ADVERTISEMENT

സമ്പന്നമായ പൈതൃകവും സവിശേഷ പാരമ്പര്യവും ലൂസിയാനയിലെ ക്രിസ്മസ് ആഘോഷങ്ങളിലും വൈവിധ്യം നിറയ്ക്കുന്നുണ്ട്. ഗംഭീര കരിമരുന്നു പ്രയോഗങ്ങള്‍ മുതല്‍ വൈവിധ്യമാര്‍ന്ന ക്രിസ്മസ് പരേഡുകള്‍ വരെയുള്ള ലൂസിയാനയിലെ ക്രിസ്മസ് ആഘോഷങ്ങള്‍ പഴമയുടേയും പുതുമയുടേയും ഒന്നിക്കല്‍ കൂടിയാണ്. ഒരു മാസത്തിലേറെ നീണ്ടു നില്‍ക്കുന്ന ലൂസിയാനയിലെ ക്രിസ്മസ് ആഘോഷങ്ങളില്‍ പ്രധാനപ്പെട്ടവയെക്കുറിച്ച് അറിയാം. 

ക്രിസ്മസ് ആഘോഷങ്ങളുടെ തുടക്കം റസ്റ്റണില്‍ നിന്നാണ്. നവംബര്‍ 21ന് റസ്റ്റണ്‍ ആരംഭിക്കുന്ന വാര്‍ഷിക ക്രിസ്മസ് ആഘോഷങ്ങളില്‍ ക്രിസ്മസ് ട്രീ ലൈറ്റിങും സാന്റയുടെ പ്രത്യേക സന്ദര്‍ശനവുമെല്ലാമുണ്ടാവും. തദ്ദേശീയ ഭക്ഷണം ആസ്വദിച്ചുകൊണ്ട് നിരവധി ഷോപ്പിങ് സാധ്യതകളും ഇവിടെയുണ്ട്. 

2021 Louisiana Tourism Festival Visual Assets (Holiday Trail of Lights)

നാച്ചിറ്റോച്ചസ് ക്രിസ്മസ് ഫെസ്റ്റിവെല്‍-  ലൂസിയാനയിലെ മറ്റൊരു പ്രധാന ആഘോഷമാണ് നാച്ചിറ്റോച്ചസ് ക്രിസ്മസ് ആഘോഷം. 1927 മുതല്‍ ഇവിടെ ക്രിസ്മസുമായി ബന്ധപ്പെട്ട് ആഘോഷങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നുണ്ട്. 98–ാമത് നാച്ചിറ്റോച്ചസ് ക്രിസ്മസ് ആഘോഷം നവംബര്‍ 23ന് ആരംഭിച്ച് 2025 ജനുവരി ആറിനാണ് അവസാനിക്കുക. 

ലോഗന്‍സ്‌പോര്‍ട് ക്രിസ്മസ് ഫെസ്റ്റിവല്‍ - ഒരുമാസത്തോളം നീണ്ടു നില്‍ക്കുന്ന മറ്റൊരു ക്രിസ്മസ് ആഘോഷം. ഗ്രാമി പുരസ്‌ക്കാര ജേതാക്കള്‍ അടങ്ങിയ സംഗീത പരിപാടികളും ക്ലാസിക് കാര്‍ഷോയും പരേഡും കരിമരുന്നു പ്രയോഗങ്ങളുമെല്ലാം ഈ ഫെസ്റ്റിവലിന്റെ ഭാഗമാണ്. 

2021 Louisiana Tourism Festival Visual Assets (Holiday Trail of Lights)

ക്രിസ്മസ് ഓപ്പണ്‍ ഹൗസ്- മണ്‍റോ സിറ്റിയിലെ ബൈഡന്‍ഹാണ്‍ മ്യൂസിയം ആൻഡ് ഗാര്‍ഡന്‍സില്‍ ഡിസംബര്‍ രണ്ടു മുതലാണ് ക്രിസ്മസ് ഓപ്പണ്‍ ഹൗസ് ആഘോഷങ്ങള്‍ ആരംഭിക്കുക. പുരാവസ്തുക്കള്‍ക്കൊപ്പം പരമ്പരാഗത ഇംഗ്ലീഷ് പൂന്തോട്ടങ്ങളും ബൈബിള്‍ മ്യൂസിയവും മ്യൂസിയം സ്‌റ്റോറും കൊക്ക കോള മ്യൂസിയവും ഇവിടെയുണ്ട്. 

ഫ്രാന്‍സിസ്‌വില്ലെയിലെ ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ ആറു മുതല്‍ എട്ടു വരെ നടക്കും. സംഗീതം ആസ്വദിക്കാനും ക്രിസ്മസ് ട്രീ കാണാനും തല്‍സമയ പരിപാടികള്‍ ആസ്വദിക്കാനും സാന്റക്കൊപ്പം ഭക്ഷണം കഴിക്കാനുമെല്ലാം ഇവിടെ അവസരമുണ്ട്. ഷ്രീവ്‌പോര്‍ട്ടിലെ ഓയില്‍ സിറ്റിയില്‍ ഡിസംബര്‍ ഏഴിനാണ് കാഡോ ഫയര്‍വര്‍ക്ക്‌സ് ഫെസ്റ്റിവല്‍ നടക്കുക. കാഡോ തടാകത്തിനു തീരത്തെ വെടിക്കെട്ടിനൊപ്പം ഭക്ഷണവും സംഗീതവുമെല്ലാം ആസ്വദിക്കാനാവും. 

200617_New-Roads_010

പഴയകാല ക്രിസ്മസ് ആഘോഷങ്ങളെ ഓർമപ്പെടുത്തുന്നതാണ് ബാറ്റണ്‍ റൂസില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന ആഘോഷം. സിറപ്പ് നിര്‍മാണവും വലിയ അടുപ്പുകളിലെ ഭക്ഷണ നിര്‍മാണവും വസ്ത്രങ്ങളും സോപ്പുകളും നിര്‍മിക്കുന്നതുമെല്ലാം ഇവിടെ തല്‍സമയം ആസ്വദിക്കാനാവും. 

തെക്കന്‍ ലൂസിയാനയിലാണ് അല്‍ജീഴ്‌സ് ബോണ്‍ഫയര്‍ ആൻഡ് കണ്‍സേര്‍ട്ട് ഡിസംബര്‍ ഏഴിനു നടക്കുക. ഇത് അല്‍ജീഴ്‌സിലെ ഏറ്റവും വലിയ പൊതു പരിപാടികളിലൊന്നാണ്. ഷോപ്പിങിനൊപ്പം രുചിയേറും ഭക്ഷണവൈവിധ്യവും ഇവിടെ ആസ്വദിക്കാനാവും. ലറ്റ്ച്ചറിലെ ബോണ്‍ഫയര്‍ ആഘോഷം ഡിസംബര്‍ 13 മുതല്‍ 15 വരെയാണ് നടക്കുക. 

അലക്‌സാന്‍ട്രിയയിലെ ക്രിസ്മസ് ആഘോഷങ്ങളില്‍ പ്രധാനം ഡിസംബര്‍ എട്ടിനു നടക്കുന്ന റാപിഡെസ് സിംഫണി ഓര്‍ക്കെസ്ട്രയാണ്. അലക്‌സാന്‍ട്രിയ മൃഗശാലയിലെ തിരഞ്ഞെടുത്ത ദിവസങ്ങളിലെ രാത്രി സഫാരിയും വേറിട്ട അനുഭവമായിരിക്കും. 

ന്യൂ ഓര്‍ലീന്‍സില്‍ ഡിസംബര്‍ 20 മുതല്‍ 30 വരെയാണ് NOLA ക്രിസ്മസ്‌ ഫെസ്റ്റ് നടക്കുക. ഇന്‍ഡോര്‍ ഐസ് സ്‌കേറ്റിങ്, ഐസ് സ്ലൈഡ്, കാര്‍ണിവെല്‍ റൈഡ് എന്നിങ്ങനെ നീളും ഇവിടുത്തെ ക്രിസ്മസ് ആഘോഷങ്ങളുടെ പട്ടിക. സാസെറാക് ബാറിലെ ഡ്രിങ്കും ടെഡീസ് കഫേയിലെ മധുരവും മറക്കാനാവാത്ത അനുഭവങ്ങളായിരിക്കും. ചാള്‍സ് തടാകത്തിനോടു ചേര്‍ന്നുള്ള പ്രദേശങ്ങള്‍ ക്രിസ്മസ് കാലത്ത് അതിമനോഹരമായി അലങ്കരിച്ചിരിക്കും. ഹോട്ട് ചോക്ലേറ്റ് റണ്‍, ട്രീ ലൈറ്റിങ് സെറിമണി, തടാകത്തിനോടു ചേര്‍ന്നുള്ള വെടിക്കെട്ട് എന്നിവയെല്ലാം ഇവിടെ ആസ്വദിക്കാം. 

ലൂസിയാനയിലെ ഏറ്റവും വലിയ ക്രിസ്മസ് മാര്‍ക്കറ്റുകളിലൊന്നാണ് ഗോണ്‍സാല്‍സിലേത്. ഷോപ്പിങിനു മാത്രമല്ല ഭക്ഷണം കഴിക്കാനും സംഗീതം ആസ്വദിക്കാനുമെല്ലാം മില്ലിലെ ഹോളിഡേ മാര്‍ക്കറ്റ് സന്ദര്‍ശിക്കാം. ലൂസിയാനയുടെ വടക്കന്‍ തീരങ്ങളും ക്രിസ്മസ് ആഘോഷങ്ങളാല്‍ സമൃദ്ധമാണ്. മാന്‍ഡെവില്ല തടാക തീരത്തു നിന്നും ക്രിസ്മസ് പരേഡ് ആസ്വദിക്കാം. ക്രിസ്മസ് എക്‌സ്ട്രാവെഗന്‍സ ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് എക്‌സ്‌പോയും സഞ്ചാരികള്‍ക്കു ഷോപ്പിങിനും വിവിധ രുചികള്‍ ആസ്വദിക്കാനും പറ്റിയ സ്ഥലമാണ്.

English Summary:

Louisiana’s rich culture and unique traditions offer a variety of Christmas celebrations and experiences.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com