സ്വർണവേട്ടയ്ക്കു പോയവരുടെ വള്ളം ഈ തടാകത്തിൽ മുങ്ങി...; ചുരുളഴിയേണ്ട ഒരു രഹസ്യം
Mail This Article
ഒക്ടോബർ 2023.
ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യ, കാനഡ.
മൃദുവായി മഴ പെയ്ത മൂന്ന് ഇരുണ്ട ദിനങ്ങൾക്കു ശേഷം സൂര്യൻ തെളിഞ്ഞപ്പോൾ ഞങ്ങൾ മറ്റൊരു യാത്ര തുടങ്ങി. ലക്ഷ്യം നൂറ് കിലോമീറ്റർ അകലെ ഹാരിസൺ ഹോട്ട് സ്പ്രിങ്സ്. ഫ്രേസർ നദിയിലെ പാലം കടന്ന് കാർ പായുമ്പോൾ വഴിയരികിൽ ശരത്ക്കാല വർണങ്ങളുടെ ആഘോഷം കണ്ടു. പ്രധാന പാത പിന്നിട്ട വാഹനം ഗ്രാമവഴികളിൽ കയറി. ഉൾപ്പാതകൾക്കു വീതി കുറവ്, എന്നാൽ അവ യാത്രികനു നൽകുന്ന അനുഭൂതികൾ അനന്യം. ഗ്രാമപ്രകൃതിയുടെ വശ്യതയറിയാൻ വേഗം കുറച്ചു പോകുന്നതാണ് ഉചിതം. മേപ്പിൾ റിഡ്ജ്, മിഷൻ പട്ടണങ്ങൾ പിന്നിലായി. വലതു ഭാഗത്ത് ഒരു തടാകത്തിന്റെ തുടർച്ച കാണുന്നു. സമീപത്ത് വെള്ളക്കെട്ടുകൾ, തണ്ണീർത്തടങ്ങൾ, മലയിറമ്പിൽ തഴച്ചു വളരുന്ന പൈൻ മരങ്ങൾ. മേലെ നീലാകാശം, കണ്ണഞ്ചുന്ന പ്രകാശം.ഒരു മലമ്പാത കയറിയിറങ്ങി ഞങ്ങൾ താഴ്വരയിൽ പ്രവേശിച്ചു. അകലെ മലകളിലെ മരങ്ങളിൽ നിറങ്ങൾ തെളിഞ്ഞു തുടങ്ങി. അതേ സമയം ഇടതുവശത്തുള്ള സൂചിഗാഗ്ര മരങ്ങളിലെ ഹരിതം ശരത്ക്കാലമായാലും നിറങ്ങൾക്ക് വഴങ്ങില്ല, ഇല പൊഴിയുകയുമില്ല. നിറം മാറാൻ ഡിസംബർ ഇങ്ങെത്തണം. അപ്പോൾ മഞ്ഞു വീണ് അവ ധവളനിറമാകും. വിശന്നു വലയുന്ന ചെന്നായ്ക്കൾ പ്രതികൂല കാലാവസ്ഥയിൽ ഇരതേടിയിറങ്ങും. അവ കാട്ടുമുയലുകളെ പിന്തുടരുമ്പോൾ കാലുകൾ മഞ്ഞിൽ പുതയും. മഞ്ഞുകണങ്ങൾ വായുവിൽ ചിതറി വീഴും കാടിന്റെ നിശ്ശബ്ദതയിൽ വേട്ടയുടെ ശബ്ദം.
ഒരു മണിക്കൂർ കടന്നു പോയി. ലൗഹീഡ് ഹൈവേയിലൂടെ ഞങ്ങൾ വീണ്ടും ഗ്രാമപാതയിൽ കയറി. കൃഷിയിടങ്ങളുടെ മധ്യത്തിലൂടെ കടന്നു പോകുന്ന പാത. റാസ്പ്ബെറി, സ്ട്രോബെറി, ചോളം എന്നീ വിളകൾ. ചേതോഹരമായി നിർമിച്ച ഫാം ഹൗസ്, കളപ്പുര. സമീപം ട്രാക്ടർ, സ്പ്രിംഗ്ലർ. കുറ്റിച്ചെടിയായ ബ്ലൂബെറിയുടെ ഇലകളുംനിറം മാറി. കൃഷിയിടത്തിൽ വ്യാപിച്ച ചുവപ്പ് സൂര്യവെളിച്ചത്തിൽ തീജ്വാല പോലെ. മലഞ്ചെരിവിൽ ഇടതൂർന്ന മരങ്ങൾക്കു താഴെ ഒരു റെയിൽവേ ക്രോസിൽ കാർ നിർത്തി. അനേകം ബോഗികളുള്ള ഒരു ചരക്കു വണ്ടി കടന്നു പോയി. അടുത്തിടെ കണ്ട ഒരു പ്രേത സിനിമയിലെ രംഗത്തെ ഓർമിപ്പിച്ച ഒരു ദൃശ്യം. താഴ്വാരത്ത് പുകതുപ്പി വളഞ്ഞു പോകുന്ന ഒരു തീവണ്ടി. ഇരുളിന്റെ ഭയപ്പെടുത്തുന്ന സൗന്ദര്യം. അൽപനേരത്തിനകം ഞങ്ങൾ തടാകതീരത്തു വന്നിറങ്ങി.
ഹാരിസൺ ഹോട്ട് സ്പ്രിങ്സ്. ബ്രിട്ടീഷ് കൊളംബിയയിലെ ഫ്രേസർ താഴ്വരയിൽ ഹാരിസൺ തടാകത്തിന്റെ തെക്കേയറ്റത്തുള്ള ഗ്രാമം. 1600 പേർ വസിക്കുന്ന ചെറിയൊരു സമൂഹം. പത്തൊമ്പതാം നൂറ്റാണ്ടിൽ ഹഡ്സൺ ബേ കമ്പനിയിൽ ഡെപ്യൂട്ടി ഗവർണർ ആയിരുന്ന ബഞ്ചമിൻ ഹാരിസണിന്റെ ഓർമയ്ക്കാണ് ഈ പേര്. 1886-ൽ കനേഡിയൻ പസഫിക്ക് റെയിൽ നിലവിൽ വന്നതിനു ശേഷമാണ് ഹാരിസൺ സ്പ്രിങ് ഒരു സുഖവാസ കേന്ദ്രമായി മാറിയത്. അതിനു മുൻപേ യൂറോപ്യൻ പര്യവേക്ഷകർ ഈ തടാകം കണ്ടെത്തിയിരുന്നു. ശീതകാലത്ത് ഒരു നാൾ സ്വർണവേട്ടയ്ക്കു പോയ അവരുടെ വള്ളം തടാകത്തിൽ മുങ്ങി. കൊടുംതണുപ്പിൽ മരണം മുന്നിൽ കണ്ട സാഹസികരെ തടാകം തുണച്ചു. ജലത്തിന് ഇളം ചൂട്. സ്ഥലത്ത് പ്രധാമായും രണ്ട് നീരുറവകൾ - പൊട്ടാഷ്, സൾഫർ. ഹാരിസൺ തടാകം ചെന്നു ചേരുന്ന ലിലുവറ്റ് നദിയുടെ വടക്കേയറ്റത്തും രണ്ട് നീരുറവകൾ ഉണ്ട്. തെക്കൻ തടാകത്തിൽ ഗന്ധകത്തിന്റെ അംശം കൂടുതൽ; വടക്കോട്ട് പോകുന്തോറും സൾഫറിന്റെ അംശവും ഗന്ധവും കുറയുന്നു.
ഞങ്ങൾ കാർ ഒതുക്കി പ്രകാശം സമൃദ്ധമായി വീഴുന്ന തെരുവിൽ നടക്കാനിറങ്ങി. ഒരു ചെറിയ റിസോർട്ട് ടൗണിന് ചേർന്ന വിധം നിർമിച്ച കടകൾ, ഭോജനശാലകൾ, ബിയർ പാർലർ, ഐസ്ക്രീം പാർലർ. നിറമണിഞ്ഞ അവയുടെ പൂമുഖത്തെ പുഷ്പവിന്യാസം കണ്ണിന് കുളിർമ നൽകുന്നു. തനത് വെളുപ്പും നീലയും ചായമടിച്ച ഒരു ഗ്രീക്ക് റസ്റ്ററന്റ്. മുന്നിൽ മഞ്ഞ ഇലകൾ നിറഞ്ഞ മരങ്ങൾ നിരന്നു നിൽക്കുന്നു, കാറ്റിൽ ഇലകൾ പൊഴിയുന്നു. ഗ്രാമത്തിന്റെ പിന്നിലും ഇരുവശങ്ങളിലും ഗാംഭീര്യത്തോടെ ഉയർന്നു നിലകൊള്ളുന്ന വൃക്ഷനിബിഢമായ മലകൾ. മുന്നിൽ സ്വഛമായ നീലത്തടാകം. ഞങ്ങൾ സാക്സഫോൺ സംഗീതം മുഴങ്ങുന്ന ഒരു ഭക്ഷണശാലയിൽ കയറി ഫിഷ് & ചിപ്സും ബർഗറും രുചിച്ചു. കൂടെ കോഫി, ഹോട്ട് ചോക്കലേറ്റ് വിത്ത് വിപ്പ്ഡ് ക്രീം. 'മനോഹരമായ ദിനം!' ഭക്ഷണം വിളമ്പുന്ന, പ്രസന്നവദനയായ ചൈനീസ് യുവതി പറയുന്നു. ഞങ്ങൾ യോജിച്ചു. നടപ്പാതയോട് ചേർന്ന് ഒരു കുടക്കീഴിൽ ഇരിക്കുന്ന ഞങ്ങളോട് വന്ദനം ചൊല്ലി കടന്നു പോകുന്ന ഏതാനും സഞ്ചാരികൾ. ആനന്ദം പങ്കു വയ്ക്കുമ്പോൾ പെരുകും.
ശേഷം തടാകത്തിലേക്ക് നീട്ടിപ്പണിത മരത്തട്ടിലൂടെ നടന്നു. അനന്തതയിലേക്ക് നീളുന്ന ഒരു പാത. ഓരോ ചുവട് മുന്നോട്ടു വയ്ക്കുന്തോറും നിങ്ങൾ ലോകത്തിന്റെ വിഹ്വലതകൾ പിന്നിലാക്കി വിശ്വത്തിന്റെ സാന്ത്വനത്തിൽ പ്രവേശിക്കുന്നു. അകലെ നീലമലകൾ ജലത്തിൽ പ്രതിഫലിക്കുന്നു. ചക്രവാളം തെളിഞ്ഞു കാണാം, മലയുടെ നിമ്നോന്നതങ്ങൾ ആകാശത്ത് ഒരു രേഖാചിത്രം വരച്ച പോലെ. നിശ്ശബ്ദതയെ ഭഞ്ജിച്ച് ജലപ്പരപ്പിനെ കീറിമുറിക്കുന്ന യാനങ്ങൾ. ഇരുകരകളിലെ തലയെടുപ്പുള്ള മലകളിൽ തിങ്ങിനിറഞ്ഞ മരങ്ങൾ. അവയുടെ പ്രതിബിംബം കണ്ണാടി പോലുള്ള ജലത്തെ ഹരിതമയമാക്കുന്നു. ഞങ്ങൾ നിൽക്കുന്നതിനു താഴെയുള്ള പരപ്പിന് ആഴം കുറവാണ്. ഡൈവിങ് സുരക്ഷിതമല്ല, അതിനാൽ നിരോധിച്ചിരിക്കുന്നു. ജലമർമരത്തിന്റെ സംഗീതത്തിനു കാതോർത്ത് ഏതാനും നിമിഷം നിന്നു. തിരികെ വരുമ്പോൾ തടാകതീരത്തിന്റെ ദൂരക്കാഴ്ച ആനന്ദിപ്പിച്ചു. മലയുടെ കീഴെ, ജലത്തെ സാക്ഷിയാക്കി പുലരുന്ന ജീവിതം. പുൽക്കൊടികളെ ഉലയ്ക്കുന്ന കാറ്റ്. ഓരോ അണുവിലും സൗന്ദര്യം നിറഞ്ഞ ഒരിടം. അത് വിവരിക്കാൻ ശ്രമിക്കാതെ ഇവിടെ ആയിരിക്കുകയാണ് ഉചിതം.
കരയിൽ തിരിച്ചു കയറി കാട് ലക്ഷ്യമാക്കി നടന്നു. വഴിയിറമ്പിൽ ഹൈഡ്രേഞ്ചിയ പൂത്തു നിൽക്കുന്നു. യാത്രികരായ ദമ്പതികളെ ചിത്രം പകർത്താൻ സഹായിച്ച ശേഷം വീണ്ടും മുന്നോട്ട്. ഏതാനും വനിതകൾ ഞങ്ങളെ കടന്നു പോയി. പച്ച ജ്വലിക്കുന്ന മരത്തിനു കീഴിൽ ഒരു സൈക്കിൾ യാത്രിക. വെയിലത്ത് വിശ്രമിക്കുന്ന ചുവന്ന ഹാർലി ഡേവിഡ്സൺ ബൈക്കിന്റെ ക്രോമിയം പ്ളേറ്റിങ് തിളങ്ങുന്നു. ഈ തെളിഞ്ഞ ദിനത്തിൽ സഞ്ചാരികളുടെ ആഹ്ലാദം പ്രകടമാണ്. വഴിയരികിൽ ഒരു ബഹുനില മന്ദിരം - ഹോട്ട് സ്പ്രിംഗ് സ്പാ റിസോർട്ട്. ദിവസങ്ങളോളം തങ്ങി ചൂടു നീരുറവയിൽ സുഖചികിൽസയ്ക്ക് വന്നവരെ വഴിയിൽ കണ്ടു. ഉയരം കൂടിയ മരങ്ങൾ അതിരിടുന്ന പാത പിന്നിട്ട് ശീതളഛായയിലൂടെ നീരുറവയുടെ ഉറവിടം തേടി ഞങ്ങൾ നടന്നു.
ഇവിടെ നിന്നു കാണുമ്പോൾ തടാകത്തിനും മലകൾക്കും ചാരെയുള്ള പട്ടണത്തിനും മറ്റൊരു ഭാവം. ഇവിടത്തേത് തെളിഞ്ഞ വെള്ളമല്ല. ചെളിയൂറുന്നു, വായുവിൽ സൾഫർ ഗന്ധം. തീരത്തെ ഉറവയിൽ പാതി മുങ്ങി നിൽക്കുന്ന ഒരു കുടുംബം. മറ്റൊരു ചെറുകുളത്തിൽ കാലുകൾ മുക്കി വിശ്രമിക്കുന്ന ഒരു വയോധികൻ. തെല്ലകലെ വീണുകിടന്ന് നാശോന്മുഖമായ മരത്തടിയിൽ കൊക്കുരുമ്മുന്ന ഒരു കൊറ്റി. ഇടതുവശത്ത് മലയുടെ താഴെ വലിയ ഉരുളൻ കല്ലുകൾ, മരത്തടികൾ, പുകയുയരുന്ന നീരുറവകൾ. തൊട്ടു നോക്കിയപ്പോൾ ഇളം ചൂട്. കൂറ്റൻ മരങ്ങൾ തഴച്ചു വളരുന്ന മലയിറമ്പ്. പച്ചയും ചാരനിറവും ശരത് വർണങ്ങളും ചേർന്ന ദൃശ്യപ്പൊലിമ.
ചൂടുനീരുറവയെ നിയന്ത്രിക്കുന്ന യന്ത്ര സംവിധാനമുള്ള ഒരു മന്ദിരത്തിന്റെ ചുമരിൽ ആദിമവംശജരുടെ വിവരങ്ങൾ, ഒപ്പം അവർ ആരാധിക്കുന്ന ഒരു ജീവിയുടെ ചിത്രം. ഹാരിസൺ തടാകം യൂറോപ്യന്മാർ കണ്ടെത്തിയിട്ട് ഇരുന്നൂറ് വർഷമേ ആകുന്നുള്ളൂ. അവരുടെ വരവിനു മുമ്പ് സ്റ്റസയിൽസ് ഗോത്രം ഈ പ്രദേശത്ത് സഹസ്രാബ്ധങ്ങളായി ജീവിച്ചു വരുന്നു. മൺവീടുകളിലൂം മരവീടുകളിലും കഴിഞ്ഞ അവർ കരയിലെ മൃഗങ്ങളേയും സസ്യങ്ങളേയും, തടാകത്തിലെ സാമൺ മൽസ്യത്തേയും ആഹാരമാക്കി. തോണിയിലേറി തടാകം കുറുകെ കടന്ന് പുതിയ ദേശങ്ങൾ തേടി. ഈ തടാകം സ്റ്റസയിൽസ് വംശജർക്കു മാത്രമല്ല, സമീപദേശങ്ങളിലെ മറ്റു ഗോത്രജർക്കും പ്രിയമായിരുന്നു. ക്വാളിസ് എന്നു വിളിച്ച ഉഷ്ണനീരുറവകളിലൂടെ രോഗസൗഖ്യം നേടാൻ അവർ ദൂരദേശത്തു നിന്ന് വന്നു. ഹാരിസൺ നദി, ലിലുവറ്റ് നദി, ഷെഹാലിസ് തടാകം എന്നീ ജലരാശികളുടെ അരികു പറ്റി ജീവിച്ചിരുന്ന വിവിധ ഗോത്രങ്ങൾ ഐക്യത്തിലായിരുന്നു. ജീവന്റെ ഈ ഉറവ അവർക്ക് ഒരുമ നൽകി. ഋതുക്കളുടെ താളത്തിനൊത്ത് ജീവിതം ക്രമപ്പെടൂത്തിയ അവർ പ്രകൃതിയെ മാനിച്ചു, സംരക്ഷിച്ചു; ആവശ്യത്തിനു മാത്രം വേട്ടയാടി. അവരുടെ പാരമ്പര്യവും കഥകളും ഇന്നും തുടരുന്നു.
ഈ പ്രദേശം ബിഗ് ഫൂട്ടിന്റെ വിഹാര കേന്ദ്രമാണത്രേ! മനുഷ്യ-വാനര സങ്കരമായ ആ ജീവിയെ നേരിട്ട് കണ്ടിട്ടുണ്ടെന്ന് ചിലർ പറയുന്നു. ഗ്രാമത്തിൽ ഉടനീളം അസാമാന്യ വലിപ്പമുള്ള ആ ജീവിയുടെ ശിൽപ്പങ്ങളുണ്ട്. കടകളിൽ സ്മരണികയായും മ്യൂസിയത്തിന്റെ വിഷയമായും, രോമാവൃതമായ ശരീരവും കൂർത്ത കൈകാൽ നഖങ്ങളുമുള്ള ആ ഭീമനുണ്ട്. യഥാർത്ഥത്തിൽ ആ ജീവിയുണ്ടെന്ന് സംശയാതീതമായ തെളിവുകൾ ഇതുവരെ ഇല്ല. പക്ഷേ കഥകളിലും കലയിലും വിപണിയിലും സജീവ സാന്നിധ്യം. ശരീരം ധരിച്ചില്ലെങ്കിലും തദ്ദേശവാസികളുടെ ഭ്രാന്തമായ ഭാവനയിൽ 'ബിഗ് ഫൂട്ട്' തന്റെ പാദപതനം തുടരുന്നു. നഗരവാസിയുടെ ബിഗ് ഫൂട്ട് ആദിവാസികളുടെ 'സസ്ക്വാച്ച്' ആകുന്നു. ഈ ജീവി സ്റ്റസയിൽസ് ഗോത്രജരൂടെ ഒരു സാംസ്കാരിക ചിഹ്നമാണ്. അവരുടെ വിശ്വാസപ്രകാരം പദാർത്ഥ ലോകത്തിനും ആത്മീയ ലോകത്തിനും ഇടയിൽ സഞ്ചരിക്കുന്ന സസ്ക്വാച്ച് യഥേഷ്ടം രൂപം മാറും - പക്ഷിയോ, സസ്യമോ, മൃഗമോ. സസ്ക്വാച്ച് അവരുടെ സംരക്ഷകനാണ്. അതിനെ കാണുന്നത് ശുഭലക്ഷണമായി കരുതുന്നു. അതിനോടുള്ള ബഹുമാനാർഥം ചില മേഖലയിൽ വേട്ട ഒഴിവാക്കിയിട്ടുണ്ട്. ആ ജീവിയുടെ സാന്നിധ്യം അറിഞ്ഞവരെ ഈ ജനത ഭാഗ്യവാന്മായായി ഗണിക്കുന്നു.
എന്നാൽ നേരെ മറിച്ചാണ് ബിഗ് ഫൂട്ടിനെ കണ്ടെന്ന് പറയുന്ന പരദേശികളുടെ കാഴ്പപ്പാട്. അവർക്കത് ഒരു ഭീകര രാക്ഷസൻ! പര്യവേക്ഷകരുടെ കൂടാരങ്ങൾ ആക്രമിക്കുന്ന, നിശയുടെ അന്ത്യയാമങ്ങളിൽ ഉണർന്നിരിക്കുന്നവരുടെ ഹൃദയം നിലച്ചുപോകും വിധം അലറുന്ന സത്വം. പ്രകൃതി നമ്മിൽ നിന്ന് വേറിട്ട, ആക്രമിച്ച് കീഴടക്കേണ്ട ഒരു ശക്തിയാണെന്ന പാശ്ചാത്യ വീക്ഷണമാണ് അതിന് ഒരു കാരണം. മുൻവിധികൾ അനുഭവത്തെ സ്വാധീനിക്കുന്നു. അതേസമയം ഗോത്രജർക്ക് പ്രകൃതിയും അതിലുള്ള സകലതും ഒരേ ഊർജ്ജ പ്രവാഹത്തിന്റെ ഭാഗമാണ്. പസഫിക്കിന്റെ വടക്കു പടിഞ്ഞാറൻ പ്രദേശത്ത് കാനഡയിലേയും അമേരിക്കയിലേയും വനാന്തരങ്ങളിൽ കൂറ്റൻ 'ഭീകരജീവികളെ' കണ്ട കഥകൾ നൂറ്റാണ്ടുകളായി പ്രചാരത്തിലുണ്ട്. ലോകത്തിന്റെ മറ്റു കോണുകളിലും സമാനമായ ജന്തുക്കൾ ഉണ്ടെന്ന് തദ്ദേശ ജനത കരുതുന്നു. കോക്കസസിലെ അൽമാസ്, ഏഷ്യയിലെ യെതി, ചൈനയിലെ യെറൻ, ഓസ്‌ട്രേലിയയിലെ യോവി. കുരങ്ങു മനുഷ്യർ, മഞ്ഞുമനുഷ്യർ - അവ കഥകളിലും ഐതിഹ്യങ്ങളിലും പര്യവേക്ഷകരുടെ അനുഭവങ്ങളിലും ധാരാളമായുണ്ട്.
ബിഗ് ഫൂട്ടിനെ കണ്ടിട്ടുണ്ടെന്നു വടക്കേ അമേരിക്കയിൽ പതിനായിരത്തിലധികം പേർ അവകാശപ്പെടുന്നു. പക്ഷേ ആ വാദം ജീവശാസ്ത്രജ്ഞർ ഇതുവരെ അംഗീകരിച്ചിട്ടില്ല. അതിശയോക്തി കലർന്ന അനേകം കഥകൾ പ്രചാരത്തിലുണ്ടെങ്കിലും ഇതുവരെ ഫോസിലോ, എല്ലോ, പല്ലോ, രോമമോ ലഭിച്ചതുമില്ല. ഇത്രയും നീണ്ട കാലം നിലനിൽക്കാനുള്ള പ്രജനനരീതിയോ ആവാസ വ്യവസ്ഥയോ കണ്ടെത്തിയില്ല. ഇങ്ങനെയൊരു ജീവിയുണ്ടെങ്കിൽ അത് നീണ്ട കാലം മനുഷ്യനിൽ നിന്ന് മറഞ്ഞ് അജ്ഞാതമായിരിക്കുക സാധ്യമല്ലെന്ന് വിദഗ്ധർ വാദിക്കുന്നു. പക്ഷേ ഈ കഥകളുടേയും വ്യക്തിഗത വിവരങ്ങളുടേയും ഉറവിടമെന്ത്? സസ്ക്വാച്ച് ഒരു നിഗൂഢതയാണ്, ചുരുളഴിയേണ്ട ഒരു രഹസ്യം. മഹതിയായ ഒരു ഇംഗ്ലീഷ് നരവംശ ശാസ്ത്രജ്ഞയുണ്ട് - ജെയ്ൻ ഗുഡാൽ. ലോകം ബഹുമാനിക്കുന്ന പ്രൈമെയ്റ്റോളജിസ്റ്റ്. അറുപതിലേറെ വർഷമായി ചിമ്പാൻസികളാണ് ജെയ്നിന്റെ ഇഷ്ടവിഷയം. അവരെ സ്വന്തം അമ്മയെ പോലെ കാണുന്ന ആൾക്കുരങ്ങുകൾ ആഫ്രിക്കയിലുണ്ട്. ജെയ്ൻ ആ ജീവികളുമായി പതിറ്റാണ്ടുകളോളം നീണ്ട, ആഴമുള്ള ബന്ധം വളർത്തിയെടുത്തു. ബിഗ് ഫൂട്ട് ഉണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് ജെയ്ൻ മറുപടി പറഞ്ഞത്. 'തെളിവുകൾ ഇല്ല, പക്ഷേ ആ ജീവികൾ ഉണ്ടായിരുന്നു എങ്കിലെന്ന് ഞാൻ ആശിച്ചു പോകുന്നു.' അവരുടെ വാക്കുകളിൽ ബിഗ് ഫൂട്ട് ഒരു കാൽപ്പനിക സങ്കല്പമാണ്, സാംസ്കാരിക ബിംബമാണ്.
ഞങ്ങൾ അടിവാരത്തുള്ള മറ്റൊരു വനപാതയിൽ കയറി. കാടിന്റെ ഇരുളിമയിൽ, വന്യതയിൽ, ഹരിതസമൃദ്ധിയിൽ മുന്നോട്ട്. കൂറ്റൻ മരങ്ങൾക്കു പിന്നിൽ ഞങ്ങളെ കാണുന്ന രണ്ട് കണ്ണുകളുണ്ടോ? ഇവിടെ ബിഗ് ഫൂട്ടിനേക്കാൾ ഭയക്കേണ്ടത് കരടിയെ. യാത്ര അധികം നീണ്ടില്ല. ഒരു അരുവി കടന്ന് തിരിച്ചു റിസോർട്ട് ടൗണിൽ കയറി വിരാമമിട്ടു. നടപ്പാതയുടെ സമീപം ദാരുശിൽപ്പങ്ങളായി ബിഗ് ഫൂട്ടും മറ്റു വനജീവികളുമുണ്ട്. പ്രസന്നമായ നീലിമ ചുവരിൽ ചാലിച്ച ഒരു വ്യാപാരശാല കടന്നപ്പോൾ പാതയോരത്തെ മരങ്ങൾ സൂര്യനിൽ ജ്വലിക്കുന്നു. മലകൾക്കു പിന്നീൽ മറയും മുമ്പ് അർക്കന്റെ അവസാന പ്രഭാവം. ചുവപ്പും മഞ്ഞയും ഓറഞ്ചും തീർക്കുന്ന ഒരു വർണോൽസവം. ഭാര്യയെ തടാകതീരത്ത് ഒരു മരത്തണലിൽ വിശ്രമിക്കാൻ വിട്ട് ഞാൻ വീണ്ടും നടന്നു. ഇനിയും കാഴ്ചകൾ ശേഷിക്കുന്നു.
തീരത്തോട് ചേർന്ന മാമലകൾക്കു താഴെ യന്ത്രനൗകകൾ യാത്ര പുറപ്പെടുന്ന, യാത്ര തീർന്നു വിശ്രമിക്കുന്ന ഒരിടം. കണ്ണാടി പോലുള്ള ജലത്തിൽ ഹരിതം വിളങ്ങുന്ന, സമയം നിശ്ചലമാകുന്ന ഒരിടം. ആ നിമിഷത്തിന്റെ മാന്ത്രികതയിൽ അലിഞ്ഞ് ചുണ്ടിൽ നന്ദി വചസുകളോടെ ഞാനിരുന്നു. ഈ കാഴ്ചകൾക്ക് സാക്ഷിയാകാൻ ആയുസുണ്ടാകുക അനുഗ്രഹം തന്നെ. ആ നിമിഷം സർവ്വവുമായുള്ള ഇഴമുറിയാത്ത ഒരു ബന്ധമറിയും - യാത്രയിലെ അമൂല്യമായ അനുഭവം. പാറകളും പൂഴിമണലും ചവിട്ടിക്കയറി വീണ്ടും നടന്നു. തീരപാതയിൽ മനുഷ്യർ ഒഴിയുന്നില്ല. അവർ തണൽ മരങ്ങളുടെ കീഴിൽ സംഭാഷണം തുടരുന്നു. നീലമലകളുടെ ഭാവം വീണ്ടും മാറി, ജലരാശി നീലയുടെ ഇരുണ്ട ഭാവം ധരിച്ചു.
ഞങ്ങൾ മടങ്ങുകയായി. സസ്ക്വാച്ചിന്റെ നാട്ടിലെ ആർട്ട് ഗാലറിയും മ്യൂസിയവും സന്ദർശിക്കുന്നത് മറ്റൊരിക്കലാകാം. വസന്തത്തിൽ കലാവിപണി ഉണരും, സാസ്‌കാരികോൽസവങ്ങൾ അരങ്ങേറും. ഒരു ഗോൾഫ് കോഴ്സ് പിന്നിട്ട് വാഹനം നീങ്ങി. വഴിയരികിൽ വീണ്ടും കൃഷിടങ്ങളുടെ വൈവിധ്യം. വിശാലമായ താഴ്വരയിൽ അന്തിവെയിൽ വീഴുന്ന പുൽമേട്ടിൽ മേയുന്ന കൊഴുത്ത ജഴ്സി പശുക്കൾ, കുതിരകൾ. കൊയ്ത്തുൽസവമായ ഹാലവീനെ വരവേൽക്കുന്ന മത്തങ്ങ തോട്ടങ്ങൾ, വിളഞ്ഞ പാടത്ത് നോക്കുകുത്തികൾ. മലമ്പാതയും ചെറുപട്ടണങ്ങളും പിന്നിലായി. താഴ്വാരം കടന്ന്, മല കയറിയിറങ്ങി തടാകത്തെ ഉള്ളിൽ വഹിച്ച് ഭവനത്തിലേക്ക്.