ADVERTISEMENT

ഏകാന്തയാത്രകൾ എനിക്കെന്നും ലഹരിയാണ്. എന്നും ഓർമയിൽ സൂക്ഷിക്കാൻ അമൂല്യമായ ചില ഭാഗ്യങ്ങളും അവസരങ്ങളും പ്രതീക്ഷിക്കാതെ വീണുകിട്ടും. ന്യൂയോർക്കിൽനിന്നു ബോസ്റ്റനിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയാണ് ഞാൻ ഇസയെ പരിചയപ്പെട്ടത്. ന്യൂയോർക്കിൽ ജോലിചെയ്യുന്ന മെക്സിക്കൻ വംശജ. പിന്നീട് ഞങ്ങൾക്കിടയിലെ അപരിചിതത്വം മാറി. 

‘‘ഞാൻ ബോസ്റ്റനിലേക്ക് പോകുന്നത് ഒരു പ്രത്യേക കാര്യത്തിനാണ്. അവിടെ സേലം വില്ലേജിൽ ഹാലോവീൻ ആഘോഷിക്കുകയെന്നത് ഒത്തിരിക്കാലമായി എന്റെ ആഗ്രഹമാണ്.’’– അവൾ പറഞ്ഞതു കേട്ടപ്പോൾ എനിക്കും ആകാംക്ഷയായി. 

salem-halloween4

എന്താണ് ആ ആഘോഷത്തിന് ഇത്ര പ്രത്യേകത? അതൊരു ഹോണ്ടഡ് വില്ലേജ് ആയിരുന്നവത്രേ. പതിനാറാം നൂറ്റാണ്ടിൽ പല സ്ത്രീകളെയും തീയിൽ ചുട്ടെരിച്ചുകൊന്ന്, കുപ്രശസ്തി  നേടിയ അമേരിക്കയിലെ ഗ്രാമം. ഈ ഭീതിദമായ ചരിത്രത്തിന്റെ ഓർമയിൽ ഹാലോവിൻ കാലത്ത് ഒരു മാസം സേലത്ത് വലിയ ആഘോഷങ്ങൾ ഉണ്ടാവും.

പാശ്ചാത്യ ക്രിസ്തുമത വിശ്വാസമനുസരിച്ച് സകല വിശുദ്ധരുടെയും തിരുനാളിന്റെ തലേദിവസമായ ഒക്ടോബർ 31നു വൈകിട്ട് ഏറെ രാജ്യങ്ങളിൽ കൊണ്ടാടുന്ന ഒരു വാർഷികോത്സവമാണ് ഹാലോവീൻ അഥവാ ഓൾ ഹാലോസ് ഈവ്. ഈ പദം ആംഗലേയ വിശുദ്ധൻ എന്നർഥമുള്ള ഹാലോ (Hallow), വൈകുന്നേരം എന്നർഥമുള്ള ഈവെനിങ് (evening) എന്നീ പദങ്ങളിൽനിന്നു രൂപംകൊണ്ടതാണ്.

വീടുകൾക്ക് മുന്നിൽ ഹാലോവീൻ രൂപങ്ങൾ വച്ച് അലങ്കരിക്കും. അസ്ഥികൂടങ്ങൾ, മത്തങ്ങ ഉപയോഗിച്ചുള്ള തല, കാക്ക, എട്ടുകാലി, വവ്വാൽ, പെരുച്ചാഴി തുടങ്ങിയ അപശകുനങ്ങൾ ഉപയോഗിച്ചാണ് വീടുകളും വീഥികളും അലങ്കരിക്കാറുള്ളത്. കുട്ടികളും മുതിർന്നവരും പേടിപ്പെടുത്തുന്ന തീമിലുള്ള വസ്ത്രങ്ങൾ ധരിക്കും. കുട്ടികൾ എല്ലാ വീടുകളിലും പോയി ‘ട്രിക്ക് ഓർ ട്രീറ്റ്’(വികൃതി അല്ലെങ്കിൽ സമ്മാനം) എന്ന് ചോദിക്കും. ട്രിക്ക് പറഞ്ഞാൽ വികൃതിയും ട്രീറ്റ് പറഞ്ഞാൽ സമ്മാനവുമാണ് രീതി.

salem-halloween2

അമേരിക്കയിൽ ഹാലോവീൻ അതിഗംഭീരമായി ആഘോഷിക്കുന്ന സ്ഥലമാണ് സേലം. ഗ്രേറ്റർ ബോസ്റ്റണിന്റെ വടക്കൻ തീരത്ത് യുണൈറ്റഡ് സ്റ്റേറ്റ്സിലെ മസാച്യുസെറ്റ്സിലെ എസെക്സ് ( Essex) കൗണ്ടിയിലെ ഒരു ചരിത്ര തീരദേശനഗരമാണ് ഇത്. 1626ൽ ഇംഗ്ലിഷ് കോളനിക്കാരുമായി യൂറോപ്യന്മാരുടെ തുടർച്ചയായ കുടിയേറ്റം ആരംഭിച്ചു. ആദ്യകാല അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖ വ്യാപാര മേഖലയിൽ ഒന്നായിരുന്നു സേലം. 1692ലെ മന്ത്രവാദിനി പരീക്ഷണങ്ങളുടെ പേരിൽ (Salem Witch Trials) സേലം വ്യാപകമായി ശ്രദ്ധിക്കപ്പെട്ടു.

salem-halloween8

1692 ഫെബ്രുവരി മുതൽ 1693 മേയ് വരെ കൊളോണിയൽ മസാച്യുസെറ്റ്സിൽ മന്ത്രവാദം ആരോപിക്കപ്പെട്ട ഒരു കൂട്ടം ആളുകളുടെ ന്യായവിചാരണയും കോടതി വ്യവഹാര നടപടികളുമായിരുന്നു 'സേലം വിച്ച് ട്രയൽസ്' എന്നറിയപ്പെടുന്നത്. കുറ്റം ചുമത്തപ്പെട്ട ഇരുനൂറിലധികം പേരിൽ 30 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഈ സംഭവപരമ്പരയുടെ ഒടുക്കം 14 സ്ത്രീകളും 5 പുരുഷന്മാരുമടക്കം 19 പേരെ തൂക്കിക്കൊന്നു. ന്യായവാദം നടത്താൻ വിസമ്മതിച്ചതിന്റെ പേരിൽ ഗൈൽസ് കോറി എന്ന മറ്റൊരു പ്രതിയെ ശരീരത്തിൽ ഭാരം കയറ്റിവച്ചുള്ള വധശിക്ഷയ്ക്ക് വിധിച്ചു. 5 പേർ വിചാരണമധ്യേ ജയിലിൽ മരണത്തിനു കീഴടങ്ങി.

സേലത്തിലെ ചില പൊലീസ് കാറുകൾ മന്ത്രവാദിനി ലോഗോകളാൽ അലങ്കരിച്ചിരിക്കുന്നു.  അവിടുത്തെ ഒരു പൊതു പ്രാഥമിക വിദ്യാലയം 'വിച്ച്ക്രാഫ്റ്റ് ഹൈറ്റ്സ്' എന്നാണ് അറിയപ്പെടുന്നത്. സേലം ഹൈസ്കൂൾ അത്​ലറ്റിക് ടീമുകൾക്കു 'വിച്ച്സ് ' എന്നാണു വിളിപ്പേര്. വിച്ച് കുറ്റവിചാരണയുടെ സമയത്ത് വധശിക്ഷ നടപ്പാക്കിയ സ്ഥലമാണ് ഗാലോസ് ഹിൽ എന്ന് ആദ്യം വിശ്വസിച്ചിരുന്നു. എന്നാൽ 2016ൽ അടുത്തുള്ള പ്രോക്‌ടേഴ്‌സ് ലെഡ്ജ് എന്ന സ്ഥലം വധശിക്ഷയുടെ യഥാർഥ സ്ഥലമായി തിരിച്ചറിഞ്ഞു. ഗാലോസ് ഹിൽ ഇപ്പോൾ ഒരു സിറ്റി പാർക്കാണ്.

salem-halloween7

അന്ന് ഒക്ടോബർ 31. ഹാലോവിൻ ആഘോഷങ്ങളുടെ അവസാന ദിവസം. ഏറ്റവും തീവ്രമായ ആഘോഷങ്ങൾ നടക്കുന്നത് അന്നാണെന്നാണ് ഇസ പറഞ്ഞത്. ബോസ്റ്റനിൽനിന്നു ട്രെയിൻ വഴിയും ഫെറി വഴിയും സേലത്ത് എത്താം. ഫെറി യാത്ര അതിമനോഹരവും അവിസ്മരണീയവും  ആയിരിക്കുമെന്നാണ് ഇസ ട്രെയിനിൽ വച്ച് പറഞ്ഞത്. എന്റെ ലക്ഷ്യം  സേലത്തേക്കുള്ള രണ്ടരയുടെ ഫെറിയാണ്. ഫെറി പുറപ്പെടാൻ നിമിഷങ്ങളേ ഉണ്ടായിരുന്നുള്ളൂ. ടിക്കറ്റ് എടുത്ത്  ഫെറിയിലേക്ക്  കയറിയപ്പോൾ കണ്ട കാഴ്ച എന്നെ അദ്ഭുതപ്പെടുത്തി. എല്ലാ യാത്രക്കാരും ഹാലോവിൻ വേഷധാരികളായി, കയ്യിൽ പാനീയങ്ങളുമായി ഫെറി പുറപ്പെടാനായി കാത്തിരിക്കുന്നു. അക്കൂട്ടത്തിൽ ഇസയെയും കണ്ടു.  ഇന്ത്യക്കാരെ കണ്ടപ്പോൾ അവർക്ക് സന്തോഷമായി.

salem-halloween3

സേലത്തു ഫെറി ചെന്ന് അടുക്കുന്ന സ്ഥലം മുതൽ ഒരു നാടോടിക്കഥയിലെന്ന പോലെ മനോഹരമായി അലങ്കരിച്ചിരുന്നു. ഗ്രാമത്തിലെ വീടുകൾ എല്ലാം പതിനാറാം നൂറ്റാണ്ടിലും പതിനേഴാം നൂറ്റാണ്ടിലുമായി പണിതവയാണ്. അതെല്ലാം ചരിത്ര സ്മാരകങ്ങളായി സർക്കാർ പരിപാലിക്കുന്നു. ഓരോ വീടിന്റെയും അകത്തളങ്ങൾക്കും ജനപഥങ്ങൾക്കും എത്രയെത്ര കഥകൾ പറയാനുണ്ടാകും.? ഒട്ടേറെ പേർ ഗൈഡ്ഡ് ടൂർ സംഘങ്ങൾ ആയി അവിടം സന്ദർശിക്കുന്നു. ഇസയ്ക്ക് അറിയാവുന്ന ചരിത്രം അവൾ പറഞ്ഞുതന്നു, ഞങ്ങൾ നടത്തം തുടർന്നു. ശരത്കാലത്തിന്റെ സൗന്ദര്യം വിളിച്ചോതി പല വർണത്തിൽ വീഥിക്ക് ഇരുവശവും നിറയെ ഇലകളുമായി മേപ്പിൾ മരങ്ങൾ. 

അവിടെ നടന്ന സംഭവങ്ങളെ ആധാരമാക്കി,  ജനങ്ങൾ ഭീതിദ രൂപങ്ങളായോ ദുരാത്മാക്കളായോ ഒക്കെ കൗതുകകരമായി അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. ദമ്പതിമാർ ദുരാത്‌മാക്കൾ, ജോക്കർ, ഹാർലിക്യുൻ എന്നിങ്ങനെയും മറ്റു ചിലർ അഡൾട് തീമിലും ചുറ്റി നടക്കുന്നു. മിക്ക വീടിന്റെ മുൻപിലും അവർ പാട്ടും നൃത്തവുമായി ചെറിയ പാർട്ടികൾ നടത്തുന്നുണ്ട്. വീഥികളും കടകളും മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. മൊത്തം  ഉത്സവപ്രതീതി. ഇങ്ങനെ കാഴ്ചകൾ കണ്ട് ഞാനും ഇസയും ആഘോഷങ്ങളുടെ പ്രധാനസ്ഥലം ലക്ഷ്യമാക്കി നടന്നു.

ദൂരെനിന്ന് സുന്ദരമായ ഒരു സംഗീതം ഒഴുകിവരുന്നുണ്ട്. അടുത്തെത്തിയപ്പോൾ കണ്ടത് ഒരു വലിയ മനുഷ്യൻ പ്രത്യേക വേഷവിധാനത്തിൽ തലയിൽ ഒരു കുഞ്ഞു തിരുപ്പൻ മുടിയുമായി മനോഹരമായി ഓടക്കുഴൽ വായിക്കുന്നതാണ്.  ക്രിസ് എന്ന് പരിചയപ്പെടുത്തിയ അദ്ദേഹം രണ്ട് കൈയും നീട്ടി ഞങ്ങളെ സ്വാഗതം ചെയ്തു. അടുത്തിരുത്തി ആ ഗ്രാമത്തിലെ വിശേഷങ്ങൾ പങ്കുവച്ചു. എങ്ങനെ അവിടെ പോകണം, എന്താണ് അവിടെ നടക്കാൻ പോകുന്നത് എന്നൊക്കെ വിശദമായി പറഞ്ഞുതന്നു.   'ഞങ്ങളുടെ കൃഷ്ണൻ.. അദ്ദേഹത്തിനും വളരെ പ്രിയങ്കരമാണ് ഓടക്കുഴൽ'. –ഞാൻ പറഞ്ഞു. 

salem-halloween5

വലിയ രൂപമുള്ള ക്രിസിന്റെ പ്രത്യേകതയുള്ള ആ വേഷവും മുടിയും വളരെ നിഷ്കളങ്കമായ കുഞ്ഞുമുഖവും സുന്ദരമായ ഓടക്കുഴലും ആ ഈണവുമെല്ലാം ഓർമയിൽ മായാതെ ഇപ്പോഴുമുണ്ട്.

പതിനാറാം നൂറ്റാണ്ടിൽ ആ ഗ്രാമത്തിൽ പ്രേതബാധ ആരോപിച്ച് സമൂഹത്തിനാൽ വെറുക്കപ്പെട്ട,  ചുട്ടെടുക്കപ്പെട്ട പല സ്ത്രീകളുടെയും വീടുകൾ.. അവർ നടന്ന ഇടവഴികൾ... മൈതാനങ്ങൾ..അതിനെല്ലാം സാക്ഷിയായിട്ടുള്ള മരങ്ങൾ,  ചെറിയ ചോക്ലേറ്റ് ഫാക്ടറികൾ..ഇന്ന് അതെല്ലാം ആഘോഷത്തിന്റെ ഭാഗമാണ്, ജനങ്ങൾ പലഭാഗങ്ങളിൽ നിന്നും ട്രെയിൻ കയറിയും കപ്പൽ കയറിയും ഈ ഗ്രാമത്തിൽ ആഘോഷങ്ങളിൽ പങ്കെടുക്കാനായി കൂട്ടം കൂട്ടമായി എത്തുന്നു. അതാ ദൂരെ പഴയ ക്രിസ്ത്യൻ പള്ളി. പള്ളിയിൽ കയറി ഞങ്ങൾ കുറച്ചു നേരം ധ്യാനനിരതരായി നിന്നു. 

ആ പള്ളിയിലെ പുരോഹിതന്മാർ, അവർക്ക് എന്തോ ഈ ആഘോഷങ്ങൾ ദുരാചാരങ്ങൾ ആയിട്ട് തോന്നിയതുകൊണ്ടാവാം, അവരവിടെ ചായയും പലഹാരങ്ങളും  വിതരണം ചെയ്ത് സ്നേഹവചനം  ഓതി പള്ളിയുടെ മുമ്പിൽതന്നെ  നിൽക്കുന്നുണ്ടായിരുന്നു. എനിക്ക് എല്ലാം പുതുമ നിറഞ്ഞ അനുഭവങ്ങൾ ആയിരുന്നു. ഇതെല്ലാം സ്വപ്നമോ യാഥാർഥ്യമോയെന്ന് ഓർത്ത് ഞങ്ങൾ മുന്നോട്ട് നടന്നു.

ക്രിസ് പറഞ്ഞതനുസരിച്ചു ഞങ്ങൾ ആദ്യം സന്ദർശിച്ചത് ' ദി ഹൗസ് ഓഫ് സെവൻ ഗേബിൾസ്' എന്നറിയപ്പെടുന്ന പുരാതന സംരക്ഷിത ഭവനമായിരുന്നു. 1668ൽ വ്യാപാരിയും കപ്പൽ ഉടമയുമായ ജോൺ ടർണർ ഒന്നാമനും അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് റോബിൻസൺ ടർണറും സേലം ഹാർബറിൽ ഒരു വീട് പണിതു, അത് അമേരിക്കയുടെ ഏറ്റവും പ്രിയപ്പെട്ട ചരിത്രഭവനങ്ങളിൽ ഒന്നായി മാറി. 2007ൽ ഒരു നാഷണൽ ഹിസ്റ്റോറിക് ലാൻഡ്മാർക്ക് ഡിസ്ട്രിക്റ്റായി നിയോഗിക്കപ്പെട്ട, ദി ഹൗസ് ഓഫ് സെവൻ ഗേബിൾസ് ഇന്ന് അറിയപ്പെടുന്നത് ലോകപ്രശസ്ത അമേരിക്കൻ എഴുത്തുകാരനായ നഥാനിയൽ ഹത്തോണിന്റെ  1851ലെ 'The House of the Seven Gables' എന്ന നോവലിന്റെ പശ്ചാത്തലമായാണ്. 25 ഡോളറാണ് അവിടം സന്ദർശിക്കാനുള്ള ടിക്കറ്റ് നിരക്ക്. ഞങ്ങൾ കൗണ്ടറിൽനിന്നു ടിക്കറ്റ് എടുത്തു, അകത്തു കയറി. സേലം നിവാസികൾക്ക് അവിടം സൗജന്യമായി സന്ദർശിക്കാം. 

salem-halloween1
ദി ഹൗസ് ഓഫ് സെവൻ ഗേബിൾസ് – അമേരിക്കയുടെ ഏറ്റവും പ്രിയപ്പെട്ട ചരിത്രഭവനങ്ങളിൽ ഒന്ന്

ഇരുട്ടുംതോറും ആഘോഷങ്ങൾക്ക് ആക്കമേറി. ആളുകൾ ഒറ്റക്കായും കൂട്ടമായും ഒരു നിയന്ത്രണവുമില്ലാതെ തെരുവിൽ അലഞ്ഞു നടക്കുകയാണ്. അതിഭീകരമായി തോന്നുന്ന ചില വേഷധാരികൾ, അവർ നമ്മുടെ അടുത്തുവരുമ്പോൾ തന്നെ  ഭയം കൊണ്ട് രോമങ്ങൾ എഴുന്നുനിൽക്കും. ചിലർ നമ്മുടെ ഡാകിനിയെയും കുട്ടൂസനെയും പോലെ വേഷം ധരിച്ച് മുഖാവരണവുമായി നടന്നുവരുന്നു. 16- 17 വയസ്സുള്ള ഒരു  പെൺകുട്ടി  പ്രേതബാധിതയെപ്പോലെ കണ്ണിമയ്ക്കാതെ എന്നെത്തന്നെ നോക്കി നിന്നപ്പോൾ എന്റെ ഉള്ളിൽ  ഭയം നിറഞ്ഞു.

അമേരിക്കയുടെ വിവിധ സ്റ്റേറ്റുകളിൽനിന്ന് ആഘോഷങ്ങൾക്കായി ആളുകൾ ആ ഗ്രാമത്തിലേക്ക് വരുന്നുണ്ട്. അന്ന് ഒരു ദിവസം മാത്രമല്ല, ഒക്ടോബർ മാസം എല്ലാ ദിവസവും വൈകിട്ട് സേലത്ത് ഹാലോവീൻ ആഘോഷങ്ങളാണ് എങ്ങും. 

വൈകിട്ട് ആറായപ്പോഴേക്കും തെരുവുകൾ നിറഞ്ഞു കവിഞ്ഞു, ആഘോഷം അതിന്റെ പാരമ്യതയിൽ എത്തുന്നു. പലതരം വേഷങ്ങളും കൊട്ടും പാട്ടും വീഞ്ഞും  ബിയറും സമ്മാനവിതരണവുമായി അവർ ഈ വർഷത്തെ ഹാലോവീൻ ആഘോഷങ്ങൾക്ക് വിട നൽകുകയാണ്. സമയം ഏതാണ്ട് രാത്രി പത്തായി. ബോസ്റ്റനിലേക്ക്  എങ്ങനെ തിരിച്ചുപോകണമെന്നായി എന്റെ ചിന്ത. ഇസയോട് വിടപറഞ്ഞു തിരിച്ച് റെയിൽവേ സ്റ്റേഷനിലേക്ക് ഞാൻ നടന്നു.  അവിടെ  ഒരു പുരുഷാരം തന്നെ അർത്തുല്ലസിച്ചു നടന്നടുക്കുന്നു.  അന്ന് രാത്രി സേലം ഗ്രാമം ഉറങ്ങുകയില്ല. അതുകൊണ്ട് ഒരു വശത്ത് ആളുകൾ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഗ്രാമത്തിലേക്കു വന്നു കൊണ്ടിരിക്കുന്നു. അനവധി പേർ ഗ്രാമത്തിൽനിന്നു പുറത്തേക്കു കടക്കുന്നു. റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ വലിയ ക്യൂവാണ് കണ്ടത്.  എങ്ങനെയൊക്കെയോ രണ്ടാമത്തെയോ മൂന്നാമത്തെയോ ട്രെയിൻ പിടിച്ച് ഞാൻ ബോസ്റ്റനിൽ തിരിച്ചെത്തി. ട്രെയിനിലും ജനങ്ങൾ ഹാലോവീൻ ലഹരിയിലാണ്. എല്ലാവരും ആഘോഷത്തിലാണ്. ചിലരുടെ കയ്യിൽ ഹാലോവീൻ വേഷത്തിൽ അവരുടെ വളർത്തുമൃഗങ്ങളും കുഞ്ഞുകുട്ടികളും വരെ ഉണ്ടായിരുന്നു. 

രാത്രി വളരെ വൈകിയാണ്  ബോസ്റ്റനിൽ എനിക്കായി ബുക്ക്‌ ചെയ്‌ത ഹോട്ടൽ റൂമിൽ തിരിച്ചെത്തിയത്. അപ്രതീക്ഷിതമായി ഒരു മായിക ലോകത്തിൽ എത്തി, അതിവിചിത്രമായ ഒരു ആഘോഷത്തിൽ പങ്കുചേരാൻ പറ്റിയ സന്തോഷത്തിൽ ഞാൻ പതിയെ ഉറക്കത്തിലേക്കു വഴുതിവീണു...!

English Summary:

Discover the magic and history of Salem during Halloween! Join a journey through spooky festivities, historical landmarks, and unexpected encounters in this captivating travelogue.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com