യാത്രാ പ്രിയരുടെ പറുദീസ: ശ്രീലങ്കൻ യാത്രയിൽ പൂജ ഹെഗ്ഡെ
Mail This Article
ഹിന്ദിയിലും തെലുങ്കിലും തമിഴിലും വിജയനായികയായ പൂജ ഹെഗ്‌ഡെയ്ക്ക് സിനിമയ്ക്കപ്പുറം ഏറെ പ്രിയം യാത്രകളാണ്. ഇടവേളകളിൽ യാത്രക്കായി സമയം കണ്ടെത്തുന്ന താരസുന്ദരി ജന്മദിനം ആഘോഷിക്കുന്നതിനായി ഇത്തവണ തിരഞ്ഞെടുത്തത് ശ്രീലങ്കയുടെ മനോഹാരിതയാണ്. പിറന്നാളാശംസ അറിയിച്ച എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി അറിയിച്ചു കൊണ്ടുള്ള ചിത്രങ്ങളിൽ മധുരം പങ്കിടുന്നതിനായി കേക്ക് മുറിക്കുന്ന ചിത്രങ്ങളും കാണാം. ശ്രീലങ്കയിലെ യാല എന്ന സ്ഥലമാണ് ഇത്തവണ പൂജ ഹെഗ്‌ഡെയുടെ യാത്രയിൽ ഇടം പിടിച്ചിരിക്കുന്നത്. കടലും രുചികരമായ വിഭവങ്ങളും ദേശീയോദ്യാനവുമെല്ലാം ഉൾപ്പെട്ടിട്ടുള്ള ആ യാത്രാചിത്രങ്ങൾ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. യാലയിലെ വൈൽഡ് കോസ്റ്റ് ടെന്റഡ് ലോഡ്ജ് എന്ന റിസോർട്ടിലാണ് പൂജ ഹെഗ്‌ഡെയുടെ താമസം.
മികച്ച രൂപകല്പനയ്ക്കുള്ള യുനെസ്കോയുടെ ബഹുമതി കരസ്ഥമാക്കിയ റിസോർട്ടാണ് വൈൽഡ് കോസ്റ്റ് ടെന്റഡ് ലോഡ്ജ്. അത്യാഡംബരവും അതിനൊപ്പം തന്നെ ബീച്ചും വന്യമായ കാടും ഈ റിസോർട്ടിനെ വേറിട്ടൊരു കാഴ്ചയാക്കുന്നു. ആഡംബര സൗകര്യങ്ങളിൽ ഒരുപടി മുന്നിൽ നിൽക്കുന്ന റിസോർട്ടിന്റെ ആദ്യ കാഴ്ച്ചയിൽ കണ്ണുകളുടക്കുക ഏറെ വ്യത്യസ്തമായ നിർമാണ വൈദഗ്ധ്യത്തിലാണ്. ശ്രീലങ്കയുടെ തനതു രുചികൾ പുതുമയോടെ അവതരിപ്പിക്കുന്ന റസ്റ്ററന്റും വിനോദത്തിനായി പൂളും സ്പായും ബാറും എല്ലാമുൾപ്പെടുന്നതാണ് വൈൽഡ് കോസ്റ്റ് ടെന്റഡ് ലോഡ്ജ്.
ശ്രീലങ്കയിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന പ്രശസ്തമായയിടങ്ങളിൽ ഒന്നാണ് യാല. യാലയിലെ ദേശീയോദ്യാനമാണ് അവിടുത്തെ കാഴ്ചകളിൽ ഏറെ പ്രധാനപ്പെട്ടത്. 1268 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലാണ് ഈ ഉദ്യാനം. അതിസുന്ദരമായ പ്രകൃതിയെയും പല വിഭാഗങ്ങളിൽപ്പെട്ട വന്യമൃഗങ്ങളെയും കാണുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക ഈ ഭൂമി സൃഷ്ടിച്ചിരിക്കുന്ന വൈവിധ്യങ്ങളുടെ ബാഹുല്യത്തെക്കുറിച്ചായിരിക്കും. ഈ കാഴ്ചകൾ കാണണമെങ്കിൽ യാലയിലെ ദേശീയോദ്യാനം സന്ദർശിച്ചാൽ മതിയാകും. വനങ്ങൾ, താഴ്വരകൾ, കടൽ എന്നതിനെല്ലാമപ്പുറം ധാരാളം വന്യജീവികളും ഇവിടുത്തെ കാഴ്ചയിൽ ഉൾപ്പെടും. ആനകൾ, മുതലകൾ, കാട്ടുപോത്തുകൾ, കടൽപക്ഷികൾ, കുരങ്ങൻമാർ തുടങ്ങി നിരവധി ജീവി വർഗങ്ങൾ യാലയിലെ ഈ ഉദ്യാനത്തിലെ മാത്രം സവിശേഷതയാണ്. ദേശീയോദ്യാനത്തിന്റെ പടിഞ്ഞാറു ഭാഗത്തായി പുള്ളിപുലികളെയും കാണുവാൻ കഴിയും. വന്യ മൃഗങ്ങളും നിബിഡ വനവും പലതരം പക്ഷികളും എന്നുവേണ്ട കാഴ്ചകളുടെ ഒരു പറുദീസ തന്നെയാണ് യാലയിലെ ദേശീയോദ്യാനം. വനത്തിലൂടെ സഫാരി നടത്താനുള്ള സൗകര്യങ്ങളുണ്ട്. കാലത്ത് ആറു മണി മുതൽ വൈകുന്നേരം ആറു മണി വരെയാണ് പ്രവേശന സമയം.
യാലയിലെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്നാണ് ബദുറുവാഗാല. ആയിരത്തിലേറെ വർഷം പഴക്കമുള്ള കല്ലിൽ കൊത്തിയ ബുദ്ധശില്പങ്ങളാണ് ഇവിടുത്തെ വലിയ സവിശേഷത. അതിൽ 15 മീറ്റർ ഉയരമുള്ള ബുദ്ധ ശില്പമാണ് ദ്വീപിലെ ഏറ്റവും വലുത്. ആദ്യകാലങ്ങളിൽ നൽകിയിരുന്ന നിറത്തിന്റെ ചെറു ശകലങ്ങൾ കല്ലിൽ തീർത്തിട്ടുള്ള ഈ ബുദ്ധശില്പങ്ങളിൽ ഇപ്പോഴും കാണുവാൻ കഴിയും. വലിയ ബുദ്ധ പ്രതിമയ്ക്കു സമീപമായി വേറെയും ചെറു രൂപങ്ങൾ കാണാവുന്നതാണ്.
ശ്രീലങ്കയുടെ കിഴക്കൻ തീരത്തെ ഒരു ചെറുവിഭാഗം താമസിക്കുന്നയിടമാണ് ഓകണ്ട ദേവാലയം. കുമന ദേശീയോദ്യാനത്തിലേക്കുള്ള ഔദ്യോഗിക പ്രവേശന കവാടമായ ഇവിടം യാലയിൽ സന്ദർശിക്കേണ്ട പ്രധാനയിടങ്ങളിൽ ഒന്നാണ്. വിശ്വാസികൾ പറയുന്നതു പ്രകാരം സുവർണ ബോട്ടിൽ സ്കന്ദ കുമാരൻ ശ്രീലങ്കയിലേക്ക് എത്തിയെന്നും ആ ബോട്ട് പിന്നീട് ശിലയായി മാറിയെന്നുമാണ് വിശ്വാസം. റാൺ ഒരു ഗാല എന്നാണ് ഇതറിയപ്പെടുന്നത്. കുമന ദേശീയോദ്യാനത്തിലേക്കും യാല ദേശീയോദ്യാനത്തിലേക്കും സന്ദർശനത്തിനെത്തുന്നവർ വിശ്രമിക്കുന്നതും ഒത്തുകൂടുന്നതും ഇവിടെയാണ്.
യാല ദേശീയോദ്യാനത്തിലെ നാലാം ബ്ലോക്കിലാണ് കേബിലിത്ത സ്ഥിതി ചെയ്യുന്നത്. മതപരമായും വിശ്വാസ പരമായും ഏറെ പ്രാധാന്യമുള്ള ഒരിടമാണിത്. ലോകത്താകമാനമുള്ള ഹൈന്ദവ, ബുദ്ധ വിശ്വാസികളുടെ പരിപാവനയിടമായ കേബിലിത്തയിൽ മാംസം കഴിച്ചോ മദ്യപിച്ചോ എത്തുന്നവർക്ക് പ്രവേശനമില്ല. ദൈവങ്ങളായ കത്താരാഗമയും സ്കന്ദ കുമാരനും ധ്യാനത്തിന് ഇരുന്നയിടമായാണ് കരുതിവരുന്നത്. വിശ്വാസികൾ പറയുന്നത് പ്രകാരം ഇപ്പോഴും അവരുടെ സാന്നിധ്യം ആ മണ്ണിലുണ്ടെന്നാണ്.
2,200 വർഷത്തോളം പഴക്കമുള്ള, പരമ്പരാഗത വാസ്തു വിദ്യാശൈലിയിൽ, ശിലയിൽ പണിതീർത്തിരിക്കുന്ന ബുദ്ധ ക്ഷേത്രമായ സിത്തുൽപവ്വ, യാലയിലെ പ്രധാന കാഴ്ചകളിൽ ഒന്നാണ്. 12,000 ത്തോളം ബുദ്ധ സന്യാസികൾ അധിവസിക്കുന്ന പരിപാവനമായ ഒരിടമാണിത്. വളരെ ശാന്തവും ഭക്തി സാന്ദ്രവുമായ അന്തരീക്ഷവും നൂറ്റാണ്ടുകളുടെ പഴക്കമുള്ള ശിലാക്ഷേത്രവും ഒരിക്കലെങ്കിലും കാണേണ്ട കാഴ്ച തന്നെയാണ്. 2004 ലെ സുനാമിയുടെ സ്മാരകവും കാതരാഗമ എന്ന വിശുദ്ധഗ്രാമവും ശ്രീലങ്കൻ സന്ദർശനത്തിൽ ഒഴിവാക്കരുതാത്തയിടങ്ങളാണ്.