ഉരുളൻ കല്ലുകളിൽ പ്രണയം പൂക്കുന്ന ഇംഗ്ലണ്ടിലെ കടൽത്തീരങ്ങളിൽ
Mail This Article
പ്രണയമെന്നത് കവർന്നെടുക്കൽ കൂടിയാണെങ്കിൽ ഉരുളൻ കല്ലുകളുടെ തീരങ്ങളെ തിരകൾ പ്രണയിക്കുന്നുണ്ടാവില്ല. വാരിപ്പുണർന്ന് പകരുന്നതാണ് പ്രണയമെങ്കിൽ ഷിംഗിൾ ബീച്ചുകളിൽ തിരകളും തീരവും പ്രണയബദ്ധരാണ് ! കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ വന്ന് മകളുടെ കൂടെ കുറച്ചു നാൾ താമസിച്ചപ്പോഴുള്ള ഒരു പണി, ഗൂഗിളിൽ തിരഞ്ഞ് അടുത്തുള്ള ചരിത്രമുറങ്ങുന്ന സ്ഥലങ്ങൾ കണ്ടെത്തി സന്ദർശിക്കുക എന്നതായിരുന്നു. ട്രെയിൻലൈൻ ആപ്പിൽ ടിക്കറ്റെടുത്ത് സ്റ്റേഷനിൽ ഇറങ്ങി ഗൂഗിൾ മാപ്പിട്ട് നടക്കുക. അങ്ങനെ വിഞ്ചസ്റ്ററിൽ നടന്നത് ആറു മണിക്കൂറെങ്കിലും ആയിരുന്നിരിക്കണം. അന്നത് മനോരമ ഓൺലൈനിൽ എഴുതിയിരുന്നു. ടൈറ്റാനിക്, ദുരന്തത്തിലേക്ക് യാത്ര തിരിച്ച സൗത്താംപ്ടണിനെക്കുറിച്ചും എഴുതിയിരുന്നു.
നഗരക്കാഴ്ചകൾ അടുത്തറിയാൻ നടത്തം പോലെ മറ്റൊന്നുമില്ല എന്നതാണ് വാസ്തവം...ഇത്തവണ കൊച്ചുമോനെ നോക്കേണ്ടുന്ന പണിയുള്ളതു കൊണ്ട് ഗൂഗിൾ തിരച്ചിൽ കുറച്ചു വൈകി. കണ്ണിൽ പതിഞ്ഞത് ടിച്ച്ഫീൽഡ് ഹാവൻ നേച്ചർ റിസർവ്, ഹിൽ ഹെഡ് ബീച്ച്, ടിച്ച്ഫീൽഡ് ആബേ എന്നൊക്കെ. ഇതുവരെ നേച്ചർ റിസർവിലൊന്നും പോയില്ല. നോക്കുമ്പോൾ ഊബറിൽ 20 പൗണ്ട്. 13 കിലോമീറ്റർ മാത്രം. അങ്ങനെ വച്ചു വിട്ടു.
ഈസ്റ്റ് ആഫ്രിക്കക്കാരൻ ഡ്രൈവർ മുടിഞ്ഞ തമാശ. ഇന്ത്യ എവിടെയാണെന്നായി എന്നോട് ചോദ്യം. തെക്കേ ഏഷ്യയിലാണെന്ന് ഞാൻ മറുപടി പറഞ്ഞപ്പോൾ അവിടെ ട്രാഫിക്ക് നിയമങ്ങൾ ഒന്നും കർശനം അല്ലേ? എന്നായി ചോദ്യം. അതെങ്ങനെ അറിയാം എന്നു ചോദിച്ചപ്പോൾ ടിവിയിലോ മറ്റോ കണ്ടെന്നായി. നോക്കണേ , ഇന്ത്യ എവിടെ എന്നറിയില്ല , പക്ഷേ നമ്മുടെ ട്രാഫിക് ബോധം കമ്മിയാണെന്ന് പുള്ളിക്കറിയാം.
പാർക്കിങ്ങിൽ ഇറങ്ങി നോക്കുമ്പോൾ നേരേ മുന്നിൽ മനോഹരമായ പുൽത്തകിടിക്കുമപ്പുറം കടലാണ്. കടൽത്തീരത്ത് പല നിറങ്ങളിൽ വസ്ത്രം മാറാനും വിശ്രമിക്കാനുമുള്ള ബീച്ച് ഹട്ടുകൾ. നമുക്ക് വർക്കലയോ കോവളത്തോ ചെന്നാൽ മുള്ളാൻ മുട്ടിയാൽ ഒന്നുകിൽ നടന്നു പണ്ടാരമടങ്ങണം, അല്ലെങ്കിൽ പിടിച്ചു വയ്ക്കണം എന്ന സ്ഥിതിയാണല്ലോ ! രണ്ടു വട്ടം തിരുവനന്തപുരം ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി പദവി വഹിച്ചപ്പോൾ കോവളത്ത് ലൈറ്റ് ഹൗസ് ബീച്ചിന്റെ ഭാഗത്തും വർക്കല ക്ലിഫിലെ നേച്ചർ ക്യൂർ സെന്ററിനു താഴെയും മൂത്രപ്പുരകൾ ശരിയാക്കാൻ പരിമിതികളിൽ നിന്നു പ്രവർത്തിച്ചത് ഓർമ വരുന്നു. നമുക്ക് ഒന്നുകിൽ സ്ഥലമില്ല, സ്ഥലം ഉണ്ടെങ്കിൽ പണമില്ല എന്ന സ്ഥിതിയാണല്ലോ! ഇവിടെ ആദ്യം കാണുന്നതു തന്നെ വെടിപ്പുള്ള മൂത്രപ്പുരകളാണ്.
തീരത്തേക്കും കടലിലേക്കും നോക്കി ഞങ്ങൾ കുറച്ചു നേരം വെറുതേ നിന്നു. കടൽ കയറിക്കിടക്കുകയാണ്. മണലിനു പകരം ഉരുളൻ കല്ലുകൾ കൊണ്ട് തീരം നിറഞ്ഞ ഷിംഗിൾ ബീച്ചാണ് ഞങ്ങൾക്കു മുന്നിലെ ഹിൽ ഹെഡ് ബീച്ച്. ഇംഗ്ലണ്ടിൽ ഷിംഗിൾ ബീച്ചുകൾ ധാരാളമുണ്ട്. കഴിഞ്ഞ തവണ ബ്രൈറ്റൺ ബീച്ചിലും പോയിരുന്നു. അതും ഷിംഗിൾ ബീച്ച് തന്നെ.
'കടലരികിലെ നഗരം' എന്നറിയപ്പെടുന്ന ബ്രൈറ്റണ് വേറിട്ട ഭംഗിയാണ്. മൂന്നാലു തട്ടുകളിലായാണ് ബീച്ച് ഡിസൈൻ ചെയ്തിരിക്കുന്നത്. താഴെ ഉരുളൻ കല്ലുകൾ അഥവാ പെബിൾസ് നിറഞ്ഞ ബീച്ച്. അതിന്റെ അടുത്ത തട്ടിൽ ഷോപ്പുകൾ, വിനോദത്തിനുള്ള സൗകര്യങ്ങൾ അങ്ങനെ. അതിനും മുകളിൽ പ്രധാന വീഥി. വീഥിക്ക് മറുവശം നിര നിരയായി വൻ ഹോട്ടലുകളും മറ്റ് സ്ഥാപനങ്ങളും.
ബ്രൈറ്റൺ പാലസ് കടൽപ്പാലത്തെ ( Brighton Palace Pier) എത്ര മനോഹരമായാണെന്നോ കാസിനോയും കഫേയും പബ്ബും ഒക്കെയുള്ള ഒരു ആക്റ്റിവിറ്റി സെൻററാക്കി മാറ്റിയിരിക്കുന്നത് ! ഡിസൈൻ പോളിസി എന്നത് നമുക്കിനിയും സെമിനാറുകളിലും സ്വപ്നങ്ങളിലും മാത്രം.
കടൽപ്പാലത്തിന് ഒരു വശത്ത് ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന, ഇപ്പോഴും പ്രവർത്തിക്കുന്ന, ഇലക്ട്രിക് റെയിൽവേ ആയ വോക്സ് ( Volks Electric Railway). അക്വേറിയം സ്റ്റേഷനിൽ നിന്ന് ഹാഫ് വേ സ്റ്റേഷനിലൂടെ ബ്ലാക്ക് റോക്ക് സ്റ്റേഷനിലേക്ക് കടലലകളുടെ ശബ്ദം കേട്ട് വിക്ടോറിയൻ കാലഘട്ടത്തിലേക്ക് ഒരു മൈൽ മടക്കയാത്ര ! പൈതൃക യാത്ര എന്നു തന്നെ വിശേഷിപ്പിക്കാം. മാർച്ച് അവസാനം മുതൽ സെപ്റ്റംബർ അവസാനം വരെയേ വോക്സ് പ്രവർത്തിക്കൂ. പിന്നെ അടച്ചിടും. ഒരു വശത്തേക്കുള്ള ട്രിപ്പ് 12 മിനിറ്റ് യാത്ര.
ബ്രൈറ്റൺ പിയറിന് മറുവശത്ത് Upside down House അഥവാ Topsy- Turvy House ( തല കീഴായ വീട് ) കാണാം. ഇംഗ്ലീഷ് ചാനലിന് തീരത്തെ ടർക്കോയ്സ് ( പച്ച കലർന്ന നീല ) നിറമുള്ള ഈ വീട്ടിനുള്ളിൽ കയറി ഫോട്ടോ എടുത്ത് ചെറുതായൊന്ന് എഡിറ്റ് ചെയ്ത് ഫ്ലിപ് ചെയ്താൽ നമ്മൾ തല കുത്തി നിൽക്കുന്ന അഥവാ തല കീഴായി നിൽക്കുന്ന ഫോട്ടോകൾ കിട്ടും!
'സീറോ ഗ്രാവിറ്റി' യെ ഒരു കുസൃതിയായി അവതരിപ്പിച്ചിരിക്കുകയാണിവിടെ. ലോകത്തിലെ ആദ്യത്തെ 'തലകുത്തി വീട് ' പോളണ്ടിലാണ് ജൻമം കൊണ്ടത്. കമ്മ്യൂണിസം പോളണ്ടിനെ തല കീഴായി മറിച്ചതിന്റെ പ്രതീകാത്മക അവതരണമായി അത് കാണപ്പെടുന്നു. ഇന്ന് യു.കെ യുടെ മറ്റ് ചില ഭാഗങ്ങളിലും ജർമനി, ഫ്രാൻസ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലുമൊക്കെ ഈ തലകുത്തി വീടുകൾ ഉണ്ട്.
പിയറിന്റെ ഇതേ ഭാഗത്തു തന്നെയാണ് ഐ 360 ( i360 ) എന്നറിയപ്പെടുന്ന ഗ്ലാസിലുള്ള ഒബ്സർവേഷൻ ടവർ. ഇതിന്റെ ഡോണട്ട് ആകൃതിയിലുള്ള പോഡിൽ 450 അടി ഉയരത്തിൽ ബാറും കഫേയും ഗിഫ്റ്റ് ഷോപ്പും ഒക്കെയുണ്ട് ! ഈ പോഡ് ഒരേ സമയം ലിഫ്റ്റായും കാഴ്ചകൾ നിന്നു കാണാനുള്ള പ്ലാറ്റ്ഫോം ആയും വർത്തിക്കുന്നു. 360 ഡിഗ്രി കാഴ്ചയിൽ ബ്രൈറ്റൺ നഗരവും ഇംഗ്ലീഷ് ചാനലും സൗത്ത് ഡൗൺ നാഷണൽ പാർക്കും യുനസ്കോ ബയോ സ്ഫിയറും ഒക്കെക്കാണാം. 2016 ൽ ആണ് ഐ 360 പ്രവർത്തനം ആരംഭിക്കുന്നത്.
റോയൽ പവലിയൻ, ബ്രൈറ്റൺ മ്യൂസിയം ആൻഡ് ആർട്ട് ഗ്യാലറി എന്നിവയും നടന്നു തന്നെ കാണാം. എല്ലാം അധികം ദൂരെയല്ലാതെ തന്നെ. ബ്രൈറ്റൺ സ്റ്റേഷനിലിറങ്ങി ഗൂഗിൾ മാപ്പിട്ട് നടന്നു തന്നെയാണ് ഇത്രയും സ്ഥലങ്ങളും കാഴ്ചകളും കണ്ടത്. അതും മരം കോച്ചുന്ന തണുപ്പത്ത്.
ഇപ്പോൾ ബ്രൈറ്റൺ നിവാസികൾ പഞ്ചാര മണൽ നിറഞ്ഞ ബീച്ചിനായി ആഗ്രഹിക്കുന്നു എന്നാണ് വാർത്തകൾ. മൊത്തം ഉരുളൻ കല്ലുകളും മാറ്റി മണൽ ആക്കണമെന്ന് ചിലർ വാദിക്കുമ്പോൾ കുറച്ചു ഭാഗത്തെങ്കിലും മണൽ ആക്കണമെന്ന് മറ്റു ചിലർ. എന്തായാലും തങ്ങൾ മണൽ വല്ലാതെ 'മിസ്' ചെയ്യുന്നു എന്നാണ് ബ്രൈറ്റോണിയൻസിൻ്റെ അഭിപ്രായം!
ഹിൽ ഹെഡ് ബീച്ച് കണ്ടപ്പോഴാണ് ബ്രൈറ്റൺ ബീച്ച് ഓർമ്മ വന്നത്. ഹിൽ ഹെഡ് ബീച്ചിൽ നിന്നാൽ ഐൽ ഓഫ് വൈറ്റും ( ISLE OF WIGHT) ഓസ്ബോൺ ഹൗസും ദൂരെക്കാണാം. മനോഹരമായ ബീച്ചുകളും മറ്റ് കാഴ്ചകളും കൊണ്ട് മനോഹരമായ ടൂറിസം കേന്ദ്രമാണ് ഐൽ ഓഫ് വൈറ്റ് എന്ന ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ദ്വീപ്.
ലണ്ടൻ വിക്ടോറിയയിൽ നിന്ന് ഫെറി മാർഗം രണ്ടു മണിക്കൂർ മതി ദ്വീപിൽ എത്താൻ. വിക്ടോറിയ രാജ്ഞി ഇവിടെ പണിത വേനൽക്കാല വസതിയാണ് ഓസ്ബോൺ ഹൗസ്.
ഐൽ ഓഫ് വൈറ്റിനെയും മെയിൻലാൻ്റിനെയും ബന്ധിപ്പിക്കുന്ന സോളൻ്റ് ( Solent) എന്നറിയപ്പെടുന്ന 20 മൈൽ നീളമുള്ള കടലിടുക്കിനെ നോക്കിയാണ് ഹിൽ ഹെഡ് ബീച്ചിൻ്റെ കിടപ്പ്. ബീച്ചിൻ്റെ കിഴക്കു ഭാഗമാണ് സോളൻ്റ് എങ്കിൽ പടിഞ്ഞാറ് ഭാഗത്ത് ചെറിയൊരു തുറമുഖമാണ്. മിയോൺ നദി സോളൻ്റിൽ വന്നു ചേരുന്ന ഭാഗം.
നിറയെ കൊച്ചു കൊച്ചു ഫിഷിംഗ് ബോട്ടുകൾ അടുക്കിയടുക്കി ഇട്ടിരിക്കുന്നു. വെള്ളത്തിൽ നീന്തി നടക്കുന്ന താറാവുകൾ. ഇത്തിരി ആഹാരം ഇട്ടു കൊടുത്താൽ കൂട്ടത്തോടെ പറന്നടുക്കുന്ന പ്രാക്കൂട്ടം. വല്ലാതെ ഭംഗിയുള്ള അന്തരീക്ഷം.
തുറമുഖത്തിനഭിമുഖമായി ടിച്ച്ഫീൽഡ് ഹാവൻ്റെ വിസിറ്റർ സെൻ്റർ കാണാം. പാർക്കിംഗിൽ കണ്ട ഒരു മനുഷ്യൻ പറഞ്ഞത് അത് എത്രയോ നാളുകളായി അടഞ്ഞു കിടക്കുന്നു എന്നാണ്. വാസ്തവത്തിൽ കണ്ടാൽ അങ്ങനെയേ തോന്നൂ. ഞങ്ങൾ ചെന്നപ്പോൾ മധ്യവയസ്കയായ ഒരു വനിത സ്വീകരിച്ചു. നെമ എന്നോ മറ്റോ ആയിരുന്നു അവരുടെ പേര് .
ഭംഗിയായി ക്രമീകരിക്കപ്പെട്ട ഒരു ടിപ്പിക്കൽ സന്ദർശക കേന്ദ്രം തന്നെ. സുവനീറുകൾ , ലീഫ് ലെറ്റുകൾ , റിസർവിലെ പക്ഷികൾക്ക് നൽകാനുള്ള ആഹാരം , കോഫി വെൻഡിംഗ് മെഷീൻ , ടിക്കറ്റെടുക്കുന്നവർക്ക് സൗജന്യമായുള്ള ബൈനോക്കുലറുകൾ എന്നിങ്ങനെ എല്ലാമുണ്ട്. ഈ സീസൺ റിസർവ് സന്ദർശനത്തിന് പറ്റിയതാണോ എന്നായിരുന്നു എൻ്റെ പ്രധാന ചോദ്യം.
നേച്ചർ റിസർവ് എന്നാൽ വലിയ മരങ്ങളും വൈൽഡ് ലൈഫും ഒന്നുമുള്ള ഒരു വൈൽഡ് ലൈഫ് റിസർവ് അല്ല, മറിച്ച് വെറ്റ്ലാൻ്റ് റിസർവ് ആണ്.കുറ്റിച്ചെടികളും ചെറിയ മരങ്ങളും നീർച്ചാലുകളും ചെറിയ തടാകങ്ങളും ഒക്കെയായി തുറമുഖത്തിനും പടിഞ്ഞാറ് റിസർവിൻ്റെ കുറേ ഭാഗം . അതേ സമയം വിസിറ്റർ സെൻ്റ്റിന് പുറകിലായി സാമാന്യം നല്ല മരങ്ങളുള്ള ചെറിയൊരു കാട് എന്നു വേണമെങ്കിൽ പറയാം.
കൂടെ വരാൻ ഗൈഡൊന്നുമില്ല. ഉള്ള ഒരാൾ നേരേത്തേ മറ്റാർക്കോ ഒപ്പം പോയിരിക്കുന്നു. ബൈനോക്കുലറും തൂക്കി വിസിറ്റർ സെൻററിന് പുറകിലേക്ക് പോയിട്ട് പ്രത്യേകിച്ച് ഒരനുഭവവും തോന്നാത്തതു കൊണ്ട് പുറത്തിറങ്ങി റോഡ് മുറിച്ചു കടന്ന് മിയോൺ നദിയുടെ ഭാഗത്തു കൂടി നടന്നു. കുറേ നടന്നിട്ടും നേച്ചർ റിസർവിൻ്റെ മറുഭാഗത്തിൻ്റെ ഗേറ്റ് കാണാൻ കഴിഞ്ഞില്ല.
നടന്നു നടന്ന് ഫുട്പാത്തിലെ ഒരു റോഡിലൂടെ കുറേ ദൂരം നടന്നപ്പോൾ തെറ്റിയതാണെന്നു മനസ്സിലായി തിരിച്ചു നടന്നു. ശരിക്കും റോഡിൻ്റെ മറുഭാഗത്തെ ചെറിയ ഗേറ്റ് ശ്രദ്ധയിൽപ്പെടാതെ പോയതാണ്. ഗേറ്റിലൊന്നും ആരുമില്ല. ടിക്കറ്റ് വേണം , അകത്താളുണ്ട് ശ്രദ്ധിക്കാൻ എന്നൊക്കെ എഴുതി വച്ചിട്ടണ്ടെങ്കിലും ആരെയും കണ്ടില്ല.
ഇടതൂർന്ന പുല്ലുകൾക്കിടയിലൂടെ , കുറ്റിച്ചെടികൾക്കിയിലൂടെ, നീർച്ചാലുകളും ചെറു തടാകങ്ങളും കണ്ട് നടക്കാം. വിസിറ്റർ സെൻ്ററിലെ വനിത പറഞ്ഞതു പോലെ ശിശിരത്തിൽ പക്ഷികൾ പതുങ്ങിയിരുപ്പാണ്. പുറത്തേക്ക് അധികം വരില്ല. ശരിക്കും വിവിധയിനം പക്ഷികളുടെ ആവാസ കേന്ദ്രമാണ് ടിച്ച് ഫീൽഡ് ഹാവൻ. മാനും ചെന്നായും ഒക്കെ കണ്ടെന്നു വരാം.പക്ഷേ ഈ സീസണിൽ പുറത്ത് കാണുന്നത് കുറച്ചു മാത്രം. ശരിക്കും നഗരത്തിരക്കുകളിൽ നിന്നു മാറി പ്രകൃതിയിലലിയാൻ ആഗ്രഹിക്കുന്നവർക്ക് ടിച്ച് ഫീൽഡ് ഹാവൻ സ്വർഗമാണ്.
ബൈനോക്കുലറുകൾ തിരികെ ഏൽപ്പിച്ച് ഒരു അമേരിക്കാനോ കോഫി പാലും ചേർത്തു കഴിച്ച് തിരികെ പാർക്കിങ്ങിലെ ത്തിയപ്പോൾ ജാസ്മിനാണത് കണ്ടെത്തിയത്. കടൽ ഏറെ താഴേക്കു വലിഞ്ഞിരിക്കുന്നു. നേരത്തേ തുറമുഖത്തിന് സമീപം ചൂണ്ടയിട്ടു നിന്നിരുന്ന മുതിർന്ന മനുഷ്യനും പയ്യനും ഇപ്പോൾ അവിടെ എത്തിയിരിക്കുന്നു. അച്ഛനും മകനുമാകണം. അന്നത്തെ അന്നമാകണം. അത് മീനായോ അത് വിറ്റ പണമായോ വീട്ടിലെത്തും. യാത്രകൾ വേറിട്ട ചിന്തകളുടേതു കൂടിയാണ്.