്റുമതിലും (1 km x 0 .8 km) അതിനു ചുറ്റുമുള്ള സ്ഥലവും അതിനെ ചുറ്റിയുള്ള 190 മീറ്ററോളം വീതിയുള്ള കിടങ്ങും ഉൾപ്പെടുന്ന ഈ ക്ഷേത്രസമുച്ചയം ആകെ നാനൂറ്റിരണ്ടു ഏക്കർ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിൽ പ്രധാനപ്രതിഷ്ഠയും മറ്റും ഇപ്പോൾ ഇല്ലെങ്കിലും ക്ഷേത്രത്തിന്റെ ഒരു ഭാഗത്തായി ഒരു മഹാവിഷ്ണു പ്രതിമ കാണാവുന്നതാണ്. തകർച്ചയും നാശവും നേരിട്ടെങ്കിലും പ്രൗഢിയോടെ നിൽക്കുന്ന ക്ഷേത്രത്തിന്റെ ഗോപുരങ്ങൾ ആരേയും ആകർഷിക്കും. ഹിന്ദു പുരാണത്തിലെ മഹാമേരുവിനെയാണ് ക്ഷേത്രവും ക്ഷേത്രഗോപുരങ്ങളും പ്രതിനിധീകരിക്കുന്നത് എന്ന് ഗൈഡ് ഞങ്ങളോട് പറഞ്ഞു. കുറച്ചു നേരം ക്ഷേത്രത്തിന്റെ മുകളിലെ നടുത്തളത്തിൽ വിശ്രമിച്ചതിനു ശേഷം ഞങ്ങൾ താഴേക്കിറങ്ങി മറ്റു ഭാഗങ്ങൾ കാണാൻ പോയി. ക്ഷേത്രത്തിന്റെ ചുറ്റുമതിലുകളിൽ രാമായണ-മഹാഭാരത കഥാ സന്ദർഭങ്ങൾ കൊത്തിവച്ചിട്ടുള്ളത് ഗൈഡ് ഞങ്ങൾക്കു വിശദീകരിച്ചു തന്നു. ഞങ്ങൾക്കു പുരാണം അറിയുന്നതു കൊണ്ട് തന്നെ ഗൈഡിന് അധികം വിശദീകരിച്ചു കഷ്ടപ്പെടേണ്ടി വന്നില്ല. അത് അദ്ദേഹം ഞങ്ങളോട് പറയുകയും ചെയ്തു. 'അംഗോർ' എന്ന വാക്കു തന്നെ നമ്മുടെ നഗർ അല്ലെങ്കിൽ നഗരം എന്ന വാക്കിൽ നിന്നുമാണ് ഉണ്ടായത്. അവരുടെ ഭാഷയിലെ പല വാക്കുകളും സംസ്‌കൃതത്തിൽ നിന്നാണെന്നു സംസ്‌കൃതം പഠിച്ച ബുദ്ധസന്യാസിയായിരുന്ന ഞങ്ങളുടെ ഗൈഡ് പറഞ്ഞു തന്നു. ഉദാഹരണത്തിന് 'ഗുരു' എന്നതിന് അവർ പറയുന്നത് 'ഗ്രു' എന്നാണ്. ഗരുഡൻ അഥവാ ഗരുഡ് എന്ന വാക്കു അവരുടെ ഭാഷയിൽ 'ക്രുഡ്' ആണ്. അങ്ങനെ പല വാക്കുകളും ഗൈഡ് ഞങ്ങൾക്ക് പറഞ്ഞു തന്നു. നമ്മുടെ അക്ഷരമാല ക്രമമായ ക ഖ ഗ ഘ ങ യോട് സമാനമായ അക്ഷരങ്ങൾ തന്നെയാണ് അവർക്കും ഉള്ളത് എന്നും മറ്റും ഗൈഡ് പറഞ്ഞു തന്നു.
ക്ഷേത്രമതിൽക്കെട്ടിനു പുറത്തിറങ്ങിയ ഞങ്ങൾ ക്ഷേത്രത്തിന്റെ മുൻവശത്തു പോയി ക്ഷേത്രത്തിന്റെ മനോഹരദൃശ്യങ്ങളും അവിടുത്തെ ചെറിയ ജലാശയത്തിൽ അതിന്റെ പ്രതിഫലനങ്ങളും കാമറക്കണ്ണുകളിൽ ഒപ്പിയെടുത്തു. കുറച്ചു നേരം ക്ഷേത്രത്തെ തന്നെ നോക്കിനിന്ന ഞങ്ങൾ ക്ഷേത്രത്തിനു ചുറ്റുമുള്ള കിടങ്ങിനു കുറുകെ സ്ഥാപിച്ച താത്കാലിക പാലത്തിലൂടെ (ഫ്‌ളോട്ടിങ് ബ്രിജ്) പുറത്തു കടന്നു ഞങ്ങളെ കാത്തുകിടന്നു വാഹനത്തിലേക്കു പോയി. കുറെ നടക്കുകയും കുത്തനെയുള്ള പടികൾ കയറുകയും മറ്റും ചെയ്തതു കൊണ്ടു തന്നെ ഞങ്ങൾ നന്നേ പരിക്ഷീണരായിരുന്നു. എങ്കിലും ലോകത്തിലെ തന്നെ അദ്ഭുതനിർമിതികളിൽ പെട്ട ഈ വലിയ ക്ഷേത്ര സമുച്ഛയങ്ങൾ നേരിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷവും സംതൃപ്തിയും ഞങ്ങൾക്കുണ്ടായിരുന്നു. സർവ്വോപരി ഈ ക്ഷേത്രങ്ങൾക്കും ആ രാജ്യത്തിനും നമ്മുടെ ഭാരതവുമായുണ്ടായിരുന്ന പൗരാണികകാലത്തെ ബന്ധങ്ങളും ഞങ്ങളെ ആശ്ചര്യപ്പെടുത്തി.
പിറ്റേ ദിവസം അതേ ഗൈഡിനെയും ഡ്രൈവറെയും കൂട്ടി ഞങ്ങൾ നഗരത്തിൽ നിന്നും കുറച്ചു ദൂരെയുള്ള കുളൻ മലനിരകൾ (Kulan Mountain) സന്ദർശിക്കാൻ പോയി. മനോഹരമായ മലനിരകളും വെള്ളച്ചാട്ടങ്ങളും നദിയുടെ അടിത്തട്ടിലെ പാറകളിൽ കൊത്തിവച്ചിട്ടുള്ള ആയിരക്കണക്കിന് ശിവലിംഗങ്ങളും മഹാവിഷ്ണു-ലക്ഷ്മി കൊത്തുപണികളും മനോഹരങ്ങളായിരുന്നു. ഉച്ചഭക്ഷണത്തിനു ശേഷം ഞങ്ങൾ തിരിച്ചു വരുന്ന വഴിയിൽ പനംചക്കര വിൽക്കുന്ന ഒരു സ്ത്രീയുടെ കടയിൽ നിന്നും പനംചക്കരയും വാങ്ങി ഏതാണ്ട് ഉച്ചക്ക് ശേഷം 4 മണിയോടു കൂടി ഹോട്ടലിൽ എത്തി. ഡ്രൈവറോട് പിറ്റേ ദിവസം രാവിലെ 8 മണിക്കു ഞങ്ങളെ വിമാനത്താവളത്തിൽ വിടാൻ പറഞ്ഞേൽപ്പിച്ചു. ഗൈഡ് പാൽച്ചനോട് ഞങ്ങൾ വിടപറഞ്ഞു.
പിറ്റേ ദിവസം അതായതു ഡിസംബർ അഞ്ചാം തീയതി ഞങ്ങൾ സിയം റീപ്പിൽ നിന്നും ബാങ്കോക്കിലേക്കു പോയി. ബാങ്കോക്കിലെ ഒന്നര ദിവസത്തെ താമസത്തിനിടയിൽ അവിടുത്തെ രാജകൊട്ടാരം, ചില ക്ഷേത്രങ്ങൾ എന്നിവ സന്ദർശിച്ചു. തിരക്കും ബഹളവും നിറഞ്ഞ, ഒരു കോൺക്രീറ്റ് കാടെന്നു വിശേഷിപ്പിക്കാവുന്ന ബാങ്കോക്കിനേക്കാൾ ഞങ്ങൾക്കിഷ്ടമായതു ശാന്തവും സുന്ദരവുമായ കംബോഡിയ തന്നെയായിരുന്നു. ഉച്ചക്ക് ബാങ്കോക്കിലെ ഏറ്റവും ഉയരം കൂടിയ ബയോക്ക് സ്കൈ (Baiyoke Sky) ഹോട്ടലിലെ എൺപത്തിയൊന്നാം നിലയിലെ ഭക്ഷണശാലയിൽ നിന്നും ബുഫേ ലഞ്ച് കഴിച്ചു ഞങ്ങൾ താമസിക്കുന്ന ഹോട്ടലിലേക്കു മടങ്ങി. അന്ന് രാത്രി അവിടെ നിന്നുള്ള എയർ ഏഷ്യ വിമാനത്തിൽ ഞങ്ങൾ കൊച്ചി വിമാനത്താവളത്തിൽ എത്തി. വിജയകരമായ ഒരു കംബോഡിയ സന്ദർശനത്തിന്റെ ലഹരിയിൽ ആയിരുന്നു ഞങ്ങൾ അപ്പോഴും.