ഇത് നാട്ടിലെ കുഞ്ഞാലിപ്പാറയല്ല! നൈജീരിയയിലെ മുത്തപ്പൻ
Mail This Article
അപരിചതരുടെ ഇടയിൽ ഒരു പരിചയമുഖം കണ്ടാൽ, അന്യദേശത്തു വച്ച് ഒരു മലയാളിയെയോ ഇന്ത്യക്കാരനെയോ കണ്ടാൽ, നമുക്ക് സന്തോഷം തോന്നും. അതുപോലെ ഒരു പ്രായം കഴിഞ്ഞാൽ, പഴമയെ, കണ്ടുമറന്നതെല്ലാം വീണ്ടും കാണുവാൻ ആയിരിക്കും കൂടുതൽ ആഗ്രഹം. വിദേശത്തുവച്ചു നമ്മുടെ കുട്ടിക്കാലത്തെ ഓർമകളെ തൊട്ടുണർത്തുന്ന അനുഭവം ഉണ്ടായല്ലോ? അതും ആഫ്രിക്കയിൽ വച്ച്...
കോളേജ് കാലഘട്ടം വരെയുള്ള ഒരുകാലത്തു കൂടുതലും ചെലവഴിച്ചത് കനകമലയുടെ താഴെയുള്ള കുഞ്ഞാലിപ്പാറ എന്ന മനോഹരമായ, ഒരു കിലോമീറ്ററിന് താഴെ നീളമുള്ള പാറയിലായിരുന്നു. അടുക്കി വച്ചതുപോലെയുള്ള പാറക്കൂട്ടങ്ങളും റോക്കറ്റ് പോലെ തോന്നുന്ന പാറയും ആനയുടെ മാതൃകയിലുള്ള പാറയും എല്ലാം കുഞ്ഞാലിപ്പാറയിൽ ഉണ്ട്. തീർത്തും മനോഹരമായ, എങ്ങും പച്ചപ്പ് നിറഞ്ഞ ദൃശ്യമാണ് അവിടെ നിന്ന് നോക്കിയാൽ.
കഴിഞ്ഞ ദിവസം നൈജീരിയയിലെ അബെകുട്ട എന്ന സ്ഥലത്തു ജോലിയാവശ്യത്തിനു പോകേണ്ടിവരികയും രണ്ടു ദിവസം അവിടെ താമസിക്കുകയും ചെയ്തു. താമസിച്ചിരുന്ന ഹോട്ടലിനടുത്തു നിന്നും പത്തു മിനിറ്റ് യാത്ര ചെയ്താൽ ഒരു വിനോദസഞ്ചാരകേന്ദ്രം ഉണ്ടെന്നു സുഹൃത്ത് മോഹൻ പറഞ്ഞിരുന്നു. പൊതുവെ നൈജീരിയയിൽ വിനോദസഞ്ചാരത്തിനുള്ള സ്ഥലങ്ങൾ കുറവാണ്, വിക്ടോറിയ ഐലൻഡിലെ ബീച്ച് മാത്രമാണ് ഇതുവരെ അവിടെ കണ്ടിട്ടുള്ള ഏക വിനോദസ്ഥലം.
ഒരു വലിയ പാറയാണ് അബെകുട്ടയിലെ ഈ വിനോദസ്ഥലം എന്ന് കേട്ടപ്പോൾ എന്തായാലും ഒന്ന് പോകാമെന്നു തീരുമാനിച്ചു അവിടെ താമസിച്ച രണ്ടാമത്തെ ദിവസം രാവിലെ നേരത്തെ ഇറങ്ങി. അഞ്ചുകിലോമിറ്റർ കഴിഞ്ഞപ്പോഴേക്കും ഒലുമോ ടൂറിസ്റ്റ് സെന്റർ എത്തി, കുറച്ചു പൊക്കത്തിൽ വലിയൊരു പാറ താഴെ നിന്നുതന്നെ കാണാം. ഒറ്റനോട്ടത്തിൽ കുഞ്ഞാലിപ്പാറയുടെ രൂപമാണ് മനസ്സിൽ തെളിഞ്ഞു വന്നത്. ശരിക്കും നാട്ടിൽ എത്തിയ പ്രതീതി.
ചെറിയൊരു പൈസ എൻട്രി ഫീ കൊടുത്തു മുകളിലേക്കുള്ള പടികൾ കയറുവാൻ തുടങ്ങുമ്പോൾ ഗൈഡ് വന്നു. നൈജീരിയക്കാരുടെ ഗാംഭീര്യമുള്ള ശബ്ദത്തിൽ അദ്ദേഹം പടികൾ കയറുമ്പോൾ തന്നെ ഒലുമോ പാറയുടെ ചരിത്രം പറഞ്ഞുതുടങ്ങി. നൈജീരിയയിലെ പ്രധാന ഗോത്ര വിഭാഗമായ 'യൊറൂബ' ഗോത്രത്തിന്റെ ഉപവിഭാഗമായ 'എഗ്‌ബ' ഗോത്രത്തിന്റെ 'അഡ്ഗ്ബാ' എന്ന പോരാളിയാണ് പത്തൊമ്പതാം നൂറ്റാണ്ടിൽ ഈ പാറ ആദ്യം കണ്ടെത്തിയത്. ശത്രുക്കളിൽ നിന്നു രക്ഷ നേടുവാനുള്ള അഭയകേന്ദ്രമായി ഈ പാറയും മലയും മാറി . ഒലുമോ എന്ന പദത്തിന്റെ അർഥം ഗൈഡ് വിശദീകരിച്ചു. 'ഒലു' എന്നാൽ ദൈവം 'മോ' എന്നാൽ രൂപീകരിക്കപ്പെട്ടത്, എന്നു വച്ചാൽ ഞങ്ങളുടെ ദുരിതങ്ങളും പ്രശ്നങ്ങളും അവസാനിക്കാൻ രൂപപ്പെടുത്തിയത് എന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ വാക മരവും മറ്റു കുറച്ചു മരക്കൂട്ടങ്ങളും പാറയ്ക്കു താഴെ ആയി ഉണ്ട്. അവിടെ വച്ചാണ് ഈ പാറയുടെ അധിപരായിട്ടുള്ള ഗോത്ര തലവന്മാർ ജനങ്ങളെ കണ്ടിരുന്നത്. കുറച്ചു കൂടെ പടികൾ കയറിയാൽ പാറയുടെ അടുത്ത് എത്തും. പരന്ന ഒരു പാറയുടെ പുറകിൽ പാറ രൂപപ്പെടുത്തിയൊരു ഭാഗം, അവിടെ മൗനമായി നിന്ന് പ്രാർത്ഥിച്ചു പാറ കയറിയാൽ അപകടം സംഭവിക്കില്ല എന്ന വിശ്വാസം ഉണ്ടെന്നു ഗൈഡ് പറഞ്ഞു. വാതിലിന്റെ മുകളിൽ ചെറിയ ചോരക്കറയും തൂവലും കണ്ടു. നമ്മുടെ നാട്ടിലെ പോലെ ബലി കൊടുക്കൽ ഇവിടെയും സാധാരണമാണ്. ഇവിടെ പ്രധാനമായും കോഴികളെയും കന്നുകാലികളെയുമാണ് ബലി കൊടുക്കുന്നത്. ഓഗസ്റ്റ് മാസത്തിലാണ് സാധാരണ ബലി വഴിപാട് നടക്കുക. ബ്രഹ്മരക്ഷസ്സ്, നമ്പൂരിശ്ശൻ തുടങ്ങി ഒരുപാടു നാടൻ ദൈവങ്ങളെ നമുക്കു പരിചയമുള്ളതു കൊണ്ട് നൈജീരിയൻ മുത്തപ്പനെ തൊഴുതുകൊണ്ടു കയറാം എന്നു മോഹനോട് പറഞ്ഞു. അവിടെ തൂക്കിയിട്ടിട്ടുള്ള ഒരു വെള്ളത്തുണിയിൽ പിടിച്ചു മൗനമായി പ്രാർത്ഥിച്ചാൽ എന്തും സഫലമാകും എന്നു ഗൈഡ് പറഞ്ഞു.
നമ്മുടെ നാട്ടിലെ ഏതു കുടുംബക്ഷേത്രങ്ങളിലും പോയാൽ ഇതുപോലെയുള്ള ആചാരങ്ങളും വിശ്വാസങ്ങളും കാണാം. നൈജീരിയക്കാർക്കു നല്ലതു വരണമേ എന്ന് പ്രാർത്ഥിച്ചു അവിടെ നിന്നും ഇറങ്ങി. അടുത്ത കാഴ്ച ശരിക്കും ഞെട്ടിച്ചു. ഞങ്ങളുടെ നാട്ടിലെ ആറേശ്വരം പുനർജനി പോലെ ഇടുങ്ങിയ പാറക്കെട്ട് കയറിവേണം മുകളിൽ കയറുവാൻ. ആറേശ്വരം പോലെ അത്ര ഇടുങ്ങിയത് അല്ലെങ്കിലും കുറച്ചു ആയാസപ്പെട്ട് വേണം കയറുവാൻ, പിന്നെ ചെല്ലുന്നതു തിരുവില്വാമല പോലെ ഒരാൾക്ക് കുനിഞ്ഞു ചെല്ലാവുന്ന രൂപത്തിലുള്ള ഗുഹ പോലെ വിശാലമായ ഒരിടമാണ്. തൂണ് പോലെ പാറക്കെട്ടുകൾ തന്നെ അവിടെ താങ്ങുകൊടുത്തു നിൽക്കുന്നുണ്ട്. ഇവിടെയാണ് ശത്രുക്കളിൽ നിന്ന് എഗ്‌ബ ഗോത്രജനത ഒളിച്ചിരുന്നത്. ചെറിയ പൊത്തു പോലെ അഞ്ചാറ് കുഴികൾ കാണാം. അത് നാടൻ പച്ചമരുന്നുകൾ അരക്കുവാനുള്ളതാണ്.
ഞങ്ങളോട് അതിനുള്ളിൽ കയറി നമ്മൾ അമ്മിയിൽ അരക്കുന്നതു പോലെ പച്ചമരുന്ന് അരക്കുന്നത് അഭിനയിക്കാൻ പറഞ്ഞു. ഗൈഡ് ഫോട്ടോ എടുത്തു തന്നു. അതിനുശേഷം പാറ താങ്ങി നിൽക്കുന്ന പോലെ കൈ മുകളിൽ പിടിച്ചപ്പോൾ അദ്ദേഹം പറഞ്ഞു 'അബി' എന്നാൽ അടിയിൽ , കുട്ട എന്നാൽ പാറ ...എന്ന് വെച്ചാൽ പാറയുടെ താഴെ എന്നാണ് അബെകുട്ട പദത്തിന്റെ അർഥം എന്നും ഈ പാറയുടെ ചുറ്റുമാണ് ആദ്യം ജനങ്ങൾ പാർത്തതും അങ്ങനെയാണ് ഈ നഗരത്തിനു അബെകുട്ട എന്ന പേര് വന്നതും എന്നു വിശദമായി പറഞ്ഞു തന്നു. എന്റെ പേര് അഭി എന്നാണെന്നും വളരെ എടുത്തവർ അഭികുട്ടാ എന്ന് വിളിക്കാറുണ്ട് എന്നും പറഞ്ഞപ്പോൾ അദ്ദേഹം അഭികുട്ടൻ ഇപ്പോൾ അബേകുട്ടയിൽ എന്ന കമന്റോടെ വിഡിയോ എടുത്തു തന്നു.
തൊട്ടടുത്തുള്ള ചെറിയ ചെടികൾ തൂർന്നു നിൽക്കുന്ന പാറ കാണിച്ചിട്ട് ഗൈഡ് പറഞ്ഞു , മഴ പെയ്താൽ ഈ പാറയിൽ മൂന്നിലേറെ ദിവസം വെള്ളം തനിയെ ശേഖരിക്കപ്പെട്ടു ഇലപ്പടർപ്പുകളിലൂടെ തുള്ളി തുള്ളിയായി വരുന്ന ആ പുണ്യവെള്ളം കൂട്ടി മരുന്ന് ഉണ്ടാക്കി കഴിച്ചാൽ മലേറിയ തുടങ്ങി സർവ അസുഖങ്ങൾക്കും പരിഹാരമാകും എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അമ്പതിലേറെ വർഷമായി പാറ ഈ രോഗസംഹാരിയായ വെള്ളം നിർഗമിക്കുന്നില്ല എന്ന് പറഞ്ഞു. നമ്മുടെ ഏതു മലയിൽ പോയാലും ഇത്തരം പച്ചമരുന്നുകളും പുണ്യജലവും കാണാവുന്നതാണ് എന്നു മനസ്സിൽ ഓർത്തു. ഗൈഡിന്റെ കൂടെ പാറയുടെ ദുർഘടം പിടിച്ച സ്ഥലത്തു കൂടെ നടന്നു പാറയുടെ ഉന്നതിയിൽ എത്തി. അതിനു തൊട്ടു മുൻപ് കുറച്ചു പടങ്ങൾ വരച്ച ഭാഗം കടന്നു പോയിരുന്നു. പാറയുടെ പൊള്ളയായ ഭാഗം ഒരു ഇരിപ്പിടം പോലെയും ഒരു മുറി പോലെയും തരംതിരിച്ചിട്ടുണ്ട്. ആഫ്രിക്കൻ പൈത്രുകം മനസ്സിലാക്കിത്തരുന്ന ചിത്രങ്ങൾ പുറകിൽ കാണാം.
പാറയുടെ ഏറ്റവും മുകളിൽ നിന്നുള്ള കാഴ്ച അതീവ സുന്ദരം. അബേക്കുട്ട നഗരവും ഓഗുൺ നദിയും കാണാം, കുറച്ചകലെ മറ്റൊരു കുന്നു കാണിച്ചിട്ട് അവിടെയാണ് ആദ്യത്തെ അവരുടെ ക്രിസ്ത്യൻ ആശ്രമം പണിതത് എന്നു പറഞ്ഞു. എങ്ങും ചെറിയ വീടുകൾ നിറഞ്ഞ ചെറിയൊരു നഗരം. പാറയുടെ മുകളിലെ പരന്ന സ്ഥലത്തു കൂടെ നടക്കുമ്പോഴാണ് വിശേഷാലുള്ളൊരു പാറ കണ്ടത് . തിരുനടയിൽ മുട്ടുമടക്കി ഇരിക്കുന്ന ആന പോലെയുള്ളൊരു പാറ. മസ്തിഷകവും ചെവിയും ആനയുടെ പോലെ തന്നെ. വീണ്ടും കുഞ്ഞാലിപ്പാറയിലേക്കു മനസ്സ് ചെന്നു. വനവാസക്കാലത്തു മഴ പെയ്തപ്പോൾ ശ്രീരാമനും സീതക്കും മഴയിൽ നിന്ന് രക്ഷ നേടാൻ ഹനുമാൻ കൂട്ടിവച്ച മൂന്നു പാറക്കൂട്ടമുണ്ട്. ഇപ്പോഴും മഴ പെയ്താൽ നമുക്ക് അതിൽ കയറിയിരിക്കാം. അതിനു തൊട്ടു എതിർവശത്തു രണ്ടു ആനകൾ പോരടിക്കാൻ എന്ന പോലെ മുഖാമുഖം നിൽക്കുന്ന പോലെ രണ്ടു വലിയ പാറകൾ ഉണ്ട്. ഇത് അതുക്കും മേലെ എന്ന് പറയുന്ന പോലെ ഭക്തിരസം നിറഞ്ഞ ഒരാന. പ്രകൃതിയുടെ മനോഹരമായ മറ്റൊരു കൈയൊപ്പ്.
പാറയുടെ മറുഭാഗത്തു കൂടെ താഴെ ഇറങ്ങുവാൻ ഒരു ലിഫ്റ്റ് വച്ചിട്ടുണ്ടെങ്കിലും അത് പ്രവർത്തനക്ഷമമല്ല. എന്നാൽ പടികൾ കൂടെ വേഗം താഴെ ഇറങ്ങാം. അതിനു തൊട്ടുമുൻപ് ഇരുന്നൂറു വർഷം പഴക്കമുള്ള വലിയൊരു മരം കാണിച്ചുതന്നു. അതിൽ ആത്തച്ചക്ക പോലെ ഒരുപാടു ഫലങ്ങൾ നിൽക്കുന്നുണ്ട്. അതും ഔഷധഗുണമുള്ളതാണ് എന്നു ഗൈഡ് പറഞ്ഞു. തിരിച്ചു ആദ്യം കയറിയ പുനർജനിപോലുള്ള അതേ സ്ഥലത്തു വന്നു ചേർന്നു. അപ്പോഴാണ് ഇടുക്കു പോലുള്ള സ്ഥലത്തു മുൻപത്തെ പോരാളികളുടെ തലയുടെ മാതൃകയിൽ രണ്ടു വിഗ്രഹങ്ങൾ സ്ഥാപിച്ചിട്ടുള്ളത്. അതിനു മുൻപിൽ കവടി കുഴിച്ചിട്ടിരിക്കുന്നു. അവരുടെ വിശ്വാസങ്ങൾ നമ്മുടേതായി എത്ര സാമ്യമുണ്ടെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.
ഗൈഡിന്റെ പേര് അവസാനം ആണ് ചോദിച്ചത്...ഫ്രാൻസിസ്. അദ്ദേഹത്തിന്റെ കൂടെ ഒരു ഫോട്ടോ എടുത്തു കുറച്ചു നൈറ കൈയിൽ വെച്ച് കൊടുത്തു അവിടെ നിന്നും ഇറങ്ങി. നാട്ടിലെ ഒരു മലയിൽ, അതും ഞങ്ങളുടെ അടുത്തുള്ള കുഞ്ഞാലിപ്പാറയിൽ, നാഡിപ്പാറയിൽ, ആറേശ്വരത്തു പോയ പ്രതീതി. രാമായണത്തിൽ സീതാദേവി ഭൂമിയിലേക്ക് ആഴ്ന്നു പോകുമ്പോൾ രക്ഷിക്കാൻ തലമുടിയിൽ പിടിച്ചപ്പോൾ ഊർന്നു പോന്ന മുടിയാണ് പിന്നീട് സീതാർമുടി എന്ന പേരിൽ പരന്നു കിടക്കുന്നതു കുഞ്ഞാലിപ്പാറയിൽ കാണാം. ഏകദേശം അതുപോലെയുള്ള ചെടിയും അവിടെ കാണാൻ സാധിച്ചു. പാറമുകളിലെ മണം പോലും നമുക്ക് ഏറെ പരിചിതം.
താഴെയുള്ള ആർട് മ്യൂസിയം കൂടെ സന്ദർശിച്ചിട്ടാണ് മടങ്ങിയത്. ആദ്യം സൂചിപ്പിച്ചതു പോലെ പുതുമയേക്കാൾ കൂടുതൽ ഇഷ്ടം നമുക്ക് ചെറുപ്പക്കാലത്തു പരിചയമായതു കാണുമ്പോഴാണ്.അത് ആഫ്രിക്കയിൽ വച്ചാകുമ്പോൾ നമ്മുടെ നാട്ടിൽ എത്തിയ പ്രതീതി. ഇത്തരം ചെറുസന്തോഷങ്ങൾ ആയിരിക്കാം ആഫ്രിക്കയെ കുറിച്ചുള്ള മുൻവിധികളിൽ നിന്ന് മുക്തി നേടി യാത്രകളെ കൂടുതൽ ഊർജ്ജദായകമാക്കുന്നത്.
നമ്മുടെ ഉൾ നാടിൻറെ പ്രതീതി തോന്നുന്നതിനാൽ നൈജീരിയയിലെ അബെകുട്ട പാറക്കെട്ടിനെ ഒലുമൊമുത്തപ്പൻ എന്ന് വിശേഷിപ്പിച്ചു അവസാനിപ്പിക്കാം.