കുടുംബ സമേതം ഒരു ഹണിമൂൺ യാത്ര; കൊടും തണുപ്പിൽ തരിണിക്കൊപ്പം കാളിദാസ് ജയറാം
Mail This Article
യാത്രകൾ, പ്രത്യേകിച്ച് അൽപം സാഹസികത കലർന്ന യാത്രകളെ ഏറെ പ്രിയപ്പെടുന്ന താരമാണു ജയറാം. ഏതു യാത്രകളിലും കുടുംബത്തെ മുഴുവൻ കൂടെക്കൂട്ടാനും അദ്ദേഹം മറക്കാറില്ല. മകന്റെ വിവാഹ ശേഷമുള്ള ഈ യാത്രയും അതുപോലെ വ്യത്യസ്തമാകുകയാണ്. ചുറ്റിലും മഞ്ഞുകണങ്ങൾ, ഐസുകട്ടകൾ തീർത്ത തൂവെള്ള പാളികൾ. തണുത്തു വിറയ്ക്കുന്ന ഫിന്‍ലന്‍ഡില്‍ നിന്നുള്ള വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് കാളിദാസ്. കാളിദാസിനും തരിണിക്കുമൊപ്പം ജയറാം, പാര്‍വതി, മാളവിക, നവനീത് എന്നിവരേയും ചിത്രങ്ങളിലും വിഡിയോയിലും കാണാം. ഫിന്‍ലന്‍ഡിലെ ലാപ്‌ലാന്‍ഡില്‍ നിന്നുള്ള വിഡിയോയാണ് കാളിദാസ് പോസ്റ്റ് ചെയ്തത്. -24 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടുത്തെ താപനില. ലാപ് ലാന്‍ഡിലെ പ്രശസ്തമായ ലെവിയിലെ സ്‌കി റിസോര്‍ട്ടില്‍ നിന്നുള്ള ബാല്‍ക്കണി കാഴ്ച്ച തരിണിയും ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കുള്ള തയാറെടുപ്പിലാണ് താനെന്ന് ഗുരുവായൂരിലെ വിവാഹത്തിനുശേഷം കാളിദാസിന്റെ സഹോദരി മാളവിക പറഞ്ഞിരുന്നു. ക്രിസ്മസ്, പുതുവത്സര ആഘോഷത്തിന്റെ ഭാഗമായാണ് ഈ യാത്രയെന്നും മാളവിക സൂചിപ്പിച്ചിരുന്നു.
∙ സന്തോഷത്തിന്റെ നാട്
ഫിൻലൻഡ്, സന്തോഷത്തിന്റെ നാട് വർഷത്തിന്റെ പകുതിയിലധികവും അതിശൈത്യത്തിലാണ്ടു കിടക്കുന്ന രാജ്യമാണ് ഫിൻലൻഡ്. സാങ്കേതിക വിദ്യയിലെ മികവിനൊപ്പം ചരിത്രവും പ്രകൃതിയുമൊക്കെ സംരക്ഷിക്കുന്നതിലും ഏറെ മുമ്പിലാണ് ഈ ജനത. ലോകത്തിൽ ഏറ്റവും സന്തോഷമുള്ള ജനത ഫിൻലൻഡിലാണെന്നു കേൾക്കുമ്പോൾ തന്നെ മനസ്സിലാക്കാമല്ലോ, പരിമിതികളെ പോലും നേട്ടങ്ങളായി മാറ്റിയെടുത്ത ഒരു വിഭാഗം മനുഷ്യരാണ് ഇവിടെ അധിവസിക്കുന്നത്. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിൽ ഭൂമിയുടെ ഏറ്റവും വടക്കേയറ്റത്താണ് ഫിൻലൻഡിന്റെ സ്ഥാനം. ജനസാന്ദ്രത കൂടുതൽ തെക്കൻ ഫിൻലൻഡിലാണ്. വിവിധ തരത്തിലുള്ള കൃഷിയും ഇവിടെ കാണുവാൻ കഴിയും. കൂടുതൽ സമയം മഞ്ഞു മൂടിക്കിടക്കുന്ന വടക്കൻ ഫിൻലൻഡിൽ താരതമ്യേന ജനസാന്ദ്രത കുറവാണ്. വൈവിധ്യങ്ങളുടെയും വൈരുധ്യങ്ങളുടെയും സമ്മേളനമാണ് ഫിൻലൻഡിലെ ശൈത്യവും വേനലും. മഞ്ഞുകാലത്തു വെള്ളപ്പുതപ്പു വിരിച്ച പോലെ മഞ്ഞു പടർന്നു നിറയും. എന്നാൽ തീരെച്ചെറിയ കാലമെങ്കിലും വേനലിൽ പ്രകൃതി പച്ച പുതച്ചു ഉന്മേഷവതിയാകും. അതു കൊണ്ട് മേയ് അവസാനം മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള സമയങ്ങളിൽ കിട്ടുന്നിടത്തോളം സമയം പ്രകൃതിയിലേക്കിറങ്ങുക എന്നതാണ് ഇവിടുത്തെ ജനതയുടെ ഒഴിവുകാല വിനോദം.
വർഷത്തിലെ ഏതു സമയത്ത് എത്തിയാലും സന്ദർശകർക്ക് ആസ്വദിക്കാൻ തക്ക വിനോദങ്ങൾ ഈ രാജ്യത്തുണ്ട്. തണുപ്പ് കാലത്ത് കൂടുതലും ഔട്ട്ഡോർ വിനോദങ്ങളാണ്. ഡൗൺഹിൽ സ്കീയിങ്, ക്രോസ് കൺട്രി സ്കീയിങ്, സ്കേറ്റിങ്, ഐസ് സ്വിമിങ് എന്നിവ അതിൽ ചിലതു മാത്രം. വേനലിൽ സൂര്യൻ അസ്തമിക്കാത്ത കൊണ്ടുതന്നെ എപ്പോഴും പ്രകാശമാനമായിരിക്കും. അതുകൊണ്ടുതന്നെ ‘ദ് ലാൻഡ് ഓഫ് ദ് മിഡ്നൈറ്റ് സൺ’ എന്നൊരു പേരുകൂടി ഈ രാജ്യത്തിനുണ്ട്. എന്നാൽ മഞ്ഞുകാലമായാലോ മാസങ്ങളോളം സൂര്യനെ കാണുവാനും കഴിയുകയില്ല. തൂവെള്ളപ്പുതപ്പണിഞ്ഞ ഭൂമിയും മുകളിൽ പ്രകാശമാനമായ ചന്ദ്രനും നക്ഷത്രങ്ങളും ചേരുന്ന രാത്രി കാണുക എന്നത് അപൂർവമാണ്. ആ കാഴ്ചകൾ കാണുവാൻ കഴിയുന്നവർ ഭാഗ്യവാന്മാർ തന്നെയാണെന്നാണ് ഇവിടെയെത്തുന്നവരുടെ അഭിപ്രായം.
ധാരാളം ദ്വീപ് സമൂഹങ്ങൾ ചേരുന്ന ഒരു രാജ്യം കൂടിയാണ് ഫിൻലൻഡ്. ദ്വീപിന്റെയും കടലിന്റെയും കാഴ്ചകൾ സമ്മാനിക്കുന്ന ലൈറ്റ് ഹൗസുകളും ഇവിടെ കാണുവാൻ കഴിയും. ഏറെ ശാന്തമായ അന്തരീക്ഷമായതു കൊണ്ടുതന്നെ സമാധാനത്തോടെ കടലിന്റെ ഇരമ്പവും കേട്ടുകൊണ്ട് എത്രനേരം വേണമെങ്കിലും ചെലവഴിക്കാനാകും. ദ്വീപിലേക്കെത്താൻ ഫെറിയോ ബോട്ടുകളോ ലഭിക്കും.
മരങ്ങൾ കൊണ്ട് നിർമിച്ച്, ചുവന്ന നിറത്തിലുള്ള നിറങ്ങൾ പൂശിയതാണ് ഇവിടുത്തെ മിക്ക ഭവനങ്ങളും. മറ്റെങ്ങും കാണുവാൻ കഴിയാത്ത തരത്തിലുള്ള ഇവിടുത്തെ മരനിർമിതികൾ നിറഞ്ഞ പട്ടണങ്ങൾക്കു നൂറ്റാണ്ടുകളുടെ പഴക്കം പറയാനുണ്ടാകും. ഹെൽസിങ്കി, പോർവൂ പോലുള്ള നഗരങ്ങൾ സന്ദർശിച്ചാൽ മതിയാകും സന്ദർശകർക്ക് ഈ കൗതുക കാഴ്ചകൾ കാണാം. ഫിൻലൻഡിൽ എത്തിയാൽ അവിടുത്തെ തനതു വിഭവങ്ങൾ തന്നെ കഴിക്കണം. വളരെ ഫ്രഷ് ആയ പച്ചക്കറികളും പഴങ്ങളും മത്സ്യവും എല്ലാം ലഭിക്കുന്ന നാടാണിത്. സാൽമൺ സൂപ്പ്, ബിൽബെറി പൈ തുടങ്ങിയ വിഭവങ്ങളെല്ലാം തന്നെ ഏറെ രുചികരമാണ്. നാടൻ വിഭവങ്ങൾ വിളമ്പുന്ന നിരവധി റസ്റ്റോറന്റുകളിൽ നിന്നും ഈ രുചി നുകരാം.
നാൽപതോളം ദേശീയോദ്യാനങ്ങൾ രാജ്യത്തിന്റെ പലഭാഗങ്ങളിലായി കാണുവാൻ കഴിയും. ദ്വീപുകൾ, തടാകങ്ങൾ, വനങ്ങൾ തുടങ്ങിയവയാണ് ഈ ഉദ്യാനങ്ങളുടെ സൗന്ദര്യം വർധിപ്പിക്കുന്നത്. ഹൈക്കിങ്, കാനോയിങ്, ക്ലൈമ്പിങ്, സ്നോഷോയിങ് തുടങ്ങിയ പല വിനോദങ്ങളും ഇവിടെ കാണുവാൻ കഴിയും. താല്പര്യമുള്ളവർക്ക് അത്തരം കാര്യങ്ങളിൽ ഏർപ്പെടാനുള്ള സൗകര്യങ്ങളുമുണ്ട്.സാന്താ ക്ലോസിന്റെ ഭവനമെന്നറിയപ്പെടുന്ന രാജ്യമാണ് ഫിൻലൻഡ്. ആ രാജ്യം സന്ദർശിക്കുമ്പോൾ സാന്ത ക്ലോസിനെ കാണാതെ മടങ്ങുന്നതെങ്ങനെ? ആർട്ടിക് സർക്കിളിലെ റൊവാനിയെമി എന്ന സ്ഥലത്താണ് ക്രിസ്തുമസ് പപ്പയുടെ ഓഫിസ് സ്ഥിതി ചെയ്യുന്നത്. വര്ഷം മുഴുവൻ തുറന്നിരിക്കുന്ന ഈ ഓഫിസിലെത്തിയാൽ സാന്ത ക്ലോസുമായി സംസാരിക്കാം. കഥകൾ കേൾക്കാം.
∙ നോർത്തേൺ ലൈറ്റ്സ്
പച്ചയും പർപ്പിളും കലർന്ന നിറങ്ങളുടെ ആകാശത്തെ നൃത്തമാണ് നോർത്തേൺ ലൈറ്റ്സ്. അത് കാണുക എന്നത് പല സഞ്ചാരികളുടേയും സ്വപ്നവുമാണ്. ശരിക്കും കാണേണ്ട ഒരു കാഴ്ച തന്നെയാണത്. അറോറ ബോറാലിസ് എന്നുകൂടി അറിയപ്പെടുന്ന ഈ പ്രകൃതിപ്രതിഭാസം കാണാൻ ഒരു വർഷത്തിൽ അനേകായിരങ്ങളാണ് ഫിൻലൻഡിലേക്കു പോകുന്നത്. സെപ്റ്റംബർ – ഒക്ടോബർ, ഫെബ്രുവരി – മാർച്ച് മാസങ്ങളിലായി, വർഷത്തിൽ ഏകദേശം പത്തോ ഇരുപതോ രാത്രികളിൽ മാത്രമാണ് അറോറ ബൊറാലിസ് ദൃശ്യമാകുന്നത്. അതിനാൽ തന്നെ ആ സമയം ഫിൻലാൻഡ് വടക്കൻ ലൈറ്റുകൾ അന്വേഷിക്കുന്നവരുടെ പ്രധാന ലക്ഷ്യസ്ഥാനമായി മാറും. രാത്രിയുടെ അന്ത്യയാമങ്ങളിൽ പ്രകൃതി ആകാശത്തു നിറങ്ങൾ വാരിവിതറുമ്പോൾ അതൊരു ചില്ലുകൂട്ടിനുള്ളിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം കണ്ടാസദിക്കാൻ സാധിച്ചാൽ എങ്ങനെയുണ്ടാകും. ഫിൻലൻഡിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് അട്രാക്ഷനാണ് ഗ്ലാസ് ഇഗ്ലു. നോർത്തേൺ ലൈറ്റ്സ് കാണുന്നതിനായി ഒരുക്കിയിരിക്കുന്ന ഈ ഗ്ലാസ് ഇഗ്ലുവിലൊന്ന് തെരഞ്ഞെടുത്ത് അടുത്ത അവധിക്കാലം അവീസ്മരണീയമാക്കാം.നോർത്തേൺ ലൈറ്റ്സ് ഏറ്റവും നന്നായി കാണണമെങ്കിൽ സിറ്റി ലൈറ്റുകളിൽ നിന്ന് കഴിയുന്നത്ര അകന്നുപോകുക എന്നതാണ് വഴി. ഇരുണ്ട പ്രദേശങ്ങളിൽ ഇത് വളരെ വ്യക്തമായി കാണാനാകും. അതുകൊണ്ടാണ് ലാപ്‌ലാൻഡ് പോലെ ആർട്ടിക് സർക്കിളിലോ അതിനു മുകളിലോ ഉള്ള വടക്കൻ ഫിന്നിഷ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് സഞ്ചാരികൾ പോകുന്നത്. ഈയടുത്തായി പുതിയൊരു ട്രെൻഡ് രൂപപ്പെട്ടിട്ടുണ്ട്. മഞ്ഞുപ്രദേശങ്ങളിൽ ആളുകൾ താമസിയ്ക്കുന്ന ഇഗ്ലുവിനെ ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കി മാറ്റിയിരിക്കുകയാണ് ഫിൻലൻഡ്. അതും ഫുൾ ഗ്ലാസിൽ നിർമിച്ചിരിക്കുന്നവയാണിത്. സാധാരണ അറോറ ബോറാലിസ് കാണുന്നതിനായി പലയിടങ്ങളിലൂടെ സഞ്ചരിക്കണം, ചിലപ്പോൾ മണിക്കൂറൂകളോളം കാത്തിരുന്നാലും ആ സ്ഥലത്ത് ലൈറ്റ്സ് വരണമെന്നില്ല. ആർട്ടിക് ട്രീഹൗസ് ഹോട്ടൽ,ഒക്ടോള, കാക്‌സ്‌ലൗട്ടാനൻ ആർട്ടിക് റിസോർട്ട് എന്നിവ ചില പ്രശസ്തമായ ഇഗ്ലു റിസോർട്ടുകളാണ്.