ADVERTISEMENT

വയറ്റിനുള്ളിൽ ഒരു കുഞ്ഞു വളരുന്നുണ്ടെന്നു തിരിച്ചറിയാതെ പോയ സമയത്തു ചെയ്തു കൂട്ടിയ അബദ്ധങ്ങളെക്കുറിച്ച് ബോളിവുഡ് താരം ആലിയ ഭട്ടിന്റെ അമ്മ തുറന്നു പറഞ്ഞത് സമൂഹമാധ്യമങ്ങളിലൂടെയാണ്. കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്ത് ശ്രീദേവിയെപ്പോലെയുള്ള ഒരുകൂട്ടം പ്രതിഭാധനരായ അഭിനേതാക്കളോടൊപ്പം ജോലിചെയ്യാൻ ഭാഗ്യം ലഭിച്ചതിനെക്കുറിച്ചും അവർ കുറിപ്പിൽ പരാമർശിക്കുന്നുണ്ട്.

ബോളിവുഡ് സംവിധായകൻ മഹേഷ് ഭട്ടിന്റെ ഭാര്യയും ബോളിവുഡ് താരം ആലിയ ഭട്ടിന്റെ അമ്മയുമായ സോണി റസ്ദാൻ ഒരുകാലത്ത് ബി ടൗൺ അടക്കിവാണ നായികമാരിൽ ഒരാളായിരുന്നു. ഭർത്താവ് മഹേഷ് ഭട്ട് സംവിധാനം ചെയ്ത, 1993ൽ പുറത്തിറങ്ങിയ ഗൂമ്ര എന്ന ചിത്രത്തെക്കുറിച്ചും. ആ ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരുന്ന സമയത്ത് തനിക്കു സംഭവിച്ച ഒരബദ്ധത്തെക്കുറിച്ചും സോണി പങ്കുവച്ച കാര്യങ്ങളാണ് ഇപ്പോൾ ബി ടൗണിനെ ചർച്ചാ വിഷയം.

ശ്രീദേവി, സഞ്ജയ് ഭട്ട് എന്നിവർക്കൊപ്പം അഭിനയിച്ച ഗൂമ്ര എന്ന ചിത്രത്തിൽ ഒരു തടവുകാരിയുടെ  കഥാപാത്രത്തെയാണ് സോണി അഭിനയിച്ചത്. ചിത്രത്തിലെ ഒരു സീനിനുവേണ്ടി നിരവധി സിഗരറ്റുകൾ താൻ വലിച്ചു തള്ളിയെന്നും അന്ന് ആലിയ തന്റെ വയറ്റിൽ വളരുന്നുണ്ടായിരുന്നുവെന്നും സോണിപറയുന്നു. ഗർഭിണിയാണെന്നറിയാതെയാണ് അത്രയും സിഗരറ്റുകൾ വലിച്ചു കൂട്ടിയതെന്നും അവർ പറയുന്നു.

സോണിയുടെ ട്വീറ്റിങ്ങനെ:- '' എനിക്കേറ്റവും ഇഷ്ടമുള്ള ചിത്രമായിരുന്നു അത്. അതിലെ കഥാപാത്രത്തിന് ഒട്ടേറെ അഭിനന്ദനങ്ങളും ലഭിച്ചിരുന്നു. ശ്രീദേവിയെപ്പോലെ അസാധ്യമായ ഒരു അഭിനേത്രിയുടെ കൂടെ ജോലി ചെയ്യാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. ദീപ്തമായ ഓർമകളാണതൊക്കെ. ആ സമയത്ത് ആലിയയെ ഗർഭം ധരിച്ചിട്ടുണ്ടായിരുന്നു. പക്ഷേ അത് തിരിച്ചറിയാതിരുന്നതുകൊണ്ട് ചിത്രത്തിലെ ഒരു സീനിനുവേണ്ടി നിരവധി സിഗരറ്റുകൾ ഞാൻ വലിച്ചു കൂട്ടി.''

ബോക്സോഫീസിൽ വമ്പൻ ഹിറ്റുകൾ സമ്മാനിച്ച ചിത്രമായിരുന്നു ഗൂമ്ര. കൂടാതെ ഘാമോഷ്, ത്രികാൽ, സാത്തി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെയും നിറ സാന്നിധ്യമായിരുന്നു സോണി. ആലിയ ഭട്ട് നായികയായെത്തിയ റാസിയിലും സോണി അഭിനയിച്ചിരുന്നു. 2018 ൽ 'യുവേഴ്സ് ട്രൂലി' എന്ന ചിത്രത്തിലും, 2019 ൽ 'നോ ഫാദേഴ്സ് ഇൻ കശ്മീർ' എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. മഹേഷ്–സോണി ദമ്പതികൾക്ക് രണ്ട് പെൺമക്കളാളുള്ളത്. ഇവരുടെ ആദ്യത്തെ മകൾ ഷഹീൻ ഭട്ട് എഴുത്തുകാരിയാണ്. രണ്ടാമത്തെ മകൾ ആലിയ ബോളിവുഡ് താരവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com