ആരിലും വിസ്മയം ജനിപ്പിക്കുന്ന കാഴ്ചകൾ, യാത്രാ ചിത്രങ്ങളുമായി രഞ്ജിനി ജോസ്
Mail This Article
കൗതുകം പകരുന്ന കാഴ്ചകളായിരിക്കും ഓരോ യാത്രയേയും ഏറെ വിശേഷപ്പെട്ടതാക്കുന്നത്. അത്തരമൊരു കാഴ്ചയാണ് ജീവനുള്ളതെന്നു തോന്നിപ്പിക്കുന്ന മെഴുകു പ്രതിമകൾ. ഇവ ആരിലാണ് വിസ്മയം ജനിപ്പിക്കാത്തത്. മെഴുകു കൊണ്ട് മനുഷ്യരൂപങ്ങളും കഥകളും അദ്ഭുത ലോകവും കാഴ്ചക്കാർക്കു മുൻപിൽ തുറന്നുവയ്ക്കുന്ന മാഡം തുസാഡ്‌സ് മെഴുക് മ്യൂസിയം ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ്. പുതിയൊരു ലോകം പോലെയെന്നു തോന്നിപ്പിക്കുന്ന ആ കാഴ്ചകൾ ആസ്വദിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ഗായികയായ രഞ്ജിനി ജോസ്. ലണ്ടനിലെ മാഡം തുസാഡ്‌സ് മെഴുകു മ്യൂസിയത്തിനുള്ളിൽ നിന്നുമുള്ള പ്രതിമകൾക്കൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് രഞ്ജിനി പങ്കുവച്ചിരിക്കുന്നത്. ആ മ്യൂസിയത്തിൽ ഇന്ത്യയിൽ നിന്നുള്ള പ്രശസ്തരെയും കാണുവാൻ കഴിയും.
1835 ൽ ലണ്ടനിലാണ് ആദ്യത്തെ മാഡം തുസാഡ്‌സ് മ്യൂസിയം ഫ്രഞ്ച് മെഴുക് ശില്പിയായ മേരി തുസാഡ്‌സ് സ്ഥാപിച്ചത്. ശില്പിയുടെ കയ്യൊപ്പു പതിഞ്ഞപ്പോൾ പ്രശസ്തരും ചരിത്ര പുരുഷന്മാരുമൊക്കെ ഈ മ്യൂസിയത്തിൽ ജീവൻ തുടിക്കുന്നതെന്നു തോന്നിപ്പിക്കുന്ന മെഴുക് ശിൽപങ്ങളായി. വിക്ടോറിയൻ കാലഘട്ടത്തിൽ ലണ്ടനിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന ഒരു കേന്ദ്രമായിരുന്നു ഇവിടം. ആദ്യകാലത്ത് ഇവിടുത്തെ പ്രധാനാകർഷണമായിരുന്നു ചേമ്പർ ഓഫ് ഹൊറേഴ്സ്. കൊലപാതകികളും കൊടുംകുറ്റവാളികളുമായിരുന്നു ചേമ്പർ ഓഫ് ഹൊറേഴ്സിലെ പ്രധാനികൾ. ബ്രിട്ടനിലെ സാധാരണ ജനജീവിതത്തിൽ ഭീതി വിതച്ച വലിയ കുറ്റകൃത്യങ്ങളും കൊലപാതകികളും ഇവിടെ പുനരാവിഷ്കരിക്കപ്പെട്ടു. ഭയപ്പെടുത്തുന്ന ഈ കാഴ്ചകൾ ഇപ്പോഴും മെഴുകു മ്യൂസിയത്തിലെത്തുന്ന സന്ദർശകരുടെ ശ്രദ്ധ കവരുന്ന ഒന്നാണ്.
കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന മാർവെൽ യൂണിവേഴ്‌സ്, മാഡം തുസാഡ്‌സിലെ മറ്റൊരു കാഴ്ചയാണ്. 4 ഡി സിനിമയായാണിത് പ്രദർശിപ്പിക്കുന്നത്. ക്യാപ്റ്റൻ മാർവെല്ലും തോറും ബ്ലാക്ക് പാന്തറുമൊക്കെ ഇവിടെ വിസ്മയം ജനിപ്പിക്കും. ലണ്ടൻ നഗരത്തെ അടുത്തറിയാനുള്ള യാത്രയാണ് മ്യൂസിയത്തിലെ മറ്റൊരാകർഷണം. ചരിത്രത്തിലെ പ്രധാന സംഭവങ്ങൾ, ലണ്ടൻ നഗരം കടന്നു വന്ന വഴികൾ, ആ സംസ്കാരം ഉരുത്തിരിഞ്ഞതിനുമൊക്കെ ഇവിടെ സാക്ഷികളാകാം. ലോകത്തിലെ തന്നെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായി ലണ്ടൻ മാറിയതിന്റെ കഴിഞ്ഞകാല കഥകളും മ്യൂസിയത്തിനുള്ളിലൂടെയുള്ള ടാക്സി യാത്രയിൽ കാണുവാൻ കഴിയും.
ചരിത്ര പുരുഷന്മാർ, രാജാക്കന്മാർ, സിനിമാതാരങ്ങൾ, കായിക താരങ്ങൾ തുടങ്ങിയ പ്രശസ്തരും കുപ്രസിദ്ധരായ കൊലപാതികളും വരെ മ്യൂസിയത്തിൽ മെഴുകു പ്രതിമകളായുണ്ട്. പതിനാല് സെന്റിമീറ്റർ മാത്രം വലുപ്പമുള്ള ടിങ്കർ ബെല്ലാണ് മാഡം തുസാഡ്‌സിലെ ഏറ്റവും ചെറിയ സൃഷ്ടി. ഇന്ത്യയിൽ നിന്നും മഹാത്മാ ഗാന്ധി, സച്ചിൻ ടെൻഡുൽക്കർ, വിരാട് കോലി, മാധുരി ദീക്ഷിത്, ഐശ്വര്യ റായ്, ഷാരൂഖ് ഖാൻ, ഹൃതിക് റോഷൻ, നരേന്ദ്ര മോദി, ദീപിക പദുകോൺ, രൺവീർ സിങ്, അനുഷ്ക ശർമ തുടങ്ങിയവരെ ലണ്ടനിലെ മാഡം തുസാഡ്‌സ് മ്യൂസിയത്തിൽ കാണാം.
ലണ്ടനിൽ മാത്രമല്ലാതെ പല പ്രധാന നഗരങ്ങളിലും മാഡം തുസാഡ്‌സ് മെഴുക് മ്യൂസിയം ഇന്നുണ്ട്. ഇന്ത്യയിലെ ആദ്യത്തെ മാഡം തുസാഡ്‌സ് മ്യൂസിയം 2017 ഡിസംബർ 1-ന് ന്യൂഡൽഹിയിൽ തുറന്നു. ആഞ്ജലീന ജോളി , ആശാ ഭോസ്ലെ, കപിൽ ദേവ്, മേരി കോം, ഗായിക അരിയാന ഗ്രാൻഡെ, അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ, കത്രീന കൈഫ്, സച്ചിൻ ടെൻഡുൽക്കർ, കിം കർദാഷിയാൻ, ടോം ക്രൂസ്, ലിയോനാർഡോ ഡികാപ്രിയോ തുടങ്ങി രാഷ്ട്രീയ, വിനോദ രംഗത്തെ പ്രമുഖരുടെ 50-ലധികം മെഴുക് പ്രതിമകള്‍ ഇന്ത്യയിലെ മ്യൂസിയത്തിലുണ്ട്. 2022 ജൂലൈയിൽ ന്യൂഡൽഹിയിൽ നിന്നും നോയിഡയിലേക്ക് മ്യൂസിയം മാറ്റി സ്ഥാപിച്ചു.