ADVERTISEMENT

വിടർന്നു നിൽക്കുന്ന പൂക്കളോളം തന്നെ മനോഹരമാണ് സൂറിച്ച് നഗരം. പുഷ്പങ്ങൾ, ആപ്പിളുകൾ, പീച്ച്, പേരറിയാത്ത നിരവധി  ചെടികളും പൂക്കളും അതെല്ലാം ഹൃദയം കൊണ്ടു സ്വീകരിച്ച് ആസ്വദിക്കുന്ന തിരക്കിലാണ് സപ്തമശ്രീ തസ്‌കര, ഇയ്യോബിന്റെ പുസ്തകം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ റീനു മാത്യൂസ്. താരം പങ്കുവച്ച ചിത്രങ്ങളിലെല്ലാം തന്നെ സ്വിറ്റ്സർലൻഡിന്റെ മനോഹരമായ കാഴ്ചകളുണ്ട്. ഗ്രാമങ്ങളുടെ മോഹിപ്പിക്കുന്ന സൗന്ദര്യത്തിനും അപ്പുറം വിളഞ്ഞു പാകമായി നിൽക്കുന്ന ആപ്പിൾ വൃക്ഷങ്ങളും ചെറുപൂക്കളോടെ നിൽക്കുന്ന ചെടികളും അവയെല്ലാം കണ്ടുകൊണ്ടു ചായ ആസ്വദിച്ചു കുടിക്കുന്ന പ്രിയ നായികയെയും കാണാം. 

Image Credit: reenu_mathews/instagram
Image Credit: reenu_mathews/instagram

സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണ് സൂറിച്ച്. ജീവിത ചെലവ് കൂടിയ ഈ നഗരത്തിൽ അതിഥികളായി എത്തുന്നവർക്ക് ആസ്വദിക്കാൻ നിരവധി കാഴ്ചകളുണ്ട്. സൂറിച്ചിന്റെ ചരിത്രമുറങ്ങുന്ന പട്ടണമാണ് അൽസ്റ്റഡ്. പഴയ പട്ടണമെന്നാണ് ഇവിടം അറിയപ്പെടുന്നത്. പുരാതനമായ നിരവധി പള്ളികളും ഗ്രോസ്മൺസ്റ്ററിലെ ഇരട്ട ടവറുകളും ലിൻഡൻഹോഫ് മലനിരകളുമൊക്കെ ഈ പട്ടണത്തിലെ പ്രധാന കാഴ്ചകളാണ്. മലനിരകളുടെ മുകളിൽ നിന്നും പട്ടണത്തിന്റെ വിദൂരദൃശ്യങ്ങൾ ആസ്വദിക്കാം. വൈകുന്നേരങ്ങളിൽ ഈ പട്ടണത്തിന്റെ കാഴ്ചകളാസ്വദിച്ചു കൊണ്ടു നടക്കാൻ നിരവധിപേരുണ്ടാകും. മധ്യകാലഘട്ടത്തിന്റെ പ്രൗഢിയേറുന്ന ഇടനാഴികൾ താണ്ടിയുള്ള ആ യാത്ര ഏറെ അവിസ്മരണീയമായ അനുഭവമായിരിക്കും. 

Image Credit: reenu_mathews/instagram
Image Credit: reenu_mathews/instagram

മനോഹരമായ ഒരു ചിത്രമെന്നു തോന്നിപ്പിക്കുന്നയിടമാണ് സൂറിച്ച് തടാകം. പച്ചപ്പിന്റെ മോഹിപ്പിക്കുന്ന കാഴ്ചകൾ ആസ്വദിച്ചു കൊണ്ട് ഈ തടാകത്തിലൂടെ ഒരു ബോട്ട് യാത്ര നടത്താം. തടാകക്കരയിലിരിക്കണമെന്നുള്ളവർക്ക് സമീപമുള്ള കഫേകളിൽ വിശ്രമിക്കാവുന്നതാണ്. അതിഥികൾക്കായി ബീച്ചും പ്രകൃതിയൊരുക്കിയ അതിസുന്ദരമായ കാഴ്ചകളുമുണ്ട്. വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും ഇവിടെ നിരവധി ഭക്ഷണശാലകളും കാണാം.

Image Credit: reenu_mathews/instagram
Image Credit: reenu_mathews/instagram

പൗരാണിക കാലഘട്ടത്തിലെ കലാസൃഷ്ടികൾ  മുതൽ വർത്തമാനകാലത്തിലെ കലാസൃഷ്ടികൾ വരെ ഉൾക്കൊള്ളുന്ന കൻസ്​തൗസ് മ്യൂസിയവും സൂറിച്ചിലെ പ്രധാന കാഴ്ചകളിൽ ഒന്നാണ്. 1600 കൾ മുതലുള്ള പാശ്ചാത്യ കലാസൃഷ്ടികൾ ഇവിടെ  കാണുവാൻ കഴിയും. സന്ദർശകർക്ക് സൂറിച്ചിനെക്കുറിച്ചും സ്വിറ്റ്സർലൻഡ് എന്ന രാജ്യത്തിന്റെ പൗരാണികതയെക്കുറിച്ചുമെല്ലാം അടിസ്ഥാന വിവരങ്ങൾ പകർന്നു നൽകുന്ന ഒരിടം കൂടിയാണ് ഈ മ്യൂസിയം. കാലത്തു 10 മണി മുതൽ വൈകുന്നേരം 8 മണി വരെയാണ് ഇവിടെ സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നത്. 

27 ഹെക്ടറുകളിൽ വ്യാപിച്ചു കിടക്കുന്ന സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ മൃഗശാലകളിൽ ഒന്നാണ് സൂറിച്ചിലേത്. പ്രകൃതിയെ പരിപാലിക്കുന്നതിനെക്കുറിച്ചും ജീവിവർഗങ്ങളെ സംരക്ഷിക്കുന്നതിനെക്കുറിച്ചും കുട്ടികൾക്കും മുതിർന്നവർക്കും അവബോധം നൽകുന്ന തരത്തിലുള്ളതാണ് ഈ മൃഗശാലയുടെ പ്രവർത്തനങ്ങൾ. രാജ്യത്തിനകത്തും പുറത്തും നിന്നും നിരവധി സഞ്ചാരികൾ എത്തുന്ന ഒരിടം കൂടിയാണിത്. കാലത്ത് 9 മണി മുതൽ 6 മണി വരെ ഇവിടെ പ്രവേശിക്കാവുന്നതാണ്.

ലോക നിലവാരമുള്ള ബാൻഹോഫ്സ്ട്രാസെയിലെ തെരുവ്, ഷോപ്പിങ് പ്രിയർക്കു മികച്ചൊരു അനുഭവമായിരിക്കും. പല പ്രശസ്ത ബാങ്കുകളുടെയും ആസ്ഥാനവും ഇവിടെ കാണുവാൻ കഴിയും. കാൽനടയാത്രികർക്കു കാഴ്ചകൾ ആസ്വദിച്ചു കൊണ്ട് ഈ തെരുവ് വീഥികളിലൂടെ നടക്കുന്നത് ഏറെ ആസ്വാദ്യകരമായിരിക്കും. 

ഫുട്ബോൾ പ്രേമികൾക്കായി ഫിഫ മ്യൂസിയം, മോഹിപ്പിക്കുന്ന കാഴ്ചകൾ ഒളിപ്പിച്ചിട്ടുള്ള ലിൻഡൻഹോഫ് മലനിരകൾ, ചരിത്രത്തിന്റെ ശേഷിപ്പുകൾ പുതുതലമുറക്കായി അവശേഷിപ്പിച്ചിട്ടുള്ള ലിൻഡാസ് മ്യൂസിയം, റോമനെസ്‌ക്യൂ ശൈലിയിൽ പണിതിരിക്കുന്ന ഗ്രോസ്മൺസ്റ്റർ ദേവാലയം, റിറ്റ്‌ബെർഗ് ആർട്ട് മ്യൂസിയം തുടങ്ങി അവസാനിക്കാത്ത കാഴ്ചകളുമായി അതിഥികളെ കാത്തിരിക്കുന്ന നഗരമാണ് സൂറിച്ച്.  

English Summary:

Reenu Mathews Explores the Enchanting City of Zurich

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com