ADVERTISEMENT

ഇന്തൊനീഷ്യയിലെ പാപ്പുവയിലെ ഇടതൂർന്ന മഴക്കാടുകൾക്കുള്ളിൽ സ്ഥിതി ചെയ്യുന്ന, കൊറോവായ് ജനതയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ആധുനികത തൊട്ടുതീണ്ടാത്തതും പുരാതന പാരമ്പര്യങ്ങൾക്ക് പേരുകേട്ടതുമായ ഒരു ഗോത്രമാണിത്. 

മറഞ്ഞിരിക്കുന്ന ലോകത്തിലേക്കുള്ള യാത്ര

'കൊളുഫോ' എന്നും വിളിക്കപ്പെടുന്ന കൊറോവായ് ജനത, ഇന്തൊനീഷ്യൻ പ്രവിശ്യകളായ സൗത്ത് പാപ്പുവയിലും ഹൈലാൻഡ് പപ്പുവയിലും തെക്കുകിഴക്കൻ പപ്പുവയിലാണ് താമസിക്കുന്നത്. ഏകദേശം 4,000 അംഗങ്ങൾ ഇടതൂർന്ന വനത്തിനുള്ളിൽ നിർമിച്ച മനോഹരമായ വീടുകളിൽ താമസിക്കുന്നുണ്ടെന്ന് ഗവേഷകർ കണക്കാക്കുന്നു. 

കൊറോവായ് പ്രദേശത്തെത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല. ദുർഘടമായ ഭൂപ്രദേശങ്ങളും വളഞ്ഞുപുളഞ്ഞ നദികളും ഇടതൂർന്ന വനങ്ങളും കടന്നുവേണം ഇവിടെയെത്താന്‍. ഓരോ ചുവടു മുന്നോട്ടുവയ്ക്കുമ്പോഴും കാലത്തിന്റെ പാളികൾ പുറകോട്ടു പായുന്നതായി അനുഭവപ്പെടും. 1970 കൾ വരെ കൊറോവായ് ജനത പുറം ലോകത്തിൽ നിന്ന് ഒറ്റപ്പെട്ടിരുന്നു.  ഇന്നും ഇവരുടെ അടുത്തേക്ക് പുറത്തുനിന്നുള്ളവർക്ക് എത്തുക എന്നത് അല്‍പ്പം പ്രയാസമുള്ള കാര്യമാണ്.

മരച്ചില്ലകൾക്കിടയിലുള്ള ജീവിതം

കൊറോവായ് സംസ്കാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശങ്ങളില്‍ ഒന്നാണ്, കാടുകളില്‍ മരക്കാലുകള്‍ നാട്ടി അവയ്ക്ക് മുകളില്‍ നിർമിച്ച ഇവരുടെ വീടുകള്‍. വെള്ളപ്പൊക്കം, വന്യജീവികൾ മുതലായവയിൽ നിന്നും സംരക്ഷണം നല്‍കുന്ന ഈ വീടുകളിൽ ചിലത്, വായുവിൽ 40 മീറ്ററോളം ഉയരത്തിലാണ് നിർമിച്ചിരിക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും ശത്രു ഗോത്രങ്ങൾ തട്ടിക്കൊണ്ടുപോയി അടിമകളാക്കി വിൽക്കുന്നത് സാധാരണയായിരുന്നു. ഈ വീടുകള്‍ ഒരു പരിധിവരെ അവരെ എതിരാളികളില്‍ നിന്നും സംരക്ഷിച്ചു.  

Padar--Indonesia

കൊറോവായ് ആളുകള്‍ ഈ ഉയരമുള്ള വീടുകളിൽ അനായാസം കയറുന്നത് കാണുന്നത് തന്നെ വിസ്മയകരമായ കാഴ്ചയാണ്. 1980 മുതൽ, ഗോത്രത്തിലെ ചിലർ ബെക്കിങ് നദീതീരത്തും കൊറോവായ് സിറ്റാക് പ്രദേശത്തും എയ്‌ലാൻഡൻ നദിയുടെ തീരത്തുമായി സ്ഥാപിക്കപ്പെട്ട ഗ്രാമങ്ങളിലേക്ക് കുടിയേറി. 

പാരമ്പര്യവും വിശ്വാസങ്ങളും

സാഹസികരെയും വിനോദസഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്ന കൊറോവായ് ജനത ഇപ്പോഴും അവരുടെ ജീവിതരീതിയും സംസ്കാരവും നിലനിർത്തുന്നു. കൊറോവായ് ആളുകള്‍ നൈപുണ്യമുള്ള വേട്ടക്കാരാണ്, വനത്തെയാണ് പ്രധാനമായും ഉപജീവനത്തിനായി ആശ്രയിക്കുന്നത്. സാഗോ ഈന്തപ്പനകൾ, കാട്ടുചെടികൾ, മത്സ്യം എന്നിവ ഇവരുടെ പ്രധാന ഭക്ഷണങ്ങളാണ്. 

പ്രകൃതിയിലും പൂർവ്വികരുടെ ആത്മാക്കളിലും വിശ്വസിക്കുന്നവരാണ് കൊറോവായ്. ചുവന്ന തലയുള്ള  ഗിമിഗി ദൈവത്തില്‍ വിശ്വസിക്കുന്നവരാണ് ഇക്കൂട്ടര്‍. മരിച്ച ആളുകള്‍ ശിശുക്കളായി പുനര്‍ജനിക്കുമെന്നും അവര്‍ വിശ്വസിക്കുന്നു.

സമൃദ്ധിക്കും ഫലഭൂയിഷ്ഠതയ്ക്കും വേണ്ടി കൊറോവായ് വംശജർ സാഗോ ഗ്രബ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. കഷ്ടകാലം നീക്കാനായി അവർ വളർത്തുപന്നികളെ പൂർവ്വികരുടെ ആത്മാക്കൾക്ക് ബലിയർപ്പിക്കുന്നു.

നരഭോജികളോ ഇവര്‍?

പണ്ടുകാലത്ത് കൊറോവായികൾക്കിടയില്‍ മനുഷ്യരെ കൊന്നു ഭക്ഷിക്കുന്നത് ഒരു ആചാരമായിരുന്നു എന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശത്രുക്കളെയും തെറ്റുകള്‍ ചെയ്യുന്ന ആളുകളെയുമായിരുന്നത്രേ ഇങ്ങനെ കഴിച്ചിരുന്നത്. രോമങ്ങൾ, നഖങ്ങൾ, ജനനേന്ദ്രിയങ്ങൾ എന്നിവയൊഴികെ മനുഷ്യശരീരത്തിലെ എല്ലാ ഭാഗങ്ങളും ഗോത്രക്കാർ ഭക്ഷിച്ചിരുന്നു. 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മനുഷ്യമാംസം കഴിക്കാൻ അനുവാദമില്ല, കാരണം അവര്‍ക്ക് രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് കൊറോവായ് വിശ്വസിക്കുന്നു. 

എന്നാല്‍ ഇപ്പോള്‍ ടൂറിസം വികസനത്തിന്‍റെ ഭാഗമായി ഇവര്‍ക്ക് പുറംലോകവുമായി കൂടുതല്‍ അടുപ്പമുണ്ട്. അതുകൊണ്ടുതന്നെ നരഭോജനം ഇപ്പോള്‍ ഇവര്‍ക്കിടയില്‍ ഇല്ല എന്ന് നരവംശശാസ്ത്രജ്ഞർ പറയുന്നു. 1990 കളുടെ തുടക്കം മുതൽ കൊറോവായ് മേഖലയിലേക്ക് വിവിധ കമ്പനികള്‍ ടൂറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്‌.

English Summary:

Journey deep into the Indonesian rainforest to meet the Korowai Tribe. Explore their unique tree houses, ancient traditions, and the controversy surrounding their past.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com