ഡയറ്റ് പ്ലാനുകൾ തെറ്റിക്കുന്ന അമ്മ രുചി: ഹൃദ്യം ഈ കുറിപ്പ്
Mail This Article
സ്നേഹം പോലെയാണ് ‘അമ്മ’യുടെ കൈപ്പുണ്യവും. രണ്ടും അനുഭവിച്ചുതന്നെ അറിയണം. എഴുതി വയ്ക്കാനാവില്ല. വിശദീകരിക്കാനാവില്ല. വ്യാഖ്യാനത്തിനും വഴങ്ങില്ല. അല്ലെങ്കില്‍ത്തന്നെ പഠിച്ചതല്ലേ പഠിച്ചിച്ചുകൊടുക്കാനാവൂ. പകര്‍ന്നുകിട്ടിയത് പകരാനല്ലാതെ പഠിപ്പിക്കാനാവില്ലല്ലോ.
അമ്മമാരുടെ കൈപ്പുണ്യത്തെക്കുറിച്ചു പറയാത്ത മക്കളില്ല. ആവേശം കൊള്ളാത്തവരില്ല. അവരുടെ കാലശേഷം നഷ്ടപ്പെട്ടുപോയ രുചിയെക്കുറിച്ച് പരിതപിക്കാത്തവരില്ല. പെണ്മക്കളെങ്കിലും കുറച്ചൊക്കെ പഠിച്ചെടുത്തിട്ടുണ്ടായിരിക്കും. ആത്മാര്‍ഥമായി തയാറാക്കിയാലും പക്ഷേ ഒരു കുറവ് അനുഭവപ്പെടും. എത്ര വില കൂടിയ മസാലയ്ക്കും കൂട്ടിച്ചേര്‍ക്കാനാവാത്ത രുചിക്കൂട്ട്. അതമ്മ ചേര്‍ത്തിരുന്ന സ്നേഹമാണ്. മക്കള്‍ക്കുവേണ്ടി തയാറാക്കുന്ന ഓരോ വിഭവങ്ങളിലും ചേരും പടി ചേര്‍ത്തിരുന്ന അളവില്ലാത്ത സ്നേഹം.
തലമുറകളിലൂടെ പകര്‍ന്നുകിട്ടിയ ആര്‍ദ്രതയുടെ സമ്പന്നത. അമ്മയുടെ കൈപ്പുണ്യത്തെക്കുറിച്ച് ഒരു വര്‍ഷം മുമ്പ് വന്ന ഒരു ട്വിറ്റര്‍ പോസ്റ്റ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ മോഡല്‍ പദ്മാ ലക്ഷ്മി പങ്കുവച്ചു. ലോകപ്രശസ്ത എഴുത്തുകാരന് സല്മാന് റുഷ്ദിയുടെ ജീവിതപങ്കാളിയായിരുന്ന അതേ പദ്മാ ലക്ഷ്മി. മാതൃദിനത്തിനു രണ്ടുദിവസം മുമ്പേയാണ് ഈ അമ്മ പോസ്റ്റ് എന്നത് യാദൃച്ഛികമാകാം. പക്ഷേ നിമിഷങ്ങള്‍ക്കുള്ളില്‍ പോസ്റ്റ് വൈറലായി. ലക്ഷക്കണക്കിനു പേര് പങ്കുവച്ച് ഇപ്പോഴും വൈറലായിക്കൊണ്ടിരിക്കുന്നു. അമ്മയെക്കുറിച്ചാണ് പദ്മ പങ്കുവച്ച പോസ്റ്റ്, ഇന്ത്യയിലെ അമ്മയെക്കുറിച്ച്. കേവലം ഒരു അമ്മയെക്കുറില്ല, എല്ലാ അമ്മമാര്‍ക്കും ചേരുന്ന പോസ്റ്റ്. അമ്മമാര്‍ അവകാശപ്പെടുന്നതല്ല, മക്കള്‍ സമ്മതിച്ചുകൊടുക്കുന്ന സത്യം. എല്ലാ ഇന്ത്യന്‍ അമ്മമാര്‍ക്കും അമ്മായിമാര്ക്കുമായാണ് പദ്മ പോസ്റ്റ് സമര്‍പ്പിച്ചിരിക്കുന്നത്.
ഇന്ത്യന്‍ വിഭവങ്ങള്‍ തയാറാക്കുന്നതിനെക്കുറിച്ച് അമ്മ എന്നെ പഠിപ്പിക്കുകയായിരുന്നു.
‘ഇതു കുറച്ച് ചേര്‍ക്കുക. പിന്നെ അതും കുറച്ച്’.
‘അമ്മേ..എത്രയാണ് ഇടേണ്ടതെന്ന് കൃത്യമായി പറയൂ’
‘എത്ര വേണമെന്നാണോ നിനക്കു തോന്നുന്നത് ....അത്രയും ചേര്‍ക്കുക’
എന്താ അതിന്റെ അര്‍ഥം? അങ്ങനെ പറഞ്ഞാല്‍ എത്രയാണു ചേര്‍ക്കേണ്ടത് ?
ഇതാണ് ട്വിറ്ററില്‍ വന്ന പോസ്റ്റ്. ഈ പോസ്റ്റ് ഇക്കഴിഞ്ഞദിവസം-മേയ് 9- പദ്മ ഷെയര്‍ ചെയ്തു. എല്ലാ ഇന്ത്യന്‍ അമ്മമാര്‍ക്കും വേണ്ടി. പാചക പുസ്തകത്തില്‍നിന്നു പഠിച്ചവരല്ല അമ്മമാര്‍ എന്നു സമര്‍ഥിക്കു കയാണ് പോസ്റ്റ്. തോന്നലുകളാണ് അവര്‍ക്കു പ്രധാനം. ആ തോന്നലുകള്‍ കൃത്യമായിരിക്കുകയും ചെയ്യും. ഉപ്പ് കൂടാതെ, മധുരം അധികമാകാതെ, കൃത്യമായ അനുപാതത്തില്‍ രുചിയുടെ സമൃദ്ധിയുമായി അമ്മമാര്‍ ഭക്ഷണം തയാറാക്കും. സ്നേഹിച്ചു കഴിപ്പിക്കും. എല്ലാ നിയമങ്ങളും തെറ്റിപ്പോകും; കഷ്ടപ്പെട്ടു പരിശീലിച്ചെടുന്ന ഡയറ്റിങ് പാഠങ്ങളുള്പ്പെടെ. അതാണ് അമ്മ. അമ്മയുടെ കൈപ്പുണ്യം. സ്നേഹം.
പദ്മയുടെ ട്വീറ്റിനു പിന്തുണയുമായി അനേകം പേര് സ്വന്തം അനുഭവങ്ങള്‍ എഴുതി. തങ്ങളുടെ അമ്മമാരും ഇങ്ങനെതന്നെയായിരുന്നു എന്ന് ഓര്‍മിപ്പിച്ചും അനുഭവം പങ്കുവച്ചും. ഇന്ത്യയില്‍ മാത്രമല്ല, ഇറ്റലിയിലും അമ്മമാര്‍ ഇത്തരക്കാര്‍ തന്നെ എന്നാണ് ഒരാള്‍ അനുഭവം പങ്കുവച്ചത്. അളവുകപ്പുകള് ഉപയോഗിക്കാതെ, മനസ്സിലെ തോന്നലുകള്‍ അനുസരിച്ച് കറിക്കൂട്ടുകള്‍ ചേര്‍ക്കുന്ന അമ്മമാര്‍. ഇറ്റലിയില്‍ മാത്രമല്ല, ഹംഗറിയിലെ എന്റെ അമ്മയും ഇങ്ങനെതന്നെ എന്നാണ് മറ്റൊരാളുടെ കമന്റ്. അതേ പാത ഞാനും പിന്തുടരുകയാണെന്ന കൂട്ടിച്ചേര്‍ക്കലും.
അമ്മ എന്ന വികാരത്തിന്, അനുഭവത്തിന് കാലദേശങ്ങളില്ല. അതിര്‍ത്തികളില്ല. കാലത്തിന്റെ വിലക്കുകളുമില്ല അതു ലോകത്തോളവും ലോകത്തിനുപരിയായും വിശാലം. ആഴമേറിയത്. ഔന്നത്യമുള്ളത്.തലമുറകളിലൂടെ തുടരുകയാണ്, ആവര്‍ത്തിക്കുകയാണ് സ്നേഹത്തിന്റെ രുചി. അമ്മ പകര്‍ന്ന രുചി. ഒരിടത്തുനിന്നും പഠിച്ചെടുത്തതല്ലാത്ത, പുസ്തകം വായിച്ചു മനസ്സിലാക്കിയതല്ലാത്ത, അനുഭവജ്ഞാനത്തിന്റെ ശക്തിയുള്ള രുചിക്കൂട്ടുകള്‍. കൈപ്പുണ്യം എന്ന അമ്മ സ്നേഹം.