ഭാര്യയുടെ മുന്നിൽവച്ച് മറ്റു സ്ത്രീകളെ നോക്കിയാൽ? : അജയ് ദേവ്ഗൺ
Mail This Article
ഭാര്യയുടെ സാന്നിധ്യത്തിൽ സുന്ദരികളായ സ്ത്രീകളെ പാളിനോക്കുന്ന ഭർത്താക്കന്മാരെ കണ്ടിട്ടില്ലേ? കണ്ണുകളെ എത്ര നിയന്ത്രിച്ചാലും ഭാര്യമാർ അവരുടെ കള്ളത്തരം കൈയോടെ പിടിക്കുക തന്നെ ചെയ്യും. അങ്ങനെയൊരു അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് ബോളിവുഡ് താരം അജയ്ദേവ്ഗൺ.
തന്റെ പുതിയ ചിത്രമായ ദി ദി പ്യാർ ദിയിലെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കവേയാണ് അദ്ദേഹം വാചാലനായത്. മുൻ ഭാര്യയെ ദേഷ്യം പിടിപ്പിക്കാനായി തന്റെ പകുതി പ്രായമുള്ള ചെറുപ്പക്കാരികളുമായി ചുറ്റി നടക്കുന്ന ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ അദ്ദേഹം അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ട്രെയിലർ ഭാര്യ കജോൾ കണ്ടോ എന്നും അവരുടെ പ്രതികരണം എന്തായിരുന്നുവെന്നും ആരാഞ്ഞ മാധ്യമപ്രവർത്തകരോട് അജയ് ദേവ്ഗൺ പറഞ്ഞ മറുപടിയിങ്ങനെ :-
'' ട്രെയിലർ അവൾ കണ്ടു. അവൾ അതിൽ ഒക്കെ ആണ്. അവളും സിനിമാ മേഖലയിൽ നിന്നുമുള്ള ആൾ ആയതിനാൽ അവൾക്കിതൊക്കെ മനസ്സിലാകും''. പക്ഷേ ജീവിതത്തിൽ വ്യത്യാസമുണ്ട്. അവളുടെ ഒപ്പമായിരിക്കുന്ന സമയത്ത് വേറെ സ്ത്രീകളെ നോക്കിയാൽ അവൾ അപ്പോൾത്തന്നെ എന്തെങ്കിലും കമന്റ് പാസാക്കും. അതു ചിലപ്പോൾ തമാശയുമാകാം. ഇതൊക്കെ സാധാരണ തോന്നൽ മാത്രമല്ലേ''- അദ്ദേഹം ചോദിക്കുന്നു.
ചിത്രത്തിൽ അജയ് ദേവ്ഗണിന്റെ മുൻഭാര്യയുടെ വേഷം ചെയ്യുന്നത് അദ്ദേഹത്തിന്റെ സുഹൃത്ത് കൂടിയായ നടി തബുവാണ്. സഹതാരത്തെക്കുറിച്ച് അജയ്‌യുടെ കമന്റ് ഇങ്ങനെ :-
'' നല്ലൊരു പങ്കാളിയെ കിട്ടാത്തതുകൊണ്ടാണ് അവളിപ്പോഴും സിങ്കിൾ ആയിരിക്കുന്നത്. എന്നെപ്പോലെ ഒരു പങ്കാളിയെയാണ് അവൾ ആഗ്രഹിക്കുന്നത്. പക്ഷേ അങ്ങനെയൊരാളെ അവൾക്കിതുവരെ കിട്ടിയില്ല.''
അടുത്തിടെയാണ് അജയ്ദേവ്ഗണും കജോളും 20–ാം വിവാഹവാർഷികം ആഘോഷിച്ചത്. അന്ന് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞതിങ്ങനെ :-
'' അവളെ ഒന്നു നോക്കിയില്ലെങ്കിൽപ്പോലും അവൾ വിഷമിച്ചിരിക്കുന്ന കാര്യം എനിക്ക് മനസ്സിലാകും. എനിക്കും എന്തെങ്കിലും വിഷമമുണ്ടെങ്കിൽ നിമിഷങ്ങൾക്കകം അവൾ അതിനെക്കുറിച്ച് മനസ്സിലാക്കും. പിന്നെ ഞങ്ങൾ പരസ്പരം സംസാരിച്ച് മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങൾക്ക് ഒരുമിച്ചു പരിഹാരം കാണും. അത്രത്തോളം ആത്മബന്ധം ഞങ്ങൾ തമ്മിലുണ്ട്''. - അജയ് പറയുന്നു.
'' റോസാപ്പൂക്കൾ പോലെ മനോഹരമാണ് ദാമ്പത്യമെന്നാണ് തുടക്കത്തിൽ എല്ലാവരുടെയും വിചാരം. ആദ്യമൊക്കെ പരസ്പരം സന്തോഷിപ്പിക്കാനാണ് പങ്കാളികൾ എപ്പോഴും ശ്രമിക്കുന്നത്. അങ്ങനെയുള്ളപ്പോൾ ബന്ധം അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ അൽപ്പസ്വൽപ്പം ബുദ്ധിമുട്ടുകളുണ്ടാൻ
സാധ്യതയുണ്ട്. കലഹങ്ങളൊക്കെ കഴിഞ്ഞ് ഒന്നു സെറ്റ് ആകുമ്പോൾ പങ്കാളികൾക്ക് പരസ്പരം നല്ലതും, ചീത്തയും വ്യത്യാസങ്ങളുമൊക്കെ നന്നായി തിരിച്ചറിയാൻ കഴിയും. അങ്ങനെ ക്രമാനുഗതമായേ ദാമ്പത്യബന്ധം ദൃഡമാകൂ. ഞങ്ങളുടെ ജീവിതത്തിലും അങ്ങനെയുള്ള മിനുക്കു പണികളൊക്കെയുണ്ടായിട്ടുണ്ട്. ഇപ്പോൾ ഞങ്ങൾക്കാ മാറ്റങ്ങളൊക്കെ അനുഭവിച്ചറിയാൻ സാധിക്കുന്നുണ്ട്''. - കജോൾ പറയുന്നു.
നൈസ എന്ന പെൺകുട്ടിയുടെയും യുഗ് എന്ന ആൺകുട്ടിയുടെയും അച്ഛനമ്മമാരാണ് അജയ്‌യും കജോളും.