ഒരുപാട് തെറ്റുകളതിലുണ്ട്; ആലിയ–രൺബീർ വിവാഹ വാർത്തകളെക്കുറിച്ച് അമ്മ
Mail This Article
ആലിയ–രൺബീർ താരജോഡികളുടെ വിവാഹ ക്ഷണക്കത്ത് എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വ്യാജ ക്ഷണക്കത്തിനെക്കുറിച്ചും വിവാഹ വാർത്തയെക്കുറിച്ചും ഇപ്പോൾ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് ആലിയയുടെ അമ്മ സോണി റസ്ദാൻ.
ആലിയ–റൺബീർ വിവാഹം 2020 ജനുവരിയിലുണ്ടാകുമെന്നായിരുന്നു ക്ഷണക്കത്തിൽ അച്ചടിച്ചിരുന്നത്. എന്നാൽ ഉള്ളടക്കത്തിലെ പല തെറ്റുകളും ആ ക്ഷണക്കത്ത് വ്യാജമാണെന്നു വ്യക്തമാക്കുന്നതായിരുന്നു. ക്ഷണക്കത്തിന്റെ കാര്യവും വിവാഹത്തീയതി നിശ്ചയിച്ച കാര്യവും സത്യമാണോയെന്നറിയാൻ മുംബൈ എയർപോർട്ടിലെത്തിയ ആലിയയെ പാപ്പരാസികൾ ചിലർ സമീപിച്ചിരുന്നു. പൊട്ടിച്ചിരിയോടെ, ഇതിനൊക്കെ എന്തു പറയാനാണ് എന്നു ചോദിച്ച ആലിയ തന്നെ അതു സത്യമല്ലെന്ന് നിഷേധാർഥത്തിൽ തലയാട്ടുകയും ചെയ്തു.
എന്നാൽ സംഭവത്തിന്റെ സത്യാവസ്ഥ അറിഞ്ഞേ തീരുവെന്ന് തീരുമാനിച്ചുറപ്പിച്ച ചില മാധ്യമങ്ങൾ ആലിയയുടെ അമ്മ സോണിയെത്തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സമീപിച്ചു. അടിസ്ഥാന രഹിതമായ ഇത്തരം ആരോപണങ്ങളുണ്ടാക്കിയ അസഹനീയമായ അസ്വസ്ഥതയോടെയാണ് സോണി വ്യാജവാർത്തകൾക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചത്.
''യാതൊരു വിധത്തിലുള്ള പ്രാധാന്യവും ഇല്ലാത്ത ഒരു വാർത്തയാണിത്. ഇത്തരം കാര്യങ്ങൾ പടച്ചുവിടുന്ന ഇത്തരം ആളുകൾക്ക് അവരർഹിക്കുന്നതിൽ കൂടുതൽ പ്രശസ്തി നൽകരുത്''. ആലിയയുടെ പിതൃസഹോദരനായ മഹേഷ് ഭട്ടും വാർത്ത സത്യമല്ലെന്ന് വ്യക്തത വരുത്തി ചില കാര്യങ്ങൾ കൂടി പറഞ്ഞു.
''സടക് 2 എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഊട്ടിയിലാണ് ആലിയ ഇപ്പോഴുള്ളത്. ലോകത്തിലെ പല ഭാഗത്തുള്ള ആളുകളാണ് വിവാഹക്ഷണക്കത്തുമായി ബന്ധപ്പെട്ട വാർത്ത സത്യമാണോയെന്നറിയാനായി വിളിച്ചു കൊണ്ടിരിക്കുന്നത്. അതെങ്ങനെ സത്യമാകും. ആ ക്ഷണക്കത്തിൽ ഒരുപാട് തെറ്റുകളുണ്ട്''.- അദ്ദേഹം പറയുന്നു.
English Summary : Soni Razdan shuts down rumours of Alia Bhatt and Ranbir Kapoor's wedding