ADVERTISEMENT

‘‘കൊളേമ്പീന്ന്‌ ഇവടെത്താന്‍ എത്ര ദിവസം വേണം?” ഞാന്‍ അന്വേഷിച്ചു. 

‘‘മൂന്നു മണിക്കൂര്‍ കപ്പലിലിരിക്കണം. രണ്ടു ദിവസം വണ്ടിയിലും.’’ 

ചെന്നൈയിൽനിന്നു പറന്നുയർന്ന കൂറ്റൻ ലോഹപ്പക്ഷി, ഒരു മണിക്കൂർ 20 മിനിറ്റിനു ശേഷം കൊളംബോയുടെ ആകാശത്തുനിന്ന് ബന്ദാരനായകെ വിമാനത്താവളത്തിലേക്കു ചരിഞ്ഞിറങ്ങുമ്പോൾ കേരളവും ഒപ്പം വന്നതുപോലെ തോന്നി. താഴെ തെങ്ങിൻതലപ്പുകളുടെ കടൽപരപ്പ്. അതിനിടയിൽ നഗരത്തിന്റെ തുരുത്തുകൾ. ദൂരെ നീല സിൽക്കുവിരിപ്പു പോലെ തിളങ്ങിക്കിടക്കുന്ന ഇന്ത്യൻ മഹാസമുദ്രം.

srilanka
ബന്ദാരനായകെ രാജ്യാന്തര വിമാനത്താവളം. Image Source: Karasev Viktor | Shutterstock

ശ്രീലങ്കൻ എയർവേസിന്റെ യുഎൽ 122 നമ്പറിലുള്ള എയർബസ് എ 330യിൽനിന്ന് ലങ്കൻ മണ്ണിലേക്ക് കാൽവച്ചപ്പോൾ ആദ്യം മനസ്സിലെത്തിയത് ‘നിന്റെ ഓർമയ്ക്ക്’ എന്ന എംടി കഥയാണ്. ചെറു ക്ലാസുകളിൽ എപ്പോഴോ വായിച്ചു കണ്ണുനിറഞ്ഞ കഥ. അന്നത്തെ സിലോണിന് ഇപ്പോൾ പേര് ശ്രീലങ്ക എന്നാണ്. കേരളത്തിൽനിന്ന് ഒന്നര മണിക്കൂർ വിമാനയാത്ര കൊണ്ട് എത്താവുന്ന, കാഴ്ചയിലും രുചിയിലും ഭൂമിശാസ്ത്രത്തിലുമെല്ലാം കേരളവുമായി സാമ്യമുള്ള, അതിസുന്ദരമായ നാട്. ഉപജീവനത്തിനായി അറബിനാടുകളിലേക്കുള്ള കുടിയേറ്റം തുടങ്ങുംമുൻപ് നമ്മുടെ നാട്ടുകാർ കേരളത്തിൽനിന്നു കടൽ കടന്നെത്തിയത് സിലോണിലേക്കായിരുന്നു.

srilanka-airways
ശ്രീലങ്കൻ എയർവേസിന്റെ എ 330 വിമാനം

വർഷങ്ങൾ നീണ്ട ആഭ്യന്തര യുദ്ധത്തിന്റെ കെടുതികളിലും അടുത്തിടെ നേരിടേണ്ടിവന്ന സാമ്പത്തിക ഞെരുക്കത്തിലും ഉലയുന്ന ലങ്ക തിരിച്ചുവരവിന്റെ പാതയിലാണ്. ടൂറിസമാണ് ഈ ദ്വീപു രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്ന്. ഇന്ത്യയിൽ നിന്നാണ് ലങ്കയിലേക്ക് ഏറ്റവുമധികം സഞ്ചാരികളെത്തുന്നത്. കേരളത്തിൽനിന്ന്, ഏറ്റവുമടുത്തു സ്ഥിതി ചെയ്യുന്ന വിദേശ രാജ്യമായ ശ്രീലങ്കയിലേക്ക് വിമാനത്തിൽ പോകുന്ന സമയവും കൊച്ചിയിൽനിന്നു ചെന്നൈയിലേക്കു പോകുന്ന സമയവും തുല്യമാണ്. ധനുഷ്കോടിയിൽനിന്ന് വെറും 27 കിലോമീറ്ററാണ് ശ്രീലങ്കയിലെ തലൈമന്നാറിലേക്കുള്ള ദൂരം. ആലപ്പുഴയിൽനിന്ന് കോട്ടയം ജില്ലയിലെ വൈക്കത്തേക്കു ബോട്ടിൽ സഞ്ചരിച്ചാൽ താണ്ടുന്നത് 26 കിലോമീറ്ററാണെന്ന് കൂടി അറിഞ്ഞാൽ, എത്രയടുത്താണ് ഈ രാജ്യമെന്നു മനസ്സിലാകും. അധികം പണച്ചെലവില്ലാതെ ഒരു വിദേശരാജ്യം കണ്ടുവരണമെന്നു തോന്നിയാൽ മലയാളികൾക്കു ധൈര്യമായി ബാഗ് പാക്ക് ചെയ്യാം, ലങ്കയിലേക്ക്. 

srilanka-day3
ശ്രീലങ്കൻ എയർവേസിന്റെ യുഎൽ 122 നമ്പറിലുള്ള എയർബസ് എ 330 വിമാനത്തിന്റെ ഉൾക്കാഴ്ച്ച. രണ്ട്, നാല്, രണ്ട് സീറ്റ് കോൺഫിഗറേഷനിലുള്ള വൈഡ് ബോഡി വിമാനമായിരുന്നു ഇത്. ചെന്നൈയിൽ നിന്ന് ശ്രീലങ്കയിലേക്ക് ഏറെ യാത്രക്കാരുണ്ട് എങ്കിലും വിമാനം നിറയാൻ മാത്രമില്ല

‍മണ്ണിലും മണത്തിലും കേരളവുമായി ബന്ധമുണ്ട് ഈ കൊച്ചു രാജ്യത്തിന്. വിഭവങ്ങൾക്കും ഭൂപ്രകൃതിക്കുമെല്ലാം കേരളവുമായി സാമ്യം. കേരങ്ങളുടെ നാടാണ് കേരളമെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ തേങ്ങാ ഉൽപാദകരാണ് ലങ്ക. അതുകൊണ്ടുതന്നെ രണ്ടിടങ്ങളിലെയും വിഭവങ്ങളിൽ തേങ്ങയുടെ സാന്നിധ്യം വളരെ കൂടുതലാണ്. കേരളത്തിന്റെ ഇരട്ടി വലുപ്പമുണ്ടെങ്കിലും ജനസഖ്യയുടെ കാര്യത്തിൽ ഏറെ പിന്നിലാണ് ലങ്ക. 

srilanka-day2
ചെന്നൈയിൽനിന്ന് ഒരു മണിക്കൂറും 20 മിനിറ്റും മാത്രമാണ് യാത്രാസമയം എന്നതുകൊണ്ട് ഒരു സാൻവിച്ചിലും ആപ്പിൾ ജൂസിലുമൊതുങ്ങി ബ്രേക് ഫാസ്റ്റ്. കുറച്ചു സമയം മാത്രമേയുള്ളുവെങ്കിലും ശ്രീലങ്കൻ എയർവേയ്സിൽനിന്നു തന്നെ അനുഭവിച്ചറിയാം ലങ്കയുടെ ആതിഥ്യ മര്യാദ

അഞ്ചു ദിവസത്തെ യാത്ര കൊളംബോയിൽനിന്ന് ആരംഭിച്ച് ശ്രീലങ്കയുടെ തെക്കൻ തീരദേശമായ ഹമ്പൻടോട്ട വരെ നീണ്ടു. ലങ്കയുടെ ദക്ഷിണ എക്സ്പ്രസ് വേ വഴിയുള്ള യാത്രയിൽ 700 കിലോമീറ്ററോളം താണ്ടി. കൊളംബോ, നെഗംബോ, ബെൻടോട്ട,  ഗെല്ല കോട്ട, ഉഡവാലവെ, ഹമ്പൻടോട്ട തുടങ്ങി ലങ്ക ചരിത്രം ഇതൾ വിരിയുന്ന മനോഹര സ്ഥലങ്ങളിലൂടെയെല്ലാം സഞ്ചരിച്ചു.

srilanka-day4
അധികം ബഹളങ്ങളില്ലാത്ത ഒരു വിമാനത്താവളം,കൊളംബോ രാജ്യാന്തര വിമാനത്താവളം എന്നാണ് അറിയപ്പെടുന്നതെങ്കിലും നെഗംബോയിലാണ് അതു സ്ഥിതി ചെയ്യുന്നത്ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തെ വിമാനത്താവളത്തിൽ ഇറങ്ങുന്നതുപോലെ മാത്രമേ തോന്നൂ.

മരതകദ്വീപിന്റെ ഹൃദയത്തിലേക്ക്

ചെന്നൈയിൽനിന്ന് ശ്രീലങ്കൻ എയർവേയ്സിന്റെ എയർബസ് എ 330 യിലാണ് കൊളംബോയിലേക്കുള്ള യാത്ര. ചെന്നൈയിൽനിന്ന് ഒരു മണിക്കൂറും 20 മിനിറ്റുമാണ് യാത്രാസമയം. കുറച്ചു സമയം മാത്രമേയുള്ളുവെങ്കിലും ശ്രീലങ്കൻ എയർവേയ്സിൽനിന്നു തന്നെ അനുഭവിച്ചറിയാം ആ നാടിന്റെ ആതിഥ്യ മര്യാദ. മരതകദ്വീപിന്റെ ഹൃദയമായ ബന്ദാരനായകെ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങും മുൻപുള്ള ആകാശക്കാഴ്ച കൊച്ചിയുടേതിനു സമാനം തന്നെ.

srilanka-airport
ഇന്ത്യൻ യാത്രികർക്ക് വീസയുടെ ആവശ്യമില്ല. പാസ്പോർട്ട് സ്റ്റാംപ് ചെയ്താൽ മാത്രം മതി. അതിനും വളരെ കുറച്ചു സമയം മാത്രം മതി. Image Source: Iryna Rasko | Shutterstock

കൊളംബോ രാജ്യാന്തര വിമാനത്താവളം എന്നാണ് അറിയപ്പെടുന്നതെങ്കിലും നെഗംബോയിലാണ് അതു സ്ഥിതി ചെയ്യുന്നത്. ഇവിടെനിന്നു കൊളംബോ നഗരത്തിലേക്ക് ഏകദേശം 31 കിലോമീറ്റർ ദൂരമുണ്ട്. രണ്ടാം ലോക യുദ്ധ കാലത്ത് ബ്രിട്ടിഷുകാർ റോയൽ എയർഫോഴ്സിന്റെ എയർ ഫീൽഡായി ആരംഭിച്ച ഈ വിമാനത്താവളം ശ്രീലങ്കയുടെ നാലാമത്തെ പ്രധാനമന്ത്രിയായിരുന്ന എസ്.ഡബ്ല്യു.ആർ.ഡി.ബന്ദാരനായകെയുടെ പേരിലാണ് ഇന്ന് അറിയപ്പെടുന്നത്. 

srilanka-day6
ശ്രീലങ്കയിലേയ്ക്ക് സ്വാഗതം ചെയ്തുകൊണ്ട് ബന്ദാരനായകെ രാജ്യാന്തര വിമാനത്താവളത്തിന് പുറത്തുള്ള ബോർഡ്

അധികം ബഹളങ്ങളില്ലാത്ത ഒരു വിമാനത്താവളം, ഇന്ത്യൻ യാത്രികർക്ക് വീസയുടെ ആവശ്യമില്ല. പാസ്പോർട്ട് സ്റ്റാംപ് ചെയ്താൽ മാത്രം മതി. അതിനും വളരെ കുറച്ചു സമയം മാത്രം മതി, ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തെ വിമാനത്താവളത്തിൽ ഇറങ്ങുന്നതുപോലെ മാത്രമേ തോന്നൂ. വിമാനത്താവളത്തിൽ ഇന്ത്യയിൽ നിന്നുള്ള പത്രപ്രവർത്തകരെയും കാത്ത് ശ്രീലങ്കൻ കൺവൻഷനൽ ബ്യൂറോയുടെ അധികൃതരും ഇനിയങ്ങോട്ടുള്ള ഞങ്ങളുടെ യാത്രയിലെ വഴികാട്ടിയായ ഗൈഡ് അരുണാചലം മനോഹരനുമുണ്ടായിരുന്നു.

srilanka-day8
മനോഹരമായ ബീച്ച് ഫ്രന്റ് ഹോട്ടലായ സെൻടിഡോ ഹെറിറ്റൻസ്

ആദ്യ യാത്ര നെഗംബോയിലെ സെൻടിഡോ ഹെറിറ്റൻസ് ഹോട്ടലിലേക്കാണ്. പ്രശസ്തമായ നെഗംബോ ലഗൂണിനു സമീപത്തുകൂടിയാണ് യാത്ര. ശ്രീ ജയവർധനെപുരെ കോട്ട തലസ്ഥമാക്കി ശ്രീലങ്ക ഭരിച്ച സിംഹള രാജവംശത്തിന് കീഴിലായിരുന്നു നെഗംബോ. പോർച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും പിന്നീട് ബ്രിട്ടിഷുകാരുടെയും അധീനതയിൽ കഴിഞ്ഞിരുന്ന ഈ നഗരം കോളനിഭരണ കാലഘട്ടത്തിൽ കറുവപ്പട്ടയുടെ പ്രധാന വിപണി കേന്ദ്രങ്ങളിലൊന്നായിരുന്നു. മനോഹരമായ ബീച്ച് ഫ്രന്റ് ഹോട്ടലായ സെൻടിഡോ ഹെറിറ്റൻസിലാണ് ആദ്യ ദിനത്തിലെ യാത്ര അവസാനിച്ചത്.

srilanka-day7
ബീച്ചിന് അഭിമുഖമായ ഹോട്ടലിൽ നിന്ന് അതിസുന്ദരമായ ശ്രീലങ്കൻ പ്രഭാതം കണികണ്ടാണ് ശ്രീലങ്കയിലെ ആദ്യ പ്രഭാതം ആരംഭിച്ചത്

നെഗംബോയിൽനിന്ന് ബെൻടോട്ടയിലേക്ക്

ബീച്ചിന് അഭിമുഖമായ, അതിസുന്ദരമായ ശ്രീലങ്കൻ പ്രഭാതം കണികണ്ടാണ് ലങ്കയിലെ ആദ്യ ദിവസം ആരംഭിച്ചത്. ഇടിയപ്പവും മുട്ട പൊട്ടിച്ചൊഴിച്ച നമ്മുടെ പാലപ്പവും ചമ്മന്തിയും അകത്താക്കി യാത്ര തുടങ്ങി. (ഇതു മാത്രമല്ല, കഞ്ഞിയും റൈസ് കേക്കും പുട്ടും ഇഡ്‌ഡലിയും തുടങ്ങി കേരളത്തിൽ കിട്ടുന്നതരം ഭക്ഷണങ്ങളെല്ലാം ശ്രീലങ്കയിലുമുണ്ട്). ഈ മനോഹര ദ്വീപുരാജ്യത്തെത്തിയപ്പോൾ മുതൽ ശ്രദ്ധ കവർന്ന പ്രധാന കാര്യങ്ങളിലൊന്ന് അവിടുത്തെ വൃത്തിയാണ്. ചപ്പുചവറോ മാലിന്യക്കൂമ്പാരങ്ങളോ ഒരിടത്തുമില്ല. ചെറിയ ക്ലാസുകൾ മുതൽ, പരിസരം വൃത്തിയായി സൂക്ഷിക്കാനുള്ള പരിശീലനം കുട്ടികൾക്ക് നൽകുന്നുണ്ടെന്നാണ് അതിനെക്കുറിച്ചു ചോദിച്ചപ്പോൾ ഗൈഡ് അരുണാചലം പറഞ്ഞത്. ദശാബ്ദങ്ങൾ നീണ്ട ആഭ്യന്തര യുദ്ധത്തിന്റെ ഒരു സൂചന പോലും എവിടെയുമില്ല. ആദ്യത്തെ യാത്ര നെഗംബോയിൽനിന്ന് ലങ്കയുടെ ദക്ഷിണ തീരത്തുള്ള ബെൻടോട്ടയിലേക്കാണ്. ഏകദേശം 111 കിലോമീറ്റർ ദൂരം. ബെൻടോട്ടയിൽ എത്തുന്നതിന് മുൻപ്, ആ യാത്രയിൽ ഒന്നു രണ്ടു സ്ഥലങ്ങൾ കൂടി കാണേണ്ടതുണ്ട്. 

srilanka-day9
ബെൻടോട്ടയിലേയ്ക്കുള്ള യാത്രാമധ്യ കയറിയ ഒരു വിശ്രമകേന്ദ്രം. വൃത്തിയുള്ള ശൗചാലയം, ഉപയോഗിക്കണമെങ്കിൽ 40 ശ്രീലങ്കൻ രൂപ നൽകണം (ഇന്ത്യൻ രൂപ ഏകദേശം 11 രൂപ). അവിടുത്തെ ലഘുഭഷണ ശാലകളിൽ കേരള വിഭവങ്ങളുമായി സാമ്യമുള്ള ഭക്ഷണങ്ങൾ കാണാം. സൂപ്പർ മാർക്കറ്റുകളിൽ ഇന്ത്യൻ രൂപയും ഇന്ത്യൻ ക്രെഡിറ്റ് കാർഡും സ്വീകരിക്കും

പരമ്പരാഗതമായി മീൻപിടിത്തവും വിൽപനയും തൊഴിലാക്കിയവരാണ് നെഗംബോവാസികൾ. രാവിലെത്തെ യാത്ര ചന്തയിലേക്കു തന്നെ. കേരളത്തിലെപ്പോലെ മത്സ്യം ശ്രീലങ്കയിലേയും പ്രധാനപ്പെട്ട വിഭവമാണ്. വലിയൊരു മീൻചന്തയിൽ ഒരുവശത്ത് പിടയ്ക്കുന്ന മീനുകളും മറുവശത്ത് ഉണക്കാനിട്ട മീനുകളും ധാരാളമുണ്ട്. തമിഴരും സിംഹളരും ധാരാളമുള്ള മാർക്കറ്റ്. റോഡരികിൽ മീൻ വിൽക്കുകയായിരുന്ന തമിഴനോട്, മലയാളിയാണെന്നു പറഞ്ഞു. പ്രവാസിയായിരുന്ന അയാൾ പിന്നീടു സംസാരിച്ചതത്രയും ഗൾഫിലെ മലയാളി സുഹൃത്തുക്കളെക്കുറിച്ചായിരുന്നു. 

srilanka-day1
റോഡരികിൽ മീൻ വിൽക്കുന്ന തമിഴ് വംശജൻ, കേരളത്തിൽ നിന്നാണെന്ന് അറിഞ്ഞതോടെ പ്രവാസിയായിരുന്ന അയാൾ പിന്നീടു സംസാരിച്ചതത്രയും ഗൾഫിലെ മലയാളി സുഹൃത്തുക്കളെക്കുറിച്ചായിരുന്നു

കേരള തീരത്തു ലഭിക്കുന്ന മത്സ്യങ്ങൾ ഇവിടെയും ലഭിക്കും. നെഗംബോയിലെ പ്രശസ്തമായ ആ മത്സ്യ മാർക്കറ്റ് കണ്ടതിനു ശേഷം സതേൺ എക്സ്പ്രെസ് വേ വഴി ബെൻടോട്ടയിലേക്ക്. അധികം വാഹനങ്ങളോ ബഹളങ്ങളോ ഇല്ലാത്ത മനോഹരമായ ഭൂഭാഗങ്ങൾ  വഴിയിലുനീടനീളം കാണാം.

srilanka-day11
ശ്രീലങ്കയുടെ കണ്ടൽക്കാടുകളുടെ ഭംഗി അനുഭവിച്ചറിയുവാൻ ഏറ്റവും മികച്ച വഴികളിൽ ഒന്നാണ് ബെൻടോട്ട റിവർ സഫാരി. കെട്ടുപിണഞ്ഞുകിടക്കുന്ന വള്ളിച്ചെടികളുടെ വേരുകളും വള്ളികളും അതിരു തീർക്കുന്ന ഇടുങ്ങിയ ജലപാതകളിലൂടെ സഞ്ചരിക്കുമ്പോൾ മനോഹരമായ ദൃശ്യങ്ങളാണ് മുന്നിൽ തെളിയുന്നത്

യാത്ര അവസാനിച്ചത് ബെൻടോട്ട നദിക്കു സമീപം. നദിയിലെ വാട്ടർസ്പോർട്സും കണ്ടൽക്കാടുകളിലൂടെയുള്ള ബോട്ടുസവാരിയുമായി യാത്ര സജീവമായി. ശ്രീലങ്കയുടെ കണ്ടൽക്കാടുകളുടെ ഭംഗി അനുഭവിച്ചറിയുവാൻ ഏറ്റവും മികച്ച വഴികളിൽ ഒന്നാണ് ബെൻടോട്ട റിവർ സഫാരി. സ്പീഡ് ബോട്ടിലും ബനാന ബോട്ടിലും വാട്ടർസ്കൂട്ടറിലുമുള്ള സാഹസിക യാത്രയ്ക്കു ശേഷമാണ് ബെൻടോട്ട നദിയിലൂടെയുള്ള ബോട്ട് യാത്ര തുടങ്ങിയത്. കണ്ടൽക്കാടുകൾ, വള്ളിച്ചെടികൾ, നദീതീരത്ത് നിറഞ്ഞുനിൽക്കുന്ന വൃക്ഷലതാദികൾ എന്നിവയുടെ മനോഹരമായ കാഴ്ചകളിലേക്ക് ഈ യാത്ര നമ്മെ കൊണ്ടുപോകും. കെട്ടുപിണഞ്ഞുകിടക്കുന്ന വള്ളിച്ചെടികളുടെ വേരുകളും വള്ളികളും അതിരു തീർക്കുന്ന ഇടുങ്ങിയ ജലപാതകളിലൂടെ സഞ്ചരിക്കുമ്പോൾ മനോഹരമായ ദൃശ്യങ്ങളാണ് മുന്നിൽ തെളിയുന്നത്. കൊക്കും മീൻപിടിയൻ പക്ഷികളും ധാരാളം. ഹാൽസിയോൺ പക്ഷികൾ, അപൂർവ ഇനം വെള്ളക്കൊക്ക് തുടങ്ങി നിരവധി ജീവികളുടെ ആവാസ കേന്ദ്രമാണ് ഈ കണ്ടൽ വനങ്ങൾ. സംരക്ഷിത പ്രദേശമായ ഇവിടേക്കു ധാരാളം സഞ്ചാരികൾ എത്താറുണ്ട്, ഭാഗ്യമുണ്ടെങ്കിൽ മുതലകളെയും ആമകളെയും കാണാം. ബെൻടോട്ട നദിക്കരയിലാണ് കലുതര ബോധി ബുദ്ധക്ഷേത്രം. ശ്രീലങ്കയിലെ ഏറ്റവും പ്രശസ്തമായ ബുദ്ധക്ഷേത്രങ്ങളിലൊന്നായ ഇതിന്റെ ഭാഗമായുള്ള വെള്ള ബുദ്ധപ്രതിമ നദിയിൽനിന്നു കാണാം. 

2357519065
ബെൻടോട്ട നദിക്കരയിലാണ് കലുതര ബോധി ബുദ്ധക്ഷേത്രം. ശ്രീലങ്കയിലെ ഏറ്റവും പ്രശസ്തമായ ബുദ്ധക്ഷേത്രങ്ങളിലൊന്നായ ഇതിന്റെ ഭാഗമായുള്ള വെള്ള ബുദ്ധപ്രതിമ നദിയിൽനിന്നു കാണാം. Image Source: trabantos | Shutterstock

ഇന്നത്തെ താമസം ബെൻടോട്ടയിലെ‍ അഹുങ്കല്ല ബീച്ചിലുള്ള റിയു ശ്രീലങ്കയിലാണ്. മനോഹരമായ ബീച്ച് ദൃശ്യങ്ങൾ സമ്മാനിക്കുന്ന ഹോട്ടൽ നിർമിച്ചിരിക്കുന്നത് കുതിരക്കുളമ്പിന്റെ ആകൃതിയിലാണ്. രണ്ടു കിലോമീറ്ററിലധികം നീളത്തിൽ വ്യാപിച്ചുകിടക്കുന്ന അതിമനോഹരമായ വെളുത്ത മണൽത്തീരമാണ് അഹുങ്കല്ല ബീച്ചിന്റെ പ്രധാന ആകർഷണം. 

srilanka-day12
ബെൻടോട്ട നദിയിലൂടെയുള്ള റിവർസഫാരിക്കിടെ പകർത്തിയ ചിത്രം

ഇനി യാത്ര ഹമ്പൻടോട്ടയിലേക്കാണ്. പ്രശസ്തമായ കറുവപ്പട്ടയും മുത്തും പവിഴവും വിളയുന്ന, ഗല്ലെ കോട്ടയുള്ള നാടിന്റെ കാഴ്ചകളിലേക്ക്...

(തുടരും)

English Summary:

Budget-Friendly Foreign Trip: Explore Sri Lanka in Just Five Days!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com