ചുവരുകള്‍ക്കുള്ളിലെ മനോഹര നഗരങ്ങള്‍; ചൈനയ്ക്ക് മാത്രമല്ല മതിലുള്ളത്!
Mail This Article
ചൈനയിലെ വന്‍ മതില്‍ വളരെ പ്രശസ്തമാണ്. എന്നാല്‍ ചൈനയില്‍ മാത്രമല്ല, ചുറ്റും മതിലുകള്‍ കെട്ടി സംരക്ഷിക്കപ്പെട്ട ഒട്ടേറെ നഗരങ്ങള്‍ ഈ ലോകത്തുണ്ട്. ശത്രുക്കളില്‍ നിന്നും ആക്രമണങ്ങളില്‍ നിന്നും രക്ഷ നേടാന്‍ പുരാതന കാലത്തു നിർമിക്കപ്പെട്ട അത്തരം മതിലുകളില്‍ ചിലത് ഇന്നും നിലനില്‍ക്കുന്നുണ്ട്. മനോഹരമായ നഗരമതിലുകള്‍ക്കുള്ളില്‍ നിലകൊള്ളുന്ന അത്തരം ചില പട്ടണങ്ങള്‍ പരിചയപ്പെടാം.
∙ മോണ്ടെറിജിയോണി
ഇറ്റാലിയൻ പ്രദേശമായ ടസ്കാനിയിലെ സിയീന പ്രവിശ്യയിലെ ഒരു കമ്യൂണാണ് മോണ്ടെറിജിയോണി. 1214-19 കാലഘട്ടത്തിൽ ഫ്‌ളോറൻസിനെതിരായ തങ്ങളുടെ യുദ്ധങ്ങളിൽ മുൻനിര പ്രതിരോധ കോട്ടയായി സിയാനികൾ നിർമിച്ച ഈ പട്ടണം പ്രകൃതിദത്തമായ ഒരു കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്നു. ഏകദേശം 570 മീറ്റർ നീളമുള്ള വൃത്താകൃതിയിലുള്ള മതിലുകൾ പട്ടണത്തിനു ചുറ്റും സുരക്ഷാവലയം തീര്‍ക്കുന്നു.
∙ സ്നോജ്മോ
ചെക്ക് റിപ്പബ്ലിക്കിലെ ദക്ഷിണ മൊറാവിയൻ മേഖലയിലെ ഒരു പട്ടണമാണ് സ്നോജ്മോ. തെക്കുപടിഞ്ഞാറൻ മൊറാവിയയുടെ ചരിത്രപരവും സാംസ്കാരികവുമായ കേന്ദ്രവും, ദക്ഷിണ മൊറാവിയൻ മേഖലയിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ പട്ടണവുമാണ് ഇത്. തായാ നദിയുടെ കുത്തനെയുള്ള ഇടത് കരയിൽ പാറപ്പുറത്താണ് പ്രധാനമായും ഈ പട്ടണം സ്ഥിതി ചെയ്യുന്നത്, സമുദ്രനിരപ്പിൽ നിന്നു 397 മീറ്റർ ഉയരത്തിലാണ് ഏറ്റവും ഉയർന്ന സ്ഥലം. ഓസ്ട്രിയയുമായുള്ള അതിർത്തിയിലെ പ്രതിരോധ നിരയുടെ ഭാഗമായി പ്രവർത്തിച്ച സ്നോജ്മോയിലെ മതിലിനു ചുറ്റും സഞ്ചാരികള്‍ക്കു നടക്കാം.
∙ ദിയാർബക്കർ
തെക്കുകിഴക്കൻ തുർക്കിയിലെ ദിയാർബക്കർ പ്രവിശ്യയുടെ ഭരണ തലസ്ഥാനമാണ് ദിയാർബക്കർ നഗരം. ഏകദേശം 5.5 കിലോമീറ്റർ നീളത്തില്‍ വൃത്താകൃതിയില്‍ വ്യാപിച്ചുകിടക്കുന്ന കറുത്ത ബസാൾട്ടിന്റെ ഉയർന്ന മതിലുകളാൽ ചുറ്റപ്പെട്ടതാണ് നഗരകേന്ദ്രം. നഗരത്തിലേക്കു 4 കവാടങ്ങളും ചുവരുകളിൽ 82 വാച്ച് ടവറുകളും ഉണ്ട്. ഇവിടുത്തെ 11 മീറ്റർ വരെ ഉയരവും 3 മുതൽ 5 മീറ്റർ വരെ വീതിയുമുള്ള കോട്ടകൾ മധ്യകാല സൈനിക വാസ്തുവിദ്യയുടെ മികച്ച ഉദാഹരണമായി കണക്കാക്കപ്പെടുന്നു. മതിലുകൾക്കുള്ളിലെ പ്രദേശം സൂർ ജില്ല എന്ന് അറിയപ്പെടുന്നു. പുനർവികസനം നടത്തുന്നതിന് മുൻപ് ഈ ജില്ലയിൽ രജിസ്റ്റർ ചെയ്ത 599 ഓളം ചരിത്ര കെട്ടിടങ്ങളുണ്ടായിരുന്നു.
∙ പിംഗ്യാവോ
ആറ് പ്രധാന ഗേറ്റുകളും 72 വാച്ച് ടവറുകളും ഉൾപ്പെടുന്ന ഗംഭീരമായ മതിൽ കൊണ്ട് ചുറ്റപ്പെട്ട ഒരു ചെറിയ ചൈനീസ് നഗരമാണ് പിംഗ്യാവോ. കഴിഞ്ഞ 300 വർഷമായി വാസ്തുവിദ്യാപരമായി കാര്യമായ മാറ്റങ്ങളൊന്നും വരാത്ത പുരാതനമായ ഒരു നഗരമാണിത്. 2004 ൽ തെക്കൻ മതിലുകളുടെ ഒരു ഭാഗം തകർന്നെങ്കിലും അത് പിന്നീട് പുനർനിർമിച്ചു. നഗരത്തിന്റെ ബാക്കിയുള്ള മതിലുകൾ ഇപ്പോഴും കേടുപാടുകൾ കൂടാതെ നിലനില്‍ക്കുന്നു.
∙ ബ്രയാൻകോൺ
ഫ്രാൻസിലെ ഏറ്റവും ഉയരമുള്ള നഗരമായ ഹൗട്ട്സ്-ആൽപ്സിലെ ഒരു ചെറിയ പട്ടണമാണ് ബ്രയാൻകോൺ. ഡ്യൂറൻസ് നദിയിൽ സ്ഥിതി ചെയ്യുന്ന ബ്രയാൻകോൺ ഒരു കൊടുമുടിയിലാണ് നിർമിച്ചിരിക്കുന്നത്. ഓസ്ട്രിയൻ ആക്രമണകാരികളിൽ നിന്ന് പ്രദേശത്തെ സംരക്ഷിക്കുന്നതിനും ഇറ്റലിയിലേക്കുള്ള പാത സംരക്ഷിക്കുന്നതിനുമായി 17-ാം നൂറ്റാണ്ടിൽ നിർമ്മിച്ച ഒരു വലിയ മതിൽ പട്ടണത്തിനു ചുറ്റുമുണ്ട്.
∙ ലുഗോ സിറ്റി
സ്പെയിനിലെ ലുഗോ നഗരത്തിലെ മതിൽ അല്‍പ്പം വ്യത്യസ്തമാണ്. മറ്റ് മതിലുകളിൽ നിന്ന് വ്യത്യസ്തമായി ലുഗോയുടെ മതിൽ ഒരു ചതുർഭുജത്തിന്റെ ആകൃതിയിലാണ്. മൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ റോമാക്കാർ നിർമിച്ച യഥാർത്ഥ മതിലിന്റെ ഭൂരിഭാഗവും ഇപ്പോഴും കേടുപാടുകൾ കൂടാതെ തന്നെ നിലനില്‍ക്കുന്നു. രണ്ടര കിലോമീറ്റർ നീളമുള്ള മതിലിന് 82 ഗോപുരഭാഗങ്ങളുമുണ്ട്.
∙ ഡുബ്രോവ്നിക്
ക്രൊയേഷ്യയുടെ തെക്ക് ഭാഗത്ത് അഡ്രിയാറ്റിക് കടൽത്തീരത്തുള്ള ഒരു മതിലുള്ള നഗരമാണ് ഡുബ്രോവ്നിക്. "പേൾ ഓഫ് ദി അഡ്രിയാറ്റിക്" എന്ന് വിളിപ്പേരുള്ള ഇത് മെഡിറ്ററേനിയനിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. പ്രധാനമായും 12-17 നൂറ്റാണ്ടുകളിൽ നിർമ്മിച്ച ഇവിടുത്തെ നഗരമതിലുകള്‍ ഇന്നും നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
∙ കാർകസോൺ
ലോകത്തിലെ ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന മതിലുകളുള്ള നഗരങ്ങളിൽ ഒന്നാണ്, ഫ്രഞ്ച് നഗരമായ കാർകസോൺ. യൂറോപ്പിലെ ഏറ്റവും വലിയ മതിലുകളുള്ള നഗരമാണിത്. പതിമൂന്നാം നൂറ്റാണ്ടിൽ കത്തോലിക്കാ മതവിചാരണ നടത്തിയിരുന്ന 'ഇൻക്വിസിഷൻ ടവർ' എന്ന ഗോപുരം ഇപ്പോഴും ഇവിടെയുണ്ട്. 1991 ൽ പുറത്തിറങ്ങിയ 'റോബിൻ ഹുഡ്: പ്രിൻസ് ഓഫ് തീവ്സ്' എന്ന സിനിമയുടെ ചില ഭാഗങ്ങൾ കാർകസോണിലും പരിസരത്തുമായാണ് ചിത്രീകരിച്ചത്.
∙ അവില
പടിഞ്ഞാറൻ സ്പെയിനിൽ സ്ഥിതി ചെയ്യുന്ന, മധ്യകാല നഗരമായ അവില, ഒരു പാറക്കെട്ടിൻ്റെ പരന്ന കൊടുമുടിയിലാണ് നിർമ്മിച്ചിരിക്കുന്നത്. പഴയ പട്ടണത്തെ മുഴുവൻ വലയം ചെയ്യുന്ന മനോഹരമായി സംരക്ഷിച്ചിരിക്കുന്ന നഗരമതിൽ അവിലയ്ക്കുണ്ട്. ഇതിന് ഒമ്പത് കവാടങ്ങളും 88 ഗോപുരങ്ങളുമുണ്ട്. 11 ഉം 12 ഉം നൂറ്റാണ്ടുകളിലാണ് ഈ മതില്‍ നിർമ്മിച്ചത്.
∙ സിയാൻ
3,100 വർഷത്തിലേറെ പഴക്കമുള്ള ചൈനയിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്നാണ് സിയാൻ . 1,000 വർഷക്കാലം, 13 രാജവംശങ്ങളുടെ തലസ്ഥാനമായിരുന്നു ഈ നഗരം, ആകെ 73 ചക്രവർത്തിമാർ ഇവിടെ ഭരിച്ചു. സിൽക്ക് റോഡിൻ്റെ കിഴക്കൻ ടെർമിനസും ടെറാക്കോട്ട ആർമിയുടെ ആസ്ഥാനവുമാണ് സിയാൻ. 14 ആം നൂറ്റാണ്ടിൽ ആദ്യകാല മിംഗ് രാജവംശത്തിൻ്റെ കാലത്ത് പുനർനിർമ്മിക്കപ്പെട്ട നഗര മതിൽ ഇപ്പോഴും നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ നഗര മതിലുകളിലൊന്നായ ഇതിന് 5 ബൈക്കുകൾ എളുപ്പത്തിൽ ഓടിക്കാൻ കഴിയുന്നത്ര വീതിയുണ്ട്.