അച്ഛന്റെ പേര് തെറ്റിച്ച് വിവാഹ ക്ഷണക്കത്ത്, പൊട്ടിച്ചിരിച്ച് ആലിയ; പാപ്പരാസികൾക്കുള്ള മറുപടിയിങ്ങനെ
Mail This Article
വിവാഹ വാർത്തയെക്കുറിച്ചും സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്ന ക്ഷണക്കത്തിനെക്കുറിച്ചും ആലിയയിൽ നിന്ന് നേരിട്ട് മറുപടി ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് പാപ്പരാസികളിൽ ചിലർ. മുംബൈ എയർപോർട്ടിലെത്തിയപ്പോഴായിരുന്നു വിവാഹ ക്ഷണക്കത്തിനെക്കുറിച്ചും വിവാഹത്തീയതിയെക്കുറിച്ചും പ്രചരിക്കുന്ന വാർത്തകൾ സത്യമാണോ എന്ന് അവർ ആലിയയോട് നേരിട്ടു ചോദിച്ചത്.
''മാഡം, ഞങ്ങൾ ഒരു വാർത്തയറിഞ്ഞു, അത് തീരുമാനിച്ചോ?, 22 ജനുവരി 2020 ൽ ആണോ?. ഒരു പൊട്ടിച്ചിരിയോടെ ചോദ്യത്തെ നേരിട്ട് നടന്നു തുടങ്ങിയ ആലിയയെ വിടാൻ പാപ്പരാസികൾക്ക് ഭാവമില്ലായിരുന്നു. ദയവായി മറുപടി പറഞ്ഞിട്ടു പോകാൻ അഭ്യർഥിച്ച പാപ്പരാസികളോട് എന്തു പറയാനാണ് എന്നായിരുന്നു ആലിയയുടെ മറുചോദ്യം. പിന്നീട് അല്ല എന്നും തലയാട്ടിക്കൊണ്ട് മറുപടി നൽകി.
ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടിന്റെയും രൺബീർ കപൂറിന്റെയും വിവാഹം 22 ജനുവരി 2020 ൽ നടക്കും എന്നാണ് തരംഗമായ ക്ഷണക്കത്തിൽ കുറിച്ചിരിക്കുന്നത്. ക്ഷണക്കത്ത് വ്യാജമാണെന്നു മനസ്സിലാക്കാനുള്ള സൂചന അതിൽത്തന്നെയുണ്ട്. അതിൽ ആലിയയുടെ അച്ഛന്റെ പേരിന്റെ സ്ഥാനത്തു കൊടുത്തിരിക്കുന്ന പേര് മുകേഷ് ഭട്ട് എന്നാണ്. ഫിലിംമേക്കറായ മഹേഷ് ഭട്ട് ആണ് ആലിയയുടെ അച്ഛൻ. മുകേഷ് ഭട്ട് ആലിയയുടെ അമ്മാവനാണ്.
അടുത്തിടെ കരൺ ജോഹറുമായുള്ള അഭിമുഖത്തിലും ആലിയയും രൺബീറും തമ്മിലുള്ള വിവാഹത്തെപ്പറ്റി ചോദ്യങ്ങളുണ്ടായിരുന്നു. എന്നെങ്കിലും കരീന കപൂർ ഭർതൃസഹോദരിയായി വരുമെന്ന് ചിന്തിച്ചിരുന്നോ എന്നായിരുന്നു കരണിന്റെ ചോദ്യം. സത്യത്തിൽ താൻ അങ്ങനെ ചിന്തിച്ചിട്ടില്ലെന്നും ഇപ്പോൾ പോലും അങ്ങനെ ചിന്തിക്കേണ്ട ആവശ്യമില്ലെന്നുമാണ് അന്ന് ആലിയ മറുപടി പറഞ്ഞത്. ഒരു വർഷത്തിലേറെയായി ആലിയയും രൺബീറും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ട്. അയൻ മുഖർജിയുടെ ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ചഭിനയിക്കുന്നുണ്ട്.
English Summary : Alia Bhatt Talks About Viral Wedding Card