ചിക്കാഗോയ്ക്ക് അപ്പുറം, വടക്കൻ ഇല്ലിനോയിയിലെ മറഞ്ഞിരിക്കുന്ന അദ്ഭുത കാഴ്ചകൾ
Mail This Article
നോര്‍ത്തേണ്‍ ഇല്ലിനോയ്സിലെ ഷിക്കാഗോ അടക്കമുള്ള നഗരങ്ങള്‍ സാഹസിക വിനോദങ്ങള്‍ക്കും സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളാലും പ്രസിദ്ധമാണ്. പ്രധാന പട്ടണങ്ങള്‍ക്കു പുറത്തും സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി സ്ഥലങ്ങള്‍ നോര്‍ത്തേണ്‍ ഇല്ലിനോയ്സിലുണ്ട്. അംബരചുംബികളായ കെട്ടിടങ്ങളാലും ആധുനിക നഗര അനുഭവങ്ങളാലും നിറഞ്ഞതാണ് ഷിക്കാഗോയെങ്കില് നോര്‍ത്തേണ്‍ ഇല്ലിനോയ്സിലെ മറ്റു പല സ്ഥലങ്ങളും പ്രകൃതി ഭംഗിയാലും ചരിത്ര പ്രാധാന്യത്താലും വ്യത്യസ്ത സാഹസിക വിനോദങ്ങളാലും സമ്പന്നമാണ്. ഷിക്കാഗോയുടേയും മറ്റു സമീപ നഗരങ്ങളുടേയും സവിശേഷതകള്‍ പരിചയപ്പെടാം.
ഷിക്കാഗോ
നിര്‍മിതികളും മ്യൂസിയങ്ങളും തിയേറ്ററുകളും റസ്റ്ററന്റുകളും കൊണ്ട് ലോകമെങ്ങുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്ന മഹത്തായ നഗരങ്ങളിലൊന്നാണ് ഷിക്കാഗോ. മില്ലേനിയം പാര്‍ക്കും ക്ലൗഡ് ഗേറ്റ് പ്രതിമയും മിഷിഗണ്‍ തടാകതീരത്തെ നേവി പിയറും ഷിക്കാഗോ ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടുമെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കാറുണ്ട്. ഇല്ലിനോയ്സ് സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമാണ് ഷിക്കാഗോയാണ് ആ നാടിന്റെ സംസ്ക്കാരം അടുത്തറിയാന്‍ സഹായിക്കുക. നഗരത്തിനു പുറത്തും നിരവധി അനുഭവങ്ങള്‍ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്.
കുടുംബ യാത്രികർക്ക് റോക്ഫോര്‍ഡ്
പ്രകൃതി ഭംഗിയാലും തനതു സാംസ്ക്കാരിക തനിമയാലും പ്രസിദ്ധമാണ് നോര്‍ത്തേണ്‍ ഇല്ലിനോയ്സിലെ റോക്ക്ഫോര്‍ഡ്. ആന്ഡേഴ്സണ് ജാപ്പനീസ് ഗാര്‍ഡനിലെ സമാധാനത്തോടെയുള്ള നടത്തവും സംസ്ക്കാരത്തെ കൂടുതല്‍ അറിയാനും സഹായിക്കുന്ന റോക്ക്ഫോര്‍ഡ് ആര്‍ട്ട് മ്യൂസിയവും ബര്‍പീ മ്യൂസിയവും കൊറൊനാഡോ പെര്‍ഫോമിങ് ആര്‍ട്സ് സെന്ററിലെ കലാപ്രകടനങ്ങളുമെല്ലാം കാണാന്‍ സഞ്ചാരികളെത്താറുണ്ട്. മലകയറ്റത്തിനും സൈക്കിള്‍ ചവിട്ടലിനും പുറമേ റോക്ക് കട്ട് സ്റ്റേറ്റ് പാര്‍ക്കിലെ മീന്‍പിടിക്കാനും ഇവിടെ അവസരമുണ്ട്.
പ്രകൃതിഭംഗിയുടെ യോട്ടുക
ഷിക്കാഗോയില്‍ നിന്നും 100 മൈലില്‍ താഴെ മാത്രം ദൂരെയുള്ള പട്ടണമാണ് യോട്ടുക. മലയിടുക്കുകളിലൂടെയുള്ള യാത്രകളും വെള്ളച്ചാട്ടങ്ങളും ഇല്ലിനോയിസ് നദിയും കാടുമെല്ലാം യോട്ടുകയിലെ സ്റ്റാര്വ്ഡ് റോക് സ്റ്റേറ്റ് പാര്‍ക്കിലുണ്ട്. നിരവധിപേര്‍ ഇവിടേക്ക് മലകയറ്റം ആസ്വദിക്കാനെത്താറുണ്ട്. മഞ്ഞുകാലത്ത് ഐസ് ക്ലൈംപിങ്ങും തണുത്തുറഞ്ഞ വെള്ളച്ചാട്ടങ്ങളുമെല്ലാം സ്റ്റ്റാര്വ്ഡ് റോകില് ആസ്വദിക്കാം.
ഗുര്ണിയെന്ന ചെറുപട്ടണം
അമേരിക്കയിലെ ചെറു പട്ടണം ആസ്വദിക്കണമെങ്കില്‍ ഗുര്‍ണി തിരഞ്ഞെടുക്കാം. സിക്സ് ഫ്ളാഗ്സ് ഗ്രേറ്റ് അമേരിക്ക തീംപാര്‍ക്കും ഗുര്ണീ മില്‍സ് എന്ന വലിയ ഷോപ്പിങ് മാളും ഇവിടെയുണ്ട്. ഇവിടുത്ത ബിബിക്യു, സ്റ്റീക്ക്, പീത്സ വിഭവങ്ങളും രുചിവൈവിധ്യത്താല്‍ പ്രസിദ്ധമാണ്.
എല്ജിന്, തനതു സംസ്ക്കാരം
ഷിക്കാഗോയുടെ വടക്കു കിഴക്കായുള്ള ഫോക്സ് റിവറിനോട് ചേര്‍ന്നാണ് എല്‍ജിന്റെ സ്ഥാനം. തനതു വ്യക്തിത്വമുള്ള പ്രദേശമാണിത്. പഴമയും പുതുമയും ഇടചേര്‍ന്ന കെട്ടിടങ്ങള്‍. നദിയോടു ചേര്‍ന്നുള്ള ഫോക്സ് റിവര്‍ ട്രയലും ഫോക്സ് റിവറിലെ റിവര്‍ബോട്ട് കാസിനോയും പ്രസിദ്ധം. എല്ജിന് ചരിത്ര മ്യൂസിയവും നിരവധി പേര് സന്ദര്‍ശിക്കാറുണ്ട്.