പട്ടായയിൽ അവധി ആഘോഷിച്ച് തൃഷ; കമന്റുകളിൽ നിറയെ വിജയ്യുടെ ചിത്രങ്ങൾ
Mail This Article
പ്രായം നാല്പതുകളിലേക്കു കടന്നെങ്കിലും തമിഴകത്തിന്റെ താരറാണി ആരെന്ന ചോദ്യത്തിന് ഇരുപതു വർഷമായി തൃഷ കൃഷ്ണൻ എന്ന ഒരൊറ്റ പേരുമാത്രമേയുള്ളൂ. ഇപ്പോഴും സൂപ്പർ താരങ്ങളുടെ നായികയായി തിളങ്ങുന്ന തൃഷ, പുതിയ ചിത്രമായ വിടാമുയർച്ചിയുടെ തിരക്കുകളിൽ നിന്നുമൊഴിഞ്ഞു അവധിയാഘോഷത്തിലാണ്. താരത്തിന്റെ യാത്രകളിൽ ഇടംപിടിച്ചിരിക്കുന്നത് യാത്രാപ്രേമികളുടെ ഇഷ്ടയിടമായ പട്ടായ ആണ്. ബീച്ചിന്റെ സൗന്ദര്യത്തെ തോല്പിക്കുന്ന അഴകിൽ അതിസുന്ദരിയായി നിൽക്കുന്ന തൃഷയാണ് പങ്കുവച്ച ചിത്രങ്ങളിലെ പ്രധാനാകർഷണം. വേറൊരു നഗരമോ രാജ്യമോ തന്റെ ഹൃദയത്തെ ഇത്രയധികം കീഴടക്കിയിട്ടില്ല എന്നർത്ഥമാക്കുന്ന വരികളിലൂടെയാണ് പട്ടായയോടുള്ള തന്റെ സ്നേഹം താരം പ്രകടിപ്പിച്ചിരിക്കുന്നത്.
കടലും കാഴ്ചകളും എത്ര കണ്ടാലും മതിവരാത്തവർക്കു പട്ടായയിലെ ബീച്ച് സ്വർഗതുല്യമായ അനുഭവമായിരിക്കും. പതിനഞ്ചു കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്നതാണ് ഈ നഗരത്തിലെ ബീച്ച്. കടലിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യം മാത്രമല്ല, വിവിധങ്ങളായ വിനോദങ്ങളും സന്ദർശകർക്കായി ഈ ബീച്ചുകൾ ഒരുക്കിവച്ചിട്ടുണ്ട്. പട്ടായയുടെ ഹൃദയഭാഗത്തു നിന്നും 45 മിനിറ്റ് മാത്രം യാത്ര ചെയ്താൽ കോറൽ ദ്വീപിലെത്താം. പാരാഗ്ലൈഡിങ്ങാണ് ഇവിടുത്തെ പ്രധാനാകർഷണം. ആകാശത്തിന്റെ അനന്തതയിലേക്ക് ഉയർന്നു പൊങ്ങി പതിയെ ഭൂമിയിലേക്കു പറന്നിറങ്ങുന്ന മനോഹരമായ അനുഭവം അതിഥികൾക്ക് ആസ്വദിക്കാം. വിനോദങ്ങൾ മാത്രമല്ല, മറ്റു രാജ്യങ്ങളിൽ നിന്നും എത്തുന്നവരെ അസൂയപ്പെടുത്തുന്ന തരത്തിലുള്ള വൃത്തിയും സൗകര്യങ്ങളും ഈ ബീച്ചുകൾക്കുണ്ട്. അതുകൊണ്ടുതന്നെ ഇവിടെ എത്ര സമയം ചെലവഴിച്ചാലും മടുക്കുകയില്ല. സന്ദർശകർക്ക് കടൽത്തീരത്തു നിരവധി വിനോദങ്ങൾ വേറെയുമാസ്വദിക്കാവുന്നതാണ്.
പാട്ടായയിലെ അതിശയിപ്പിക്കുന്ന ഒരു കാഴ്ചയാണ് ഒഴുകുന്ന മാർക്കറ്റുകൾ. നഗരത്തിനു മധ്യത്തിലാണിത് സ്ഥിതി ചെയ്യുന്നത്. വെള്ളത്തിനു മുകളിലൂടെ സഞ്ചരിക്കുന്ന വള്ളങ്ങളിലാണ് കച്ചവടത്തിനുള്ള സാധനങ്ങൾ നിരത്തിയിരിക്കുന്നത്. അമൂല്യവും പൗരാണികവുമായ വസ്തുക്കൾ മുതൽ തനിനാടൻ വസ്തുക്കൾ വരെ ഈ ഒഴുകുന്ന വള്ളങ്ങളിൽ നിന്നും വാങ്ങുവാൻ കഴിയും. തായ്‌ലൻഡിലെ ഗ്രാമങ്ങളിൽ നിന്നും ശേഖരിക്കുന്ന വസ്തുക്കളും ഈ വള്ളങ്ങളിലുണ്ടാകും. ഒരു കടയിൽ നിന്നും അടുത്ത കടയിലേക്കുള്ള യാത്രയും വള്ളത്തിൽ തന്നെയാണെന്നതാണ് എടുത്തു പറയേണ്ട ഒരു സവിശേഷത. മറ്റുള്ള രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് ഈ ഒഴുകുന്ന മാർക്കറ്റുകൾ ഒരു കൗതുക കാഴ്ചയാണ്.
തായ്‌ലൻഡിന്റെ തലസ്ഥാന നഗരമായ ബാങ്കോക്കിൽ നിന്നും 150 കിലോമീറ്റർ അകലെയാണെങ്കിലും നഗരത്തിന്റെ പ്രൗഢി ഒട്ടും കുറവില്ല പട്ടായയ്ക്ക്. ആട്ടവും പാട്ടും ആഘോഷങ്ങളുമായി രാവുകൾ പകൽ പോലെ സജീവമാണിവിടെ. വാക്കിങ് സ്ട്രീറ്റിലെ വെളിച്ചത്തിലൂടെ നടക്കാനിറങ്ങിയാൽ ഇരുവശങ്ങളിലുമുള്ള ബാറുകളും ഭക്ഷണശാലകളും ക്ലബ്ബുകളുമൊക്കെ ഉറക്കത്തെ അകറ്റി നിർത്തും. പാതയരികിലെ ചെറിയ കടകളിൽ വിൽക്കാനിരിക്കുന്ന വിഭവങ്ങളിലുമുണ്ട് പ്രത്യേകത തേളും പാറ്റയും പുൽച്ചാടിയുമൊക്കെ കറുമുറെ കൊറിക്കാൻ വറത്തുവച്ചിട്ടുണ്ടാകും.
പട്ടായയിലെ പണിതീരാത്ത ഒരു മ്യൂസിയമാണ് ദി സാങ്ച്വറി ഓഫ് ട്രൂത്. ആദ്യ നോട്ടത്തിൽ ഒരു ക്ഷേത്രത്തിനോട് സമാനമാണിത്. പൂർണമായും തടിയിൽ നിർമിച്ചതെന്ന സവിശേഷതയുമുണ്ട്. ഈ മ്യൂസിയത്തിൽ കാണുവാൻ കഴിയുന്ന എല്ലാ ശില്പങ്ങളും രൂപങ്ങളുമെല്ലാം മരത്തിൽ തന്നെ നിർമിച്ചതാണ്. 1981 ലാണിതിന്റെ നിർമാണമാരംഭിച്ചത്. ഇതുവരെയും പണി പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും സന്ദർശകർക്ക് ഇവിടെ പ്രവേശനാനുമതിയുണ്ട്. പതിമൂന്നു ഹെക്ടറിൽ അതിവിശാലമായി വ്യാപിച്ചിരിക്കുന്ന ഈ നിർമിതിയുടെ ഏറ്റവും ഉയരമാർന്ന അഗ്രത്തിന്റെ നീളം 105 മീറ്ററാണ്. തായ് വാസ്തുവിദ്യയുടെ മനോഹരമായ സമ്മേളനം ഈ നിർമിതിയിൽ കാണുവാൻ കഴിയും. ഹൈന്ദവ വിശ്വാസങ്ങളിലൂന്നിയിരിക്കുന്നതു കൊണ്ടുതന്നെ ബ്രഹ്‌മാവിന്റേയും ഗണപതിയുടെയും ശില്പങ്ങളും ഇവിടെയുണ്ട്. മാതാ, പിതാ, ഗുരു, രാജാവ് എന്നിങ്ങനെ വിശ്വാസത്തിലൂന്നിയാണ് നാല് മുഖങ്ങൾ. തെക്കുഭാഗം സൂര്യൻ, ചന്ദ്രൻ, മറ്റു ഗ്രഹങ്ങൾ എന്നീ വിഷയങ്ങൾക്കാണ് പ്രാമുഖ്യം. പടിഞ്ഞാറ് ഭാഗം ഭൂമി, കാറ്റ്, അഗ്നി, ജലം എന്നിവയ്ക്കും നൽകിയിരിക്കുന്നു. ഹൈന്ദവ - ബുദ്ധ വിശ്വാസങ്ങളുടെ സമ്മേളനം ഇവിടെ കാണുവാൻ കഴിയും. ധാരാളം വിനോദോപാധികളുമുണ്ട്. ബോട്ട് യാത്ര, ആന സവാരി, കുതിര സവാരി, സ്പീഡ് ബോട്ട് റൈഡ് തുടങ്ങിയവയും ആസ്വദിക്കാവുന്നതാണ്.
പട്ടായയിൽ നിന്നും ഇരുപതു മിനിറ്റ് മാത്രം ദൂരമുള്ള ഒരു വിസ്മയമാണ് ഖാവോ ചീ ചാൻ. 130 മീറ്റർ ഉയരത്തിലാണ് ഈ മലനിരകൾ സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ ചിത്രം ഈ മലയിൽ കാണുവാൻ കഴിയുന്നതു കൊണ്ടുതന്നെ ബുദ്ധ പർവ്വതം എന്നൊരു പേര് കൂടിയുണ്ടിതിന്.
തായ്‌ലൻഡിലെ ആദ്യത്തെ മൃഗശാലയാണ് ഖാവോ ഖോവ് മൃഗശാല. പക്ഷികളും മൃഗങ്ങളും ഉൾപ്പെടെ ഏകദേശം എണ്ണായിരത്തോളം ജീവി വർഗങ്ങളെ ഇവിടെ കാണുവാൻ കഴിയും. മലേഷ്യൻ ടാപിർ, ജിറാഫുകൾ, ആനകൾ തുടങ്ങിയവയാണ് ഇതിലേറെയും. കുട്ടികൾക്കും മുതിർന്നവർക്കുമായി ആനസവാരിയും ട്രെക്കിങ്ങുമുണ്ട്.
നൊങ് നൂച്ച് ട്രോപിക്കൽ ഉദ്യാനം പട്ടായയിലെ മറ്റൊരു കാഴ്ചയാണ്. തടാകങ്ങളും ഓർക്കിഡ് നഴ്സറിയും വെള്ളച്ചാട്ടങ്ങളും മനോഹരമായ പൂന്തോട്ടവുമൊക്കെയായി ഏറെ സുന്ദരമാണ് ഈ ഉദ്യാനം. നൃത്തങ്ങളും വാൾ പയറ്റും തായ് ബോക്സിങ്ങും എലിഫന്റ് ഷോയുമടക്കം പല തരത്തിലുള്ള വിനോദ പരിപാടികൾ ഇവിടെ അരങ്ങേറാറുണ്ട്. ചെറിയൊരു തുക ഫീസായി നൽകിയാണ് പ്രവേശനം. കാലത്ത് എട്ടുമണി മുതൽ വൈകുന്നേരം 6 വരെയാണ് അതിഥികൾക്ക് പ്രവേശനം.
ശാന്തമായി അവധിക്കാലം ആഘോഷിക്കാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് പോകാന്‍ പറ്റുന്ന, അത്തരത്തിലുള്ള ഒരിടമാണ് വാട്ട് യന്‍സാങ്വരാരാം. പട്ടായയില്‍ നിന്നും ഇരുപതു കിലോമീറ്റര്‍ ദൂരെയുള്ള ഈ ബുദ്ധക്ഷേത്രത്തിലെത്താന്‍ നഗരമധ്യത്തില്‍ നിന്നും വെറും മുപ്പതു മിനിറ്റ് യാത്ര ചെയ്താല്‍ മതി. ഏകദേശം 145 ഏക്കറില്‍ പരന്നുകിടക്കുന്ന ഒരു ക്ഷേത്രസമുച്ചയമാണ് വാട്ട് യന്‍സാങ്വരാരാം. പ്രാദേശികമായി 'വാട്ട് യാന്‍' എന്നാണ് ഇത് അറിയപ്പെടുന്നത്. സുന്ദരമായ പൂന്തോട്ടങ്ങളും തടാകങ്ങളും പഗോഡകൾ ഉൾപ്പെടെ, മനോഹരമായ വാസ്തുശൈലിയില്‍ നിര്‍മിച്ച അനേകം കെട്ടിടങ്ങളും ഏഴോളം പവലിയനുകളും ഇതിനു ചുറ്റുമായി കാണാം. ഇന്ത്യ, സ്വിറ്റ്സർലൻഡ്, ചൈന, ജപ്പാൻ, ലന്ന തായ് എന്നിവിടങ്ങളിലെ വാസ്തുവിദ്യയുടെ സ്വാധീനം ഈ കെട്ടിടങ്ങളുടെ നിർമാണരീതിയിലുണ്ട്. 1976-ല്‍, പരമോന്നത പാത്രിയർക്കീസ് സോംദേജ് ഫ്രാ യനസാങ്‌വോണ്‍ തായ് സന്യാസസഭയുടെ പരമോന്നതനേതാവായിരുന്ന സമയത്താണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ബുദ്ധന്‍റെയും അദ്ദേഹത്തിന്‍റെ ശിഷ്യന്മാരുടേതാണെന്ന് പറയപ്പെടുന്ന അനേകം അമൂല്യമായ ബുദ്ധമതാവശിഷ്ടങ്ങളും ബുദ്ധന്‍റെ കാൽപ്പാടുകളുടെ ഒരു പകർപ്പുമെല്ലാം ക്ഷേത്രത്തിനുള്ളിലുണ്ട്. ഇതിനു മുകളില്‍ നിന്നും നോക്കിയാല്‍ കാണുന്ന നഗരകാഴ്ചകള്‍ അതിമനോഹരമാണ്.