സ്വർഗത്തിന്റെ ഒരു ചെറുകഷ്ണം, ഒരിക്കലും മറക്കില്ല ഈ യാത്ര : മാധുരി ദീക്ഷിത്
Mail This Article
ബോളിവുഡിന്റെ സ്വപ്ന നായികയായ മാധുരി ദീക്ഷിത് അതിസുന്ദരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഗ്രീസിലെ ഏഥൻസ് എന്ന മനോഹര നഗരത്തിലെ കാഴ്ചകൾ ആസ്വദിക്കുന്ന തിരക്കിലാണ്. മലനിരകളും കടലും പുരാതന നിർമിതികളും എന്നുവേണ്ട അന്നാട്ടിലെ രുചികരമായ വിഭവങ്ങളുമെല്ലാം ഉൾപ്പെടുന്നതാണ് താരത്തിന്റെ യാത്ര. വിവാഹ വാർഷികാഘോഷങ്ങൾക്കു മാറ്റുകൂട്ടുവാനുള്ള ആ യാത്രയിൽ മാധുരിക്കൊപ്പം ഭർത്താവുമുണ്ട്. ‘സ്വർഗത്തിന്റെ ഒരു ചെറുകഷ്ണം, ഒരിക്കലും മറക്കുകില്ല...’ എന്നെഴുതിയാണ് ഗ്രീസ് യാത്രയുടെ ചിത്രങ്ങൾ താരം പങ്കുവച്ചിരിക്കുന്നത്. ആതൻസ്, സെന്റോറിനി എന്നിവിടങ്ങളിൽ നിന്നുമുള്ള കാഴ്ചകളാണ് ഇരുവരുടെയും യാത്രയിൽ ഉൾപ്പെട്ടിരിക്കുന്നത്.
വിസ്മയം ജനിപ്പിക്കുന്ന കാഴ്ചകളും സംസ്കാര സമ്പന്നമായ പൈതൃകവുമുറങ്ങുന്ന നാടാണ് ഗ്രീസിന്റെ തലസ്ഥാനമായ ആതൻസ്. ചരിത്രത്തിലിടം പിടിച്ചിട്ടുള്ള അനേകം കാഴ്ചകൾ ഈ നഗരത്തിനു വേറിട്ട മുഖം സമ്മാനിക്കും. ഇവിടെ നിന്നുമുള്ള കാഴ്ചകളിൽ പ്രധാനപ്പെട്ടതാണ് അക്രോപോളിസ്. നിരവധി നിർമിതികൾ ചരിത്രത്തിന്റെ ബാക്കിയെന്ന പോലെ ഇവിടെ കാണുവാൻ കഴിയും. അക്രോപൊളിസ് മലയുടെ ചരിവിലാണ് ഡയൊനൈസിസ് തിയറ്റർ സ്ഥിതി ചെയുന്നത്. ഡയൊനൈസിസ് ദേവന്‍റെ പേരിലാണ് ഇത് നിർമിച്ചിരിക്കുന്നത്. ഏകദേശം 17,000 പേർക്ക് ഒരേസമയം ഇരിക്കാൻ സാധിക്കുന്ന ഇതിനെ ലോകത്തിലെ ആദ്യ ഓപ്പൺ തിയറ്റർ ആയിട്ട് കണക്കാക്കുന്നു. അതി പ്രശസ്തമായ ഗ്രീക്ക് ഡ്രാമയുടെ ജന്മസ്ഥലവും ഇതാണ്. സമീപമായി റോമൻ ഓഡിയൻ എന്ന അംഫിതിയേറ്റർ. പ്രൊപിലെ എന്നാണ് അക്രോപോളിസിന്റെ പ്രവേശന കവാടം അറിയപ്പെടുന്നത്. പടിക്കെട്ടുകളുടെ ഇരുവശങ്ങളിലുമായി വലിയ മാർബിൾ തൂണുകൾ കാണാം. പടികൾ കയറി മുകളിൽ എത്തുമ്പോൾ അഥീന ദേവിയുടെ ക്ഷേത്രമായ പാർഥിനോണാണ്. പ്രാചീന ഗ്രീക്ക് വാസ്തുവിദ്യയുടെ ഉത്തമോദാഹരണങ്ങളിൽ ഒന്നാണിത്. ബി സി നാലാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രത്തിന്റെ നിർമാണം. 1600 ൽ തുർക്കികളും വെനീഷ്യൻസും തമ്മിൽ നടന്ന യുദ്ധത്തിൽ പാർഥിനോൺ ക്ഷേത്രം തകർക്കപ്പെടുകയുണ്ടായി. ഇന്ന് അതിന്റ അവശിഷ്ടങ്ങളാണ് കാണുവാൻ കഴിയുന്നത്. ആതൻസിലെ ഏറ്റവും ഉയർന്ന സ്ഥലമായ ഇവിടെനിന്നും നഗരത്തിന്റെ മനോഹരമായ വ്യൂ ആസ്വദിക്കുകയും ചെയ്യാം.
പാർഥിനോൺ ക്ഷേത്രം മാത്രമല്ല അക്രോപോളിസിലെ കാഴ്ച. കവാടത്തിന്റെ തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു ക്ഷേത്രമാണ് ടെംപിൾ ഓഫ് അഥെന നൈക്കി. പാർഥിനോണ് വടക്ക് സ്ഥിതിചെയ്യുന്ന മറ്റൊരു ക്ഷേത്രമാണ് ഇറെക്തിയം, പ്രൊമകോസ്, പ്രോപ്പലയേ, എലെസ്സിനിയൻ , സാങ്ച്വറി ഓഫ് അർതെമിസ്, ബ്രരോണിയ, ചാൾകതെകെ, പണ്ടറോസിയൻ, അറഫോറിയൻ, അഥെന പൊളിയാസിന്റെ അൾത്താര, സാങ്ച്വറി ഓഫ് സീയൂസ് പൊലീയൂസ്, സാങ്ച്വറി ഓഫ് പാൻടിയോൻ, ഒടെയോൻ ഓഫ് ഹെറോഡസ് അറ്റിക്കസ്, സ്റ്റോയ് ഓഫ് എയുമെനെസ്, സാങ്ച്വറി ഓഫ് അസ്‌ക്ലീപിയൻ, എല്യുതെറിയസ്, ഒഡിയോൺ ഓഫ് പെരിക്ലിസ്, അഗ്ലുവേറിയോൺ, തുടങ്ങിയ ഗ്രീക്ക് മിത്തോളജിയുമായി ബന്ധപ്പെട്ട് കിടക്കുന്ന നിരവധി കാഴ്ചകൾ ഇവിടെ കാണുവാൻ കഴിയും.
ലോകത്തിലെ ഏറ്റവും മികച്ച മ്യൂസിയങ്ങളിൽ ഒന്നാണ് അക്രോപോളിസിലുള്ളത്. ജീവനുണ്ടെന്നു തോന്നിപ്പിക്കുന്ന ശില്പങ്ങളും ചരിത്രത്തിന്റെ സ്പർശമുള്ള വസ്തുക്കളും ഇവിടെ കാണുവാൻ കഴിയും. ഗ്രീസിന്റെ പുരാതന കാലഘട്ടം മുതൽ റോമൻ കാലഘട്ടം വരെയുള്ളതും അക്രോപൊളിസിൽ നിന്നു കണ്ടെത്തിയ പുരാവസ്തുക്കളും ഉൾപ്പെടുന്ന ശേഖരങ്ങളും പാർഥനോൻ പോലെയുള്ള ക്ഷേത്രങ്ങളിൽ നിന്നും ലഭിച്ച പുരാതന ശില്പങ്ങളും ഈ മ്യൂസിയത്തിലുണ്ട്. വിപുലമായ ഈ ശേഖരം ആ കാലത്തെ കുറിച്ചുള്ള അറിവ് പകർന്നു നൽകും.
പുരാതന ഗ്രീസിലെ അതിബൃഹത്തായ നിർമിതികളിൽ ഒന്നാണ് പാനാതെനൈക് സ്റ്റേഡിയം. മാർബിളിൽ പണി തീർത്ത ഈ സ്റ്റേഡിയം 60,000 പേരെ വരെ ഉൾക്കൊള്ളും. 335 എ ഡി ഹെറഡോട്ടസ് അട്ടിക്യൂസ് പണിത സ്റ്റേഡിയത്തിന്റെ അതേ രൂപത്തിൽ തന്നെ നിർമിച്ചെടുത്താണ് ഇന്ന് കാണുവാൻ കഴിയുന്നത്. 1896 ലാണ് ഇന്നത്തെ രൂപത്തിലുള്ള ഈ സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തിയായത്. ആദ്യത്തെ നിർമിതിയിൽ നിന്നും യാതൊരു തരത്തിലുള്ള വ്യത്യാസവും ഇന്നുള്ളതിനില്ല എന്നതാണ് എടുത്തു പറയേണ്ട സവിശേഷത.
പതിനാറ് ഹെക്ടറിൽ വിശാലമായി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ആതൻസിലെ മറ്റൊരു കാഴ്ച. 1838 ൽ ക്വീൻ അമേലിയ കമ്മിഷൻ ചെയ്ത ഈ ഉദ്യാനം അതിമനോഹരമായ ഒരു അനുഭവം തന്നെയായിരിക്കും. പച്ചപ്പ് നിറഞ്ഞ വഴികളും കുളങ്ങളും പക്ഷി, മൃഗജാലങ്ങളും എന്നുവേണ്ട ഏതൊരാളുടെയും മനസ്സ് നിറയ്ക്കുന്ന കാഴ്ചകൾ ഈ ഉദ്യാനം സമ്മാനിക്കും. ഗ്രീക്ക് പാർലമെന്റിനു സമീപത്തു തന്നെയാണ് ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്.
തനതു വിഭവങ്ങൾ രുചിക്കാനും സാധനങ്ങൾ വാങ്ങാനും ആതൻസിൽ സന്ദർശിക്കേണ്ടയിടമാണ് മൊണാസ്റ്റിറക്കി ഫ്‌ളീ മാർക്കറ്റ്, അതിപുരാതന കാഴ്ചകളൊരുക്കി സന്ദർശകരെ കാത്തിരിക്കുന്ന ദേശീയ പുരാവസ്തു മ്യൂസിയം, ആറാം നൂറ്റാണ്ടിലെ മായിക വാസ്തുവിദ്യാ അദ്ഭുതമായ ഒളിംപ്യൻ സീയൂസ് ദേവന്റെ ക്ഷേത്രം, സിൻ്റാഗ്മ സ്ക്വയർ തുടങ്ങി കാഴ്ചകൾ അവസാനിക്കാത്ത നഗരമാണ് ആതൻസ്.