ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികൾ ഈ രാജ്യത്തേക്ക് ഒഴുകുന്നു; കാരണങ്ങൾ ധാരാളം!
Mail This Article
യാത്ര ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. അതിനു വേണ്ടി ആളുകൾ സമ്പാദിക്കുകയും സമയം കണ്ടെത്തുകയും യാത്ര തുടരുകയും ചെയ്യുന്നു. ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് അടുത്ത കാലത്തായി ഏറ്റവും ഇഷ്ടപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നത് മൌറീഷ്യസ് ആണ്. ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാജ്യമാണ് മൌറീഷ്യസ്. ആഫ്രിക്കയിലെ സമ്പന്ന രാജ്യങ്ങളിൽ ഒന്നാണ് മൌറീഷ്യസ്. അതിമനോഹരമായ ബീച്ചുകളും ലഗൂണുകളുമെല്ലാം ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്.
ഇന്ത്യയുമായി സമ്പന്നമായ സാംസ്കാരികബന്ധമാണ് മൌറീഷ്യസിനുള്ളത്. അതുകൊണ്ടു തന്നെ ഇന്ത്യൻ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മൌറീഷ്യസ് മാറിയിരിക്കുകയാണ്. ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡൽഹി, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് മൌറീഷ്യസിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റുകൾ നവംബർ 19 മുതൽ ആരംഭിച്ചിട്ടുണ്ട്. സഞ്ചാരികൾക്ക് തങ്ങളുടെ ഇഷ്ടകേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാൻ ഇതിലൂടെ കഴിയും. അത് മാത്രമല്ല ഇന്ത്യൻ പൗരൻമാർക്ക് ഇവിടെ ലഭിക്കുന്ന വീസ ഓൺ അറൈവൽ സൗകര്യം യാത്ര കൂടുതൽ ആകർഷകമാക്കുന്നു. മനോഹരമായ നിരവധി സ്ഥലങ്ങളാണ് മൌറീഷ്യസിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്.
∙ ബ്ലാക്ക് റിവർ ഗോർജസ് നാഷണൽ പാർക്കും ഗ്രാൻഡ് ബേയും
വ്യത്യസ്തമായ സസ്യജന്തുജാലങ്ങളെ ഇഷ്ടപ്പെടുന്നവർ നിർബന്ധമായും സന്ദർശിച്ചിരിക്കേണ്ട ഒരിടമാണ് ബ്ലാക്ക് റിവർ ഗോർജസ് നാഷണൽ പാർക്ക്. ഇടതൂർന്ന വനങ്ങളിലൂടെ വെള്ളച്ചാട്ടങ്ങൾ കണ്ട് മനോഹരമായ പ്രകൃതിഭംഗി ആസ്വദിച്ച് ഹൈക്കിങ് നടത്താൻ ഇഷ്ടപ്പെടുന്നവർ നിർബന്ധമായും ഇവിടം സന്ദർശിച്ചിരിക്കണം. അപൂർവമായ മൌറീഷ്യൻ വന്യജീവികളെ നിരീക്ഷിക്കാവുന്നതാണ്. നീണ്ട വാലുള്ള ഒരിനം തത്തയായ എക്കോ പാരകീറ്റ്, പിങ്ക് പ്രാവ് എന്നിവയും ഇവിടെ കാണാൻ കഴിയുന്നവയാണ്.
കടൽത്തീരത്തുള്ള ഗ്രാമമായ ഗ്രാൻഡ് ബേയിലെ രാത്രിജീവിതം വളരെ രസകരമാണ്. വിശ്രമിക്കാനായി ബീച്ചിലേക്ക് എത്തുന്നവർക്ക് മനോഹരമായ അനുഭവമാണ് ഗ്രാൻഡ് ബേ നൽകുന്നത്. അക്വാട്ടിക് സ്പോർട്സ് ഇഷ്ടപ്പെടുന്നവർക്ക് നിരവധിയായ ആക്ടിവിറ്റികൾ ഇവിടെയുണ്ട്. പ്രാദേശികമായ വസ്തുക്കൾ വാങ്ങുന്നതിനായി ഇവിടെ ഷോപ്പിങ്ങിനായി കുറച്ചു ദിവസം മാറ്റി വയ്ക്കുക. സന്ധ്യയായാൽ ബീച്ച് സൈഡ് ബാറുകളും റസ്റ്റോറന്റുകളും സജീവമാകും. പ്രാദേശീകവും രാജ്യാന്തരവുമായ പാചകരീതികൾ ഇവിടെ ആസ്വദിക്കാം.
∙ ലെ മോൺ ബ്രബാൻഡ് ആൻഡ് സെവൻ കളർഡ് എർത്ത്
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം കണ്ടെത്തിയ പർവതമാണ് ലെ മോൺ ബ്രബാൻഡ് പർവ്വതം. പ്രകൃതിരമണീയമായ സൗന്ദര്യത്തിനും മനോഹാരിതയ്ക്കും ഒപ്പം തന്നെ ചരിത്രപരമായ പ്രത്യേകതകൾക്കും പേരു കേട്ട പർവ്വതമാണ് ഇത്. ഇവിടേക്ക് എത്തുന്നവരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ട്രെക്കിങ്ങാണ്. പർവ്വതത്തിന്റെ മുകളിലേക്കുള്ള ട്രെക്കിങ്ങ് ചുറ്റുമുള്ള തടാകങ്ങളുടെയും മനോഹരമായ പ്രകൃതിയുടെയും വിസ്മയകരമായ കാഴ്ചകൾ സമ്മാനിക്കും. ഒളിച്ചോടുന്ന അടിമകളുടെ ഒരു അഭയസ്ഥാനം ആയിരുന്നു ഇത്. ചരിത്രമപരമായ ഈ പർവ്വതത്തിന്റെ പ്രത്യേകതയും അതു തന്നെയാണ്.
തെക്ക് - പടിഞ്ഞാറൻ മൗറീഷ്യസിലെ റിവിയർ നോയർ ഡിസ്ട്രിക്ടിലെ ചമാരേൽ എന്ന സ്ഥലത്താണ് സെവൻ കളർഡ് എർത്ത് സ്ഥിതി ചെയ്യുന്നത്. ഏഴ് നിറങ്ങളിലുള്ള വ്യത്യസ്തമായ ഭൂമിയാണ് ഇവിടുത്തെ പ്രത്യേകത. ചുവപ്പ്, പച്ച, മഞ്ഞ, നീല അങ്ങനെ വ്യത്യസ്തമായ ഏഴു നിറങ്ങളിലാണ് ഇവിടെ ഒരു പ്രത്യേകഭാഗത്തെ ഭൂമി. ഇവിടേക്ക് എത്തുന്ന സഞ്ചാരികൾക്കു കാണുന്നതിനായി ആ ഭാഗം വേലി കെട്ടി തിരിച്ചിട്ടുണ്ട്. ഫൊട്ടോഗ്രഫി ഇഷ്ടപ്പെടുന്നവർ നിർബന്ധമായും ഇവിടം സന്ദർശിക്കണം.
മൌറീഷ്യസിന്റെ തലസ്ഥാനമായ പോർട്ട് ലൂയിസിലും നിരവധി കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. തിരക്കേറിയ ഈ തലസ്ഥാന നഗരത്തിൽ നിരവധി സംസ്കാരങ്ങളെയും അനുഭവങ്ങളെയും ആസ്വദിക്കാൻ സഞ്ചാരികൾക്കു കഴിയും. സെൻട്രൽ മാർക്കറ്റ്, ബ്ലൂ പെന്നി മ്യൂസിയം എന്നിവയാണ് പോർട്ട് ലൂയിസിലെ പ്രധാന ഇടങ്ങൾ. അതുപോലെ കുടുംബവുമായി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കു പോകാവുന്ന സ്ഥലമാണ് ലാ വാനിലെ നേച്ചർ പാർക്ക്. ഭീമാകാരമായ ആമകൾ, മുതലകൾ, മറ്റ് വന്യജീവികൾ എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഇത് കൂടാതെ ഇവിടുത്തെ ചെറിയ ദ്വീപുകളിലേക്കുള്ള ബോട്ട് യാത്രകളും ജലകായിക വിനോദങ്ങളും മൌറീഷ്യസ് യാത്രയെ കൂടുതൽ മനോഹരമാക്കുന്നു. സ്നോർക്കെലിങ് ഇഷ്ടപ്പെടുന്നവർക്ക് അതിനുള്ള അവസരവും ഇവിടുത്തെ ചില ദ്വീപുകളിൽ ലഭ്യമാണ്.