ADVERTISEMENT

ഏറ്റവും പ്രിയപ്പെട്ടൊരാൾ കൂടെയുണ്ടാകുമ്പോൾ യാത്രകൾക്കു മാത്രമല്ല, ചെന്നെത്തുന്ന സ്ഥലത്തിനും സൗന്ദര്യമധികമായിരിക്കും. മനുഷ്യന്റെ അധ്വാനം മണൽത്തരികളിൽ പോലും പ്രതിഫലിച്ചു കാണുന്ന ദുബായുടെ മണ്ണിലാണ് മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഹക്കിം ഷാജഹാനും ഭാര്യ സന അൽത്താഫും. അംബരചുംബികളായ നിർമിതികളും മരുഭൂമിയിലെ യാത്രകളും വിവിധ രുചികളുമൊക്കെ നിറയുന്ന ധാരാളം ചിത്രങ്ങളും വിഡിയോയുമൊക്കെ താരദമ്പതികൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. നിർമാണ വൈദഗ്ധ്യം കൊണ്ട് ഏതൊരാളെയും അതിശയിപ്പിക്കുന്ന ബുർജ് ഖലീഫയുടെ രാത്രി സൗന്ദര്യവും ആ ചിത്രങ്ങളിൽ കാണുവാൻ കഴിയും. 

Image Credit: hakim_shajahan/instagram
Image Credit: hakim_shajahan/instagram

ദുബായിലെത്തുന്ന സന്ദർശകർക്ക് കൗതുകം പകരുന്ന കാഴ്ചയാണ് ബുർജ് ഖലീഫ. 160 നിലകളുള്ള ഈ കെട്ടിടം 2004 ൽ നിർമാണം തുടങ്ങി  2010 ലാണ് ഉദ്ഘാടനം കഴിഞ്ഞത്. 828 മീറ്ററാണ് ഈ കെട്ടിടത്തിന്റെ ഉയരം. പഞ്ച നക്ഷത്രഹോട്ടൽ, റസ്റ്റോറന്റുകൾ, ഷോപ്പിങ് സെന്ററുകൾ, അപ്പാർട്ടുമെന്റുകൾ, ഓഫീസുകൾ എന്നിവയെല്ലാം നിറഞ്ഞ ഒരു അദ്ഭുതലോകമാണ് ബുർജ് ഖലീഫ. സ്റ്റുഡിയോ അപ്പാർട്മെന്റിൽ തുടങ്ങി നാല് കിടപ്പുമുറികളുള്ള തൊള്ളായിരത്തോളം ഫ്ലാറ്റുകളും ഇവിടെയുണ്ട്. ഈ അംബരചുംബിക്കു മുൻപിൽ നിന്നും ചിത്രങ്ങൾ പകർത്താത്തവരും ഇവിടം സന്ദർശിച്ചില്ലെങ്കിൽ യാത്ര പൂർണമാകില്ലെന്നു വിശ്വസിക്കുന്നവരുമാണ് ഈ നഗരത്തിലെത്തുന്ന അതിഥികളിൽ ഭൂരിപക്ഷവും.

Image Credit: hakim_shajahan/instagram
Image Credit: hakim_shajahan/instagram

ലോകത്തിലെ എട്ടാമത്ത അദ്ഭുതം

ലോകത്തിലെ എട്ടാമത്തെ അദ്ഭുതം എന്ന് വിശേഷിപ്പിക്കുവാൻ കഴിയുന്ന ഒന്നാണ് പാം ഐലൻഡ്. മനുഷ്യ നിർമിതമായ ഈ ദ്വീപിനു ഈന്തപ്പനയുടെ രൂപമായതു കൊണ്ടാണ് ഈ പേര്. അവധിയാഘോഷത്തിനായി ധാരാളം ആളുകൾ എത്തുന്ന ഒരിടമാണിത്. ധാരാളം വിനോദോപാധികളും അതിനായി ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രധാനമായും മൂന്നു ചെറുദ്വീപുകളാണ് ഇവിടെയുള്ളത്. പാം ജുമെയ്‌റ, പാം ജെബെൽ അലി, പാം ദെയ്‌റ എന്നിങ്ങനെയാണ് ദ്വീപുകളുടെ പേരുകൾ. കടലിനഭിമുഖമായി 5000 അപ്പാർട്മെന്റുകൾ, 4000 വില്ലകൾ, അറുപതോളം ആഡംബര ഹോട്ടലുകൾ, ഷോപ്പിങ് മാളുകൾ, റസ്റ്റോറന്റുകൾ, സിനിമാ തിയേറ്ററുകൾ, ഡൈവിങ് സൈറ്റുകൾ എന്നിങ്ങനെ നിരവധി നിർമിതികൾ ഇവിടെ കാണുവാൻ കഴിയും. നിർമാണത്തിനായി നാല് വർഷങ്ങൾ വേണ്ടിവന്ന പാം ദ്വീപ് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമിത ദ്വീപ് സമൂഹമാണ്.

Image Credit: hakim_shajahan/instagram
Image Credit: hakim_shajahan/instagram

ദുബായ് കാഴ്ചകളിലെ പ്രധാനപ്പെട്ട ഒന്നാണ് നിർമാണ വൈദഗ്‌ധ്യം കൊണ്ട് അതിശയിപ്പിക്കുന്ന ജുമെയ്‌റ മോസ്ക്. വെളുത്ത നിറത്തിലുള്ള കല്ലുകൾ കൊണ്ടാണ് ഇതിന്റെ നിർമിതി. ആഴ്ചയിലെ ആറു ദിവസവും വെള്ളിയാഴ്ചയൊഴിച്ച് ഒമ്പത് മണി മുതൽ അഞ്ച് മണി വരെ സന്ദർശകർക്ക് ദേവാലയത്തിലേക്ക് പ്രവേശിക്കാം. പക്ഷേ പ്രാർത്ഥനയുടെ സമയത്ത് സന്ദർശകർക്ക് പ്രവേശനമില്ല. സ്ത്രീകൾ തല മൂടിയതിനു ശേഷം മാത്രമേ പ്രവേശിക്കാവൂ എന്ന നിബന്ധനയുമുണ്ട്. 

Image Credit: hakim_shajahan/instagram
Image Credit: hakim_shajahan/instagram

അൽ ഫാഹിദി കോട്ട

അംബരചുംബികളായ കെട്ടിടങ്ങളും കൗതുക കാഴ്ചകളും മാത്രമല്ല, ചരിത്രത്തിന്റെ ശേഷിപ്പുമായി നിൽക്കുന്ന 1787 ൽ നിർമിച്ച അൽ ഫാഹിദി കോട്ടയും ദുബായുടെ മറ്റൊരു മുഖമാണ്. കടലിനെയും രാജാക്കന്മാരെയും സംരക്ഷിക്കാനായി നിർമിച്ച ഒരു  ബാരിക്കേഡ് പോലെയായിരുന്നു ആ കാലത്തു കോട്ട പ്രവർത്തിച്ചിരുന്നത്. ഇന്ന് ഇതൊരു മ്യൂസിയമാണ്. മരത്തിൽ തീർത്ത ബോട്ടുകൾ, ചെറുചിത്രങ്ങളും ശില്പങ്ങളും ആഭരണങ്ങൾ, പെയിന്റിങ്ങുകൾ, ഉപകരണങ്ങൾ, ആയുധങ്ങൾ തുടങ്ങി ദുബായുടെ വളർച്ചയും മാറ്റങ്ങളുമെല്ലാം ഈ മ്യൂസിയത്തിലെ കാഴ്ചകളാകുന്നു.

hakkim-575

മരുഭൂമിയിൽ വിരിഞ്ഞു നിൽക്കുന്ന പുഷ്പങ്ങളെ കുറിച്ചു കേൾക്കുന്നതു തന്നെ അദ്ഭുതമാണ്. ആ അദ്ഭുതത്തിന്റെ പേരാണ് മിറാക്കിൾ ഗാർഡൻ. കാഴ്ചക്കാരിൽ വിസ്മയം ജനിപ്പിക്കുന്ന വിധത്തിൽ 45 മില്യൺ പുഷ്പങ്ങൾ പല രൂപത്തിൽ ഇവിടെ കാണുവാൻ കഴിയും. ചിത്രശലഭങ്ങൾക്കായി ഇവിടെ ഒരു പ്രത്യേക ഉദ്യാനമുണ്ട്.15,000 ത്തോളം വിവിധ തരത്തിലുള്ള ചിത്രശലഭങ്ങളുടെയും ആലയമാണിത്. ഒക്ടോബർ മുതൽ ഏപ്രിൽ വരെയുള്ള സമയമാണ് മിറാക്കിൾ ഗാർഡൻ സന്ദർശനത്തിനു ഉചിതമായ സമയം. അന്നേരങ്ങളിൽ കാലാവസ്ഥ വളരെ സുഖകരമായിരിക്കും.

Image Credit: hakim_shajahan/instagram
Image Credit: hakim_shajahan/instagram

അൽ സീഫ്

ദുബായ് എന്ന  മഹാനഗരത്തിലെ കാഴ്ചകളിൽ പ്രധാനപ്പെട്ട ഒന്നാണ് അൽ സീഫ്. 2017 ലാണ് അൽ സീഫിനു ദുബായ് ക്രീക്കിൽ ആരംഭമായത്. പാരമ്പര്യവും പൈതൃകവും ആധുനികതയോട് ഒന്നുചേർന്നിരിക്കുന്ന കാഴ്ചകൾക്ക് ഇവിടെയെത്തിയാൽ സാക്ഷ്യം വഹിക്കാം. 1.8 കിലോമീറ്റർ നീളുന്ന ഉൾക്കടൽത്തീരത്തോടു ചേർന്നു രണ്ടു ഭാഗങ്ങളായാണിത് സ്ഥിതി ചെയ്യുന്നത്. ഇതിലെ ഒരു ഭാഗം പഴമയുടെ മേലങ്കിയണിഞ്ഞു നിൽക്കുന്ന നിർമിതികൾ കൊണ്ട് സമ്പന്നമായ ഹെറിറ്റേജ് ഏരിയ ആണ്. സമകാലീന നിർമിതികളാണ് രണ്ടാമത്തെ ഭാഗത്തു കാണുവാൻ കഴിയുക. നടന്നു കാണുവാൻ നിരവധി കാഴ്ചകളുണ്ട് എന്നതു കൊണ്ടുതന്നെ ആ നഗരസൗന്ദര്യം ആസ്വദിച്ചു കൊണ്ട് ചെറുനടത്തത്തിനു ഇറങ്ങാം. ധാരാളം കാഴ്ചകൾ ആസ്വദിക്കുന്നതിനൊപ്പം പല നാടുകളിൽ നിന്നുമുള്ള രുചികരമായ ഭക്ഷണം ആസ്വദിക്കുന്നതിനായി നിരവധി റസ്റ്ററന്റുകളും കോഫി ഷോപ്പുകളും ഇവിടെയുണ്ട്. അതിഥികൾക്കു താമസത്തിനായി ഹോട്ടലുകളും ഷോപ്പിങ് പ്രിയർക്കായി ഷോപ്പിങ് ഏരിയയും കാണാം. 

ജുമെയ്‌റ ബീച്ച്

ദുബായിലെ പ്രധാനാകർഷണങ്ങളിൽ ഒന്നാണ് ജുമെയ്‌റ ബീച്ച്. വെളുത്ത മണൽ വിരിച്ച ബീച്ചിനു സൗന്ദര്യമേറെയാണ്. കുറച്ചു സമയം കടലിന്റെ കാഴ്ചകൾ കണ്ടിരിക്കാമെന്നു മാത്രമല്ല, നിരവധി ജലകേളികൾക്കും ഇവിടെ അവസരമുണ്ട്. കൂടാതെ ജെറ്റ് സ്കീയിങ്, ജോഗിങ്, നീന്തൽ എന്നിവയ്ക്കും ജുമെയ്‌റ ഏറെ അനുയോജ്യമാണ്. ശനിയാഴ്ച മുതൽ ബുധനാഴ്ച വരെയുള്ള ദിവസങ്ങളിൽ കാലത്ത് 7.30 മുതൽ രാത്രി 10 മണി വരെ ഈ തീരത്തു സമയം ചെലവഴിക്കാം. വ്യാഴം, വെള്ളി ദിവസങ്ങളിൽ കാലത്തു 7.30 മുതൽ രാത്രി 11 വരെ ജുമെയ്‌റയുടെ തീരകാഴ്ചകൾ ആസ്വദിക്കാവുന്നതാണ്.

ലെഗോലാൻഡ് വാട്ടർ പാർക്ക്, ഡോൾഫിനേറിയം, അക്വാവെൻച്വർ വാട്ടർ പാർക്ക്, ഇത്തിഹാദ് മ്യൂസിയം തുടങ്ങി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ നിരവധി കാഴ്ചകൾ വേറെയുമുണ്ട് ദുബായിൽ. സാഹസികതയിഷ്ടപ്പെടുന്നവർക്കു മണലിൽ ബൈക്ക് റേസും ഡ്യൂൺബാഷുമെല്ലാം ഈ മരുഭൂമി കാത്തുവച്ചിട്ടുണ്ട്. ഒട്ടകപ്പുറത്തൊരു സഫാരിയും സഞ്ചാരികളിവിടെ മുടക്കാറില്ല.

English Summary:

Hakim Shahjahan Captivated by the Beauty of Burj Khalifa on Dubai Trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT