ADVERTISEMENT

ഒട്ടേറെ തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ കഴിവ് തെളിയിച്ച നടിയാണ് മേഘ ആകാശ്. ധനുഷ് നായകനായ എനൈ നോക്കി പായും തോട്ടയിലൂടെയാണ് മേഘ പ്രേക്ഷകര്‍ക്ക് പരിചിതയായത്. ഇക്കൊല്ലം വിവാഹം കഴിഞ്ഞ മേഘയും ഭര്‍ത്താവും ഇപ്പോള്‍ ഹണിമൂണ്‍ യാത്രയിലാണ്. ഇറ്റലിയിലെ അമാല്‍ഫി തീരത്ത് നിന്നുള്ള ചിത്രങ്ങള്‍ മേഘ പങ്കുവച്ചു. തെക്കൻ ഇറ്റലിയിലെ സലെർനോ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ടൈർഹേനിയൻ കടലിലെ സലെർനോ ഗൾഫിന്‍റെ വടക്കൻ തീരപ്രദേശമാണ് അമാല്‍ഫി. പ്രതിവർഷം ആയിരക്കണക്കിന് സഞ്ചാരികളെ ആകർഷിക്കുന്ന അമാൽഫി തീരം,  ഇറ്റലിയിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. 1997 ൽ അമാൽഫി യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി രേഖപ്പെടുത്തി. മലഞ്ചെരിവുകളും പട്ടണങ്ങളും ചരിത്രകൗതുകങ്ങളും തട്ടുതട്ടായി കിടക്കുന്ന ഗ്രാമങ്ങളും മെഡിറ്ററേനിയൻ കടലിന്‍റെ മനോഹരമായ കാഴ്ചകളും കണ്ടുകൊണ്ട്, തീരത്ത് കൂടിയുള്ള 25 മൈൽ യാത്ര, സഞ്ചാരികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് നല്‍കുന്നത്.

Image Credit: meghaakash/instagram
Image Credit: meghaakash/instagram

സെലിബ്രിറ്റികളുടെ ഇഷ്ടപ്പെട്ട വെഡ്ഡിങ് ഡെസ്റ്റിനേഷനുകളിലൊന്നു കൂടിയാണ് ഇവിടം. അമാല്‍ഫി തീരത്തെ കടലില്‍ വച്ചാണ് എമിയും ഹോളിവുഡ് നടനായ എഡ് വെസ്റ്റ്വിക്കും വിവാഹിതരായത്.

തെക്കൻ ഇറ്റലിയിലെ കാമ്പാനിയ മേഖലയിൽ സ്ഥിതി ചെയ്യുന്ന അമാൽഫി തീരം പാറക്കെട്ടുകൾക്കും വർണാഭമായ വീടുകൾക്കും, ചരിത്രപരമായ നിർമിതികള്‍ക്കും പേരുകേട്ടതാണ്. അറബ്-നോർമൻ, ബൈസന്റൈൻ, ഗോതിക് ഘടകങ്ങൾ സമന്വയിപ്പിച്ച 11-ാം നൂറ്റാണ്ടിലെ കത്തീഡ്രൽ ഓഫ് സെന്റ് ആൻഡ്രൂ ആണ് പട്ടണത്തിന്റെ കേന്ദ്രഭാഗം. അമാൽഫി തീരത്തെ ഏറ്റവും പ്രശസ്തമായ പട്ടണമാണ് പോസിറ്റാനോ. പാസ്തൽ നിറമുള്ള വീടുകളും ഇടുങ്ങിയ ഗോവണിപ്പടികളിലൂടെയുള്ള കാൽനടയാത്രയും ബീച്ച് വിനോദങ്ങളുമെല്ലാം ഇവിടം സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കുന്നു.

Image Credit: meghaakash/instagram
Image Credit: meghaakash/instagram

തീരത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന റാവെല്ലോ അതിമനോഹരമായ പൂന്തോട്ടങ്ങൾക്കും കെട്ടിടങ്ങള്‍ക്കും പേരുകേട്ട മറ്റൊരു പട്ടണമാണ്. കടലിനഭിമുഖമായി മട്ടുപ്പാവുകളുള്ള വില്ല റൂഫോളോയും വില്ല സിംബ്രോണും ഇവിടെ കണ്ടിരിക്കേണ്ട രണ്ട് ആകർഷണങ്ങളാണ്. കൂടാതെ, വേനൽ മാസങ്ങളിൽ നടക്കുന്ന ലോകോത്തര സംഗീത പരിപാടിയായ റാവെല്ലോ ഫെസ്റ്റിവലിന്റെ ആസ്ഥാനം കൂടിയാണ് റാവെല്ലോ. 

Image Credit: meghaakash/instagram
Image Credit: meghaakash/instagram

അമാൽഫി തീരം ബീച്ചുകൾക്കു മാത്രമല്ല, ഹൈക്കിങ് പാതകള്‍ക്കും പ്രസിദ്ധമാണ്. ഈ പ്രദേശത്തെ ഏറ്റവും പ്രശസ്തമായ ഹൈക്കിങ് പാതയാണ് സെന്റിറോ ഡെഗ്ലി ഡെയ് അഥവാ ദൈവങ്ങളുടെ പാത. ബൊമെറാനോ, നോസെല്ലെ പട്ടണങ്ങൾക്കിടയിൽ ഇത് വ്യാപിച്ചുകിടക്കുന്നു. കടലിന്‍റെ കാഴ്ചകള്‍ കണ്ടുകൊണ്ട് ഇതിലൂടെ നടക്കാം.

Image Credit: meghaakash/instagram
Image Credit: meghaakash/instagram

അമാല്‍ഫിയിലെ നാരകത്തോട്ടങ്ങള്‍ വളരെ പ്രസിദ്ധമാണ്. പ്രാദേശിക മദ്യമായ 'ലിമോൺസെല്ലോ' നിർമിക്കാൻ ഉപയോഗിക്കുന്ന പ്രശസ്തമായ അമാൽഫി നാരങ്ങകൾ വിളയുന്ന ഈ തോട്ടങ്ങളിലേക്ക് ടൂറുകള്‍ ലഭ്യമാണ്.

Image Credit: meghaakash/instagram
Image Credit: meghaakash/instagram

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വസന്തകാലവും സെപ്റ്റംബർ മുതൽ ഒക്ടോബർ വരെ ശരത്കാലത്തിന്റെ തുടക്കത്തിലോ ആണ് അമാൽഫി തീരം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ജൂലൈ മുതൽ ആഗസ്റ്റ് വരെയുള്ള വേനൽക്കാലത്ത് വിനോദസഞ്ചാരികളുടെ കുത്തൊഴുക്ക് കാണാം. ഈ സമയത്ത് ബീച്ചുകളും ക്ലബ്ബുകളും ഇരുപത്തിനാല് മണിക്കൂറും സജീവമാകും. അടുത്തുള്ള പ്രധാന നഗരമായ നേപ്പിൾസിലാണ് അമാല്‍ഫിക്കടുത്തുള്ള വിമാനത്താവളം സ്ഥിതിചെയ്യുന്നത്. നേപ്പിൾസിൽ നിന്ന്, സോറൻ്റോയിലേക്കോ സലേർനോയിലേക്കോ ട്രെയിനിൽ പോകാം, തുടർന്ന് ബസിലോ ഫെറിയിലോ കാർ വഴിയോ പോയി തീരപ്രദേശത്തെത്താം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com