കുഞ്ഞുപെങ്ങൾക്ക് 'ആദ്യ' ആർത്തവം, വീട്ടിൽ ചേട്ടൻ തനിച്ച്; കണ്ണുതട്ടരുത് ഈ സ്നേഹത്തിന്
Mail This Article
വല്ലാതെ കൊതിപ്പിക്കുന്ന ഒരു ആത്മബന്ധത്തിന്റെ നേരുകളിലേക്കാണ് 'ആദ്യ' കാമറക്കണ്ണുകൾ തുറക്കുന്നത്. കുറുമ്പും, കുസൃതിയുമുള്ള കുഞ്ഞുപെങ്ങളും അതിരുകളില്ലാത്ത സ്നേഹംകൊണ്ട് അവളെ പൊതിഞ്ഞു പിടിക്കുന്ന ഒരു വലിയേട്ടന്റെയും കഥ പറഞ്ഞുകൊണ്ടാണ് ആദ്യ എന്ന ഹ്രസ്വചിത്രം പ്രേക്ഷകരുടെ മനസ്സു കവരുന്നത്.
വീട്ടിൽ അച്ഛനമ്മമാരില്ലാത്ത ഒരു ദിവസം വീട്ടിൽ ഒരുമിച്ചിരുന്ന ഭക്ഷണം കഴിക്കുന്ന സഹോദരങ്ങളുടെ ദൃശ്യങ്ങളോടെയാണ് 'ആദ്യ' എന്ന ഹ്രസ്വചിത്രം തുടങ്ങുന്നത്. തീൻമേശയിൽ അനിയത്തിയുടെ കുറുമ്പുകളുമായി ചിത്രം പുരോഗമിക്കുമ്പോൾ ഇരുവരും വഴക്കിടരുതെന്ന ഉപദേശവുമായി അമ്മയുടെ ശബ്ദസാന്നിധ്യം ഹ്രസ്വചിത്രത്തിലെത്തുന്നുണ്ട്.
സഹോദരന്റെ പ്രണയിനിയോടുപോലും കുസൃതിവാക്കുകളുമായി കലപിലെ സംസാരിച്ച് അടുക്കളയിലേക്ക് പോയ കുഞ്ഞനിയത്തിയെ പിന്നെ ഏട്ടൻ കാണുന്നത് വല്ലാതെ പകച്ചു പോയ ഭാവവുമായാണ്. ഏട്ടനിൽ നിന്നകന്ന് മുറിയിലൊളിച്ച അവളുടെ പെട്ടന്നുള്ള ഭാവമാറ്റത്തിനു കാരണം അമ്മയിലൂടെ ഏട്ടനറിയുന്നതും പിന്നെ അവളെ പൊന്നുപോലെ കാക്കുന്നതും പരിചരിക്കുന്നതും ഏറെ ഹൃദയസ്പർശിയായാണ് ഹ്രസ്വചിത്രത്തിൽ അവതരിപ്പിച്ചത്.
പണ്ടെങ്ങോ അനിയത്തിക്കുട്ടിക്കു നൽകിയ വാക്കുപാലിക്കാനായി അവൾക്ക് സർപ്രൈസ് നൽകുന്ന ഏട്ടന്റെയും, ഏട്ടന്റെ യാദൃച്ഛിക സമ്മാനം കണ്ട് മനസ്സു നിറഞ്ഞു ചിരിക്കുന്ന കുഞ്ഞനിയത്തിയുടെയും ദൃശ്യങ്ങളോടെയാണ് ഹ്രസ്വചിത്രം അവസാനിക്കുന്നത്.
മനസ്സു നിറയെ സ്നേഹമുള്ള ഏട്ടന്റെ കൈപിടിച്ച് അഭിമാനത്തോടെ സ്ത്രീത്വത്തിലേക്കു സഞ്ചരിച്ച ഒരു കൊച്ചുപെൺകുട്ടിയുടെ കഥ പറയുന്ന ഈ സുന്ദര ഹ്രസ്വചിത്രമൊരുക്കിയത് ഇവരാണ്:-
നന്ദിന്‍ കാര്‍ത്തികേൻ ( കഥ, സംവിധാനം), എസ് ഹരിശങ്കര്‍ (തിരക്കഥ), അലീന സുനീഷ്, ആശിഷ് കളീക്കന്‍ ( അഭിനേതാക്കൾ), ആശിഷ് ജോര്‍ജ് (ഛായാഗ്രഹണം), ബങ്ക്ഡ് അവേഴ്‌സ് ആണ് നിര്‍മ്മാണം.
English Summary : AADHYA, Short Film, Love, Respect