ADVERTISEMENT

സന്തോഷത്തിന്‍റെ നാടായ ഭൂട്ടാനില്‍ നിന്നുള്ള യാത്രാചിത്രങ്ങളുമായി നടി സംയുക്ത. പാരോയിലെ ടൈഗേഴ്സ് നെസ്റ്റ് തീര്‍ഥാടനകേന്ദ്രത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ സംയുക്ത സമൂഹമധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഭൂട്ടാനിലെ പാരോ താഴ്‍​വരയിലെ ഒരു മലഞ്ചെരിവിലാണ് ടൈഗേഴ്സ് നെസ്റ്റ് അല്ലെങ്കില്‍ തക്സാങ് മൊണാസ്ട്രി  സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 3120 അടി ഉയരത്തിലാണ് ക്ഷേത്രസമുച്ചയം. ടിബറ്റന്‍ ജനതയുടെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ഥാടനകേന്ദ്രങ്ങളില്‍ ഒന്നാണിത്. മിക്ക ദിവസങ്ങളിലും മേഘാവൃതമായ ആകാശവും മൂടല്‍മഞ്ഞും ചേര്‍ന്ന്, ആകാശത്ത് നിര്‍മിച്ച കൊട്ടാരം പോലെ കാണപ്പെടുന്ന കാഴ്ച അതിമനോഹരമാണ്.

Image Credit: iamsamyuktha/instagram
Image Credit: iamsamyuktha/instagram

ഭൂട്ടാനിൽ ബുദ്ധമതം സ്ഥാപിച്ചതായി കരുതപ്പെടുന്ന ഗുരു പദ്മസംഭവ, എട്ടാം നൂറ്റാണ്ടിൽ, മൂന്ന് വർഷത്തിലേറെക്കാലം ധ്യാനിച്ചതായി കരുതപ്പെടുന്ന തക്സാങ് സെൻഗെ സംഡപ് എന്ന ഗുഹ ഇവിടെ സ്ഥിതിചെയ്യുന്നു. ഇദ്ദേഹം ധ്യാനിച്ചതായി കരുതപ്പെടുന്ന പതിമൂന്ന് കടുവാമടകളിൽ ഏറ്റവും പ്രശസ്തമാണ് പാരോ തക്സാങ്.

Image Credit: iamsamyuktha/instagram
Image Credit: iamsamyuktha/instagram

ഹിമാലയൻ രാജ്യങ്ങളിലാകെ ബുദ്ധ മതസന്ദേശവുമായി ചുറ്റി സഞ്ചരിച്ച ഗുരു പദ്മ സംഭവ,  ‘താമരയിതളിൽ നിന്ന് പിറന്നവൻ’ എന്നറിയപ്പെട്ട ആചാര്യനാണ്. ബുദ്ധസന്ദേശവുമായി ടിബറ്റിൽ എത്തിയപ്പോള്‍ ആളുകള്‍ അദ്ദേഹത്തെ എതിർത്തു. പക്ഷേ, ടിബറ്റൻ ബുദ്ധിസത്തിന്‍റെ മാതാവായി അറിയപ്പെടുന്ന യേഷേ സൊഗ്യാൽ രാജകുമാരി അദ്ദേഹത്തിന്‍റെ ശിഷ്യയായി, പിന്നീട് ജീവിതപങ്കാളിയുമായി.

Image Credit: iamsamyuktha/instagram
Image Credit: iamsamyuktha/instagram

ടിബറ്റിൽ നിന്ന് പുറത്താക്കപ്പെട്ട ഗുരുപദ്മസംഭവയെ രക്ഷിച്ച് ഭൂട്ടാനിലെത്തിച്ചത് യേഷേയാണത്രെ. ഇതിനു പിന്നിലൊരു കഥയുണ്ട്.

ആത്മീയശക്തി കൊണ്ട്, യേഷേ രാജകുമാരിയൊരു പെൺകടുവയായി മാറി. പദ്മസംഭവയെ പുറത്തിരുത്തി ടിബറ്റിൽ നിന്ന് ഭൂട്ടാനിലെ ഈ മലമുകളിലേക്ക് ആ പെൺകടുവ പറന്നുവന്നു എന്നു പുരാണം പറയുന്നു. ഈ മലമുകളിലെ പുലി മടകളിലൊന്നില്‍ പദ്മസംഭവ പിന്നീട് ഏകാന്ത ധ്യാനത്തിൽ മുഴുകി. മൂന്നു വർഷവും മൂന്നു മാസവും മൂന്നു ദിവസവും മൂന്നു മണിക്കൂറും നീണ്ട ആ ധ്യാനത്തിന് ശേഷം, ലോകം അദ്ദേഹത്തെ ‘രണ്ടാം ബുദ്ധൻ’ എന്നു വിളിച്ചു. ഇപ്പോള്‍ ഒട്ടനവധി സഞ്ചാരികള്‍ എത്തുന്ന ഒരു വിനോദസഞ്ചാരകേന്ദ്രമാണ് ഇവിടം.

Image Credit: iamsamyuktha/instagram
Image Credit: iamsamyuktha/instagram

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വീസയില്ലാതെ സന്ദർശിക്കാവുന്ന രാജ്യമായതിനാല്‍ വര്‍ഷംതോറും ഒട്ടേറെ ഇന്ത്യന്‍ സഞ്ചാരികള്‍ ഭൂട്ടാന്‍ സന്ദര്‍ശിക്കാറുണ്ട്. റോഡിലൂടെ യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് അവരുടെ സാധുവായ യാത്രാ രേഖകൾ ഭൂട്ടാൻ റോയൽ ഗവൺമെന്റിന്‍റെ ഫ്യൂൻഷോലിങ്ങിലുള്ള ഇമിഗ്രേഷൻ ഓഫീസിൽ ഹാജരാക്കിയാല്‍ 'എൻട്രി പെർമിറ്റ്' നേടാനാവും.

ഭൂട്ടാനിലേക്ക് യാത്ര ചെയ്യാന്‍ ഏറ്റവും മികച്ച സമയം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളാണ്. ഈ സമയത്ത് ഭൂട്ടാനിലെ കാലാവസ്ഥ ഏറ്റവും സുഖകരമാണ്, തെളിഞ്ഞ ആകാശവും മനോഹരമായ താഴ്​വരകള്‍ നിറയെ വർണാഭമായ വസന്തകാല പുഷ്പങ്ങളുടെ കാഴ്ചയുമെല്ലാം ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. പാരോ, തിംഫു, പുനഖ, ഫോബ്‌ജിഖ താഴ്‌വര, മോംഗാർ തുടങ്ങി രാജ്യത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എല്ലാം തന്നെ ഈ സമയത്ത് തിരക്കേറിയതാണ്.

English Summary:

Actress Samyuktha's Bhutan journey inspires with stunning views of Tiger's Nest Monastery. Explore the history, legends, and beauty of this sacred Buddhist site.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com