49 വർഷം മുൻപത്തെ വിവാഹകേക്ക് കഴിച്ച് ദമ്പതികൾ; വിവാഹവാർഷികങ്ങൾ ആഘോഷിക്കുന്നതിങ്ങനെ
Mail This Article
സന്തുഷ്ട ദാമ്പത്യ ജീവിതത്തിന്റെ രഹസ്യമെന്താണെന്നു ചോദിച്ചാൽ ആൻ– ഡേവിഡ് ദമ്പതികൾ ഒരു കള്ളച്ചിരിയോടെ ഒരു കേക്കിന്റെ കഥ പറയും. പഴക്കം ചെല്ലുന്തോറും വീഞ്ഞിനു മാത്രമല്ല കേക്കിനും വീര്യമേറുമെന്നും അത് പ്രണയത്തിലും പ്രതിഫലിക്കുമെന്നും അവർ പറയാതെ പറയും. പെൻസിൽവാനിയയിലെ ദമ്പതികൾ ഓരോ വിവാഹവാർഷികവും ആഘോഷിക്കുന്നത് അവരുടെ വിവാഹദിനത്തിലെ കേക്ക് കഴിച്ചുകൊണ്ടാണ്. ജൂലൈ 18 ന് 49–ാം വിവാഹവാർഷികം ആഘോഷിച്ചപ്പോഴും അവർ പതിവുതെറ്റിച്ചില്ല. 49 വർഷം പഴക്കമുള്ള കേക്കിൽ നിന്ന് ഒരു നുള്ള് കഴിച്ചുകൊണ്ടാണ് അവർ സന്തോഷം പങ്കുവച്ചത്.
അരനൂറ്റാണ്ടിനടുത്ത് വിവാഹ കേക്ക് സൂക്ഷിക്കാനുള്ള കാരണത്തെക്കുറിച്ച് ദമ്പതികൾ വെളിപ്പെടുത്തുന്നതിങ്ങനെ :-
'' ഒരു ടിവിഷോ കണ്ടതിനെത്തുടർന്നാണ് അരനൂറ്റാണ്ടിനോടടുത്ത് കേക്ക് ശീതീകരിച്ചു സൂക്ഷിക്കാനുള്ള പ്രചോദനം ലഭിച്ചത്. ആ ഷോയിൽ പങ്കെടുത്ത ദമ്പതികൾ അവരുടെ വിവാഹകേക്ക് കഴിച്ചു തീർത്തത് അവരുടെ 25–ാം വിവാഹ വാർഷിക ദിനത്തിലാണ്. ആ എപ്പിസോഡ് എന്റെ ഓർമയിലുണ്ടായിരുന്നു– 75 വയസ്സുകാരനായ ഡേവിഡ് പറയുന്നു. മൂന്നുമക്കളും 4 പേരക്കുട്ടികളുമാണ് ദമ്പതികൾക്കുള്ളത്. അച്ഛനമ്മമാരുടെ വാനില വെഡിങ് കേക്ക് കഴിച്ച് ഭാഗ്യംകൊണ്ട് ആർക്കും ഇതുവരെ ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും അവരുടെ മക്കളും കൊച്ചുമക്കളും പറയുന്നു.
1967 ൽ കണ്ടുമുട്ടിയ ആനും ഡേവിഡും 1970 ലാണ് വിവാഹിതരായത്. അന്നുമുതൽ അവർ ശീതീകരിച്ചു വച്ച മൂന്നുലെയറുള്ള വാനില കേക്ക് ഇന്നൊരു നുള്ള് റൊട്ടിക്കഷണത്തിന്റെ വലുപ്പത്തിലാണുള്ളത്. എന്നാൽ കേക്കിന്റെ അവസാന കഷ്ണം വയറ്റിനുള്ളിലാക്കാൻ ദമ്പതികൾ ഇപ്പോഴും ഒരുക്കമല്ല. മിച്ചമുള്ള കേക്ക് കഷ്ണംകൊണ്ട് പുതിയ ഒരു കേക്കുണ്ടാക്കി 2020 ജൂൺ 18 ന് 50–ാം വിവാഹവാർഷികം പൊടിപൊടിക്കാനുള്ള ഒരുക്കത്തിലാണ് ദമ്പതികൾ.