ADVERTISEMENT

യാത്രകളോടുള്ള പ്രണയമാണ് ഒരുതരത്തിൽ മനുഷ്യചരിത്രത്തെ നിര്‍മിച്ചത് എന്നു വേണമെങ്കില്‍ പറയാം. യാത്രയിലൂടെയാണല്ലോ സംസ്‌കാരങ്ങള്‍ വളര്‍ന്നതും പടര്‍ന്നതും സംയോജനം ചെയ്യപ്പെട്ടതും. വസ്തുക്കളും വാക്കുകളും ആശയങ്ങളും കൈമാറ്റം ചെയ്യപ്പെട്ടതും പുതിയ കരകള്‍ വെളിപ്പെട്ടതും യാത്രകളിലൂടെ തന്നെ. യാത്രയോളം മനുഷ്യനെ ആഹ്ലാദിപ്പിക്കുന്നത് മറ്റൊന്നുമില്ല (ഒരു പക്ഷേ സംഗീതമൊഴികെ) എന്നതിനു തെളിവാണ് 2023 ലെ ആഗോള സര്‍വേ പുറത്തു വിട്ട കണക്ക്. 130 കോടി ജനങ്ങളാണ് കഴിഞ്ഞ വര്‍ഷം മാത്രം രാജ്യാന്തരതലത്തില്‍ വിനോദ യാത്ര നടത്തിയത്! 

AI Image
AI Image

വന്‍കരകളുടെ കഥകള്‍ ആരംഭിക്കുന്നതും യാത്രകളിലൂടെയാണ്. സമുദ്രയാത്രകളാണ് പുതിയ ലോകങ്ങളെ കാണിച്ചു തന്നത്, സാംസ്‌കാരിക സങ്കലനങ്ങള്‍ സാധ്യമാക്കിയത്. സമുദ്രയാത്രകള്‍ ആഗോളപ്രതിഭാസമായി മാറിയത് 15, 16 നൂറ്റാണ്ടുകളിലാണ്. പോര്‍ച്ചുഗീസ്, സ്പാനിഷ് നാവികപ്പടകളായിരുന്നു, ഈ യാത്രകളുടെ അമരത്ത്. പല ചരിത്രങ്ങളും അവയോടു കെട്ടു പിണഞ്ഞു കിടക്കുന്ന കഥകളും നമുക്കറിയാം. എങ്കിലും ആഗോള യാത്ര എന്നൊരാശയം ഇന്നും നമ്മെ ത്രസിപ്പിക്കുന്നുണ്ട്. ലോകം ചുറ്റിയ ആദ്യത്തെ യാത്ര. ഉരുണ്ട ഭൂഗോളത്തിന്റെ സാധ്യത തേടി ഒരാള്‍ തെക്കേ അമേരിക്ക വലം വച്ച് പസഫിക്കിലേക്കു യാത്ര ചെയ്ത കടല്‍ സഞ്ചാരം. ഫെര്‍ഡിനാന്‍ഡ് മഗെല്ലന്‍ എന്നായിരുന്നു, ആ സാഹസികന്റെ പേര്. 

AI Image
AI Image

കണ്ണൂരില്‍ യുദ്ധം ചെയ്ത മഗെല്ലന്‍ 

1519 സെപ്തംബര്‍ 20 –ാം തീയതിയാണ് ഫെര്‍ഡിനാന്‍ഡ് മഗെല്ലന്റെ നേതൃത്വത്തില്‍ സ്പാനിഷ് കപ്പല്‍വ്യൂഹം അറ്റ്്‌ലാന്റിക്ക് സമുദ്രത്തിലേക്ക് ഇറങ്ങിയത്. പസഫിക്കിലെ സുഗന്ധദ്വീപുകള്‍ പണ്ടേ യൂറോപ്യന്‍ സമുദ്രശക്തികളുടെ സ്വപ്‌നമായിരുന്നു. പോര്‍ച്ചുഗീസ് കപ്പല്‍പ്പടയും സ്പാനിഷ് കപ്പല്‍പ്പടയും മഹാസമുദ്രങ്ങളുടെ മേല്‍ക്കോയ്മയ്ക്കായി പോരടിച്ചിരുന്ന കാലഘട്ടത്തിലാണ് മഗെല്ലന്‍ ജീവിച്ചത്. ജന്മം കൊണ്ട് പോര്‍ച്ചുഗീസുകാരനായിരുന്ന മഗെല്ലന്‍ 1506 ല്‍ കണ്ണൂരില്‍ വച്ചു നടന്ന യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. കൊച്ചിയിലും കൊല്ലത്തും ഗോവയിലും മഗെല്ലന്‍ എട്ടു വര്‍ഷത്തോളം താമസിച്ചിരുന്നതായി ചരിത്രം പറയുന്നു.

AI Image
AI Image

സുഗന്ധമുള്ളൊരു സ്വപ്നം

ഫ്രാന്‍സിസ്‌കോ സെറാവോ എന്ന പോര്‍ച്ചുഗീസ് നാവികന്റെ വിവരണങ്ങളില്‍ നിന്നാണ് സുഗന്ധദ്വീപുകളോടുള്ള പ്രണയം മഗെല്ലനില്‍ ഒരുന്മാദമായി പടര്‍ന്നു കയറിയത്. മൊളുക്കാസിലെ സുഗന്ധദ്വീപുകളിലേക്ക് കപ്പല്‍ യാത്ര നടത്തുക എന്ന പദ്ധതിയുമായി മഗെല്ലന്‍ ആദ്യം സമീപിച്ചത് പോര്‍ച്ചുഗീസ് രാജാവായ മാനുവേലിനെയാണ്. രാജാവാകട്ടെ, മഗെല്ലന്റെ പദ്ധതി ആവര്‍ത്തിച്ചു തള്ളിക്കളഞ്ഞു. പിന്നത്തെ ആശ്രയം സ്‌പെയിന്റെ രാജാവായ ചാള്‍സ് ഒന്നാമനായിരുന്നു.

AI Image
AI Image

പുതിയൊരു ആശയമാണ് മഗെല്ലന്‍ മുന്നോട്ടു വച്ചത്. ആഫ്രിക്കന്‍ മുനമ്പെല്ലാം പോര്‍ച്ചുഗീസുകാരുടെ മേല്‍ക്കോയ്മയുടെ കീഴിലാണ്. അവരുടെ കണ്ണുവെട്ടിച്ച് അതു വഴി ഏഷ്യയിലേക്ക് പോകുക സാധ്യമല്ല. ഭൂമി ഉരുണ്ടതല്ലേ? അങ്ങനെയെങ്കില്‍ പടിഞ്ഞാറോട്ട് യാത്ര ചെയ്താല്‍ സ്പാനിഷ് കപ്പല്‍പട തെക്കേ അമേരിക്ക കടന്ന് ഭൂമിയെ ചുറ്റി, സുന്ധദ്വീപുകളില്‍ എത്തണമല്ലോ! ഈ പുതിയ ആശയം, കടംകയറി മുടിഞ്ഞിരിക്കുകയായിരുന്നു ചാള്‍സിന് നന്നെ ബോധിച്ചു. അമൂല്യമായ സുഗന്ധദ്രവ്യങ്ങള്‍ നിറച്ച കപ്പലുകളുമായി മഗെല്ലന്‍ തിരിച്ചെത്തിയാല്‍ എല്ലാ സാമ്പത്തിക പ്രശ്‌നങ്ങളും അതോടെ തീരും, സ്‌പെയിന്‍ വന്‍ സാമ്പത്തിക ശക്തിയാകും എന്നു ചാള്‍സ് കണക്കു കൂട്ടി.   

AI Image
AI Image

മഹായാനം തുടങ്ങുന്നു

ഭൂമി ചുറ്റിയുള്ള ലോകത്തിലെ ആദ്യത്തെ സമുദ്രയാത്ര തുടങ്ങിയത് 1519 സെപ്തംബര്‍ 20 നാണ്. അഞ്ച് സ്പാനിഷ് കപ്പലുകളാണ് അജ്ഞാതമായ സമുദ്ര വഴിത്താരകളിലേക്ക് പായവിടര്‍ത്തയത്. ട്രിനിഡാഡ്, വിക്ടോറിയ, സാന്റിയാഗോ, സാന്‍ അന്റോണിയോ, കണ്‍സെപ്‌സിയോ എന്നിവയായിരുന്നു ആ കപ്പലുകള്‍. പതാക വാഹിനിക്കപ്പലായിരുന്ന ട്രിനിഡാഡില്‍ ആയിരുന്നു പ്രധാന കപ്പിത്താനായിരുന്ന മഗെല്ലന്‍. ജുവാന്‍ ഡി കാര്‍ട്ടെഗ്ന, ഗാസ്പര്‍ ഡി ക്വിസാദ, ജോവാവോ സെറാവോ, ലൂയിസ് മെന്‍ഡോസ എന്നിവരായിരുന്നു മറ്റു നാല് കപ്പലുകളുടെ കപ്പിത്താന്‍മാര്‍. 

ഇവിടെ ശ്രദ്ധാര്‍ഹമായ കാര്യമെന്താണെന്നു വച്ചാല്‍, സ്‌പെയിനിന്റെ മികച്ച കപ്പലുകളൊന്നുമായിരുന്നില്ല, അന്ന് മഗെല്ലന് നല്‍കപ്പെട്ടത്. ഈ പദ്ധതി വിജയിക്കുമെന്ന് മഗെല്ലന്‍ ഒഴികെ ആരെങ്കിലും ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നോ എന്നും സംശയമാണ്. ലക്ഷ്യത്തില്‍ എത്തുമെന്നു യാതൊരു ഉറപ്പുമില്ലാതെ, തെക്കേ അമേരിക്കക്കപ്പുറത്തേക്ക് വ്യക്തമായ ഒരു ഭൂപടമില്ലാതെ ആരംഭിച്ച യാത്രയ്ക്കായി കപ്പലില്‍ കയറിപ്പറ്റിയ നാവികരില്‍ പലരും ജയില്‍പുള്ളികളും ശിക്ഷയ്ക്കു വിധിക്കപ്പെട്ട കുറ്റവാളികളുമായിരുന്നു. അപകടത്തിലേക്കാണ് പോകുന്നതെന്നു പേടിച്ച് യഥാര്‍ഥ നാവികര്‍ പലരും പിന്‍വാങ്ങി എന്നാണ് ശ്രുതി. 270 പേരാണ് അഞ്ചു കപ്പലുകളിലുമായി ഉണ്ടായിരുന്നത്. സ്‌പെയിന്‍കാരായിരുന്നു ഭൂരിഭാഗവും, പിന്നെ പോര്‍ച്ചുഗീസുകാര്‍, ഇറ്റലിക്കാര്‍ തുടങ്ങിയവര്‍. ഇറ്റലിക്കാരനായ അന്റോണിയോ പിഗഫെറ്റ എഴുതി സൂക്ഷിച്ച ദിനവൃത്താന്തങ്ങളില്‍ നിന്നാണ് ലോകത്തിന് ആ മഹത്തായ യാത്രയുടെ യഥാർഥ ചിത്രം ലഭിക്കുന്നത്. 

അറ്റ്‌ലാന്റിക്കിന് കുറുകെ നീങ്ങിയ മഗെല്ലന്റെ കപ്പല്‍വ്യൂഹം സെപ്തംബര്‍ 26 ന് കാനറി ദ്വീപുകളിലെത്തി. പിന്നാലെ കുതിച്ചെത്തിയ പോര്‍ച്ചുഗീസ് പോര്‍കപ്പലുകളെ വെട്ടിയൊഴിഞ്ഞ് മഗെല്ലന്റെ യാനപാത്രങ്ങള്‍ തെക്കേ അമേരിക്കന്‍ തീരമായ ബ്രസീലിലെ റിയോ ഡി ജെനീറോയില്‍ നങ്കൂരമിട്ടു. ഇനി തെക്കേ അമേരിക്കയുടെ തെക്കേ അറ്റം കടന്ന് അതു വരെ ആരും കടന്നു പോകാത്ത അജ്ഞാത സമുദ്രത്തിലേക്ക് കടക്കണം. മഞ്ഞുകാലം തീരാന്‍ അവര്‍ തെക്കേ അമേരിക്കയില്‍ മാസങ്ങളോളം കാത്തുകിടന്നു.

കൊടുങ്കാറ്റില്‍ അഗ്നിയായ് വിശുദ്ധ ആന്‍സെലം

അന്റോണിയോ പിഗഫെറ്റ എന്ന ഇറ്റാലിയന്‍ നാവിക ലേഖകനാണ് വൃത്താന്തങ്ങള്‍ പില്‍ക്കാലത്ത് ലോകത്തെ അറിയിച്ചതെന്ന് പറഞ്ഞല്ലോ. ലോകം ചുറ്റി ജീവനോടെ തിരികെയെത്താന്‍ ഭാഗ്യം ലഭിച്ച അപൂര്‍വം പേരില്‍ ഒരാളാണ് പിഗഫെറ്റ. അറ്റ്‌ലാന്റിക്ക് സമുദ്രം രൗദ്രഭാവമാര്‍ന്ന ആയുസൊടുക്കും വണ്ണം അലറിയപ്പോള്‍ വി. ആന്‍സെലം പല തവണ അഗ്നിപോലെ ജ്വലിച്ച് കപ്പലിന്റെ പായ്മരത്തുമ്പില്‍ പ്രത്യക്ഷനായി എന്ന് പിഗഫെറ്റ എഴുതുന്നു. അഭൗമമായ ആ ദൃശ്യം ആശയറ്റു വിറങ്ങലിച്ച നാവികര്‍ക്കു ജീവന്റെ പ്രതീക്ഷ നല്‍കി എന്നും അദ്ദേഹം രേഖപ്പെടുത്തുന്നു. ഇത് സെന്റ് എല്‍മോസ് ഫയര്‍ എന്ന പ്രതിഭാസമാണ് എന്നാണ് ആധുനിക ശാസ്ത്രജ്ഞന്മാര്‍ നല്‍കുന്ന വ്യാഖ്യാനം. 

ഉള്‍പ്പോരും വെല്ലുവിളികളും

തെക്കേ അമേരിക്കയിലുള്ള കാത്തു കിടപ്പ് പല ഉപജാപങ്ങള്‍ക്കും തിരി കൊളുത്തി. പോര്‍ച്ചുഗീസുകാരനായ മഗെല്ലനെ സ്‌പെയിന്‍കാരായ മറ്റു കപ്പിത്താന്മാര്‍ ഉള്ളു കൊണ്ട് വെറുത്തിരുന്നു. അവര്‍ മഗെല്ലനെതിരെ കലാപമുയര്‍ത്തി. അത് പോരിലേക്ക് വളര്‍ന്നു. മെന്‍ഡോസ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു. ക്വിസാദയെയും കാര്‍ട്ടെഗ്നയെയും മഗെല്ലന്‍ ശിരച്ഛേദം ചെയ്തു. ഇനിയൊരാള്‍ പോലും തനിക്കെതിരെ കലാപം ഉയര്‍ത്താന്‍ മുതിരരുത് എന്നായിരുന്നു അതിന്റെ സന്ദേശം. കലിയിളകിയ അറ്റ്‌ലാന്റിക്ക് മഗെല്ലന് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത.് കടലിലെ പുതിയ വഴിത്താരകള്‍ തേടിപ്പോകുന്നതിനിടയില്‍ സാന്റിയാഗോ എന്ന കപ്പല്‍ കൊടുങ്കാറ്റില്‍ പെട്ടു തകര്‍ന്നു. മറ്റൊരു കപ്പലായ സാന്‍ അന്റോണിയോ 'മഗല്ലെന്‍ കടലിടുക്കിലൂടെയുള്ള' (മഗല്ലെന്റെ പേരില്‍ പിന്നീട് അറിയപ്പെട്ട ഈ കടലിടുക്ക് അറ്റലാന്റിക് സമുദ്രത്തെയും പസഫിക്ക് സമുദ്രത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്നു) യാത്രയ്ക്കിടയില്‍ കപ്പല്‍വ്യൂഹത്തെ ഉപേക്ഷിച്ച് തിരികെ നാട്ടിലേക്കു മടങ്ങി.

മഗെല്ലന്‍ കടലിടുക്കിലൂടെ പസഫിക്കിലേക്ക്

ആ വര്‍ഷത്തെ മഞ്ഞുകാലം കഴിഞ്ഞപ്പോള്‍, പസഫിക്ക് മഹാസമുദ്രത്തിലേക്ക് ഒരു പുതിയ പാത തുറന്നു വന്നു. ഇന്ന് തെക്കന്‍ ചിലിയില്‍ സ്ഥിതി ചെയ്യുന്ന ഈ കടലിടുക്കിനെ ചരിത്രം മഗെല്ലന്‍ കടലിടുക്ക് എന്നു പേരിട്ടു വിളിച്ചു. അറ്റ്‌ലാന്റിക്ക് സമുദ്രത്തില്‍ നിന്നു തികച്ചും വ്യത്യസ്ഥമായി ശാന്തമായി പരന്നു കിടന്ന സമുദ്രത്തെ മഗെല്ലന്‍ പസഫിക്ക് സമുദ്രം അഥവാ ശാന്ത സമുദ്രം എന്നു വിളിച്ചു. അക്കാലത്തെ ഭൂപടത്തില്‍ പസഫിക്ക് സമുദ്രം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. പസഫിക്കിന്റെ വ്യാപ്തിയെ കുറിച്ച് ആര്‍ക്കും യാതൊരു ധാരണയും ഉണ്ടായിരുന്നുമില്ല. മഗെല്ലന്‍ കരുതിയത് ഇനി നാലഞ്ചു ദിവസത്തെ യാത്ര മതി സുഗന്ധ ദ്വീപുകളില്‍ എത്താന്‍ എന്നായിരുന്നു. എന്നാല്‍ പസഫിക്ക് അതുവരെ ആരും കാണാത്തത്ര ഭീമന്‍ സമുദ്രമായിരുന്നു. യാത്ര ചെയ്തിട്ടും ചെയ്തിട്ടും ഒരു തീരവുമണയാതെ മാസങ്ങള്‍... കരുതി വച്ചിരുന്ന ഭക്ഷണവും വെള്ളവും തീര്‍ന്നു പോയി. അശരണമായ ആ ദുരിതയാത്രയില്‍ 30 പേര്‍ മരണമടഞ്ഞു. വിശന്നു വലഞ്ഞപ്പോള്‍ നാവികര്‍ ഗത്യന്തരമില്ലാതെ കപ്പലില്‍ കണ്ട എലികളെ വരെ പിടിച്ചു തിന്നു എന്ന് പിഗഫെറ്റ എഴുതുന്നു. 

പസഫിക്കില്‍ കരകള്‍ തെളിയുന്നു 

കരകാണാക്കടലിലൂടെ അലഞ്ഞും വലഞ്ഞും അവര്‍ 1521 മാര്‍ച്ച് 6 ന് ഗാവും എന്ന ദ്വീപിലെത്തി. ഗാവുമിലെ ആദിവാസികള്‍ പാഞ്ഞുവന്ന് സന്ദര്‍ശകരുടെ ബോട്ടും കത്തിയും മറ്റ് സാമഗ്രികളുമെല്ലാം മോഷ്ടിച്ചു കൊണ്ടു പോയി. തൊട്ടു പിന്നാലെ മഗെല്ലന്‍ പടക്കോപ്പുകളുമായി തന്റെ സൈന്യത്തെ അയച്ച് അവയെല്ലാം തിരിച്ചു പിടിച്ചു. പത്ത് ദിവസം കഴിഞ്ഞ് മാര്‍ച്ച് 16 ന് മഗെല്ലന്‍ ഫിലിപ്പീൻസില്‍ എത്തി. മാര്‍ച്ച് 31 ന് ഒരു ഈസ്റ്റര്‍ ഞായറാഴ്ച ദിവസം മഗെല്ലന്റെ നേതൃത്വത്തില്‍ ഫിലിപ്പൈന്‍സില്‍  ആ നാവിക സംഘം കുര്‍ബാന അര്‍പ്പിച്ചു. 

ജയം കാണാതെ പാതി വഴിയില്‍ മൃത്യു

ആദ്യമായി ഉലകം ചുറ്റിയ മഹാനാവികന്‍ എന്നു ചരിത്രം വാഴ്ത്തുമ്പോഴും അതൊന്നും കാണാതെയും കേള്‍ക്കാതെയും കണ്ണടയ്‌ക്കേണ്ടി വന്നവനാണ് മഗെല്ലന്‍. അഞ്ചു കപ്പലുകളുടെ വ്യൂഹത്തിലെ അവസാനത്തെ കപ്പല്‍ വിക്ടോറിയ പതിനെട്ടു പേരുമായി സ്‌പെയിനിന്റെ തീരമണഞ്ഞപ്പോള്‍ അതില്‍ മഗെല്ലന്‍ ഉണ്ടായിരുന്നില്ല എന്നതാണ് ദുരന്തം. അജ്ഞാതമായ കടല്‍പാതകളില്‍ അനശ്വരമായ ചരിത്രം കുറിച്ചിട്ട മഗെല്ലന്‍ പാതിവഴിയില്‍ പിടഞ്ഞു വീണു!

ശത്രുവിന്റെ ശക്തിയറിയാതെ നടത്തിയ ഒരെടുത്തു ചാട്ടമാണ് മഗെല്ലന്റെ ജീവിതത്തിന് അന്ത്യം കുറിച്ചത്. ഫിലിപ്പീൻസിലെ ഒട്ടുമിക്ക ദ്വീപുകളും മഗെല്ലനോട് സന്ധി പ്രഖ്യാപിക്കുകയും ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തപ്പോള്‍ മാക്ടന്‍ എന്നൊരു ദ്വീപിലെ രാജാവ് മാത്രം എതിര്‍ത്തു നിന്നു. ലപുലപു എന്നായിരുന്നു ആ രാജാവിന്റെ പേര്. മാക്ടനെ ആക്രമിക്കാന്‍ കേവലം 60 പേരുടെ സൈന്യത്തെയും കൊണ്ടു പോയ മഗെല്ലന് പിഴച്ചു. ആയുധധാരികളും യുദ്ധനിപുണരുമായ 1,500 പേരുണ്ടായിരുന്നു മാക്ടന്‍ സൈന്യത്തില്‍. ഒരു മാക്ടന്‍ പോരാളിയുടെ കുന്തമുനയില്‍ മഗെല്ലന്‍ ജീവിതയാനം അവസാനിച്ചു. മാക്ടന്‍ ദ്വീപുകാര്‍ ചരിത്രത്തിലെ ഏറ്റവും സാഹസികരായ നാവികരുടെ മൃതദേഹം പോലും വിട്ടു കൊടുത്തില്ല!

ദുരന്തഗീതം പോലെ വിക്ടോറിയ

മഗെല്ലന്റെ മരണ ശേഷം സെബസ്റ്റന്‍ എല്‍ക്കാനോ എന്ന സ്പാനിഷ് ക്യാപ്റ്റന്റെ നേതൃത്വത്തില്‍ കപ്പല്‍വ്യൂഹത്തില്‍ ബാക്കി വന്ന ഒരേയൊരു കപ്പല്‍ ലോകം ചുറ്റി സ്‌പെയിനിന്റെ തീരത്ത് മടങ്ങിയെത്തിയപ്പോള്‍ അത് കപ്പലിന്റെ പേര് സൂചിപ്പിക്കുന്നതു പോലെ ഒരു വിജയഗാഥയായിരുന്നില്ല. ഒരു ദുരന്തഗീതം പോലെ വിഷാദമൂകമായിരന്നു. 270 പേരുമായി തുടങ്ങിയ യാത്ര അവസാനിച്ചപ്പോള്‍ തിരിച്ച് ജീവനോടെ എത്തിയത് 18 നാവികര്‍ മാത്രം. എല്ലാവരും വിശന്നു വലഞ്ഞു മൃതപ്രായര്‍. കഥകള്‍ പറയാന്‍ അന്റോണിയോ പിഗഫെറ്റ ബാക്കിയായി. മഗെല്ലന്റെ മഹിമകള്‍ കാലത്തില്‍ കുഴിച്ചു മൂടപ്പെടാതെ ഉയിര്‍ത്തെഴുന്നേറ്റതിന് നന്ദി പറയേണ്ടതും പിഗഫെറ്റ കുറിച്ചു വച്ച ദിനവൃത്താന്തങ്ങളോടാണ്.

English Summary:

Discover the epic journey of Ferdinand Magellan, a Portuguese explorer who led the first circumnavigation of the globe. Explore his early life in India, his daring voyage across the Pacific, and the challenges he faced in this captivating historical account.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com