ADVERTISEMENT

രണ്ടു പതിറ്റാണ്ടായി തമിഴകത്ത് നിറഞ്ഞു നിൽക്കുന്ന താരറാണിയാണ് തൃഷ കൃഷ്ണൻ. നാല്പത്തിയൊന്നിന്റെ ചെറുപ്പത്തിൽ കൈ നിറയെ ചിത്രവുമായി വെള്ളിത്തിര അടക്കി വാഴുന്ന തൃഷ അവധിയാഘോഷത്തിനായി മൊറോക്കൻ യാത്രയിലാണ്. ഗേൾസ് ഗ്യാങ്ങിനൊപ്പമെന്നു വിശേഷിപ്പിച്ച ആ യാത്രയിൽ താരത്തിനൊപ്പം ധാരാളം സുഹൃത്തുക്കളുമുണ്ട്. ഹോട്ട് എയർ ബലൂണിലെ യാത്രയും മലനിരകളുടെ വശ്യതയാർന്ന സൗന്ദര്യവും പരമ്പരാഗത മൊറോക്കൻ വസ്‍തുവിദ്യാ ചാതുര്യത്തിനു ഉത്തമോദാഹരണങ്ങളായ നിർമിതികളും ആ നാടിന്റെ തനതു രുചികൾ വിളമ്പുന്ന ഭക്ഷണശാലകളും അവിടെ നിന്നുമുള്ള വിഭവങ്ങളുമെല്ലാം തൃഷയുടെയും സുഹൃത്തുക്കളുടെയും യാത്രയിൽ ഉൾപ്പെട്ടിട്ടുണ്ട്. 

Image Credit: trishakrishnan/instagram
Image Credit: trishakrishnan/instagram

മൊറോക്കോയിലെ നവീനവും ഏറ്റവും വലുതുമായ നഗരങ്ങളിൽ ഒന്നാണ് കാസാബ്ലാങ്ക. അറ്റ്ലാന്റിക് സമുദ്രത്തിനു സമീപമാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. സംസ്‍കാരവും ചരിത്രവും ഒന്നുചേർന്നിരിക്കുന്ന, പുരാതന നിർമിതികൾ ധാരാളമുള്ള, ആദ്യത്തെ കാഴ്ചയിൽ തന്നെ മനസ്സുകീഴടക്കുന്നയിടമാണ് കാസാബ്ലാങ്ക. നഗരത്തിലെ പ്രധാന കേന്ദ്രം മദീനയാണ്. വലുപ്പത്തിൽ ആഫ്രിക്കയിലെ രണ്ടാമത്തേതും ലോകത്തിലെ ഏഴാമത്തേതുമായ ഹസൻ രണ്ടാമൻ മുസ്ലിം ദേവാലയം കാസാബ്ലാങ്കയിലെ പ്രധാനാകർഷണ കേന്ദ്രമാണ്. ബീച്ചുകളാണ് ഈ നഗരത്തിനു അതിരുകളിടുന്നത്. അതുകൊണ്ടു തന്നെ സന്ദർശകരായി എത്തുന്നവർക്ക് ജെറ്റ് സ്കീയിങ്, ഡൈവിങ്, ബോട്ടിങ് തുടങ്ങിയ ജല വിനോദങ്ങളിൽ ഏർപ്പെടാവുന്നതാണ്. ഈ നാടിന്റെ സംസ്കാരത്തെയും ഭക്ഷണത്തെയും കൂടുതലറിയാൻ താല്പര്യമുള്ളവർക്ക് അതിനുള്ള സൗകര്യങ്ങളുമുണ്ട്. കൂടാതെ യൂറോപ്യൻ ശൈലിയിലുള്ള കഫേകൾ, ഫ്രഞ്ച് ബേക്കറികൾ തുടങ്ങിയവും കാസാബ്ലാങ്കയിലുണ്ട്.

Image Credit: trishakrishnan/instagram
Image Credit: trishakrishnan/instagram

അറ്റ്ലസ് മലനിരകളുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന മൊറോക്കൻ നഗരങ്ങളിൽ ഒന്നാണ് മരകേഷ്. സഹാറ മരുഭൂമിയിൽ നിന്നും വളരെ കുറച്ചു മണിക്കൂറുകൾ മാത്രം സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാൻ കഴിയും. കൊട്ടാരങ്ങൾ, മ്യൂസിയങ്ങൾ, മനോഹരവും കാഴ്ചയിൽ ഏറെ ആകർഷകവുമായ ഉദ്യാനങ്ങൾ,ഷോപ്പിങ് പ്രിയർക്കായി നിരവധി മാർക്കറ്റുകൾ തുടങ്ങി നിരവധി കാഴ്ചകൾ മരകേഷിനെ സന്ദർശകരുടെ പ്രിയയിടമാക്കി മാറ്റുന്നു. ഈ നഗരത്തിനെ തിരിച്ചിരിക്കുന്നത് പ്രധാനമായും രണ്ടു പ്രദേശങ്ങളായാണ്. മദീനയും ഗ്യൂലിസ് അല്ലെങ്കിൽ വില്ലെ നോവില്ലെയും. പഴമയുടെ പ്രൗഢിയുമായി അതിഥികളെ സ്വീകരിക്കുന്ന  മദീനയിലെ തെരുവുകളിൽ ധാരാളം കച്ചവടക്കാരെ കാണുവാൻ കഴിയും. ഇടുങ്ങിയ വഴികളും വർണങ്ങൾ നിറഞ്ഞ ഷോപ്പുകളും എന്നുവേണ്ട കാഴ്ചകൾ ഇവിടെ നിരവധിയാണ്. യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽ മദീനയ്ക്കും ഇടമുണ്ട്. പഴമയുടെ ഈ കാഴ്ചകളിൽ നിന്നും വലിയൊരു മാറ്റമാണ് ഗ്യൂലിസ് എന്ന നഗരം. ധാരാളം റസ്റ്റോറന്റുകളും ഷോപ്പിങ് ഔട്ട്​ലെറ്റുകളും തുടങ്ങി ആധുനികമായ കാഴ്ചകൾ കൊണ്ടു സമ്പന്നമാണ് ഗ്യൂലിസ്.

Image Credit: trishakrishnan/instagram
Image Credit: trishakrishnan/instagram

ടാൻജിയർ എന്ന മൊറോക്കൻ പോർട്ടിനു ഒരു സവിശേഷതയുണ്ട്. ആഫ്രിക്ക യൂറോപ്പുമായി  അതിർത്തി പങ്കിടുന്നതിവിടെയാണ്. സ്പെയിനിൽ നിന്നും 20 മൈൽ മാത്രം അകലെയാണിത്. ധാരാളം മനോഹരമായ ബീച്ചുകളാണ് ഈ നഗരത്തിന്റെ പ്രധാനാകർഷണം. യൂറോപ്പിന്റെ സ്വാധീനവും ഇവിടെ കാണുവാൻ കഴിയും. ഫ്രഞ്ച്, ആഫ്രിക്കൻ, സ്പാനിഷ്, പോർച്ചുഗീസ് സംസ്കാരങ്ങളുടെ സങ്കലനമാണ് ടാൻജിയർ. ഇവിടുത്തെ അസ്തമയ കാഴ്ചകൾ ഏറെ മനോഹരമാണ്. 160 വർഷത്തിനു മുകളിൽ പഴക്കമുള്ള ലൈറ്റ് ഹൗസിനു മുകളിൽ നിന്നുമുള്ള അസ്തമയ കാഴ്ച അവർണീയം തന്നെയാണ്. മധുവിധു ആഘോഷിക്കാനാണ് ഈ നഗരത്തിൽ കൂടുതൽ പേരും എത്തുന്നത്. മനോഹരമായ ബീച്ചുകളും കഫേകളുമെല്ലാം ആഘോഷത്തിന് മാധുര്യം വർധിപ്പിക്കും. കൂടാതെ കോട്ടകളും ഇബ്ൻ ബത്തൂത്തയുടെ ശവകുടീരവും ഉദ്യാനങ്ങളുമൊക്കെ നിറയുന്നതാണ് ടാൻജിയർ നഗരം.

Image Credit: trishakrishnan/instagram
Image Credit: trishakrishnan/instagram

മൊറോക്കയുടെ തലസ്ഥാന നഗരമാണ് റബത്. രാജ്യത്തിലെ മറ്റു പ്രശസ്ത നഗരങ്ങൾ പോലെ തന്നെ മനോഹരമായ നിർമാണ വൈദഗ്ധ്യം വെളിവാക്കുന്ന നിരവധി കെട്ടിടങ്ങൾ ഇവിടെയും കാണാം. ഫ്രഞ്ച്  ഇസ്ലാമിക, ബെർബെർ സ്വാധീനത്തിലുള്ളതാണ് ഈ നിർമിതികൾ. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ  കോട്ട കെട്ടി സംരക്ഷിച്ചിട്ടുള്ള ഈ നഗരവുമുണ്ട്. പേർഷ്യൻ കഫേകളും സ്ട്രീറ്റ് ആർട്ടുകളും തുടങ്ങി നിരവധി കാഴ്ചകൾ അതിഥികൾക്ക് ആസ്വദിക്കാം. മാത്രമല്ല, ഭക്ഷണ പ്രിയർക്കു തനതു വിഭവങ്ങളും രുചിക്കാവുന്നതാണ്. 

Image Credit: trishakrishnan/instagram
Image Credit: trishakrishnan/instagram

ബീച്ചുകളാണ് അഗാദിർ എന്ന ചെറുപട്ടണത്തിന്റെ സൗന്ദര്യം. കടലിന്റെ കാഴ്ചകൾ കണ്ടു കൊണ്ട് വിഭവങ്ങൾ ആസ്വദിക്കാനായി കഫേകളും ബാറുകളും റസ്റ്ററന്റുകളും ഇവിടെയുണ്ട്. നഗരത്തിലെ തിരക്കുള്ള  ബീച്ചുകളിൽ നിന്നുമാറി ശാന്തമായ അന്തരീക്ഷത്തിലുള്ള  ബീച്ചുകളാണ് അഗാദിറിന്റെ സവിശേഷത. സഹാറ മരുഭൂമി അധികം ദൂരയല്ലാത്തതു കൊണ്ടുതന്നെ ഡെസേർട്ട് സഫാരി ചെയ്യാം. മലകളും മനോഹരമായ വ്യൂപോയിന്റുകളും ആസ്വദിക്കാമെന്നതിനൊപ്പം തന്നെ നീലക്കടലിന്റെ അഭൗമമായ സൗന്ദര്യവും മനസ്സുനിറയ്ക്കും.

Image Credit: trishakrishnan/instagram
Image Credit: trishakrishnan/instagram

മൊറോക്കയുടെ കാഴ്ചകൾ ഇവിടെ കൊണ്ടൊന്നും അവസാനിക്കുന്നില്ല. മനോഹരമായ ചിത്രം പോലെ സുന്ദരമായ എസ്സോയിറ എന്ന പഴയ പട്ടണം, അറ്റ്ലാന്റിക് സമുദ്രത്തിനു തീരത്തായി സ്ഥിതി ചെയ്യുന്ന മൽസ്യബന്ധന തൊഴിലാളികളുടെ ഗ്രാമമായ ടാഗസൗട്ട്, സ്പാനിഷ് ശൈലിയിലുള്ള നിർമിതികൾ നിറഞ്ഞ ടെറ്റൂവാൻ, മൊറോക്കയുടെ സാംസ്‌കാരിക തലസ്ഥാനമായ ഫെസ് എന്നിവയും ആ രാജ്യ സന്ദർശനത്തിൽ മറക്കാതെ ഉൾപ്പെടുത്തേണ്ടയിടങ്ങളാണ്. 

English Summary:

Explore Morocco through the eyes of Tamil cinema queen Trisha Krishnan as she vacations with friends. Discover bustling cities, ancient architecture, breathtaking landscapes, and delicious cuisine in this captivating North African country.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com