ഈ സ്വഭാവം കൊണ്ടാണ് കോഹ്‌ലി നിന്നെ ഞാൻ പ്രണയിക്കുന്നത്: അനുഷ്ക
Mail This Article
ക്രിക്കറ്റ് താരവും ഭർത്താവുമായ വിരാട് കോഹ്‌ലിയെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമ്മ പങ്കുവച്ച കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. കോഹ്‌ലിയുടെ മാതൃകാപരമായ ഒരു പ്രവർത്തിയെപ്പറ്റിയും അതു തന്റെ മനസ്സു കീഴടക്കിയതിനെക്കുറിച്ചുമാണ് അനുഷ്കയുടെ കുറിപ്പ്.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്ന മൽസരത്തിൽ ബൗണ്ടറി ലൈൻ കടന്ന് ഫീൽഡ് ചെയ്യാൻ എത്തിയ ഓസ്ട്രേലിയൻ താരമായ സ്റ്റീവ് സ്മിത്തിനു നേരെ ചതിയൻ എന്നു വിളിച്ച് കൂകിവിളിച്ച കാണികളോട് കൈയടിക്കാൻ ആവശ്യപ്പെട്ട വിരാടിന്റെ പ്രവൃത്തിയാണ് അനുഷ്കയുടെ ഹൃദയം കവർന്നത്. ഭർത്താവിനെ അഭിനന്ദിച്ചുകൊണ്ട് അനുഷ്ക കുറിച്ചതിങ്ങനെ :-
''ആക്രമിച്ച് കളിക്കുന്നവൻ, ദയയുള്ള മനുഷ്യൻ, എന്തെളുപ്പമാണ് സ്നേഹിക്കാൻ''
സ്മിത്തിനെ ഇന്ത്യൻ ആരാധകർ കൂക്കി വിളിക്കുന്നതു കേട്ടയുടൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ചതിയൻ വിളി നിർത്തണമെന്ന് ആംഗ്യത്തിലൂടെ കാണികളോട് ആവശ്യപ്പെട്ടു. കൂകി വിളി മതിയാക്കി കൈയടിക്കാനും ആരാധകരോട് അദ്ദേഹം ആവശ്യപ്പെട്ടു.
ഓസ്ട്രേലിയ– ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയുണ്ടായ പന്ത് ചുരണ്ടല്‍ വിവാദത്തെ തുടർന്നാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന് രാജിവയ്ക്കേണ്ടി വന്നത്. പന്തിൽ തിരിമറി കാട്ടിയതിന്റെ പേരിൽ ക്രിക്കറ്റ് ലോകമൊന്നാകെ എതിരായതിനു പിന്നാലെയായിരുന്നു സ്മിത്തിന്റെ രാജി.
രാജി ആവശ്യം വിവിധ കോണുകളിൽനിന്ന് ഉയർന്നപ്പോഴും പിടിച്ചുനിന്ന സ്മിത്ത്, ഓസ്ട്രേലിയൻ സർക്കാരും നിശിത വിമർശനവുമായി രംഗത്തെത്തിയതോടെയാണ് രാജി വയ്ക്കാൻ സന്നദ്ധനായത്. ഉപനായകൻ ഡേവിഡ് വാർണറും സ്ഥാനമൊഴിഞ്ഞിരുന്നു.
വിവാദ സംഭവം ഇങ്ങനെ:
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് വിവാദത്തിന് ആസ്പദമായ സംഭവം. ഓസീസ് താരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് സാന്‍ഡ് പേപ്പറുപയോഗിച്ച് പന്തു ചുരണ്ടിയതാണു വിവാദം ക്ഷണിച്ചുവരുത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട അംപയർ ദൃശ്യങ്ങള്‍ പരിശോധിച്ച് ബാന്‍ക്രോഫ്റ്റിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. അംപയറോട് കുറ്റം സമ്മതിച്ചെന്ന് ബാന്‍ക്രോഫ്റ്റ് പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
അതിനിടെ ബാന്‍ക്രോഫ്റ്റ് ടീമിലെ സീനിയര്‍ താരങ്ങളുടെ അറിവോടെയാണു പന്തിൽ കൃത്രിമം കാണിച്ചതെന്ന് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും വ്യക്തമാക്കി. ഇതോടെ സ്മിത്തിനും ടീമിനും നേരെ കടുത്ത വിമർശനമാണ് ഉയർന്നത്. ഏതു വിധേനയും ജയിക്കേണ്ട മല്‍സരമായതിനാലാണു പന്ത് അനുകൂലമാക്കാന്‍ ശ്രമിച്ചതെന്ന സ്മിത്തിന്റെ വിശദീകരണം എരിതീയിൽ എണ്ണയൊഴിച്ചതുപോലെയായി.