ADVERTISEMENT

തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാർ എത്ര തിരുത്തി പറഞ്ഞാലും ആരാധകർക്ക് തല തന്നെയാണ്. സിനിമയുടെ തിരക്കുകൾ ഉണ്ടെങ്കിലും കുടുംബവുമൊന്നിച്ചു യാത്രകൾക്ക് സമയം കണ്ടെത്താറുണ്ട് താരം. സ്പെയിനിലെ മനോഹര കാഴ്ചകളിലേക്കായിരുന്നു ഇത്തവണ ശാലിനിയുടേയും അജിത്തിന്റെയും യാത്ര. ഫുട്ബോൾ ക്ലബ്ബുകളുടെ കളിത്തൊട്ടിലിൽ കളിയാസ്വദിച്ചും ബാഴ്‌സലോണയിലെ കാഴ്ചകൾ കണ്ടും തെരുവ് വീഥികളിലെ തിരക്കിലൂളിയിട്ടും തങ്ങളുടെ യാത്രയെ അവിസ്മരണീയമായ അനുഭവമാക്കി മാറ്റുന്നുണ്ട് താരദമ്പതികളും മകൻ അദ്വിക്കും. മകൾ അനൗഷ്ക എവിടെ എന്നാണ് സമൂഹ മാധ്യമങ്ങളിൽ ശാലിനി പങ്കുവച്ച ചിത്രങ്ങൾക്കു താഴെ ആരാധകരുടെ ചോദ്യം. സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത അജിത്തിനെ ഇങ്ങനെ കാണാൻ സാധിച്ചതിലുള്ള സന്തോഷവും ആരാധകർ മറച്ചു വയ്ക്കുന്നില്ല. 

Image Credit: shaliniajithkumar2022/instagram
Image Credit: shaliniajithkumar2022/instagram

മനോഹരമായ തീരങ്ങളും മനസുകവരുന്ന ഭൂഭാഗങ്ങളും ചരിത്രമുറങ്ങുന്ന കാഴ്ചകളും അമൂല്യമായ പ്രകൃതി ദൃശ്യങ്ങളുമെല്ലാം അടങ്ങുന്ന സ്പെയിൻ എന്ന മാന്ത്രികരാജ്യം യാത്രാപ്രേമികളുടെ ഇഷ്ടയിടങ്ങളിൽ ഒന്നാണ്. സുഖകരമായ കാലാവസ്ഥയും സജീവമായ രാത്രികളും സന്ദർശകരെ ഏറെ ആകർഷിക്കുന്ന ഘടകങ്ങളാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഭക്ഷണ പ്രേമികളെ തൃപ്തിപ്പെടുത്തുന്ന രുചിയിടങ്ങളും ചരിത്രാന്വേഷികൾക്കായി മ്യൂസിയങ്ങളും കടല് കാണാൻ കാത്തിരിക്കുന്നവർക്ക് മികച്ച രീതിയിൽ പരിപാലിക്കുന്ന ബീച്ചുകളും മാത്രമല്ല ഈ രാജ്യത്തുള്ളത്. ലോകത്തിലെ ഏതൊരു ഫുട്ബോൾ പ്രേമിയും ഒരിക്കലെങ്കിലും കാണണമെന്നാഗ്രഹിക്കുന്ന ലോകപ്രശസ്തമായ രണ്ടു ഫുട്ബോൾ ക്ലബ്ബുകളായ റയൽ മാഡ്രിഡ് എഫ് സി യും എഫ് സി ബാഴ്‌സലോണയും കളിച്ചു വളർന്ന തട്ടകം കൂടിയാണ് സ്പെയിനിന്റെ മണ്ണ്.

ajith-shalini320

സ്പെയിനിലെ ഏറ്റവും പ്രശസ്തമായതും ധാരാളം സന്ദർശകരെത്തുന്നതുമായ നഗരമാണ് ബാഴ്‌സലോണ. സംസ്കാരവും ചരിത്രവും ഒത്തിണങ്ങിയ ധാരാളം നിർമിതികൾ ഇവിടെ കാണുവാൻ കഴിയും. ഈ നഗരകാഴ്ചയിൽ ഒരിക്കലും നഷ്ടപ്പെടുത്തരുതാത്ത കാഴ്ചകളിൽ ഒന്നാണ് ബാഴ്‌സലോണ ഫുട്ബോൾ ക്ലബ്ബിന്റെ ക്യാംപ് നൗ സ്റ്റേഡിയം. 99,000 സീറ്റുകളുള്ള ഈ സ്റ്റേഡിയത്തിലെ മ്യൂസിയവും ട്രോഫി മുറികളുമെല്ലാം ഏതൊരു ഫുട്ബോൾ ആരാധകനും അവിസ്മരണീയമായ അനുഭവമായിരിക്കും. റോമൻ സംസ്കാരത്തിന്റെ ചായ്‌വ് പ്രകടമാക്കുന്ന തരത്തിലുള്ള പാർക് സിററൗഡെല്ല, ഫൗണ്ടൈനുകളും പ്രതിമകളും കൊണ്ട് സമ്പന്നമാണ്. പാർക് ഗില്ലിലെത്തിയാൽ കലാകാരന്മാരുടെ കരവിരുതിൽ വിരിഞ്ഞ നിരവധി ശില്പങ്ങളും രൂപങ്ങളും കാണുവാൻ കഴിയും. പോർട്ട് വെല്ലിലെ മാരിടൈം മ്യൂസിയം, മ്യൂസിയം ഓഫ് ദി ഹിസ്റ്ററി ഓഫ് ബാഴ്‌സലോണ, യൂറോപ്യൻ മ്യൂസിയം ഓഫ് മോഡേൺ ആർട് തുടങ്ങിയവ ഈ നഗരത്തിന്റെ ചരിത്രവും കലാകാഴ്ചകളും സമ്മേളിച്ചയിടങ്ങളാണ്. നഗരത്തിലെ ഏറ്റവും മനോഹരമായ ബീച്ച് പല തരത്തിലുള്ള കലാകാരന്മാരുടെ കലാപ്രകടനങ്ങൾക്കു വേദിയാകുന്ന ഒരിടം കൂടിയാണ്. കാഴ്ചക്കാരായി നിന്ന് അതാസ്വദിക്കുക എന്നതും ഏറെ സുന്ദരമായ അനുഭവമായിരിക്കും. വാസ്തുവിദ്യയുടെ മകുടോദാഹരണങ്ങളായ ദേവാലയങ്ങളും ഈ നഗരകാഴ്ചയിൽ ഒഴിവാക്കരുതാത്തതാണ്. പണിപൂർത്തീകരിക്കാത്ത ലോകത്തിലെ ഏറ്റവും പ്രശസ്തമായ ദേവാലയമായ സഗ്രദാ ഫാമിലിയയും സ്ഥിതി ചെയ്യുന്നത് ബാഴ്‌സലോണയിലാണ്. 

Image Credit:athiyashetty/instagram
Image Credit:athiyashetty/instagram

സ്പെയിനിലെ തെക്കൻ അൻഡാലൂസിയ പ്രദേശത്തിന്റെ തലസ്ഥാനമാണ് സെവില്ല. തെളിഞ്ഞ കാലാവസ്ഥയും ചരിത്രം ബാക്കിയാക്കിയ കാഴ്ചകളുമാണ് സെവില്ലയെ സഞ്ചാരികളുടെ പ്രിയയിടമാക്കി മാറ്റുന്നത്. ഗെയിം ഓഫ് ത്രോൺസ് എന്ന വിഖ്യാത ഹോളിവുഡ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിൽ ഒന്നായിരുന്നു ഈ നഗരം. അൽകാസർ കാസ്റ്റിൽ കോംപ്ലക്സ്, ക്രിസ്റ്റഫർ കൊളംബസിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന ഗോഥിക് സെവില്ല കത്തീഡ്രൽ, അൽകാസർ റിയൽ ഡി സെവില്ല എന്ന രാജകൊട്ടാരം, ഹിസ്പാനോ-മുസ്ലിം വാസ്തു ശൈലിയിൽ പണിതിരിക്കുന്ന യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ചിട്ടുള്ള മൂറിഷ് കൊട്ടാരം തുടങ്ങിയ കാഴ്ചകളാണ് സെവില്ലയിലെ പ്രധാന കാഴ്ചകൾ. നൂറ്റാണ്ടുകൾ പഴക്കമുള്ള, ലോകത്തിലെ ഏറ്റവും വലുതെന്ന സവിശേഷതയുള്ള ദേവാലയമാണ്‌ കത്തീഡ്രൽ ഡി സാന്ത മരിയ ഡി ല സെഡും സ്പെയിനിലെ ഏറ്റവും വലുതും പ്രശസ്തവുമായ കാളപ്പോരിന് വേദിയാകുന്ന പ്ലാസ ഡി ടോറോസ് ഡി ല റയൽ മിസ്ട്രാൻസയും സെവില്ലയിൽ തന്നെയാണ്.

Spain. Photo : Corrky/ shutterstock
Spain. Photo : Corrky/ shutterstock

സ്പെയിനിലെ ഏറ്റവും പ്രശസ്തമായ നഗരങ്ങളിൽ ഒന്നാണ് മാഡ്രിഡ്. രാജ്യത്തിന്റെ തലസ്ഥാനം എന്ന പ്രത്യേകതയുമുണ്ട്. ബിയോൺ റെറ്റിറോ പാർക്കും ഫുട്ബോൾ പ്രിയർക്കായി റയൽ മാഡ്രിഡിന്റെ കളിക്കളവും ഇവിടെ സന്ദർശിക്കാം. സാന്റിയാഗോ ബെര്ണാബ്യൂ സ്റ്റേഡിയം ടൂർ ഏറെ വ്യത്യസ്തമായ ഒരനുഭവമായിരിക്കും. മ്യൂസിയങ്ങളും അവിടുത്തെ കാഴ്ചകളും ഇഷ്ടപ്പെടുന്നവരാണെങ്കിൽ അവർക്കേറ്റവും  അനുയോജ്യമായയിടമാണ് മാഡ്രിഡ്. പ്രാഡോ മ്യൂസിയം, റെയ്‌ന സോഫിയ നാഷണൽ ഗാലറി, തൈസീൻ - ബോർനോമിഴ്സ് മ്യൂസിയം എന്നിവ ഇതിൽ ചിലതു മാത്രം. ഇതിൽ ലോകത്തിലെ ഏറ്റവും വലിയ ആർട്ട് ഗാലറി ഉൾക്കൊള്ളുന്നയിടമാണ് പ്രാഡോ മ്യൂസിയം. ശില്പങ്ങൾ, വരകൾ, നാണയങ്ങൾ എന്നുവേണ്ട ചരിത്രവും കലയും ഒരുമിച്ച കാഴ്ചകൾക്ക് ഇവിടെ സാക്ഷിയാകാം. 8600 പെയിന്റിങ്ങുകളാണ് പ്രാഡോ മ്യൂസിയത്തിലുള്ളത്. സ്ഥലപരിമിതി മൂലം അതിൽ രണ്ടായിരത്തോളം എണ്ണം പ്രദർശിപ്പിച്ചിട്ടില്ല. 

travel-caceres-spain
Spain

ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന സ്പെയിനിലെ മറ്റൊരു നഗരമാണ് ഐബിസ. നൈറ്റ് ക്ലബ്ബുകളും നൃത്തവും സംഗീതവും എന്നുവേണ്ട ആഘോഷങ്ങൾക്കു ഇരട്ടി മധുരമേകാൻ ഈ നഗരത്തിനു കഴിയും. യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ചിട്ടുള്ള ഐബിസയിൽ സംസ്‍കാരവും ചരിത്രവും പ്രകൃതിയും ഒന്നായി അലിഞ്ഞു ചേർന്നിരിക്കുന്നു. കോട്ടകെട്ടി സംരക്ഷിച്ചിട്ടുള്ള പഴയ പട്ടണമായ ഡാൾട്ട വില്ലയ്ക്കും യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടമുണ്ട്. 57 ബീച്ചുകൾ സ്വന്തമായുള്ള ബാലെറിക് ദ്വീപും പല തരത്തിലുള്ളതും വ്യത്യസ്തവുമായ അനുഭവങ്ങൾ സമ്മാനിക്കും. മലനിരകളും പച്ചപുതച്ച താഴ്വരകളുമെല്ലാം കൊണ്ട് സമ്പന്നമായ ഐബിസ നഗരത്തിനു 2600 വർഷത്തെ പഴക്കമുള്ള, ലോകത്തിലെ തന്നെ ഏറ്റവും പഴയ നഗരമെന്ന ഖ്യാതിയുമുണ്ട്. ഹൈ ടൗൺ ഓഫ് ഐബിസയിൽ സ്ഥിതി ചെയ്യുന്ന ഔട്ഡോർ ആർക്കിയോളോജിക്കൽ മ്യൂസിയവും ധാരാളം സന്ദർശകരെ ആകർഷിക്കുന്ന കാഴ്ചകളിലൊന്നാണ്. ഇതും യുനെസ്കോയുടെ പൈതൃകപട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

spain
spain
Spain

സ്പെയിനിലെ ദ്വീപുകൾക്കും സൗന്ദര്യമധികമാണ്. അത്തരത്തിൽ ഭംഗിയേറെയുള്ള കാഴ്ചകൾ ഒളിപ്പിച്ചിട്ടുള്ള ഒരിടമാണ് കാനറി ദ്വീപുകൾ. അഗ്നിപർവ്വതങ്ങളും നിബിഢവനങ്ങളും സ്വർഗതുല്യമായ ബീച്ചുകളും എന്നുവേണ്ട ഏതൊരു സന്ദർശകനെയും വിസ്മയിപ്പിക്കുന്ന പലതും ഇവിടെ ഒളിപ്പിച്ചിട്ടുണ്ട്. കറുപ്പും വെളുപ്പും നിറത്തിലുള്ള മണൽത്തരികൾ നിറഞ്ഞ ബീച്ചുകൾ വേറിട്ട കാഴ്ചയായിരിക്കും. ദ്വീപിനു ചുറ്റുമുള്ള കടൽ ലോകത്തിലെ മൂന്നിൽ ഒരു ഭാഗം ഡോൾഫിനുകളും പല വിഭാഗങ്ങളിൽപ്പെട്ട തിമിംഗലങ്ങളുടെയും വാസസ്ഥാനം കൂടിയാണ്. ദേശീയോദ്യാനങ്ങളും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും ഇവിടെയും നിരവധിയുണ്ട്.

spain
Spain

ഏറെ പ്രാധാന്യമുള്ള സ്പെയിനിലെ നഗരങ്ങളിൽ ഒന്നാണ് വലൻസിയ. രാജ്യത്തിന്റെ കിഴക്കു ഭാഗത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. കലകളുടെയും ശാസ്ത്രത്തിന്റെയും നഗരമെന്നാണ് വലൻസിയയുടെ വിശേഷണം. ചരിത്ര പ്രാധാന്യമുള്ള നിർമിതികൾ, ദേവാലയങ്ങൾ, മൊണാസ്ട്രികൾ, സിൽക്ക് എക്സ്ചേഞ്ച് മാർക്കറ്റ് തുടങ്ങി നിരവധി കാഴ്ചകൾ ഇവിടെയുണ്ട്. 

കോർഡോബ, ഗ്രെനാഡ, ബിൽബാവോ, മലഗേ എന്നിങ്ങനെ കാഴ്ചകൾ ഒളിപ്പിച്ച നഗരങ്ങൾ നിരവധിയുണ്ട് സ്പെയിൻ എന്ന രാജ്യത്ത്. വിവിധ തരത്തിലുള്ള തനതു വിഭവങ്ങളും ഈ നാടിന്റെ പ്രത്യേകതയാണ്. സന്ദർശകർക്ക് ഗുണ നിലവാരത്തിൽ ഏറെ മുമ്പിലുള്ള  ഒലിവ് ഓയിലും പാപ്രിക്കയും കുങ്കുമപ്പൂവും ടേബിൾ ക്ലോത്തുകളുമെല്ലാം ഇവിടെ നിന്നും വാങ്ങാവുന്നതാണ്. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളാണ് സ്പെയിൻ സന്ദർശിക്കാൻ ഏറ്റവും ഉചിതമായ സമയം. എന്നാൽ ബീച്ചുകളിലേക്കാണ്  യാത്രയെങ്കിൽ ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളാണ് അനുയോജ്യം. 

English Summary:

Tamil superstar Ajith Kumar enjoys a family vacation in Spain, exploring Barcelona, and igniting fan curiosity. Discover Spain's vibrant cities, historical landmarks, stunning beaches, and football fever, from Barcelona to Madrid, Seville, Ibiza, and beyond.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com